കുടുംബങ്ങളിലൂടെയാണ് മനുഷ്യതലമുറകൾ നിലനിൽക്കുന്നത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 14/11/2025

മനുഷ്യന്റെ അടിസ്ഥാന സാമൂഹിക സ്ഥാപനമാണ് കുടുംബം. ഭൂമിയിൽ കുടുംബമില്ലെങ്കിൽ മനുഷ്യന് തുർച്ചടകളുണ്ടാവുമായിരുന്നില്ല, സമൂഹം ഉണ്ടാകുമായിരുന്നില്ല, നാട് ഉണ്ടാകുമായിരുന്നില്ല. ഭൂമിയിൽ സ്രഷ്ടാവിനെ ആരാധിക്കാൻ മനുഷ്യന് പിന്മുറക്കാറുണ്ടാകുമായിരുന്നില്ല. അല്ലാഹു പറയുന്നുണ്ട്: ഹേ മനുഷ്യരേ ഒരേയൊരു വ്യക്തിയിൽ നിന്നു നിങ്ങളെ പടക്കുകയും അതിൽ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരിൽ നിന്നുമായി ഒട്ടേറെ സത്രീപുരുഷന്മാരെ വ്യാപിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക (സൂറത്തുന്നിസാഅ് 01). അതായത് കുടുംബങ്ങൾ കൂടുമ്പോഴാണ് ഭൂമി സജീവമാകുന്നത്. അതിനാൽ കുടുംബരൂപീകരണവും അതിന്റെ നിലനിൽപ്പും സാമൂഹികവും മതകീയവുമായ അനിവാര്യതയാണ്. 


കുടുംബങ്ങളിലൂടെയാണ് തലമുറകളായി മനുഷ്യജീവൻ നിലനിർത്തി ഭൂമി വാസയോഗ്യമാവുന്നത്. 

കുടുംബസംവിധാനം ഗതകാല പ്രവാചകന്മാരിലൂടെ തന്നെ നിലനിന്നുവരുന്ന വ്യവസ്ഥിതിയാണ്. നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യോട് അല്ലാഹു പറഞ്ഞിട്ടുണ്ട്: താങ്കൾക്കു മുമ്പ് നാം ദൂതന്മാരെ അയക്കുകയും അവർക്ക് ഭാര്യാസന്താനങ്ങളെ നൽകുകയും ചെയ്തിട്ടുണ്ട് (സൂറത്തു റഅ്ദ് 38). പരിശുദ്ധ ഖുർആനിൽ അല്ലാഹു പല നബിമാരുടെയും കുടുംബത്തെ പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. ആദമിന്റെ കുടുംബം, നൂഹിന്റെ കുടുംബം, ഇബ്രാഹിമിന്റെ കുടുംബം, യഅ്ഖൂബ് നബിയുടെ കുടുംബം, അയ്യൂബ് നബിയുടെ കുടുംബം, മൂസാ നബിയുടെ കുടുംബമായ ഇംറാൻ കുടുംബം, ഈസാ നബിയുടെ കുടുംബം... എന്നിങ്ങനെ ഖുർആനിക ചരിത്രകഥനങ്ങൾ മാതൃകളായുണ്ട്. 

സച്ചരിതരായ അവരുടെ കുടുംബമാതൃകകൾ നാം അനുവർത്തിക്കണം. കുടുംബബന്ധങ്ങൾ സുഭദ്രമാക്കണം. കുടുംബം സൂക്ഷിപ്പുബാധ്യതയാണല്ലൊ. കുടുംബത്തെക്കുറിച്ച് അല്ലാഹു വിചാരണ ചെയ്യുന്നതായിരിക്കുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് സുനനുൽ കുബ്‌റാ നസാഈ 9129, സ്വഹീഹു ബ്‌നു ഹിബ്ബാൻ 5103). 

കുടുംബം ഒരു പുണ്യവൃക്ഷമാണ്. അതിന്റെ തണൽ തലമുറകൾക്ക് നൽകപ്പെടും. അതിന്റെ ശാഖകളും ശിഖിരങ്ങളും (അതായത് സന്താനങ്ങൾ) വർദ്ധിക്കുംതോറും ജീവിതം കൂടുതൽ കൂടുതൽ പ്രശോഭിതമാവും. ധനവും സന്താനങ്ങളും ഐഹികജീവിതത്തിലെ സൗരഭ്യങ്ങളെന്നാണ് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നത് (സൂറത്തുൽ കഹ്ഫ് 46).

