യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 05/12/2025
അല്ലാഹു മനുഷ്യന് ഏകിയ വലിയൊരു അനുഗ്രഹമാണ് സവിശേഷ ബുദ്ധി. ആ ബുദ്ധികൊണ്ടാണ് മനുഷ്യർ കാര്യങ്ങൾ പഠിക്കുന്നതും പുതിയ പുതിയ കണ്ടെത്തലുകൾ നടത്തുന്നതും. മനുഷ്യന് അറിവില്ലാത്തത് അല്ലാഹു പഠിപ്പിച്ചിട്ടുണ്ട് (സൂറത്തുൽ അലഖ് 05). ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന വിജ്ഞാനങ്ങൾ നേടാനും മനുഷ്യരെ അല്ലാഹു പ്രാപ്തരാക്കി. അല്ലാഹു പറയുന്നുണ്ട്: യാതൊന്നും അറിഞ്ഞുകൂടാത്തവരായി നിങ്ങളെ ഉമ്മമാരുടെ വയറ്റിൽ നിന്നു അല്ലാഹു ബഹിർഗമിപ്പിക്കുകയും കൃതജ്ഞരാകാനായി നിങ്ങൾക്കവൻ കേൾവിയും കാഴ്ചയും ഹൃദയവും നൽകുകയുമുണ്ടായി (സൂറത്തുന്നഹ്‌ല് 78).
ലോകത്തിലുണ്ടാവുന്ന ഓരോ കണ്ടുപിടിത്തത്തിനും കണ്ടെത്തലിനും പിന്നിൽ ചിന്തകൾ ദീപ്തമാക്കുന്ന ഒരു മനുഷ്യബുദ്ധി ഉണ്ടായിരിക്കും. ആ മനുഷ്യബുദ്ധിയുടെ ചിന്തനങ്ങളിൽ നിന്നുണ്ടായതാണ് കൃത്രിമബുദ്ധി അല്ലെങ്കിൽ നിർമിതബുദ്ധി. അതായത് എഐ എന്ന ആർടിഫിഷ്യൽ ഇന്റലിജൻസ്. മനുഷ്യചിന്തകളെ കൂടുതൽ ഉദ്ദീപിപ്പിക്കാൻ അല്ലാഹു പ്രദാനമേകിയ സാങ്കേതിക മികവാണത്. ഭുവന വാനങ്ങളിലുള്ളതൊക്കെയും നിങ്ങൾക്കവൻ കീഴ്‌പ്പെടുത്തിത്തന്നു, ആലോചിച്ചു ഗ്രഹിക്കുന്നവർക്ക് ഇതിലെല്ലാം വിവിധ ദൃഷ്ടാന്തങ്ങളുണ്ട് തീർച്ച (സൂറത്തു ജാസിയ 13).
ഈ മനുഷ്യനിർമിത ബുദ്ധി മനുഷ്യന്റെ അധ്വാനങ്ങൾ കുറക്കുന്ന, സമയങ്ങൾ ലാഭിപ്പിക്കുന്ന, ശ്രമകരമായത് അനായാസകരമാക്കുന്ന, അറിവിന്റെയും ഗവേഷണത്തിന്റെയും പുതുവാതായനങ്ങൾ തുറന്നുതരുന്ന, ഞൊടിയിടയിൽ നേട്ടങ്ങൾ കാട്ടിത്തരുന്ന, ശരവേഗത്തിൽ പരിഹാരങ്ങൾ നിർദേശിക്കുന്ന, പരിധികളില്ലാതെ വിവരങ്ങൾ കൈമാറുന്ന, വികസനമാർഗങ്ങൾ വികസിപ്പിക്കുന്ന സാങ്കേതിത ഉപകരണമാണത്. ഇങ്ങനെ ബുദ്ധിയും ബൗദ്ധിക നേട്ടങ്ങളും നൽകി അല്ലാഹു നാം മനുഷ്യരെ സൃഷ്ടിജാലങ്ങളിൽവെച്ച് ശ്രേഷ്ഠരും ചിന്തിക്കുന്നവരും ഏറ്റക്കുറച്ചിലുകളോടെ ഉന്നതസ്ഥാനീയരുമാക്കിയത് പരീക്ഷണാടിസ്ഥാനത്തിലാണ്. അവനാണ് നിങ്ങളെ ഭൂമിയിൽ തന്റെ പ്രതിനിധികളാക്കിയിട്ടുള്ളത്, അവൻ നൽകിയതിൽ പരീക്ഷിക്കുന്നതിനായി നിങ്ങളിൽ ചിലർക്ക് മറ്റുചിലരെക്കാൾ പദവി ഉയർത്തിത്തരികയും ചെയ്തു (സൂറത്തുൽ അൻആം 165). ഈ അനുഗ്രഹങ്ങളെ ഏതുവിധേന ഉപയോഗിച്ചുവെന്നും എങ്ങനെ അതിനോട് നന്ദി കാണിച്ചുവെന്നും അല്ലാഹു നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നതാണ്.
