യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 24/10/2025
പകരമോ പത്യൂപകാരമോ, വിലയോ ഫലമോ പ്രതീക്ഷിക്കാതെ സ്രഷ്ടാവായ അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ട് ചെയ്യുന്ന ദാനധർമ്മം മനുഷ്യന്റെ സഹാനുഭാവവും സഹകരണബോധവും പ്രകടമാക്കുന്ന സംസ്‌കാരരൂപവും വിശ്വാസഭാഗവുമാണ്. ദാനധർമ്മത്തിന്റെ രൂപങ്ങൾ പലതാണ്, അതിന്റെ ഇനങ്ങൾ വിത്യസ്തകളാർന്നതാണ്. എല്ലാ നന്മകളും ദാനധർമ്മമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഈ ഹദീസിലൂടെ നന്മയുടെ ഏതു കോണിലൂടെയും ചെലവഴിച്ചുകൊണ്ടുള്ള ദാനസംസ്‌കാരം ജീവിതത്തിൽ ഉണ്ടാക്കിയെടുക്കണമെന്ന് അനുചരന്മാരെ പഠിപ്പിക്കുകയായിരുന്നു നബി (സ്വ). അതായത് ഒരു ധർമ്മമാർഗത്തിൽ ദാനം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ മറ്റൊരു മാർഗത്തിൽ പരിശ്രമിക്കണം, അങ്ങനെ ഏതുവിധേനയെങ്കിലും നന്മയിൽ ദാനങ്ങളായി നിക്ഷേപിക്കണം. നന്മയുടെ മാർഗത്തിലുള്ള ധനവിനിയോഗം ദാനധർമ്മമാണ്. മസ്ജിദുകളോ ആശുപത്രികളോ നിർമ്മിക്കുന്നതും ദാനധർമ്മമാണ്. അറിവുകളും അനുഭവങ്ങളും പകർന്നുനൽകുന്നതും ദാനധർമ്മമാണ്. ജനോപകാര സേവനങ്ങൾ ചെയ്യുന്നതും ദാനധർമ്മമാണ്.
നബി (സ്വ) പറയുന്നു: രണ്ടുപേർക്കിടയിൽ സമത്വം കാണിക്കുന്നതും ദാനധർമ്മമാണ്. ഒരാളെ വാഹനത്തിൽ കയറാൻ സഹായിക്കുന്നതും അയാളുടെ യാത്രാഭാണ്ഡങ്ങൾ കയറ്റാൻ സഹായിക്കുന്നതും ദാനധർമ്മമാണ്. ഒരു നല്ല വാക്കു പറയുന്നതും ദാനധർമ്മമാണ്..... വഴിയിൽ നിന്ന് തടസ്സം മാറ്റുന്നതും ദാനധർമ്മമാണ് (ഹദീസ് ബുഖാരി, മുസ്ലിം).
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവർ ആരൊക്കെ, അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവർത്തനങ്ങൾ ഏതൊക്കൊ എന്ന് ഒരാൾ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി. നബി (സ്വ) മൊഴിഞ്ഞു: ജനങ്ങൾക്ക് ഉപകാരങ്ങൾ ചെയ്യുന്നവരാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവർ. മറ്റൊരു സഹോദരന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുന്നതും അവന്റെ പ്രയാസങ്ങൾ നീക്കുന്നതും കടങ്ങൾ വീട്ടിനൽകുന്നതും വിശപ്പ് മാറ്റിക്കൊടുക്കുന്നതുമെല്ലാം അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളാണ് (ഹദീസ് ത്വബ്‌റാനി, മുഅ്ജമുൽ സ്വഖീർ 861).
