യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 21/11/2025
അന്ത്യപ്രവാചകർ നമ്മുടെ മുഹമ്മദ് നബി (സ്വ)യാണ് സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടികളിൽവെച്ച് അതിശ്രേഷ്ഠർ. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്റെ റസൂലിൽ വിശ്വസിക്കുകയും ചെയ്യുക, എങ്കിൽ അവന്റെ കാരുണ്യത്തിൽ നിന്ന് രണ്ടുവിഹിതം നിങ്ങൾക്ക് കനിഞ്ഞേകുന്നതും മുന്നോട്ടു നടക്കാവുന്ന ഒരു തേജസ്സ് നിങ്ങൾക്കുണ്ടാക്കിതരുന്നതും പാപമോചനം നൽകുന്നതുമാണ് (സൂറത്തുൽ ഹദീദ് 28). സ്വന്തത്തിൽ നിന്നു തന്നെയുള്ള ഒരു റസൂൽ നിങ്ങൾക്കിതാ വന്നിരിക്കുന്നു, നിങ്ങൾക്കു ബുദ്ധിമുട്ടാക്കുന്നത് അവിടത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാർഗ പ്രാപ്തിയിൽ അതീവേഛുവും സത്യവിശ്വാസികളോട് ഏറെ ആർദ്രരും ദയാലുവുമാണ് അവർ (സൂറത്തുത്തൗബ 128). അവരാണ് അല്ലാഹുവിന്റെ ഏറ്റവും പ്രിയപ്പെട്ടവരായ നമ്മുടെ മുത്ത് നബി (സ്വ). അത്യുൽകൃഷ്ടമായ സ്വഭാവമഹിമയും ബുദ്ധികൂർമ്മതയും സന്മാർഗദർശനവുമേകി അല്ലാഹു നബി (സ്വ)യെ സർവ്വരെക്കാൾ ഉത്തമരാക്കിട്ടുണ്ട്. ജീവിതത്തിൽ നബി (സ്വ)ക്ക് വഴിതെറ്റലോ ദുർമാർഗ നടപ്പോ ഉണ്ടായിട്ടില്ലെന്നും തന്നിഷ്ടപ്രകാരമുള്ള സംസാരങ്ങളല്ല നബി (സ്വ)യുടേത്, എല്ലാം ദിവ്യബോധനങ്ങളാണെന്നും അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് (സൂറത്തുന്നജ്മ് 2,3,4). നബി (സ്വ) ഏവരോടും കരുണയും ദയാവായ്പുമുള്ളവരുമാണ്.
നബി (സ്വ)യുടെ ഹൃദയവിശാലതയും പാപസുരക്ഷിതത്വവും ഉന്നതശ്രുതിയുമെല്ലാം അല്ലാഹു സൂറത്തുശ്ശർഹിലൂടെ എടുത്തുപറയുന്നുണ്ട് : നബീ നാം അങ്ങയുടെ ഹൃദയം വിശാലമാക്കുകയും നടുവൊടിച്ചിരുന്ന ഭാരം ഇറക്കിവെക്കുകയും സൽപേര് ഉന്നതമാക്കുകയും ചെയ്തു തന്നില്ലേ. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: മുഹമ്മദ് നബിയെക്കാൾ ശ്രേഷ്ഠമായ ഒന്നിനെയും അല്ലാഹു പടച്ചിട്ടില്ല, നബിയുടെ അല്ലാത്ത വേറൊരാളുടെയും ആയുസ്സ് കൊണ്ട് അല്ലാഹു ശപഥം ചെയ്തതായി ഞാൻ കേട്ടിട്ടുമില്ല, അല്ലാഹു പറയുന്നു: നബിയേ അങ്ങയുടെ ജീവിതം തന്നെ ശപഥം, അവർ തങ്ങളുടെ ലഹരിയിൽ വിഹരിച്ചുകൊണ്ടിരിക്കുക തന്നെയാണ് (സൂറത്തുൽ ഹിജ്‌റ് 72- തഫ്‌സീറുൽ ത്വബ്‌രി 14/91). നബി (സ്വ) തന്നെയാണ് സൃഷ്ടിശ്രേഷഠർ. പ്രവാചകാപദാനങ്ങൾ അതിരുകളില്ലാത്തതാണ്.
