ജീവിത പാഠങ്ങൾ: ജീവിതത്തെ പഠിപ്പിക്കേണ്ട പാഠങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 26/09/2025

ജീവിതം അല്ലാഹു കനിഞ്ഞേകിയ വലിയൊരു അനുഗ്രഹമാണ്. ജീവന്റെ ദാതാവായ അല്ലാഹുവിന് എത്ര നന്ദി പ്രകാശിപ്പിച്ചാലും മതിവരില്ല.

ജീവിതം നമ്മുക്ക് അനവധി പാഠങ്ങൾ നൽകുന്നുണ്ട്. ചിന്തിക്കുന്നവർക്ക് അവ പഠിക്കാനും ഉൾക്കൊള്ളാനുമാവും. വിശുദ്ധ ഖുർആൻ നിരവധി ആൾക്കാരുടെ ജീവിതാനുഭവപാഠങ്ങൾ വിവരിച്ചതായി കാണാം, ഗുണപാഠങ്ങൾ ഗ്രഹിക്കാനും കൂടിയാണവ. ജീവിതത്തിൽ നിന്ന് നമ്മുക്ക് വിശ്വാസപരമായ അധ്യയനങ്ങളും അനുകരണീയ സ്വഭാവഗുണങ്ങളും ജീവിത മൂല്യങ്ങളും നൈപുണ്യങ്ങളും പഠിക്കാനാവും. അങ്ങനെ ചെയ്തവന്റെ ജീവിതം ധന്യവുമാണ്. 


ജീവിതത്തിൽ പ്രഥമ പ്രധാനമായി പഠിക്കേണ്ടത് അല്ലാഹുവിലുള്ള സത്യവിശ്വാസം, അതൊരു സംരക്ഷണ കവചമാണ്. സത്യവിശ്വാസം കൈവരിച്ചവന്റെ ജീവിതം സ്വസ്ഥപൂർണവും ഉപജീവനം സാർത്ഥകവുമായിരിക്കും. അല്ലാഹു പറയുന്നു: പുരുഷനോ സ്ത്രീയോ ആകട്ടെ, സത്യവിശ്വാസിയായി സൽക്കർമ്മം അനുഷ്ഠിക്കുന്ന ആർക്കും ഉത്തമമായൊരു ജീവിതം നാം അനുഭവിപ്പിക്കുക തന്നെ ചെയ്യും (സൂറത്തുന്നഹ്ൽ 97). ജീവിത പ്രാരാബ്ദങ്ങളുടെ പ്രക്ഷുബ്ദതകളിൽപ്പെട്ടവന് സത്യവിശ്വാസം ഒരു രക്ഷാമാർഗമാണ്. അല്ലാഹുവിങ്കൽ ഭരമേൽപ്പിക്കുന്ന അവന്റെ യാതനകളും വേദനകളും നീക്കിക്കൊടുക്കപ്പെടും. സത്യവിശ്വാസികളെ നാം അങ്ങനെ സുരക്ഷിതരാക്കും (സൂറത്തുൽ അമ്പിയാഅ് 88). 

ദൈവസ്മരണ ജീവിതത്തിൽ അതിപ്രധാനമാണ്. ദിക്‌റ് മനസ്സിന് ശാന്തിയും സമാധാനവും നൽകുമെന്നത് ജീവിത പാഠമാണ്. അറിയുക, ദൈവസ്മരണകൊണ്ടു മാത്രമേ ഹൃദയങ്ങൾക്കു പ്രശാന്തി കൈവരൂ (സൂറത്തു റഅ്ദ്  28). ദൈവസ്മരണ ഇല്ലാത്തവന്റെ ജീവതം ദുരിതമാർന്നതായിരിക്കും. 

അല്ലാഹു പറയുന്നുണ്ട്: എന്റെ സന്ദേശത്തെ അവഗണിച്ചുകളയുന്ന ഒരാൾക്കു നിശ്ചയം, സങ്കുചിത ജീവിതമാണുണ്ടാവുക (സൂറത്തു ത്വാഹാ 124). നാം ജീവിതം ദിക്‌റുകളാൽ സമ്പുഷ്ടമാക്കേണ്ടിയിരിക്കുന്നു. 

ഏതു പ്രതിസന്ധി ഘട്ടങ്ങളിലും പ്രാർത്ഥന പ്രതീക്ഷയുടെ വാതായനമെന്നത് ജീവിതാനുഭവത്തിൽ നിന്ന് നമ്മുക്ക് പഠിക്കാനാവും. പ്രാർത്ഥന ശാന്തിയാണ്, ശമനമാണ്, പരിഹാരമാണ്, സംതൃപ്തിയാണ്. ഇരു കൈകളുമുയർത്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചവനെ വെറുംകൈയ്യോടെ മടക്കാൻ അല്ലാഹുവിന് ലജ്ജയാവുമെന്ന് നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് അബൂദാവൂദ് 1488).

