'അർറഹ്‌മാൻ' : അനന്തമായ കരുണക്കടാക്ഷങ്ങളുടെ ദൈവനാമം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 12/12/2025

അല്ലാഹുവിന്റെ സർവ്വവ്യാപിയും അനന്തവുമായ കരുണക്കടാക്ഷങ്ങളുടെ പൊരുളറിയിക്കുന്ന സവിശേഷ നാമമാണ് അർറഹ്‌മാൻ. സർവ്വർക്കും കരുണ ചെയ്യുന്നവനെന്ന് അർത്ഥമാക്കുന്ന റഹ്‌മാൻ എന്ന നാമത്തിലൂടെ പരിശുദ്ധ ഖുർആനിൽ പല അധ്യായങ്ങളിലായി അല്ലാഹു സ്വന്തത്തെ വിവരിക്കുന്നുണ്ട്. ഏകാരാധ്യനായ അല്ലാഹു പരമദയാലുവും കരുണാമയനു (റഹ്‌മാനും റഹീമും) മാണ്. ഖുർആനിന്റെ ആമുഖമായ സൂറത്തുൽ ഫാതിഹയിൽ തന്നെ രണ്ടു പ്രാവശ്യം റഹ്‌മാൻ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. റഹ്‌മാനായ അതായത് കരുണാനിധിയായ അല്ലാഹുവിൽ നിന്ന് അവതീർണമായ ഖുർആൻ (സൂറത്തു ഫുസ്വിലത്ത് 02). സർവ്വ ലോകർക്കും കരുണയായിട്ടാണ് കരുണാമയനായ അല്ലാഹു ഖുർആൻ ഇറക്കിയിട്ടുള്ളത്. നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യെ സർവ്വർക്കും കാരുണ്യമായിട്ടാണ് നിയോഗിച്ചിരിക്കുന്നത് (സൂറത്തുൽ അമ്പിയാഅ് 107). 

അല്ലാഹുവിൽ നിന്നുള്ള കരുണക്കടലിന്റെ ഭാഗമായാണ് നാം അധിവസിക്കുന്ന ഭൂമിയിൽ നമ്മുക്ക് ഉപജീവനത്തിന്റെ വിവിധ വഴികളൊരുക്കിവെച്ചിരിക്കുന്നത്. ഭൂമിയിലുള്ളതും അവന്റെ ആജ്ഞാനുസൃതം സമുദ്രത്തിലോടുന്ന ജലയാനങ്ങളും നിങ്ങൾക്കവൻ അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അവന്റെ സമ്മതമില്ലാതെ ഭൂമിക്കു മേൽ നിപതിക്കുന്നതിൽ നിന്ന് ആകാശത്തെ അവൻ തടഞ്ഞുനിർത്തിയിട്ടുണ്ട്. മർത്യരോട് അളവറ്റ ദയയും കാരുണ്യവുമുള്ളവനത്രേ അവൻ (സൂറത്തുൽ ഹജ്ജ് 65). സ്രഷ്ടാവായ അല്ലാഹുവിന്റെ കാരുണ്യസ്പർശമേൽക്കാത്ത സൃഷ്ടികളില്ല. അല്ലാഹു തന്നെ പറയുന്നുണ്ട്: എന്റെ കാരുണ്യം സമസ്ത വസ്തുക്കൾക്കും പ്രവിശാലമാണ് (സൂറത്തുൽ അഅ്‌റാഫ് 156). 

പ്രവാചകന്മാരൊക്കെയും അല്ലാഹുവിന്റെ കരുണ്യത്തിനായി പ്രതീക്ഷാനിർഭരം പ്രാർത്ഥനാനിരതരായവരാണ്. അങ്ങനെ മൂസാ നബി (അ) പ്രാർത്ഥിക്കുന്നത് സൂറത്തുൽ അഅ്‌റാഫ് 151ാം സൂക്തത്തിലും സുലൈമാൻ നബി (അ) പ്രാർത്ഥിച്ചത് സൂറത്തുന്നംല് 19ാം സൂക്തത്തിലും കാണാം. 

