യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 03/10/2025
സത്യവിശ്വാസികളുടെ ഹൃദയങ്ങൾക്ക് നിത്യേന ആവേശവും ആശ്വാസവും നൽകുന്ന നിർബന്ധമായ ആരാധനാകർമ്മമാണ് നമസ്‌കാരം. പരിശുദ്ധ ഖുർആനിൽ എഴുപതോളം സ്ഥലങ്ങളിൽ നമസ്‌കാര പരാമർശമുണ്ട്. നമസ്‌കാരം നിർബന്ധമാണെന്ന അല്ലാഹുവിന്റെ കൽപന സുവ്യക്തമായി തന്നെ ഖുർആനിലുണ്ട്: നിങ്ങൾ നമസ്‌കാരം യഥാവിധി നിലനിർത്തുക (സൂറത്തുൽ ബഖറ 43). ഓരോ പ്രവാചകന്മാരുടെയും സമുദായങ്ങൾക്ക് അവരുടേതായ നമസ്‌കാരങ്ങൾ ഓരോ കാലത്തും നിർബന്ധമായിരുന്നു. അവർ അവ മുറപോലെ അനുഷ്ഠിക്കാൻ ആവേശം കാട്ടുകയും സന്താനങ്ങൾക്ക് നമസ്‌കാര നിർവ്വഹണത്തിനുള്ള സൗഭാഗ്യമുണ്ടാവാൻ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ഇബ്രാഹിം നബി (അ) ദുആ ചെയ്തത് ഖുർആൻ വിവരിക്കുന്നുണ്ട്: നാഥാ എന്നെയും എന്റെ മക്കളിൽ പെട്ടവരെയും കൃത്യമായി നമസ്‌കാരം നിലനിർത്തുന്നവരാക്കണമേ (സൂറത്തു ഇബ്രാഹിം 40). ഇസ്മാഈൽ നബി (അ) സ്വസമുദായത്തെ നമസ്‌ക്കരിക്കാൻ അനുശാസിക്കുമായിരുന്നെന്ന് സൂറത്തു മർയം 55ാം സൂക്തത്തിൽ കാണാം. തത്ത്വജ്ഞാനിയായിരുന്ന ലുഖ്മാൻ (അ) സ്വന്തം മകനോട് നടത്തുന്ന സാരോപദേശങ്ങളിൽ 'കുഞ്ഞുമോനെ നമസ്‌കാരം നിലനിർത്തണേ' എന്നും പറയുന്നുണ്ട് (സൂറത്തു ലുഖ്മാൻ 17).
അന്ത്യപ്രവാചകർ നമ്മുടെ മുഹമ്മദ് നബി (സ്വ)ക്ക് ഏഴാകാശങ്ങൾക്ക് മുകളിൽവെച്ച് അല്ലാഹു സമ്മാനമായി നൽകിയതാണ് നമ്മുക്കുള്ള അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ. അല്ലാഹു പറയുന്നുണ്ട്: സ്വന്തം കുടുംബത്തോട് താങ്കൾ നമസ്‌ക്കരിക്കാൻ ശാസിക്കുകയും യഥായോഗ്യമതു നിർവ്വഹിക്കുന്നതിൽ ക്ഷമാപൂർവ്വം നിലയുറപ്പിക്കുകയും ചെയ്യുക (സൂറത്തു ത്വാഹാ 132). നമസ്‌കാര നിർവ്വഹണത്തിനുള്ള ദൈവിക കൽപന നബി (സ്വ) ജീവിതത്തിലുടനീളം കിറുകൃത്യമായി പാലിച്ചിരുന്നു. മാത്രമല്ല, സമുദായാംഗങ്ങളുടെ നമസ്‌കാര കാര്യത്തിൽ ആകുലപ്പെടുകയും നമസ്‌കാരം സൂക്ഷിക്കണേ, നമസ്‌കാരം സൂക്ഷിക്കണേ എന്ന് അവസാന ഒസ്യത്തായി ആവർത്താവർത്തിച്ച് പറയുകയും ചെയ്തിരുന്നു (അദബുൽ മുഫ്‌റദ് 158).
പ്രവാചകന്മാരും തത്ത്വജ്ഞാനികളും കാണിച്ച ഈ നമസ്‌കാര കണിശതയും ആവേശവും മക്കളോടുള്ള ഉപദേശവുമെല്ലാം നാമും നിലനിർത്തേണ്ടിയിരിക്കുന്നു. അതാണ് വിജയത്തിനും ശാന്തിക്കുമുള്ള മാർഗം.
മക്കൾ നാഥന്റെ മുമ്പിൽ ഭയഭക്തിയോടെ ഖുർആൻ പാരായണം ചെയ്ത് സുജൂദും റുകൂഉം ചെയ്തുകൊണ്ട് നമസ്‌ക്കരിക്കുന്നത് കാണുന്നത് ഏതു മാതാപിതാക്കൾക്കും കൺകുളിർമയേകുമല്ലൊ. അവർ നമസ്‌കാരം ഉപേക്ഷിക്കുന്നത് അവരെ അലോസരപ്പെടുത്തുമല്ലൊ.
മക്കളിൽ നമസ്‌കാരത്തോടുള്ള ഇഷ്ടം ഉണ്ടാക്കണം. അവർക്ക് നമസ്‌കാരത്തിൽ ആത്മീയ രസം രൂപപ്പെടുത്തണം. നമസ്‌ക്കരിക്കുമ്പോൾ കൺകുളിർമയുണ്ടാവുന്നുയെന്നാണ് നബി (സ്വ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് (ഹദീസ് അഹ്‌മദ് 14037).