ഉപജീവനോപാധികൾ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണെന്ന ജീവിതസത്യം ഉൾക്കൊള്ളുന്നവരാണ് സത്യവിശ്വാസികൾ. അല്ലാഹു യുക്തമായി ഉപജീവനങ്ങൾ വിഹിതിക്കുകയും കരുണാമയമായി കാര്യകാരണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അല്ലാഹു തന്നെയാണ് ഭക്ഷണം നൽകുന്നവനും ശക്തിയുള്ളവനും ദാർഢ്യനും (സൂറത്തുദ്ദാരിയാത്ത് 58). അല്ലാഹു നൽകുന്നതിൽ നാം തൃപ്തിപ്പെടണം. അതിൽ നന്ദിയുള്ളവരാകണം. ലഭിക്കാത്തതിൽ ആശ കൈവിടരുത്. ലഭിച്ചതിൽ അമിതമായി സന്തോഷിക്കുകയുമരുത്. ഓരോർത്തർക്കും രേഖപ്പെടുത്തപ്പെട്ടത് തടയപ്പെടുകയില്ല. വിധിക്കാത്തത് നൽകപ്പെടുകയുമില്ല. 

സത്യസന്ധതയാണ് വിജയമെന്നത് ജീവിതത്തിലെ വലിയൊരു പാഠമാണ്. സത്യം നന്മയിലേക്ക് നയിക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്ലിം 2607). ജീവിതത്തിൽ സത്യസന്ധത പുലർത്തിയവർക്ക് അല്ലാഹു വിജയത്തിന്റെയും സുരക്ഷയുടെയും വഴികൾ കാണിച്ചുകൊടുത്തിരിക്കും. അതിനാൽ വാക്കിലും പ്രവർത്തിയിലും എന്നല്ല ഏതുവിധ ഇടപാടിലും ഇടപെടലിലും സത്യം നിലനിർത്തുക. 


നീതി നിർവ്വഹണവും അവകാശ പാലനവും ജീവിതത്തിൽ അനുവർത്തിക്കേണ്ട അനിവാര്യ ബാധ്യതകളാണ്. അക്രമം അന്ധകാരങ്ങളാണ്. അത് വിജയസാധ്യതകളെ ഇല്ലാത്താക്കും. അതിക്രമകാരികളായ സമൂഹത്തെ നേർവഴിയിലാക്കില്ലത്രെ (സൂറത്തു ആലുഇംറാൻ 86). അനീതിയുടെയും അവകാശലംഘനത്തിന്റെയും അന്തിമം വളരെ പരിതാപകരമായിരിക്കും. അതിക്രമകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (സൂറത്തു ആലുഇംറാൻ 57). 

ജീവിതത്തിൽ അനിവാര്യമായും അനുവർത്തിക്കേണ്ട മറ്റൊരു കാര്യമാണ് നല്ല സംസാരം. നല്ല വാക്കിന് നല്ല പ്രതിഫലനങ്ങളും നല്ല പ്രതിഫലങ്ങളുമുണ്ടാവും. നല്ല വാക്ക് ധർമ്മമെന്ന് നബി (സ്വ) അധ്യാപനം ചെയ്യുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). നല്ല വർത്തമാനങ്ങൾ ഹൃദയങ്ങളെ സന്തോഷം വരുത്തുകയും വിദ്വേഷത്തെ അണക്കുകയും ചെയ്യും. മാത്രമല്ല സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും വഴികൾ തുറക്കുകയും ചെയ്യും.


ആത്മകഥകൾ വായിക്കുന്നവർക്ക് സ്വജീവിതത്തിലേക്ക് പുതിയ അനുഭവപാഠങ്ങൾ പകർത്താനാവും. അനുഭവപാഠവിവരണം പരിശുദ്ധ ഖുർആനിന്റെ ശൈലിയാണ്. അല്ലാഹു പറയുന്നു:  നിശ്ചയം അവരുടെ കഥാകഥനങ്ങളിൽ ബുദ്ധിമാന്മാർക്ക് വലിയ ഗുണപാഠമുണ്ട് (സൂറത്തു യൂസുഫ് 111). 

നാം മുതിർന്നവരുടെ അനുഭവസാക്ഷ്യങ്ങൾ കേൾക്കണം. ജീവിതത്തിൽ നിന്ന് പലതും അനുഭവിച്ചവരും പഠിച്ചവരുമായിരിക്കും അവർ. അനുഭവമാണല്ലൊ ഏറ്റവും നല്ല അധ്യാപകൻ. 


യുഎഇ ഭരണാധികാരികൾ നല്ല പാഠങ്ങളാണ് ഇവിടം അധിവസിക്കുന്നവർക്ക് നൽകുന്നത്. യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബ്‌നു റാഷിദ് എഴുതിയ 'അല്ലമത്‌നിൽ ഹയാതു' (ജീവിതം എന്നെ പഠിപ്പിച്ചത്) എന്ന ഗ്രന്ഥം ആത്മകഥാപരമാണ്. വിത്യസ്ത രംഗങ്ങളിലെ മൂല്യവത്തായ അനുഭവങ്ങൾ വിഭവങ്ങളാക്കി എഴുതിതാണത്. ആ പുസ്തകത്തിൽ പ്രധാനമായും ദേശസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വബോധവും വിഷയീഭവിക്കുന്നു.

നാം സ്വന്തം നല്ല അനുഭവങ്ങൾ പഠിക്കണം. മറ്റുള്ളവർക്കായി നല്ല അനുഭവങ്ങൾ പകരണം. മതമെന്ന് മറ്റുള്ളവരോടുള്ള ഗുണകാംക്ഷയാണ്. പ്രത്യേകിച്ച് നമ്മുടെ മക്കളെ നന്മകളുടെ അനുഭവങ്ങൾ പേറുന്നവരാക്കണം.


back to top