നബി (സ്വ) സത്യമതപ്രബോധകരും സന്മാർഗദർശകരും സുവിശേഷകരുമാണ്. ഓ നബീ, നിശ്ചയം താങ്കളെ നാം സത്യസാക്ഷിയും ശുഭവാർത്താവാഹകനും മുന്നറിയിപ്പുകാരനും അല്ലാഹുവിന്റെ അനുമതിയോടെ അവങ്കലേക്കു ക്ഷണിക്കുന്നയാളും വെളിച്ചം തെളിക്കുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു. സത്യവിശ്വാസികൾക്ക് അല്ലാഹുവിങ്കൽനിന്ന് മഹത്തായ ഔദാര്യമുണ്ട് എന്ന് ശുഭവാർത്ത നൽകുക (സൂറത്തുൽ അഹ്‌സാബ് 45, 46, 47). അല്ലാഹുവിൽ നിന്ന് സകല ലോകർക്കുമുള്ള സമ്മാനമാണ് നബി (സ്വ). അല്ലാഹു പറയുന്നു: നബിയേ, പ്രപഞ്ചത്തിന് അനുഗ്രഹമായി മാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് (സൂറത്തുൽ അമ്പിയാഅ് 107).
നമ്മുടെ നബി (സ്വ) ലോകജനതക്കായാണ് തങ്ങളുടെ ജീവിതസമയങ്ങളും അറിവുകളും സാരോപദേശങ്ങളുമെല്ലാം നൽകിയത്. അതിനായി കഠിനമായ അധ്വാനങ്ങൾ നടത്തുകയും സമ്പത്തുകൾ ചെലവഴിക്കുകയുമുണ്ടായി. ആ നബി (സ്വ)യെ പിൻപറ്റുന്നവരാണ് സന്മാർഗം ദർശിക്കുന്നവർ (സൂറത്തുന്നൂർ 54).
മുൻകാല പ്രവാചകന്മാരുടെ വഴിയേ സത്യമത പ്രസരണത്തിനാണ് നമ്മുടെ നബി (സ്വ)യും നിയോഗിതരായത്. എല്ലാ പ്രവാചകന്മാരും ഉത്തമ മൂല്യങ്ങളുടെയും ഉത്തുംഗ സ്വഭാവങ്ങളുടെയും വാഹകരായിരുന്നു. അവർ സന്മാർഗം സിദ്ധിച്ചവരെന്നും അവരെ അനുധാവനം ചെയ്യണമെന്നുമാണ് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് (സൂറത്തുൽ അൻആം 90). താങ്കൾ അതിമഹത്തായ സ്വഭാവത്തിന്മേലാണ് എന്നാണ് അല്ലാഹു നബി (സ്വ)യെ പുകഴ്ത്തിപ്പറഞ്ഞിരിക്കുന്നത് (സൂറത്തുൽ ഖലം 04). സ്വസമുദായത്തിനിടയിൽ മാത്രമല്ല, സർവ്വ ജനങ്ങൾക്കും നബി (സ്വ) ഏറ്റവും ഉദാരരും സത്യസന്ധരും ബഹുമാന്യരുമായിരുന്നു. ആരും കണ്ടാലും ആ പുണ്യമുഖത്ത് ഗംഭീര്യം സ്ഫുരിക്കുകയായിരുന്നു. ഇടപഴകിയാൽ മനം നിറയെ സ്‌നേഹം നിറക്കുമായിരുന്നു. നബി (സ്വ)യെ പോലൊരു പ്രതിഭാസത്തെ അതിന് മുമ്പോ ശേഷമോ ലോകം ദർശിച്ചിട്ടില്ലെന്നാണ് സമകാലികർ സാക്ഷ്യപ്പെടുത്തിയത്. ഉത്തമ സ്വഭാവവിശേഷങ്ങളും മൂല്യങ്ങളും മുറുകെപിടിച്ച് ആ പ്രവാചക പാത നാമും പിൻപറ്റുക.
