പ്രപഞ്ചനാഥൻ അല്ലാഹു

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്


തീയ്യതി 19/09/2025

അദൃശ്യമായതിൽ വിശ്വസിക്കുന്നുവെന്നതാണ് സത്യവിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യേകത. അദൃശ്യമാണെങ്കിലും പ്രപഞ്ചനാഥനായ അല്ലാഹു ഉണ്ട് എന്ന ഉണ്മയുടെ കാര്യത്തിൽ ബലപ്പെട്ടതും ബോധ്യപ്പെട്ടതുമായ തെളിവുകളും അടയാളങ്ങളും പ്രമാണങ്ങളും സത്യമായി വിശ്വസിക്കുന്നവനാണ് സത്യവിശ്വാസി. സത്യവിശ്വാസി തന്നെയാണ് യഥാർത്ഥ വിജയി. ഈ ഗൗരവ വിഷയം വിശുദ്ധ ഖുർആൻ ശക്തിയുക്തം അടയാളപ്പെടുത്തുന്നുണ്ട് : അലിഫ് ലാം മീം ഇതാണ് ഗ്രന്ഥം. ഇതിൽ സംശയം ഒട്ടുമേയില്ല. ജീവിതത്തിൽ സുക്ഷ്മത പുലർത്തുന്നവർക്ക് സന്മാർഗദർശകമത്രേ ഇത്. അവർ അഗോചരമായവയിൽ വിശ്വസിക്കുകയും നമസ്‌കാരം മുറപോലെ അനുഷ്ഠിക്കുകയും നാമവർക്ക് നൽകിയതിൽ നിന്ന് ചിലവഴിക്കുകയും താങ്കൾക്കും മുൻഗാമികൾക്കും അവതീർണമായതിൽ വിശ്വസിക്കുകയും പരലോക ജീവിതത്തെ ദൃഢീകരിക്കുകയും ചെയ്യുന്നവരാണ്. അവർ തങ്ങളുടെ നാഥന്റെ പക്കൽ നിന്നുള്ള സന്മാർഗത്തിലാകുന്നു. അവർ തന്നെയത്രെ വിജയികൾ (സൂറത്തുൽ ബഖറ 1,2,3,4,5). 


കണ്ണുകൾ കൊണ്ട് കാണാനോ മറ്റു ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാനോ ഭാവനകൾ കൊണ്ട് രൂപപ്പെടുത്താനോ ആവാത്ത അല്ലാഹുവെന്ന അജയ്യ ശക്തി ഉണ്ട് എന്നതിന് ഈ പ്രപഞ്ചവും അതിലെ സൃഷ്ടിപ്പുകളും തന്നെ സാക്ഷ്യം. ഇബ്രാഹിം നബി (അ) ഉദിക്കുകയും പിന്നീട് അസ്തമിക്കുകയും ചെയ്യുന്ന സൂര്യ ചന്ദ്രനക്ഷത്രാദികളെ  കാണിച്ചുകൊടുത്തുകൊണ്ട് ജനതയോട് നിയന്താവായ ഒരു സ്രഷ്ടാവുണ്ടെന്ന തീർപ്പ് സമർത്ഥിക്കുന്നത് ഖുർആൻ പ്രതിപാദിക്കുന്നുണ്ട്: അങ്ങനെ ഭുവനവാനങ്ങളുടെ അധൃഷ്യാധിപത്യം ഇബ്രാഹിം നബിക്കു നാം കാണിച്ചു കൊടുത്തു, താൻ ദൃഢവിശ്വാസമുള്ളവരുടെ ഗണത്തിൽപ്പെടാൻ വേണ്ടി (സൂറത്തുൽ അൻആം 75). 


സൃഷ്ടിക്ക് സ്രഷ്ടാവ് അല്ലെങ്കിൽ നിർമിതിക്ക് നിർമാതാവ് ഉണ്ടാവേണ്ടത് അനിവാര്യമാണെന്നത് ഏതു ബുദ്ധിയും സമ്മതിക്കുന്നതാണ്, അങ്ങനെ എല്ലാത്തിനെയും സൃഷ്ടിക്കുന്ന, നിർമ്മിക്കുന്ന സർവ്വലോക നാഥനാണ് അല്ലാഹു. സമസ്ത വസ്തുക്കളെയും പടച്ചത് അവനാണ്. എല്ലാ വസ്തുക്കളെയും പടച്ചത് അവനാണ്. എല്ലാ വസ്തുക്കളെക്കുറിച്ചും സൂക്ഷ്മജ്ഞാനിയാണവൻ. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. അവനല്ലാതെ മറ്റൊരു ദൈവവും ഇല്ല തന്നെ. മുഴുവൻ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതുകൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക. എല്ലാ വസ്തുക്കളുടെയും മുഴുവൻ കാര്യങ്ങളും ഏറ്റെടുത്തുനിർവ്വഹിക്കുന്നതും അവനാകുന്നു (സൂറത്തുൽ അൻആം 101, 102). 