നാം നിർമിത ബുദ്ധിയും അതിന്റെ സാങ്കേതിക മികവുകളും നേരായ ഉപയോഗങ്ങളും നന്നായി പഠിക്കാനും അത് മക്കളെ പഠിപ്പിക്കാനും താൽപര്യപ്പെടണം. ഉപകാരപ്രദങ്ങളായ അറിവുകൾ നുകരാനാവും. ഉപകാരങ്ങളേകുന്ന വിജ്ഞാനങ്ങൾ ഏറിയേറി നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ടവരാണ് സത്യവിശ്വാസികൾ. എഐയുടെ ഉൾകൊള്ളേണ്ട നല്ല വശങ്ങളും തള്ളിക്കളയേണ്ട മോശംവശങ്ങളും തിരിച്ചറിഞ്ഞിരിക്കണം. ഓരോ വിദ്യകൾ ഉപയോഗിക്കുമ്പോഴും മാനുഷികവും മതകീയവും ദേശീയവുമായ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടാവണം. ഓരോന്നിനും നന്ദിയുള്ളവരാകണം. നന്ദിപ്രകാശനം അനുഗ്രഹങ്ങളിൽ വർധനവ് വരുത്തും (സൂറത്തു ഇബ്രാഹിം 07).
നിർമിത ബുദ്ധി നമ്മുടെ ബുദ്ധിയെ നിർമാണാത്മവും ക്രിയാത്മവുമായി പരിപോഷിപ്പിക്കുന്നതാവണം. നിഷ്‌ക്രിയത്വത്തോടെ മടിയും മുരടിപ്പും വരുത്തുന്നതാവരുത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമ്പോൾ അപ്പടി അവയെ വിശ്വസിക്കുകയോ പ്രയോഗിക്കുകയോ അരുത്. സൂക്ഷ്മ നിരീക്ഷണവും യഥാർത്ഥ ഉറവിടങ്ങളിലൂടെയുള്ള സ്ഥിരീകരണവും നിർബന്ധമാണ്. സ്ഥിരീകരണം വിവരശേഖരണത്തിന്റെ പാതിയെന്നാണല്ലൊ.
വിവരങ്ങൾ സൂക്ഷിപ്പുബാധ്യതയാണ്. സൂക്ഷിപ്പുബാധ്യതകൾ യഥാവിധി നിർവ്വഹിക്കാനാണ് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് (സൂറത്തുന്നിസാഅ് 58). അതിനാൽ നിർമിതബുദ്ധിയാലുള്ള വിവരങ്ങൾ നേരാംവണ്ണം ക്രിയാത്മകതയോടെയും നിർമാണാത്മകതയോടെയും ഉപയോഗിക്കേണ്ടത് ബാധ്യതയാണ്. നിഷേധാത്മകമായും സമയം കൊല്ലികളുമായി ഉപയോഗിക്കാൻ ഇട വരുത്തരുത്.
മനുഷ്യനിർമിത ബുദ്ധിയെന്ന സാങ്കേതികവിദ്യയെ മനുഷ്യർക്ക് ഉപകാരപ്പെടും വിധം ഉപയോഗപ്പെടുത്തുന്ന യുഎഇ ഭരണസംവിധാനത്തിന്റെ ഇടപെടൽ ഏറെ പ്രശംസനീയമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, കാർഷികം, പരിസ്ഥിതി, ഭരണകൂട സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാം രംഗങ്ങളിലും പുത്തൻ അവസരങ്ങളും നൂതന പ്രയോഗങ്ങളുമാണ് എഐയാൽ അനാവരണം ചെയ്യപ്പെടുന്നത്. എല്ലാം ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെയും ഇഛാശക്തിയുടെയും ഫലങ്ങളാണ്. ഈ ഫലങ്ങൾ അനുഭവിക്കുന്ന നാം ഭരണകൂടത്തോട് കടപ്പെട്ടിരിക്കുന്നു. നന്മ ചെയ്തയാൾക്ക് നല്ലത് പ്രത്യുപകാരമായി നൽകണമെന്നാണ് നമ്മുടെ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്, പ്രത്യുപകാരമായി നന്മ ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾക്ക് ബോധ്യമാവുംവിധം അവരുടെ നന്മക്കായി പ്രാർത്ഥിക്കണം (ഹദീസ് അബൂദാവൂദ് 1672).