അല്ലാഹുവിനോട് കാരുണ്യം പൊതിഞ്ഞ് അനുഗ്രഹിക്കാൻ നമ്മുടെ നബി (സ്വ)യും പ്രാർത്ഥിച്ചിട്ടുണ്ട് (ഹദീസ് ത്വബ്‌റാനി 558). മാലാഖമാർ മനുഷ്യർക്കായി പ്രാർത്ഥിക്കുമത്രെ: നാഥാ നിന്റെ അനുഗ്രഹവും വിജ്ഞാനവും സർവവസ്തുക്കൾക്കും പ്രവിശാലമായിരിക്കുന്നു, അതുകൊണ്ട് പാപമോചനമർത്ഥിക്കുകയും നിന്റെ വഴി പിൻപറ്റുകയും ചെയ്യുന്നവർക്ക് നീ മാപ്പരുളുകയും നരകശിക്ഷയിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണമേ (സൂറത്തു ഗാഫിർ 07).

പാപികൾക്കും അല്ലാഹു വിടുതി നൽകി കരുണ ചെയ്യുന്നതാണ്. അല്ലാഹു വിന്റെ സിംഹാസനത്തിൽ 'എന്റെ കാരുണ്യം എന്റെ കോപത്തെക്കാൾ മറികടന്നിരിക്കുന്നു'വെന്ന് എഴുതപ്പെട്ടിട്ടുണ്ട് (ഹദീസ് ബുഖാരി 7015). സൂറത്തുസ്സുമർ 53ാം സൂക്തത്തിൽ അല്ലാഹു പറയുന്നത് കാണാം: സ്വന്തത്തോട് അതിക്രമം കാട്ടിയ എന്റെ അടിമകളേ, അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ ഭഗ്നാശരാകരുത്, അവൻ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവൻ തന്നെ തീർച്ച. 

അല്ലാഹു പടപ്പുകൾക്കായി ക്ഷേമൈശ്വര്യങ്ങളുടെ വാതായനങ്ങൾ തുറന്നുവെച്ചിരിക്കുകയാണ്. അവനോട് ചോദിക്കുക അവൻ തന്നിരിക്കും. അവനാണ് ഏറ്റവും വലിയ കാരുണ്യവാൻ. എല്ലാ പ്രയാസങ്ങളും അവൻ ദൂരീകരിച്ചുതരും. എല്ലാം അല്ലാഹുവിന്റെ മഹത്തരമായ ഔദാര്യത്താലാണ്. പ്രയാസത്തിനു ശേഷം അവൻ ആശ്വാസം നൽകുന്നതാണ് (സൂറത്തുത്ത്വലാഖ് 07). 

ആരും ദുഖിക്കരുത്, നിരാശരാവരുത്. അല്ലാഹുവിന്റെ കാരുണ്യാനുഗ്രഹങ്ങൾക്ക് അതിരുകളില്ല. അവൻ മനസ്സുകൾക്ക് ശാന്തിയും സമാധാനവും നൽകും. വേദന ഇല്ലാതാക്കും. രോഗങ്ങൾ ശമിപ്പിക്കും. അവൻ നൽകും പരീക്ഷിക്കാൻ വേണ്ടി. അവൻ തടഞ്ഞുവെക്കും പിന്നീട് നൽകാൻ വേണ്ടി. അവൻ ഒരു വാതിൽ അടച്ചേക്കാം പിന്നീട് അനേകം വാതിലുകൾ തുറന്നുതരുമായിരിക്കും. അവൻ കാരുണ്യവാനും പരമദയാലുവുമാണ്. 

അല്ലാഹു കാര്യങ്ങളിൽ സൗഭാഗ്യങ്ങൾ നൽകും. ബാധ്യതകൾ ലഘൂകരിച്ചുതരും. കാര്യനിർവ്വഹണം നല്ലനിലയിൽ തീർത്തുതരും. എല്ലാം അവന്റെ കരുണാനോട്ടങ്ങൾ. നമ്മുടെ പരിശ്രമങ്ങൾക്ക് അവൻ പ്രതിഫലങ്ങളേകും. ക്ഷമക്കും സഹനങ്ങൾക്കും കൂലികൾ നൽകും. ഒരു മുള്ള് ഏറ്റുള്ള പരിക്കിന് പോലും അല്ലാഹു ഒരു പ്രതിഫലം നൽകുകയോ ഒരു പാപം മായ്ച്ചുകളയുകയോ ചെയ്യുമെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). 


