യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 17/10/2025
അനന്തമായി ആകാശത്തു നിന്ന് അനുഗ്രഹങ്ങൾ വർഷിച്ചു ഭൂമിയിൽ പുണ്യങ്ങൾ വിളയിക്കുന്നവനാണ് അല്ലാഹു.
അവൻ തന്നെ പറയുന്നുണ്ട്: ആ നാടുകളിൽ നിവസിച്ചിരുന്നവർ സത്യവിശ്വാസം കൈക്കാള്ളുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തിരുന്നുവെങ്കിൽ ആകാശത്തും ഭൂമിയിലും നിന്നു അവർക്കും നാം അനുഗ്രഹങ്ങൾ തുറന്നു കൊടുത്തിരുന്നേനെ (സൂറത്തുൽ അഅ്‌റാഫ് 96).
യുഎഇ സാഹചര്യത്തിൽ നാമിന്ന് മഴയെ തേടിക്കൊണ്ട് ഇസ്തിസ്ഖാ നമസ്‌കാരം നിർവ്വഹിച്ചിരിക്കുകയാണല്ലൊ. മഴയുടെ താക്കോൽ അല്ലാഹുവിന്റെ കൈയ്യിലാണ്, അവനറിയാതെ ഒരു മേഘവും മഴ വർഷിക്കുകയില്ല. അവനിൽ നിന്നുള്ള കാരുണ്യവർഷമായാണ് അവന്റെ ആജ്ഞപ്രകാരം ആകാശത്തുനിന്ന് ഭൂമിയിലേക്ക് മഴ പെയ്യുന്നതും അതുവഴി നീർജീവമായ ഭൂസ്ഥലി ഹരിതാഭ പരത്തി ചെടികളും മരങ്ങളും കായ്ഖനികളും വളരുന്നതും. 'അന്തരീക്ഷത്തിൽ നിന്ന് നാം അനുഗൃഹീത ജലം വർഷിക്കുകയും തദ്വാരാ വിവധയിനം തോട്ടങ്ങളും കൊയ്‌തെടുക്കപ്പെടുന്ന ധാന്യങ്ങളും അടുക്കടുക്കായി പഴനിബിഢമായ കുലകൾ തൂങ്ങുന്ന നീണ്ടുയർന്ന ഈന്തമരങ്ങളും മുളപ്പിക്കുയുമുണ്ടായി, നമ്മുടെ അടിമകൾക്ക് ഉപജീവനമായേ്രത ഇതെല്ലാം. നിശ്‌ചേതനമായ ഭൂമി അതുവഴി നാം സചേതനമാക്കി' (സൂറത്തു ഖാഫ് 9,10,11).
മഴവെള്ളമെന്നത് മാത്രമല്ല അനുഗ്രഹം, ആ വെള്ളം ഭൂമിയിലെത്തി ഇവിടം ജീവസ്സുറ്റതാക്കുന്നതൊക്കെയും അനുഗ്രഹങ്ങളാണ്. അക്കാര്യമാണ് നബി (സ്വ) അറിയിച്ചത്: വരൾച്ചയെന്നത് കേവലം വൃഷ്ടി (മഴപെയ്ത്ത്) ലഭിക്കാതിരിക്കലല്ല, മഴ നന്നായി ലഭിച്ചിട്ടും ഭൂമിയിൽ ഒന്നും മുളക്കാതിരിക്കലാണ് നിർജലമായ ക്ഷാമം (ഹദീസ് മുസ്ലിം 2904). ഈ ഹദീസിലൂടെ ബർക്കത്തിന്റെ (അനുഗ്രഹവർഷത്തിന്റെ) അർത്ഥതലം മനസ്സിലാക്കാനാവും. അതായത് ബർക്കത്തെന്നാൽ ഒന്ന് സുസ്ഥിരതയോടെ വളരലും അതിന്റെ ഉപകാരങ്ങൾ നിലനിൽക്കലുമാണ്. ഉപകാരം എത്ര കുറവാണെങ്കിലും നിസാരമാണെങ്കിലും യഥേഷ്ടം ലഭ്യമായിരിക്കും.
