യുഎഇ ദേശീയ ദിനം - ഈദുൽ ഇത്തിഹാദ് ഒത്തൊരുമയുടെ ഐക്യപ്പെരുന്നാൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 28/11/2025

ഓരോ ദേശത്തിനും അവരുടേതായ അനർഘ മുഹൂർത്തങ്ങളുണ്ടായിരിക്കും. എന്നാൽ മഹത്തായ യുഎഇ രാഷ്ട്രത്തിന്റെ ചരിത്രദിവസമാണ് ദേശീയദിനം, ഈ മേഖലയിലെ അറബ് നാടുകൾ ഐക്യപ്പെട്ട് ഒത്തൊരുമിച്ച് ഒന്നായ ദിവസം. ആ ദിവസം പുതിയൊരു അധ്യായത്തിന്റെ തുടക്കമായിരുന്നു. ഐക്യവും സുസ്ഥിരതയും വികസനവും സമൃദ്ധിയുമെല്ലാം ഉള്ളടക്കങ്ങളാക്കിയുള്ള അധ്യായമായിരുന്നു അത്. 

എല്ലാം അനുഗ്രഹങ്ങൾക്കും ജഗനിയന്താവായ അല്ലാഹുവിനോട് നന്ദി ചെയ്യേണ്ടിയിരിക്കുന്നു, ഒന്നും വിസ്മരിക്കരുത്. 

ഈ നാടുകൾ ഐക്യരൂപം പ്രാപിക്കുന്നതിന് മുമ്പ് ഇവിടങ്ങളിലെ സാഹചര്യം വളരെ ക്ലേശകരമായിരുന്നു. എന്നാൽ നമ്മെ അല്ലാഹു അനുഗ്രഹിച്ചു. നമ്മുക്കവൻ ഉശിരുള്ള, ദീർഘവീക്ഷണമുള്ള, ഇഛാശക്തിയുള്ള നായകനെ സമ്മാനിച്ചു. അതാണ് മഹാനായ ശൈഖ് സായിദ് ബ്‌നു നഹ്‌യാൻ (അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ലോകം വിജയമാക്കട്ടെ).


'നിങ്ങൾ ഭിന്നിച്ചുപോകരുത്, അപ്പോൾ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും വീര്യം നശിച്ചു പോകുകയും ചെയ്യും' (സൂറത്തുൽ അൻഫാൽ 46), 'നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളിൽ നിങ്ങൾ അന്യോന്യം സഹായിക്കുക' (സൂറത്തുൽ മാഇദ 02) എന്നിങ്ങനെയുള്ള ഖുർആനിലെ ദൈവികാഹ്വാനങ്ങൾ ഉൾക്കൊണ്ട് ഒരു സ്വർഗദേശം സാക്ഷാൽക്കരിച്ചു മഹാനവർകൾ. ശൈഖ് സായിദിന്റെ അഖണ്ഡതാ വിളിയാളത്തിന് ഇതര ഭരണാധികാരികൾ ഉത്തരം നൽകി കൂടെ ചേരുകയായിരുന്നു. 

അവർ ഏവരുടെയും ഉദ്ദേശ്യശുദ്ധിയും മനക്കരുത്തും ചടുലതയും അർപ്പണബോധവും അല്ലാഹു സ്വീകരിച്ചു ഐക്യനാടുകൾ യാഥാർത്ഥമാക്കിക്കൊടുത്തു. എന്തെങ്കിലും നന്മ ഹൃദയങ്ങളിലുള്ളതായി അല്ലാഹുവിന്നറിയുമെങ്കിൽ അതിനേക്കാൾ ഉദാത്തമായത് അല്ലാഹു പകരം നൽകുമെന്ന് സൂറത്തുൽ അൻഫാൽ 70ാം സൂക്തത്തിൽ കാണാം. 

ശൈഖും സായിദും മറ്റു ഭരണാധികാരികളും ഐക്യനാടെന്ന വലിയ നന്മയുടെ താക്കോലുകളായി വർത്തിക്കുകയായിരുന്നു. 

നബി (സ്വ) പറയുന്നു: ഈ നന്മയെന്നത് ഖജനാവുകളാണ്, ഈ ഖജനാവുകൾക്ക് താക്കോലുകളുണ്ട്. നന്മക്ക് താക്കോലും തിന്മക്ക് പൂട്ടും ആയവന് സർവ്വമംഗളങ്ങളും ഉണ്ടാവട്ടെ (ഹദീസ് ഇബ്‌നുമാജ 238). 

