വാമൊഴിയായാലും വരമൊഴിയായാലും നല്ലത് മാത്രം മൊഴിയുക

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 07/11/2025

നല്ല വാക്കുകൾ പറയാനാവുക എന്നത് നല്ല സ്വഭാവഗുണമാണ്. ഹൃദയങ്ങൾക്ക് സന്തോഷമേകുകയും സമൂഹാംഗങ്ങൾക്കിടയിൽ സ്‌നേഹസൗഹാർദ്ദം വളർത്തുകയും ചെയ്യുന്നതാണ് നന്മയാർന്ന പറച്ചിലുകൾ, മാത്രമല്ല നാഥന്റെ തൃപ്തിക്ക് കാരണമാക്കുകയും ചെയ്യും. സച്ചരിത ജനങ്ങളെല്ലാം ഈ ഗുണം സിദ്ധിച്ചവരായി ഇഹലോകത്ത് ജീവിക്കുകയും അതുവഴി പാരത്രിക ലോകത്ത് വിജയം വരിക്കുന്നവരുമാണ്. അങ്ങനെ സ്വർഗസ്ഥരാവുന്നവരെ ക്കുറിച്ച് അല്ലാഹു പ്രതിപാദിക്കുന്നുണ്ട്: ഉദാത്ത സംസാരത്തിലേക്കാണ് അവർ നയിക്കപ്പെട്ടിരിക്കുന്നത് (സൂറത്തുൽ ഹജ്ജ് 24). അവർ പരലോകത്തുവെച്ചും നല്ല സംസാരങ്ങൾ മാത്രം കേൾക്കുന്നവരായിരിക്കും. ശാന്തി, സമാധാനം എന്നതല്ലാതെ നിരർത്ഥകവാക്കുകളോ അധിക്ഷേപങ്ങളോ അവർക്കവിടെ കേൾക്കാനാവില്ല (സൂറത്തുൽ വാഖിഅ 25, 26). 

നല്ല സമൂഹത്തിന്റെ അംഗങ്ങളുടെ സംസാരവും തെളിമയും നന്മയും ആർന്നതായിരിക്കും. അവരിൽ എന്നും ദൈവസ്മരണ മുഴച്ചിരിക്കും. അശ്ലീലങ്ങളോ അസഭ്യങ്ങളോ അവർ മൊഴിയില്ല. അവരുടെ വാക്കുകൾ മറ്റുള്ളവരുടെ മനം കവരും. വാക്കുകളിൽ നിരർത്ഥകത ഒളിച്ചുകടത്തുകയില്ല, സ്പഷ്ടവും സ്ഫടിക സമാനവുമായിരിക്കും അവരുടെ പ്രസ്താവ്യങ്ങൾ. നല്ല ഫലങ്ങളായിരിക്കും ആ വാക്കുകളുടെ പരിണതം. അല്ലാഹു പരിശുദ്ധ ഖുർആനിൽ നല്ല വാക്കിനെ ഉപമിച്ചിരിക്കന്നത് ഉത്തമവൃക്ഷത്തോടാണ്. അതിന്റെ വേര് ഭൂമിയിൽ ആഴ്ന്നിറങ്ങിയതും ശിഖരങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു നിൽകുന്നതുമാകുന്നു. നാഥന്റെ അനുമതിയോടെ സർവദാ അത് ഫലദായകമായിരിക്കും (സൂറത്തു ഇബ്രാഹിം 24, 25). 

നല്ല വാക്ക് നല്ലത് മാത്രമേ കായ്ക്കുകയുള്ളൂ. അതിൽ നിന്ന് നല്ലത് മാത്രമേ വാസനിക്കുകയുള്ളൂ. അത് ക്രിയാത്മകവും മൂല്യവത്തുമായിരിക്കും. നന്മമൊഴികളുടെ അടിത്തറ സുഭ്രദവും ഗുണം ശ്രേഷ്ഠസ്വഭാവമുള്ളതുമായിരിക്കും.  

നല്ല വാക്കുകൾ ഉരിയാടുന്നവൻ അജ്ഞതയിൽപ്പെടുകയില്ല. ഒരാളോടും നേരിട്ടോ അല്ലാതെയോ ചീത്ത വർത്തമാനങ്ങൾ പറയുകയില്ല. 

ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി: ഒരാൾ അയാളുടെ തന്നെ മാതാപിതാക്കളെ ചീത്തവിളിക്കുന്നത് വൻപാപത്തിൽപ്പെട്ടതാണ്. അപ്പോൾ അനുചരർ ആശ്ചര്യപ്പെട്ടു: തിരുദൂതരേ, അങ്ങനെ ഒരാൾ അയാളുടെ സ്വന്തം മാതാപിതാക്കളെ ചീത്തവിളിക്കുമോ?! നബി പറഞ്ഞു: അതേ, ഒരാൾ മറ്റൊരാളുടെ പിതാവിനെ ചീത്തവിളിക്കുന്നത് സ്വന്തം പിതാവിനെ ചീത്തവിളിക്കുന്നതിന് തുല്യമാണ്. ഇനി ഒരാൾ മറ്റൊരാളുടെ മാതാവിനെ ചീത്തവിളിക്കുന്നുവെങ്കിലും സ്വന്തം മാതാവിനെ ചീത്തവിളിക്കുന്നത് പോലെയാണത് (ഹദീസ് ബുഖാരി, മുസ്ലിം). 


