അല്ലാഹുവിൽ തൃപ്തിയടയണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 10/10/2025


അല്ലാഹുവിൽ തൃപ്തിയടയൽ സത്യവിശ്വാസത്തിന്റെ അചഞ്ചലത വിളിച്ചോതുന്ന ഹൃദയംഗമായ ആരാധനയാണ്. നബി (സ്വ) പറയുന്നുണ്ട്: അല്ലാഹുവിനെ നാഥനായും ഇസ്ലാമിനെ മതമായും മുഹമ്മദ് നബിയെ തിരുദൂതരായും തൃപ്തിപ്പെട്ടയാൾ സത്യവിശ്വാസത്തിന്റെ മാധുര്യം രുചിച്ചിരിക്കുന്നു (ഹദീസ് മുസ്ലിം 56). 


തൃപ്തിപ്പെടൽ അതായത് റിളാ എന്നാൽ അല്ലാഹുവിന്റെ യുക്തിയും അറിവും അംഗീകരിച്ചുകൊണ്ട്, അവന്റെ കാരുണ്യത്തിലും കൃപയിലും വിശ്വസിച്ചുകൊണ്ട് സന്തോഷകാലത്തും പരീക്ഷണത്തിന്റെ സന്താപകാലത്തും അവന്റെ വിധിയെ ശാന്തിശമനത്തോടെ ഉൾക്കൊള്ളലാണ്. 

എല്ലാം നിയന്ത്രിക്കുന്നവനും സകലതും അറിയുന്നവനും അല്ലാഹുവാണെന്ന ഉത്തമബോധ്യം ദൃഢീകരിക്കുന്നവൻ അല്ലാവിനെ മാത്രമെ ദൈവികതയിൽ പ്രതിഷ്ഠിക്കുകയുള്ളൂ. അവന്റെ വിധിയൽ പഴി പറയുകയോ എതിര് പ്രകടിപ്പിക്കുകയോ ഇല്ല. അതാണ് സത്യവിശ്വാസത്തിന്റെ പാരമ്യത. പ്രവാചകന്മാരെല്ലാം ആ സ്വഭാവഗുണം സിദ്ധിച്ചവരായിരുന്നു. ആ മഹിമ സ്വന്തത്തിനും സ്വസന്താനങ്ങൾക്കും നിലനിർത്താൻ അവർ അല്ലാഹുവോട് പ്രാർത്ഥിക്കുമായിരുന്നു. സകരിയ നബി (അ) സ്വന്തം മകന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ട്: രക്ഷിതാവേ, അവനെ സർവർക്കും സംതൃപ്തനാക്കണേ (സൂറത്തു മർയം 06). 


അല്ലാഹുവിന്റെ തൃപ്തി എങ്ങനെ നേടാനാവും?  നാം നമ്മുക്ക് തെരഞ്ഞെടുക്കുന്നതിനേക്കാൾ അല്ലാഹു നമ്മുക്കായി തെരഞ്ഞെടുത്ത് വിധിക്കുന്നതാണ് ഉത്തമമെന്ന് വിശ്വസിക്കുകയും, ആപത്തു നേരത്തും ക്ഷേമ നേരത്തും ഇല്ലായ്മയിലും ഐശ്വര്യത്തിലും എല്ലാം അല്ലാഹുവിൽ ഏൽപ്പിക്കുകയും ചെയ്യുന്നവനിൽ അല്ലാഹു തൃപ്തനായിരിക്കും. അല്ലാഹു തന്നെ പറയുന്നുണ്ട്: ഒരു കാര്യം ഉദാത്തമായിരിക്കെ നിങ്ങൾക്ക് അനിഷ്ടപ്പെട്ടെന്നു വരാം (സൂറത്തുൽ ബഖറ 216). നമ്മുടെ നാഥൻ നമ്മുക്ക് നല്ലത് മാത്രമേ വിധിക്കുകയുള്ളൂ, നല്ലതായി വിധിച്ചതിലെല്ലാം അവന്റെ തൃപ്തിയും സുനിശ്ചിതമായിരിക്കും. മഹാനായ ഉമർ (റ) പറയുന്നുണ്ട്: എല്ലാം നന്മകളും വിധിയിൽ തൃപ്തിപ്പെടുന്നതലധിഷ്ഠിതമാണ്. 

അല്ലാഹു നമ്മുക്ക് വിധിച്ചത് സംഭവിക്കാനുള്ളത് തന്നെയാണ്, സംഭവിക്കാത്തത് വിധിക്കാത്തതുമാണ്. 

അല്ലാഹുവിന്റെ വിധിയിൽ തൃപ്തിയടയുന്നവൻ തൃപ്തപ്പെടുന്നതിന്റെയും ക്ഷമിക്കുന്നതിന്റെയും ഉന്നതികൾ കൈവരിക്കുന്നവനാണ്. അലി ബ്‌നു അബൂത്വാലിബ് (റ) പറയുന്നു: അല്ലാഹു വിധിച്ചതിൽ ക്ഷമിച്ചാൽ നിനക്ക് പ്രതിഫലമുണ്ട്, ആ വിധി ഏതായാലും സംഭവിച്ചിരിക്കും. അതുപോലെ തന്നെ അല്ലാഹു വിധിച്ചതിൽ ആവലാതിപ്പെടുന്നവന് കുറ്റമുണ്ടായിരിക്കും, ആ വിധി ഏതായാലും സംഭവിച്ചിരിക്കും. 