ഏതൊരു കാര്യത്തിലും ബർക്കത്തുണ്ടാവൽ അതിപ്രധാനമായതു കൊണ്ടുതന്നെയാണ് അല്ലാഹു നൂഹ് നബി (അ)യോട് കപ്പൽ നിർത്താൻ ബർക്കത്തുള്ള സ്ഥാനത്തിന് പ്രാർത്ഥിക്കാൻ കൽപ്പിച്ചത്: താങ്കൾ ഇങ്ങനെ പറയുക 'നാഥാ അനുഗൃഹീതമായ ഒരവരോഹണം എനിക്കു നീ സൗകര്യപ്പെടുത്തി തരണമേ' (സൂറത്തുൽ മുഅ്മിനൂൻ 29). ഇബ്രാഹിം നബി (അ)ക്കും സന്താനങ്ങൾക്കും അല്ലാഹു ബർകത്ത് ചെയ്തത് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നുണ്ട് (സൂറത്തുസ്സ്വാഫാത്ത് 113). ഈസാ നബി (അ) യെ സർവ്വസ്ഥലികളിലും ജനോപകാരപ്രദമായി ബർകത്തുള്ളവരാക്കിയെന്ന് സൂറത്തു മർയം 320ാം സൂക്തത്തിൽ കാണാം.
നാം ജീവിതത്തിൽ ബർകത്തിന്റെ വഴികൾ തേടണം. അതിന് ആദ്യമായി മനസ്സ് സംശുദ്ധമായിരിക്കണം. സൽകർമ്മങ്ങൾ ചെയ്യണം. പരസ്പരം കരുണയും സ്‌നേഹവുമുണ്ടാവണം. ദിവസം നമസ്‌കാരത്തിലൂടെ തുടങ്ങണം. ഖുർആൻ പാരായണം ചെയ്യണം. അല്ലാഹു അവതരിച്ച ബർകത്തായ വേദഗ്രന്ഥമാണല്ലൊ ഖുർആൻ. ദാനധർമ്മങ്ങൾ ചെയ്യണം. സകാത്ത് മുറപോലെ കൊടുത്തു വീട്ടണം. അതിലെ വീഴച ജീവിതത്തിലെ ബർകത്തിനെ മോശമായി ബാധിക്കും. സകാത്ത് നൽകാതെ സമ്പത്ത് പിടിച്ചുവെച്ചവർക്ക് അല്ലാഹു ആകാശത്തു നിന്നുള്ള തുള്ളികൾ തടയുമെന്ന് ഹദീസുണ്ട് (അൽ മുസ്തദ്‌റക് 2577, സുനനുൽ കുബ്‌റാ ബൈഹഖി 6398).
ബർകത്തുണ്ടാവാൻ സമയങ്ങൾക്ക് വിലമതിക്കണം. ഓരോ കാര്യങ്ങളും നേരത്തെ കാലത്തെ ചെയ്യണം. എന്റെ സമുദായത്തിന് അവർ രാവിലെ നേരത്തെ ചെയ്യുന്ന കാര്യങ്ങൾക്ക് ബർകത് ചെയ്യണേ നാഥാ എന്ന് നബി (സ്വ) ദുആ ചെയ്തിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 2606).
ഇടപാടുകളിലെ സത്യസന്ധതയും നിഷ്‌കളങ്കതയും ബർകത്തുണ്ടാവാനുള്ള വഴികളാണ്.
കുടുംബ ബന്ധം ചേർക്കലും പരസ്പരം സലാം പറയലും വീടകങ്ങളിൽ ബർകത്തുകൾ കൊണ്ടുവരും. നബി (സ്വ) പറയുന്നു: നീ വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയുക, എന്നാൽ നിനക്കും കുടുംബക്കാർക്കും ബർകത്തുണ്ടാവും (തുർമുദി 2698).
ബർകത്തുണ്ടാവാനുള്ള പ്രധാന മാർഗമാണ് പ്രാർത്ഥന. അല്ലാഹുവിനോട് ഓരോ കാര്യത്തിലും ബർത്ത് നൽകാൻ ദുആ ഇരക്കണം. നാഥാ ഞങ്ങൾക്ക് നൽകിയതിൽ ബർകത്ത് ചെയ്യണേ എന്ന് നബി (സ്വ) അധികമായും പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് ഇബ്‌നു ഹിബ്ബാൻ 722).