ഈ പ്രപഞ്ചസൃഷ്ടിപ്പ് മുഴുവതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. അവന്റെ സൃഷ്ടിവൈഭവവും കഴിവും യുക്തിയും വിളിച്ചോതുന്നതാണ് ഓരോന്നും. 

മുഴുകാര്യങ്ങളും ദൃഢീകരിച്ച അല്ലാഹുവിന്റെ പ്രവർത്തിയേ്രത അത് (സൂറത്തുന്നംല് 88). 


ഓരോ പ്രാപഞ്ചിക സംവിധാനങ്ങളും പ്രതിഭാസങ്ങളും വീക്ഷിച്ചാൽ തന്നെ നമ്മുക്ക് എല്ലാം ചലിപ്പിക്കുന്ന പ്രപഞ്ച നിയന്താവിന്റെ സാന്നിധ്യം മനസ്സിലാക്കാനാവും. നിശ്ചയം നിങ്ങളുടെ നാഥൻ ഭുവന വാനങ്ങൾ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചു സംവിധാനിച്ച അല്ലാഹുവാകുന്നു, എന്നിട്ടവൻ സിംഹാസനത്തിൽ ആധിപത്യം ചെലുത്തി. രാത്രിയെകൊണ്ട് പകലിനെ അവൻ ആവരണം ചെയ്യുന്നു. അതിദുത്രം അത് പകലിനെത്തേടിച്ചെല്ലുകയാണ്.തന്റെ ചൊൽപടിയിലായി സൂര്യ ചന്ദ്ര താരകങ്ങളെയും അവൻ സൃഷ്ടിച്ചു. അറിയുക, സൃഷ്ടിപ്പും ആജ്ഞാധികാരവും അവന്റേതു മാത്രമാണ്. പ്രപഞ്ചനാഥനായ അല്ലാഹു അനുഗ്രഹ പൂർണൻ തന്നെ (സൂറത്തുൽ അഅ്‌റാഫ് 54).  


സൂര്യനും ചന്ദ്രനും കിറുകൃത്യമായി ഭ്രമണപഥത്തിൽ കറങ്ങുന്നതും, രാത്രിയും പകലും മാറിമറയുന്നതും അതനുസരിച്ച് സമയങ്ങൾ ക്രമീകരിക്കപ്പെടുന്നതും ആകാശ ഭൂമികൾക്കിടയിൽ മേഘങ്ങൾ രൂപപ്പെടുന്നതുമെല്ലാം ചിന്തനീയമായ ദൈവിക ചിട്ടപ്പെടുത്തലുകളാണ്. 


സൂര്യനു ചന്ദ്രനെ പ്രാപിക്കാനോ രാവിന് പകലിനെ മറികടക്കാനോ ആവില്ല. ഓരോന്നും ഭ്രമണപഥത്തിൽ നീന്തിത്തുടിക്കുകയാണ് (സൂറത്തു യാസീൻ 40). 

മേഘങ്ങളിലും ചിന്തിക്കുന്ന ജനങ്ങൾക്കു ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട് തീർച്ച (സൂറത്തുൽ ബഖറ 164).

ശരീരത്തിലെ കൈകയും അതിലെ വിരലുകളും ഹൃദയമിടിപ്പും മറ്റു അവയവങ്ങളും അവയുടെ പ്രവർത്തനങ്ങളുമെല്ലാം സ്രഷ്ടാവിന്റെ വിരുത് വിളിച്ചോതുന്നവയാണ്. വളരെ സൂക്ഷ്മമായ പ്രാപഞ്ചിക സജ്ജീകരണങ്ങളും നമ്മുക്ക് കണ്ടെത്താനാവും. എല്ലാം നമ്മുക്ക് ചിന്തിക്കാനും അതുവഴി സത്യവിശാസം ദൃഢീകരിക്കാനുമുള്ള ദൈവിക ദൃഷ്ടാന്തങ്ങളാണ്. 