അങ്ങനെ ദാനധർമ്മ മാർഗങ്ങൾ പലതുണ്ട്, അവയിൽ പ്രധാനപ്പെട്ടവയാണ് ഭക്ഷണദാനവും ജലദാനവും. ഒരിക്കൽ നബി (സ്വ) ഒരു നാട്ടിലൂടെ കടന്നുപോവുകയുണ്ടായി. അന്നാട്ടുകാർ ജനങ്ങൾക്ക് കുടിക്കാനുള്ള വെള്ളം കിണറുകളിൽ നിന്ന് കോരി ദാനം ചെയ്യുന്നവരായിരുന്നു. അവരെ അഭിനന്ദിച്ചുകൊണ്ട് നബി (സ്വ) പറഞ്ഞു: നിങ്ങൾ ഇത്തരം നല്ല കാര്യങ്ങൾ തുടരുക, നിശ്ചയം നിങ്ങൾ നന്മയുള്ളവരാണ്. ശേഷം തുടർന്നു: നിങ്ങൾക്ക് ബുദ്ധിമുട്ടാവുന്നില്ലെങ്കിൽ ഞാനും നിങ്ങളൊടൊപ്പം ഈ സദുദ്യമത്തിന് മുന്നിട്ടിറങ്ങുമായിരുന്നു (ജലവിതരണത്തിന് നബി (സ്വ) ഉണ്ടെന്നറിഞ്ഞാൽ ജനങ്ങളെല്ലാവരും തിരക്കുകൂട്ടി അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമായിരുന്നു) (ഹദീസ് ബുഖാരി 1635).
ഏറെ ഫലപ്രദവും അല്ലാഹുവിങ്കൽ പ്രതിഫലാർഹവുമായി ദാനമാണ് പൊതു ആവശ്യങ്ങൾക്കുള്ള വഖ്ഫ് ദാനം. അപ്രകാരം തന്നെ ശരീഅത്തിന്റെയും സർക്കാറിന്റെയും നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി രക്തദാനവും ശരീര ടിഷ്യൂകളും അവയവങ്ങൾ ദാനം ചെയ്യുന്നതും ഏറെ മഹത്തരം തന്നെ. കാരണം അതൊരു മനുഷ്യജീവൻ രക്ഷിക്കുന്ന പക്രിയയാണ്. ഒരു ജീവനെ രക്ഷിച്ചാൽ മനുഷ്യരെ മുഴുവരെയും രക്ഷിച്ചതു പോലെയെന്ന് അല്ലാഹു തന്നെ പറഞ്ഞതാണ് (സൂറത്തു മാഇദ 32). ഒരു ജീവന്റെ തുടിപ്പിന് ബലമേകുന്നതിനേക്കാൾ നല്ലതായി പിന്നെയെന്താണുള്ളത്.
ദാനധർമ്മമെന്നത് ഒരു താൽക്കാലിക സന്നദ്ധതയല്ല, സമൂഹത്തിന്റെ സഹാനുഭൂതിയും സഹവർതിത്വവും ഊട്ടിയുറപ്പിക്കുന്ന നിത്യതയുള്ള ഒരു സംസ്‌കാരമാണത്.
ദാനധർമ്മം മനസ്സിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നുണ്ട്. ദാനധർമ്മത്തിലൂടെ മനസ്സിന് സംതൃപ്തിയുണ്ടാവുമെന്ന് അല്ലാഹു തന്നെ അറിയിച്ചതാണ് (സൂറത്തുല്ലൈൽ 21). പിശുക്കെന്ന ദൂഷ്യതയിൽ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു. സ്വന്തത്തിൽ ലുബ്ധതയെ തൊട്ട് സംരക്ഷിക്കുന്നവർ വിജയിച്ചവർ തന്നെയെന്ന് അല്ലാഹു പറഞ്ഞതാണ് (സൂറത്തുൽ ഹശ്ർ 09).
ദാനധർമ്മം ചെയ്യുന്നവരുടെ ദാനങ്ങൾക്ക് അല്ലാഹു നല്ല പകരങ്ങളും ഇരട്ടി പ്രതിഫലങ്ങളും നൽകുന്നതാണ് (സൂറത്തു സബഅ് 39). അല്ലാഹുവിന്റെയടുക്കലുള്ളതാണ് ഏറ്റം ഉത്തമവും നിത്യമായി നിലനിൽക്കുന്നതും (സൂറത്തു ഖസ്വസ് 60).
വളരെ ചുരുങ്ങിയതാണെങ്കിൽ പോലും നമ്മുടെ ആവതനുസരിച്ചുള്ള ദാനധർമ്മങ്ങൾ ശീലമാക്കുക, മക്കളെ ദാനസംസ്‌കാരത്തിൽ വളർത്തുക.