നമസ്‌കാരമെന്നത് കേവലം ശരീരാവയവങ്ങൾക്കൊണ്ടുള്ള പ്രകടനമോ, കൈകാലുകൾക്കിടയിലുള്ള അഭ്യാസമോ അല്ല. മറിച്ച് സ്രഷ്ടാവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന അഭിമുഖവും മനസ്സുകൾക്ക് ആത്മീയാനന്ദം നൽകുന്ന ആരാധനയുമാണ്. ബാങ്കു വിളിച്ചിരുന്ന ബിലാലി (റ) നോട് നമസ്‌കാരത്തിനായി വിളിച്ച് ആത്മീയാനന്ദം പകരാൻ നബി (സ്വ) പറയുമായിരുന്നു (ഹദീസ് അബൂദാവൂദ് 4985).
ആത്മീയാനന്ദം മാത്രമല്ല നമസ്‌കാരം പ്രദാനം ചെയ്യുന്നത്. വൃത്തി, അച്ചടക്കം, മസ്ജിദുകളോടുള്ള ബന്ധം, ചിട്ട, ആത്മീയ ചിന്ത, ഉന്മേഷം, ഉത്തരവാദിത്വബോധം, സ്ഥിരോത്സാഹം, കാര്യഗൗരവം എന്നീ മൂല്യങ്ങൾ ഉണ്ടാക്കുന്നു. വീഴ്ച, അശ്രദ്ധ, ഉപേക്ഷ പോലെത്ത മോശത്തരങ്ങളെ ദൂരീകരിക്കുകയും ചെയ്യുന്നു.
നമസ്‌കാരം സമയബന്ധിതമായ നിർബന്ധ ആരാധനയാണ്. നിശ്ചയമായും സത്യവിശ്വാസികൾക്ക് സമയനിർണിതമായ നിർബന്ധബാധ്യതയേ്രത നമസ്‌കാരം (സൂറത്തുന്നിസാഅ് 103).
മക്കൾക്ക് നമസ്‌കാരവുമായി ഹൃദയബന്ധം ഉണ്ടാക്കിയെടുക്കുമ്പോൾ അവരുടെ ജീവിതാന്തരീക്ഷത്തിൽ ഉന്മേഷവും ഊർജ്ജസ്വലതയും ഉണ്ടാവുന്നു. കൃത്യനിഷ്ഠതയുണ്ടാവുന്നു. അവരിൽ സംശുദ്ധ സ്വഭാവങ്ങളുണ്ടാവുന്നു. അവ സമൂഹത്തിൽ പ്രതിഫലിച്ചു കാണുകയും ചെയ്യാം. മാത്രമല്ല നമസ്‌കാരം മനസ്സുകളെ നന്മയുടെ കാര്യത്തിൽ ഐക്യപ്പെടുത്തുകയും സഹകരണ സഹാനുഭൂതി ഭാവങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ നമസ്‌കാരം ഏവരുടെയും ജീവിതവിജയത്തിന്റെ താക്കോലായി മാറുന്നു. വിജയത്തിലേക്കുള്ള വിളിയാളമാണല്ലൊ നമസ്‌കാരം. ആ നിർവ്വഹണത്തിനുള്ള ദൈവകൽപന ജീവിതത്തിലുടനീളം അനുവർത്തിച്ചു സൂക്ഷിക്കേണ്ടിയിരിക്കുന്നു.
നമസ്‌കാരം സ്വഭാവസംസ്‌കരണത്തിന്റെ ഉത്തമ മൂല്യങ്ങൾ വളർത്തി വിജയവഴിത്തെളിയിക്കുന്നു. നമസ്‌കാരത്തിൽ ഭയഭക്തി കാണിക്കുന്നവർ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നുവെന്ന് അല്ലാഹു പറയുന്നുണ്ട് (സൂറത്തുൽ മുഅ്മിനൂൻ 1, 2).
യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥികളുടെ നമസ്‌കാര നിർവ്വഹണ കാര്യങ്ങൾക്കായി പ്രത്യേകം താൽപര്യമെടുത്ത് പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. നമസ്‌കാരത്തിന് മക്കളെ പ്രോത്സാഹിപ്പിക്കുക. വുദൂ പഠിപ്പിക്കുക, പരിശീലിപ്പിക്കുക. ഭയഭക്തിയുള്ളവരാക്കുക. സമയനിഷ്ഠ ശീലിപ്പിക്കുക. അത് അവരെ ഇരുലോകത്തും വിജയികളാക്കും.
ഉമർ ബ്‌നുൽ ഖത്വാബ് (റ) പറയുന്നു: എനിക്ക് ഏറ്റവും ഗൗരവതരമായ കാര്യമാണ് നമസ്‌കാരം. നമസ്‌കാരം നിലനിർത്തുന്നവർ ദീനാണ് നിലനിർത്തുന്നത്. നമസ്‌കാരം നഷ്ടപ്പെടുത്തുന്നവൻ എല്ലാം നഷ്ടപ്പെടുത്തിയവനാണ്.
മക്കളെ നമസ്‌കാരത്തിന്റെ ഉദേശ്യം, മഹിമ, ഉപകാരങ്ങൾ, വിധികൾ എന്നിവയെല്ലാം പഠിപ്പിക്കണം. എല്ലാവർക്കും വേണ്ടി നന്നായി പ്രാർത്ഥിക്കാനും പ്രാപ്തരാക്കണം.