ഐക്യപ്പെടലെന്ന വിലമതിക്കാനാവാത്ത പുണ്യം നൽകിയാണ് അല്ലാഹു ഈ നാടിനെ അനുഗ്രഹിച്ചിരിക്കുന്നത്. സൂറത്തുൽ അൻഫാലിൽ തന്നെ 63ാം സൂക്തത്തിൽ കാണാം: 'അവരുടെ ഹൃദയങ്ങൾ തമ്മിൽ അവൻ കൂട്ടിയിണക്കുകയുമുണ്ടായി. നബിയേ ഭൂമിയിലുള്ള മുഴുവൻ വിഭവങ്ങളും ചെലവഴിച്ചാലും അവരുടെ മനസ്സുകൾ ഇണക്കിച്ചേർക്കാൻ താങ്കൾക്കാകുമായിരുന്നില്ല'. 


അങ്ങനെ ഈ നാട് വികാസത്തിന്റെയും വികസനത്തിന്റെയും രഥത്തിലേറി. മസ്ജിദുകൾ, സ്‌കൂളുകൾ, സർവ്വകലാശാലകൾ, ആതുരാലയങ്ങൾ സ്ഥാപിതമായി. ജനങ്ങൾക്ക് നിർഭയത്വവും സന്തുഷ്ടിയും സുനിശ്ചിതമായി. സംസ്‌കൃതിയിലും കണ്ടുപിടിത്തങ്ങളിലും ബഹിരാകാശ പര്യവേഷണങ്ങളിലും മാനവിക സ്വാന്തന സഹായ പ്രവർത്തനങ്ങളിലും യുഎഇ ലോകമാതൃക കാണിച്ചു. എല്ലാത്തിനും അല്ലാഹുവിനോട് നന്ദി പറയണം.

ദേശീയ അഖണ്ഡതയിലും സാമൂഹിക സൗഹാർദ്ദത്തിലും അന്തസ്സോടെ, ജനകീയതയോടെ, ഉറച്ച നിലപാടുകളോടെ ഈ നാടിന്റെ ഭരണകൂടം മുന്നിൽനിൽക്കുകയാണ്. സ്‌നേഹവും കൂട്ടായ പ്രവർത്തനവും പരസ്പര പ്രാർത്ഥനയുമാണ് ഇവിടത്തെ ഊർജ്ജം. നിങ്ങൾ ഇഷ്ടപ്പെടുന്ന, നിങ്ങളെ ഇഷ്ടപ്പെടുന്നവരാണ് നല്ല ഭരണാധികാരികൾ. അവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും, നിങ്ങൾ അവർക്കായും പ്രാർത്ഥിക്കും (ഹദീസ് മുസ്ലിം 1855). 


ഐക്യമാണ് ഈ നാടിന്റെ ആത്മാവ്. ഐക്യത്തിലാണ് ഇവിടത്തെ എല്ലാ നന്മകളും കുടികൊള്ളുന്നത്. ഐക്യമെന്ന മഹാനുഗ്രഹത്തെ നാം മാനിക്കണം. അതിൽ അല്ലാഹുവിനോട് നന്ദി കാണിക്കണം. ഐക്യബോധത്തെ സൂക്ഷിപ്പുബാധ്യതയായി കൊണ്ടുനടക്കണം. ഒരു കൂട്ടം സ്വാതികരുടെ സത്യസന്ധതും മനോധൈര്യവും നീണ്ട സഹനവമാണ് ഈ മണ്ണിനെ എല്ലാവിധത്തിലും സമൃദ്ധമാക്കിയത്. ഐകമത്യം നമ്മുടെ ബാധ്യതയാണ്. ഈ നാടിന് വേണ്ടി ഓരോർത്തരും ഒത്തൊരുമയോടെ സേവിക്കണം, ഒരു കെട്ടിടത്തിലെ ഓരോ കല്ലുകളും ഓരോ ഭാഗത്തെയും പരസ്പരം ശക്തിപ്പെടുത്തുന്നത് പോലെ. 

വെല്ലുവിളികളെ നേരിടാൻ നാം മൂല്യങ്ങളും സ്വത്വങ്ങളും കൈവിടരുത്. മക്കളുടെ കുഞ്ഞുമനസ്സുകളിലും നാടിനോടുള്ള പ്രതിബദ്ധത വളർത്തണം. നന്മകൾ ആഗ്രഹിക്കണം. നാടിന്റെ സമ്പത്തുകൾ കാത്തുസൂക്ഷിക്കണം. സൽസ്വഭാവസമ്പന്നരാകണം. സഹിഷ്ണുത പാലിക്കണം. ദാനങ്ങൾ ചെയ്യണം. നാട് അമാനത്താണ് അതായത് സൂക്ഷിപ്പുബാധ്യത. പലരും ജീവിതപരിത്യാഗം ചെയ്താണ് ഈ നാടിന്ന് തലയുയർത്തി നിൽക്കുന്നതെന്ന ബോധ്യത്തോടെ സേവനസന്നദ്ധരാവണം.


back to top