ഈ ലോകത്ത് നാം അനുഭവിക്കുന്ന എല്ലാം സൗഭാഗ്യങ്ങളും അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ്. ആ കാരുണ്യം നൂറിൽ ഒരു ഭാഗം മാത്രമാണ്. നബി (സ്വ) പറയുന്നു: അല്ലാഹു കാരുണ്യത്തെ നൂറു ഭാഗങ്ങളായി പകുത്തിട്ടുണ്ട്, അതിൽ തൊണ്ണൂട്ടൊമ്പതു ഭാഗങ്ങളും അവന്റെയടുത്ത് എടുത്തുവെച്ച് ഒരു ഭാഗം മാത്രമാണ് ഭൂമിയിലേക്ക് ഇറക്കിയിരിക്കുന്നത്. ആ ഒരു ഭാഗം കൊണ്ടാണ് സകല സൃഷ്ടികളും അനുഭവിക്കുന്ന കാരുണ്യങ്ങൾ (ഹദീസ് ബുഖാരി, മുസ്ലിം). 

അല്ലാഹുവിന്റെ കാരുണ്യം കാംക്ഷിക്കുന്നവർ മറ്റുള്ളവരോട് കരുണ കാണിക്കുന്നവരാകണം. നബി (സ്വ) പറയുന്നുണ്ട്: കരുണ ചെയ്യുന്നവർക്ക് കാരുണ്യവാനായ അല്ലാഹു കരുണ ചെയ്യും, നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ ചെയ്യുക എന്നാൽ ആകാശലോകത്തുള്ളവൻ നിങ്ങൾക്ക് കരുണ ചെയ്യും (ഹദീസ് അബൂദാവൂദ് 4941). 


നാം നമ്മുടെ മാതാപിതാക്കളോടുള്ള ഇടപെടലുകളെല്ലാം കരുണാമയമാക്കണം. അവർക്ക് കാരുണ്യപൂർവ്വം വിനയത്തിന്റെ ചിറകുകൾ താഴ്ത്തിക്കൊടുക്കണം (സൂറത്തുൽ ഇസ്‌റാഅ് 24). നമ്മുടെ കുടുംബ ജീവിതവും ദാമ്പത്യജീവിതവും കരുണാർദ്രമാക്കണം. കുടുംബാംഗങ്ങൾക്കിടയിൽ കരുണയും സ്‌നേഹവും അല്ലാഹു ഉണ്ടാക്കിയതാണ്. സ്‌നേഹമില്ലെങ്കിലും കരുണ എന്നും നിലനിൽക്കുകയും ചെയ്യും. സ്‌നേഹമില്ലാത്തത് കാരണത്താൽ ഭാര്യയെ മൊഴി ചൊല്ലാൻ ഉദ്ദേശിക്കുന്ന ആളോട് ഉമർ (റ) പ ഞ്ഞുവത്രെ: എല്ലാ വീടുകളിലും സ്‌നേഹമുണ്ടാവണമെന്നില്ല (ഹദീസ് ബുഖാരി, മുസ്ലിം). അതായത് വീടകങ്ങളിൽ സ്‌നേഹം നിലനിന്നില്ലെങ്കിലും കരുണ സ്ഥിരമായി തുടരുന്നതായിരിക്കണമെന്നാണ്. മക്കളാണ് നമ്മളിൽ നിന്നുള്ള കരുണക്കും ദയാവായ്പുകൾക്കും ഏറ്റവും അർഹരായിട്ടുള്ളവർ. അതാണ് പ്രവാചക മാതൃക. നബി (സ്വ)യെ പോലെ ആശ്രിതരോട് കരുണ കാണിക്കുന്ന ഒരാളെയും കണ്ടിട്ടില്ല എന്നാണ് അനസ് (റ) സാക്ഷ്യപ്പെടുത്തുന്നത് (ഹദീസ് മുസ്ലിം 2316). 

സമൂഹത്തിലെ ഓരോ അംഗത്തോടും ഓരോ ഇടപെടലിലും ഇടപാടിലും നാം കരുണ കാണിക്കണം. മക്കളെ കരുണയുള്ളവരായി വളർത്തണം. പ്രവാചകന്മാർ ചെയ്തത് പോലെ അല്ലാഹുവിൽ നിന്നുള്ള കരുണക്കായി പ്രാർത്ഥിക്കണം. സൽവൃത്തരാവണം. അല്ലാഹുവിന്റെ കരുണ സൽവൃത്തർക്ക് എളുപ്പത്തിൽ പ്രാപ്യമായിരിക്കും (സൂറത്തുൽ അഅ്‌റാഫ് 56). 


back to top