നാട് അതായത് വസിക്കുന്നയിടം ഓരോർത്തർക്കും ആത്മബന്ധമുള്ളതായിരിക്കും. നാടിനെ മാനിക്കണം. മോശം ചർച്ചകളിലും നിരർത്ഥകമായ വാഗ്വാദങ്ങളിലും ആരും നാടിനെ വലിച്ചിഴക്കരുത്. 

ജാഗ്രതയുള്ള സമൂഹമൊരിക്കലും അപശബ്ദങ്ങൾക്ക് പിന്നാലെ പോവുകയില്ല. അവർ സ്വത്വമൂല്യങ്ങളും നീതിബോധവും പാലിക്കുന്നവരായിരിക്കും. എന്നും സത്യസാക്ഷികളുടെ നിരയിലായിരിക്കും അവരുടെ സ്ഥാനം. സത്യസാക്ഷികളാവാനാണല്ലൊ അല്ലാഹു കൽപ്പിച്ചിരിക്കുന്നത്. സൽസ്വഭാവവൈശിഷ്ട്യം ഒരിക്കലും ചീത്തവാക്കുകൾ കൊണ്ടുവരില്ല, സംശുദ്ധ സംസാരങ്ങളായിരിക്കും സൽസ്വഭാവിയുടെ പ്രകടനങ്ങൾ. നബി (സ്വ) പറയുന്നുണ്ട്: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നയാൾ നല്ലത് സംസാരിച്ചുകൊള്ളട്ടെ അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ (ഹദീസ് ബുഖാരി, മുസ്ലിം). എല്ലാം സംസാരങ്ങളും അല്ലാഹു നിരീക്ഷിക്കുന്നുണ്ട്. അല്ലാഹുവിനെ നാം പേടിക്കണം. അതിനാൽ നമ്മളാൽ ഒരു മോശം സംസാരമോ പ്രസ്താവനയോ പ്രചരിക്കരുത്, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളുടെ വിളയാട്ടമുള്ള ഈ ഡിജിറ്റൽലോക സാഹചര്യത്തിൽ ഓരോ വാക്കും സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് രേഖപ്പെടുത്താനൊരുങ്ങിയ നിരീക്ഷകനുണ്ടാകുമത്രെ (സൂറത്തു ഖാഫ് 18). അതായത് മനുഷ്യന്റെ ഉച്ചരിക്കുന്ന വാമൊഴികളും എഴുതുന്ന വരമൊഴികളുമെല്ലാം അല്ലാഹു രേഖപ്പെടുത്തിവെക്കുക തന്നെ ചെയ്യും. എഴുതിവെച്ചവൻ മരിച്ചാലും എഴുതിവെക്കപ്പെട്ട കാര്യം കാലം കരുതിവെക്കും. അതിനാൽ അന്ത്യനാളിൽ ഉപകാരപ്പെടുന്ന വാക്കുകൾ മാത്രം വരമൊഴിയായി എഴുതുകയോ വാമൊഴിയായി ഉരുവിടുകയോ ചെയ്യുക. 


യുഎഇ സമൂഹം നാവിനെ സൂക്ഷിക്കുന്ന ഉന്നതസ്വഭാവഗുണങ്ങളുള്ളവരാണ്, നാടിൽ അഭിമാനിക്കുന്നവരാണവർ. നിർമാണാത്മക പക്രിയകളിലും മാനവിക സേവനങ്ങളിലും മുഴുകുന്നവരുമാണ്. വ്യാജ വാർത്തകളിലോ അപകീർത്തികരമായ സംസാരങ്ങളിലോ അവർ പെടുകയില്ല. ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് മാത്രം വാർത്തകളും അറിയിപ്പുകളും സ്വീകരിക്കുന്നവരായിരിക്കും.  സത്യവിശ്വാസി ഒരിക്കലും കുത്തുവാക്കുകൾ പറയുന്നവനോ ശാപവാക്കുകൾ മൊഴിയുന്നവനോ ചീത്ത പ്രയോഗങ്ങൾ നടത്തുന്നവനോ അസഭ്യങ്ങൾ ഉരുവിടുന്നവനോ ആയിരിക്കില്ലെന്നാണ് പ്രവാചകർ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 2092). 

സത്യവിശ്വാസി ഒരിക്കലും പാഴ് വാക്കുകളിൽ അകപ്പെടുകയില്ല. അല്ലാഹുവിന്റെ പ്രീതിക്ക് അനുസൃതമായി യുക്തമായി ഉത്തരവാദിത്വബോധത്തോടെ വാക്കുകൾ പ്രയോഗിക്കുന്നവനായിരിക്കും. വാക്ക് ഉത്തരവാദിത്വമാണ്. സത്യസന്ധത ബാധ്യതയാണ്. കണ്ടതിലും കേട്ടതിലുമെല്ലാം മുഴുകി സമയം കൊല്ലാതിരിക്കലും ബാധ്യതയാണ്. നല്ല വാക്കുകൾ മാത്രം പറഞ്ഞ് ശീലിക്കലും ഉത്തരവാദിത്വമാണ്.  ഓരോ വാക്കിലും വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. 



back to top