യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 31/10/2025
അല്ലാഹു മനുഷ്യപ്രകൃതം പണിതിരിക്കുന്നത് അന്തസ്സിലും സ്വാഭിമാനത്തിലുമാണ്. സ്വന്തം സ്വത്വസംരക്ഷത്തിനായി മനുഷ്യന് ആത്മാഭിമാനം മുഖ്യവുമാണ്. സ്വന്തത്തിന്റെ വിലയും മൂല്യവും അറിഞ്ഞവൻ ആത്മാഭിമാനം കാത്തുസൂക്ഷിക്കുകയും പൊങ്ങച്ചമോ അഹങ്കാരമോ ഇല്ലാതെ അതിനെ ബഹുമാനിക്കുകയും ചെയ്യും. പ്രവാചകർ മുഹമ്മദ് നബി (സ്വ) അനുചരരെ പരിശീലിപ്പിച്ചത് ആത്മാഭിമാനികളാവാനുള്ള വഴികളാണ്. അതുകൊണ്ടുതന്നെ അവർ ഉത്തമ സ്വഭാവികളും, മാനുഷിക മൂല്യങ്ങളും ഉന്നത വ്യക്തിസ്വഭാവങ്ങളും ഉയർത്തിപ്പിടിക്കുന്നവരുമായി മാറി.
ഹകീം ബ്‌നു ഹിസാം (റ) പറയുന്നു: യുദ്ധമുതൽ വിതരണം ചെയ്യുകയായിരുന്ന നബി (സ്വ)യോട് ഞാൻ എനിക്കായി ചോദിച്ചു, നബി (സ്വ) എനിക്കു തന്നു. ഞാൻ വീണ്ടും ചോദിച്ചു, നബി (സ്വ) തന്നു. പിന്നെയും ഞാൻ ചോദിച്ചു, നബി (സ്വ) തന്നു പറഞ്ഞു: ഹകീമേ, ധനമെന്നത് ഏവരിലേക്കും ആകർഷിക്കപ്പെടുന്ന സാധനമാണ്, അതിനെ ഉദാരമനസ്സോടെ എടുത്തവനിക്ക് അതിൽ ഐശ്വര്യങ്ങളുണ്ടാവും. അതിനെ ഹുങ്കോടെയും അഹന്തയോടെയും എടുത്തവന് ഐശ്വര്യങ്ങളുണ്ടാവില്ല, എത്ര തിന്നാലും വയർ നിറയാത്തവനെ പോലെയായിരിക്കും. ഉയർന്ന കൈ (കൊടുക്കുന്ന കൈ) താഴ്ന്ന കൈ (വാങ്ങുന്ന)യെക്കാൾ ഉത്തമമാണ്. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവാണേ സത്യം, ഞാൻ മരിക്കുന്നത് വരെ ആരോടും ഒന്നും യാചനാപരമായി ചോദിച്ചുവാങ്ങുകയില്ല (ഹദീസ് ബുഖാരി 1472).
ആത്മാഭിമാനിയുടെ വലിയ ലക്ഷണമാണ് അവൻ സ്രഷ്ടാവിലേക്കല്ലാതെ അഭയം പ്രാപിക്കുകയില്ലയെന്നത്. അല്ലാഹുവാണല്ലൊ ഏറ്റവും ശക്തനും പ്രതാപശാലിയും. ആത്മാഭിമാനി ജീവിത കാര്യങ്ങളിലും ഉപജീവന ആവശ്യങ്ങളിലുമെല്ലാം അല്ലാഹുവിൽ മാത്രം ഭരമേൽപ്പിച്ചുകൊണ്ട് അധ്വാനത്തിനായി മുന്നിട്ടിറങ്ങും. അങ്ങനെ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം അധ്വാനിച്ചു സമ്പാദിച്ചതിൽ നിന്ന് ഭക്ഷണം കഴിക്കും. അതാണല്ലൊ നബി (സ്വ) ഉണർത്തിയിരിക്കുന്നത്: കയറിൽ വിറകുകൾ കെട്ടുകെട്ടുകളായി ശേഖരിച്ച് മുതുകിൽ ചുമന്ന് വിറ്റുകൊണ്ട് അന്തസ്സായി ജീവിക്കുന്നതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ എത്രയോ ഉത്തമം, യാചിച്ചാൽ ജനം നൽകാം, നൽകാതിരിക്കാം (ഹദീസ് ബുഖാരി 1472).