നാം അല്ലാഹു വിധിച്ചതിൽ ക്ഷമിച്ച് പ്രതി ഫല ലബ്ധിക്കുള്ള സൗഭാഗ്യരാവുക. വിധിയെ പഴിച്ച് കുറ്റക്കാരാവരുത്. തൊഴിൽ കാര്യത്തിലോ സമ്പത്തിന്റെ കാര്യത്തിലോ നഷ്ടപ്പെട്ടതിൽ ഖിന്നരാവരുത്. എല്ലാം അല്ലാഹു അവന്റെ അപാരമായ യുക്തിയാലും ജ്ഞാനത്താലും വിഹിതിച്ചു വെച്ചിട്ടുണ്ട്. അല്ലാഹു തന്നെ പറയുന്നു: ഐഹിക ലോകത്ത് അവർക്കിടയിലെ ജീവിത മാർഗങ്ങൾ ഓഹരി ചെയ്തത് നാമാണ് (സൂറത്തുസ്സുഖ്‌റുഫ് 32). 


മനസ്സിനെ വിഷാദ രോഗത്തിൽ നിന്നും ഭാവിയെക്കുറിച്ചു ഭയപ്പാടുകളിൽ നിന്നും മുക്തമാക്കണം. അതെല്ലാം നെഗറ്റീവ് ഊർജങ്ങളും അപശകുനങ്ങളും പ്രസരിപ്പിക്കുന്നവയാണ്. കുടുംബിക പദ്ധതികളെ വരെ അത് താളംതെറ്റിക്കും. കടുത്ത കോപവും രൂക്ഷവിമർശനവും പാടില്ല. അധ്വാനങ്ങൾക്ക് വിലനൽകണം. നാഥനോടുള്ള ഭാവനകൾ മോശമാകാതെ സൂക്ഷിക്കണം. മറ്റുള്ളവരുടെ കൈകളിലേക്ക് നോക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നവൻ സ്വന്തം കൈയ്യിലുള്ളതിൽ തൃപ്തിപ്പെടില്ല. മാത്രമല്ല അസൂയയുടെയും മോശമായ താരതമ്യം ചെയ്യുന്നതിന്റെയും ദൂഷ്യങ്ങളിൽ പെടുകയും ചെയ്യും. നബി (സ്വ) പറയുന്നു: നിങ്ങൾ നിങ്ങളേക്കാൾ താഴെയുള്ളവരിലേക്ക് നോക്കുക, മുകളിലുള്ളവരിലേക്ക് നോക്കരുത്. അതാണ് നിങ്ങൾക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ അവമതിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം (ഹദീസ് ബുഖാരി, മുസ്ലിം). 

സത്യവിശ്വാസി തൃപ്തമായ ജീവിതം നയിക്കണം. തൃപ്തികരമായ സ്വഭാവവിശേഷങ്ങൾ സിദ്ധിക്കണം. എല്ലാ കാര്യത്തിലും അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കണം. നാട്, കുടുംബം, സമ്പത്ത്, ആരോഗ്യം, മതം എന്നിങ്ങനെ എല്ലാ അനുഗ്രഹങ്ങൾക്കും അവനോട് നന്ദി കാണിക്കണം.

അല്ലാഹുവിന്റെ തൃപ്തി ഉണ്ടാവണമെങ്കിൽ അല്ലാഹുവിൽ തൃപ്തിയടയണം. അല്ലാഹുവിൽ തൃപ്തിപ്പെടുന്നവന് അവനോട് അടുക്കാനും അവന്റെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും സൗഭാഗ്യമുണ്ടാവും. അല്ലാഹു വിഹിച്ചു നൽകിയതിൽ തൃപ്തിപ്പെടുന്നവന് അല്ലാഹു ഐശ്വര്യങ്ങൾ ചൊരിയുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് അഹ്‌മദ് 20279). തൃപ്തിപ്പെടുന്നത് സ്വർഗത്തിലേക്കുള്ള മാർഗമാണ് തെളിയിക്കുന്നത്. അല്ലാഹുവിനെ നാഥനായും ഇസ്ലാമിനെ മതമായും മുഹമ്മദ് നബിയെ പ്രവാചകരായും തൃപ്തിപ്പെടുന്നവന് സ്വർഗം നിർബന്ധമത്രെ (ഹദീസ് മുസ്ലിം 1884). അങ്ങനെ തൃപ്തിപ്പെട്ടുവെന്ന് പറഞ്ഞവനെ കൈപിടിച്ചുകൊണ്ട് സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന് നബി (സ്വ) ഉറപ്പുനൽകിയതുമാണ് (ഹദീസ് ത്വബ്‌റാനി, മുഅ്ജമുൽ കബീർ 838). 


പ്രാർത്ഥന തൃപ്തി ഉണ്ടാവാനുള്ള നല്ലൊരു മാർഗമാണ്. വിധിയിലുള്ള തൃപ്തി ചോദിച്ചുകൊണ്ട് നബി (സ്വ) പ്രാർത്ഥിക്കുമായിരുന്നു (അൽ മുസ്തദ്‌റക് 1917). 

back to top