ഒരിക്കൽ നബി (സ്വ) പ്രിയ പത്‌നി ആയിഷാ (റ)യുടെ വീട്ടിൽ നിന്ന് സന്തോഷത്തോടെയാണ് ഇറങ്ങിപുറപ്പെട്ടത്. തിരിച്ചുവരുമ്പോൾ ഏറെ ദുഖിതരായിരുന്നു. എന്നിട്ട് പറഞ്ഞു: ഞാൻ കഅ്ബായിൽ പ്രവേശിക്കുകയുണ്ടായി. ഞാൻ അക്കാര്യം ചെയ്യേണ്ടിയിരുന്നില്ലയെന്ന് ഞാൻ ആഗ്രഹിച്ചു. കാരണം എനിക്കുശേഷമുള്ള സമുദായംഗങ്ങൾക്ക് അത് പ്രയാസമുണ്ടാക്കുമെന്ന് ഞാൻ പേടിക്കുന്നു (ഹദീസ് തുർമുദി 873, ഇബ്‌നു ഖുസൈമ 3014). സ്വന്തം സമുദായത്തോടുള്ള പ്രവാചകരുടെ (സ്വ) കരുതലും സ്‌നേഹവായ്പുമാണ് സംഭവം വിവരിച്ചിരിക്കുന്നത്.
നബി (സ്വ) നമ്മെ കാണാൻ ആഗ്രഹിക്കുകയാണ്. ഹൗളുൽ കൗസറിനരികെ മുന്നേയെത്തി കാത്തിരിക്കുകയാണെന്ന് നബി (സ്വ) തന്നെ പറയുന്നുണ്ട് (ഹദീസ് മുസ്ലിം 249). പ്രവാചകരെ സ്‌നേഹിക്കൽ നമോരോർത്തർക്കും ബാധ്യതയാണ്. മക്കളിലും നാം പ്രവാചക സ്‌നേഹം ഊട്ടിയുറപ്പിക്കണം.
നബി (സ്വ) കുടുംബക്കാരോട് ഏറെ കരുണയും സ്‌നേഹാർദതയുമുള്ളവരായിരുന്നുവെന്ന് അനസ് (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഹദീസ് മുസ്ലിം 2316). നബി (സ്വ) യുടെ വിശിഷ്ട സ്വഭാവങ്ങളായ സഹിഷ്ണുത, വിട്ടുവീഴ്ചാ മനോഭാവം, സഹനം, ലാളിത്യം, ലഘൂകരണം എന്നിവയെല്ലാം നാമും ശീലിക്കണം. രണ്ടുകാര്യങ്ങളുണ്ടെങ്കിൽ അവയിൽ കുറ്റകരമല്ലാത്ത ഏറ്റവും ലളിതമായതാണ് നബി (സ്വ) തെരഞ്ഞെടുത്തിരുന്നതെന്ന് ആയിഷാ (റ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
നബി (സ്വ) യെ പൂർണാർത്ഥത്തിൽ വിശ്വസിക്കാനും ബഹുമാനിക്കാനും നാം തയ്യാറാവണം. നബി (സ്വ)യുടെ മേൽ സ്വലാത്തുകൾ അധികരിപ്പിക്കണം. അല്ലാഹുവും മാലാഖമാരും നബി (സ്വ)യുടെ മേൽ സ്വലാത്തുകൾ ചൊല്ലുന്നുണ്ട്. ഉബ്ബയ്യു ബ്‌നു കഅ്ബി (റ)നോട് ഇഷ്ടമുള്ളത്ര സ്വലാത്തുകൾ ചൊല്ലാൻ പറഞ്ഞ നബി (സ്വ) അതുവഴി ദുഖങ്ങൾക്ക് അറുതിയാവുമെന്നും ദോഷങ്ങൾ പൊറുക്കപ്പെടുമെന്നും അറിയിച്ചിട്ടുണ്ട് (ഹദീസ് തുർമുദി 2457).