അല്ലാഹു എല്ലാം സൃഷ്ടിച്ചത് വെറുതെയല്ല, എല്ലാം യുക്തിഭദ്രമാണ്. അല്ലാഹു നിഷേധാത്മകമായി ചോദിക്കുന്നുണ്ട്: നാം നിങ്ങളെ നിരർത്ഥകമായി പടച്ചു വിട്ടതാണെന്നും നമ്മുടെയടുത്തേക്ക് തിരിച്ചയക്കപ്പെടില്ലെന്നും നിങ്ങൾ വിചാരിച്ചിരിക്കുകയാണോ (സൂറത്തുൽ മുഅ്മിനൂൻ 115). 

ഒരു വീട്ടിൽ സാധനങ്ങൾ അടക്കിയൊതുക്കി ചിട്ടയോടെ വെക്കപ്പെട്ടതായി കണ്ടാൽ അവ തനിയെ രൂപപ്പെട്ടതെന്ന് വിചാരിക്കാനാവുമോ. 

അല്ലാഹു എല്ലാ ജീവജാലങ്ങളെയും അവർക്കവർക്ക് അനുയോച്യമായ രൂപത്തിലും ഭാവത്തിലുമാണ് സൃഷ്ടിച്ചുവിട്ടിരിക്കുന്നത്. താൻ പടച്ച സമസ്ത വസ്തുക്കളെയും മെച്ചപ്പെടുത്തിയവൻ (സൂറത്തുസ്സജദ 07). ഓരോ വസ്തവിനും അതിന്റെ പ്രകൃതി നൽകുകയും എന്നിട്ടതിന് വഴികാട്ടുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥൻ (സൂറത്തു ത്വാഹാ 50). 

എല്ലാം ദൈവികത അറിയിക്കുന്ന ദൃഷ്ടാന്തങ്ങളാണ്. നമ്മുടെ സത്യവിശാസ പ്രകൃതം അല്ലാഹു സമ്മാനിച്ചതാണ്. നമ്മുക്കൊരു സന്തോഷമുണ്ടായാൽ നാമവനെ വാഴ്ത്തുന്നു, അതിന് യാതൊരു വിചിന്തനത്തിന്റെയും ആവശ്യമില്ല. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതത്തിൽ പ്രതിഷ്ഠിക്കുക, അവന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു ഭേദഗതിയുമുണ്ടാവില്ല (സൂറത്തു റൂം 30). ദൈവസ്മരണ മറന്നവൻ അവനിക്ക് ഒരു പ്രതിസന്ധിയുണ്ടായാൽ അല്ലാഹുവിനെ വിളിക്കും. അതേത് കടലിൽ പെട്ടാലും അങ്ങനെ തന്നെ. 

ഇങ്ങനെയുള്ള അചലഞ്ച സത്യവിശ്വാസം നമ്മുടെ മക്കളിലും രൂഢമൂലമാക്കണം. അവർക്ക് പ്രാപഞ്ചിക വിധാനങ്ങളിൽ ചിന്തിക്കാനും പഠിക്കാനുമുള്ള അവസരം നൽകണം. അല്ലാഹുവിന്റെ സൃഷ്ടിപ്പുകൾ കാണിച്ചുകൊടുത്ത് അവരിലെ സന്ദേഹങ്ങളും ശങ്കകളും ദൂരീകരിക്കണം. വികല ചിന്തകളിൽ നിന്ന് മോചിപ്പിക്കണം. സത്യവിശ്വാസത്തിലൂടെ സ്വർഗത്തിലേക്കുള്ള പാതയിലേക്ക് നയിക്കണം. 

ഒരിക്കൽ ഒരു നാട്ടു ഗോത്രക്കാരൻ നബി (സ്വ)യോടു ചോദിച്ചു: ആരാണ് ഈ ആകാശവും ഭൂമിയും മലകളുമെല്ലാം സൃഷ്ടിച്ചത്? നബി (സ്വ) പറഞ്ഞു: അല്ലാഹു. എന്നിട്ട് ഇസ്ലാം കാര്യങ്ങൾ പഠിപ്പിച്ചു. അങ്ങനെ അയാൽ വിശ്വസിക്കുകയുണ്ടായി. അതേപ്പറ്റി നബി (സ്വ) പറയുകയുണ്ടായി: അയാൾ അങ്ങനെ വിശ്വസിച്ചിട്ടുണ്ടെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും (ഹദീസ് മുസ്ലിം 12).


back to top