സ്വാഭിമാനമുള്ളവർ മറ്റുള്ളവരോട് യാചിക്കുകയില്ല. അവന്റെ മനസ്സ് ഐശ്വര്യപൂർണമായിരിക്കും. മറ്റുള്ളവരുടെ കൈയ്യിലുള്ളത് കൈക്കലാക്കാൻ മുതിരില്ല. അന്തസ്സോടെ ആവശ്യങ്ങൾ നിറവേറ്റപ്പെടണം. കാര്യങ്ങളെല്ലാം വിധിയാൽ സുഗമമായി നടന്നുപോവും. മാന്യമായ ഉപജീവനങ്ങൾ ആഗ്രഹിക്കുന്നവർ നന്നായി പണിയെടുക്കട്ടെ. മടിയും പരാശ്രയവും അരുത്. അധ്വാനിച്ചു ജീവിക്കാൻ അല്ലാഹു ആഹ്വാനം ചെയ്യുന്നുണ്ട്: ഭൂമിയെ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്, അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളിൽ നിങ്ങൾ സഞ്ചരിക്കുകയും അവന്റെ ഉപനജീവന മാർഗങ്ങളിൽ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കു തന്നെയാണ് പുനരുത്ഥാനം (സൂറത്തുൽ മുൽക് 15).
അന്തസ്സുള്ളവൻ പ്രയാസങ്ങൾ വരുത്തുന്ന മാർഗങ്ങൾ തെരഞ്ഞെടുക്കുകയില്ല. നിന്ദതയും അവഹേളനവും ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് വിദൂരത്താവുകയും ചെയ്യും. ആത്മനിന്ദ സത്യവിശ്വാസിക്ക് ഭൂഷണമല്ലെന്ന് പറഞ്ഞ നബി (സ്വ)യോട് അവർ ചോദിച്ചു: അതെങ്ങനെയാണ് സ്വന്തത്തെ നിന്ദിക്കുന്നത്? നബി (സ്വ) പറഞ്ഞു: താങ്ങാനാവാത്ത വിപത്തുകൾക്ക് തലവെച്ചു കൊടുക്കലാണത് (ഹദീസ് തുർമുദി 2404, ഇബ്‌നുമാജ 4016).
ആത്മാഭിമാനി എന്നും ഉന്നതവും ശ്രേഷ്ഠവുമായ കാര്യങ്ങളിൽ ഇടപെടുന്നവനും സൽസ്വഭാവമഹിമകളുള്ളവനുമായിരിക്കും. താഴ്മയുള്ളവനും മാന്യനും വിട്ടുവീഴ്ച ചെയ്യുന്നവനുമായിരിക്കും. മനുഷ്യത്വവും ധീരതയും അവനിലുണ്ടായിരിക്കും. അവൻ കുടുംബത്തെ ഗൗനിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അവർക്കായി നിലകൊള്ളുകയും ചെയ്യും.
ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക എന്നത് ആത്മാഭിമാനമുള്ളവന്റെ ലക്ഷണമാണ്. അങ്ങനെ തൃപ്തിപ്പെടുന്നവൻ മാനസികമായി ഉയരുകയേയുള്ളൂ. അല്ലാഹു നൽകിയതിൽ തൃപ്തിപ്പെട്ട് നന്ദി ചെയ്യുന്നവനായിരിക്കും അവൻ. അവന്റെ ജീവിതം സ്വസ്ഥപൂർണവുമായിരിക്കും.
ആത്മാഭിമാനി സ്വന്തം വ്യക്തിത്വത്തിലും സ്വത്വബോധത്തിലും അഭിമാനമുള്ളവനായിക്കും. നാടിന്റെ യശസ്സിനായി അന്തസ്സോടെ പരിശ്രമിക്കുന്നവനായിരിക്കും. നാടിന്റെ പതാക വാനിൽ ഉയർത്തി അഭിമാനം കൊള്ളുന്നവനായിരിക്കും.
നവംബർ 3 യുഎഇ പതാക ദിനമായി ആചരിക്കപ്പെടുകയാണ്. ആത്മാഭിമാനത്തോടെ നമ്മുക്കി ദേശത്തിനായി അണിചേരാം.