പ്രവാചകരൊക്കെയും സൽസന്താനലബ്ധിക്കായും അവരുടെ ആരാധനാനിഷ്ഠമായ ജീവിതനിലനിൽപ്പിനായും അല്ലാഹുവിനോട് കേണുപ്രാർത്ഥിക്കുന്നവരായിരുന്നു. ഇബ്രാഹിം നബി (അ) 'എന്റെ രക്ഷിതാവേ സദ്‌വൃത്തനായ ഒരു പുത്രനെ എനിക്കു പ്രദാനം ചെയ്യണേ' എന്ന് പ്രാർത്ഥിക്കുന്നത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട് (സൂറത്തുസ്സ്വഫ്ഹാത്ത് 100). സകരിയ നബി (അ) പ്രാർത്ഥിച്ചത് ഇങ്ങനെ: നാഥാ നിന്റെയടുത്ത് നിന്നു എനിക്കും യഅ്ഖൂബ് കുടുംബത്തിനും അനന്തരാവകാശിയാകുന്ന ഒരു ബന്ധുവിനെ കനിഞ്ഞേകണേ, രക്ഷിതാവേ അവനെ സർവർക്കും സംതൃപ്തനാക്കുകയും ചെയ്യേണമേ (സൂറത്തു മർയം 5,6). 

സന്താനോൽപാദനം അധികരിപ്പിക്കാൻ നബി (സ്വ) പ്രോത്സാഹാനം നൽകിട്ടുണ്ട്. അതുകൊണ്ടാണ് സ്‌നേഹാർദ്രത കാട്ടുകയും കൂടുതൽ പ്രസവിക്കുകയും ചെയ്യുന്നവരെ വിവാഹം ചെയ്യാൻ പ്രചോദനം നൽകിയിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 2050). 

സന്താനങ്ങൾ അധികരിക്കുന്നതിൽ ആധിക്ക് വകയില്ല. ഉപജീവനം കുടുസ്സാകുമെന്ന് ഭയപ്പാടുണ്ടാവേണ്ടതില്ല. ചെലവുകൾ കുമിഞ്ഞുകൂടുമെന്നും വ്യാകുലപ്പെടേണ്ടതില്ല. സന്താനങ്ങൾ പുണ്യങ്ങളാണ്. ജനിക്കുന്ന ഓരോർത്തർക്കും അല്ലാഹു ഉപജീവനത്തിനുള്ള വകകൾ ഒരുക്കിയിട്ടുണ്ട്. അക്കാര്യം അല്ലാഹു തന്നെ ഏറ്റെടുത്തു പറഞ്ഞതാണ് (സൂറത്തു ഇസ്‌റാഅ് 31). സ്രഷ്ടാവ് പറഞ്ഞാൽ സൃഷ്ടികൾ ശങ്കിക്കേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുക്ക് നമ്മുടെ പിതാക്കളും പ്രപിതാക്കളും തന്നെ മാതൃക. അവരുടെ കാലത്ത് ജീവിത സാഹചര്യങ്ങൾ ദരിദ്രമായിരുന്നിട്ടും വിഭവങ്ങൾ കുറവായിരുന്നിട്ടും അവർക്കെല്ലാം കൂടുതൽ മക്കളുണ്ടായിരുന്നു. അല്ലാഹുവിന്റെ ദാനത്തിൽ ഉറച്ചുവിശ്വസിക്കുന്നവരായത് കൊണ്ടാണ് അവർ ഉപജീവിച്ചതും അതിജീവിച്ചതും. 


സന്താനങ്ങൾ അധികരിക്കുമ്പോൾ നാടിന് ബലവും സമൂഹത്തിന് പ്രൗഢിയുമാണ് വർദ്ധിക്കുന്നത്. അവർ വാചാ കർമണാ, മാനസികമായും സാമ്പത്തികമായും മാതാപിതാക്കൾക്ക് വാർദ്ധക്യകാലത്ത് താങ്ങായിരിക്കും. പാരത്രിക ലോകത്ത് നമ്മുടെ നബി (സ്വ)ക്ക് അഭിമാനമേകുന്നവരായിരിക്കും. പിതാമഹൻമാരും പൗത്രന്മാരും അവരുടെ ഭാര്യാസന്താനങ്ങളും കൂടുമ്പോൾ കുടുംബം ഏറെ സന്തുഷ്ടമായിരിക്കും. 

യുഎഇ രാഷ്ട്രം 2026 വർഷത്തെ കുടുംബ വർഷമായി ആചരിക്കുകയാണ്. കുടുംബബന്ധത്തിന്റെ പ്രാധാന്യവും മഹിമവും ബോധിപ്പിക്കാനാണത്. ഖുർആനിൽ പറഞ്ഞ പ്രകാരമുള്ള ഈടുറ്റ കരാറണല്ലൊ കുടുംബബന്ധം, അത് സുസ്ഥിരമായി നിലനിർത്താനും സുദൃഢമാക്കാനും നാം ബാധ്യസ്ഥരാണ്. ആ സുദൃഢീകൃത ബന്ധത്തിലൂടെ മക്കളെ സാമൂഹികവും മതകീയവുമായ മൂല്യങ്ങളും സൽസ്വഭാവങ്ങളും ശീലിപ്പിക്കണം, അവരെ സാമൂഹിക പ്രതിബദ്ധരാക്കണം, സേവനസന്നദ്ധരാക്കണം.


back to top