നബി (സ്വ)യും പെൺമക്കളും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 12/09/2025

പിതൃസ്‌നേഹത്തിന്റെ ഒടുങ്ങാത്ത കലവറയായിരുന്നു പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ വീട്. പ്രിയ പത്‌നി ഖദീജാ (റ)യിലുണ്ടായ നാലു പെൺമക്കളോട് നബി (സ്വ) കാണിച്ച വാത്സല്യവും ലാളനയും കരുതലും ചരിത്രത്തിലെന്നും ഒളിമങ്ങാത്ത യാഥാർത്ഥ്യങ്ങളാണ്. പുത്രി ജന്മങ്ങളിൽ ഏറിയ സന്തോഷത്തോടെ നാഥനോടുള്ള കൃതജ്ഞത കാണിച്ച നബി (സ്വ) പെൺമക്കൾക്ക് സാരവത്തായ സുകൃത പേരുകൾ തന്നെയാണ് നാമകരണം ചെയ്തിരിക്കുന്നത്.


സൗഭാഗ്യവതികളായ പ്രവാചക പെൺമക്കൾ:

1) സൈനബ്: സുകൃത വൃക്ഷം, സുഗന്ധി സുന്ദര പുഷ്പം എന്നെല്ലാം അർത്ഥമാക്കുന്നു. 

2) റുഖിയ: ഈ നാമം ഉയർന്ന സ്ഥാനലബ്ധിയെ സൂചിപ്പിക്കുന്നു.

3) ഉമ്മു കുൽസൂം: മുഖകാന്തിയും ചന്ദമാർന്ന കവിളുകളുമുള്ളവളെന്ന് അർത്ഥമുള്ള ഈ പേര് ആയുരാരോഗ്യത്തെ സൂചിപ്പിക്കുന്നുണ്ട്.

4) ഫാത്വിമ: അകലൽ എന്നർത്ഥമാക്കുന്ന ഫിത്വാം എന്ന പദത്തിൽ നിന്ന് നിഷ്പന്നമായ വാക്കാണ്. അതായത് എല്ലാ ദുഷ്ടതകളിൽ നിന്നും അകന്നുനിൽക്കുന്നവൾ എന്നാണ് ഫാത്വിമ എന്ന വാക്കിന്റെ സാരാംശം. കുടുംബത്തിന്റെ ഐശ്വര്യമായാണ് ഫാത്വിമ (റ) ഗണിക്കപ്പെട്ടിരുന്നത്. 


നബി (സ്വ) തങ്ങളുടെ വാത്സ്യനിധി കളായ പെൺമക്കളെ ഏറെ സ്‌നേഹ സന്തോഷങ്ങളോടെ വരവേൽക്കുമായിരുന്നു. മകൾ ഫാത്വിമ (റ) വരുന്നത് കണ്ടാൽ എഴുന്നേൽക്കുകയും 'സുസ്വാഗതം എന്റെ മകളേ' എന്ന് പറഞ്ഞ് ഹാർദ്ദമായി സ്വീകരിക്കുകയും ചെയ്തിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). പിതാവിൽ നിന്നുള്ള സ്‌നേഹവായ്പും ബഹുമാനവും ഫാത്വിമ (റ)യിലും പ്രകടമായിരുന്നു. പ്രിയ പത്‌നി ആയിശാ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്: സംസാരത്തിൽ നബി (സ്വ)യോട് ഏറ്റവും കുടുതൽ സാദൃശ്യമുള്ളത് ഫാത്വിമക്കാണ്. ഫാത്വിമ വീട്ടിൽ പ്രവേശിച്ചാൽ നബി (സ്വ) എഴുന്നേൽക്കുകയും സ്വീകരിച്ചു ചുംബിക്കുകയും തങ്ങളുടെ ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്യുമായിരുന്നു. ഇനി നബി (സ്വ) ഫാത്വിമയുടെ വീട്ടിൽ പോയാൽ നബി (സ്വ)ക്കായി  എഴുന്നേറ്റു നിൽക്കുകയും കൈപിടിച്ചാനയിക്കുകയും ചുംബിച്ചു തന്റെ ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്തിരുന്നു (അദബുൽ മുഫ്‌റദ് 971). 

ഫാത്വിമ (റ) വാക്കിലും പ്രവർത്തിയിലും സ്വഭാവത്തിലുമെല്ലാം നബി (സ്വ)യെ പോലെ തന്നെയായിരുന്നു. എങ്ങനെ അല്ലാതിരിക്കും. പുണ്യതിരുമേനി (സ്വ)യുടെ പുന്നാര മകളല്ലേ. നബി (സ്വ) ഫാത്വിമ (റ)യുടെ സന്തോഷത്തിൽ സന്തോഷിക്കുകയും ദുഖത്തിൽ ദുഖിക്കുകയും ചെയ്യുമായിരുന്നു. ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്, ആരെങ്കിലും അവളോട് ദേഷ്യപ്പെട്ടാൽ എന്നോട് ദേഷ്യപ്പെട്ടത് പോലെയെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). 

നബി (സ്വ) രഹസ്യങ്ങൾ ഫാത്വിമ (റ)യുമായി പങ്കുവെക്കുമായിരുന്നു. ഒരു മകളും മാതാപിതാക്കളും തമ്മിലുള്ള ഗാഡ ദൃഢബന്ധത്തിന്റെ അനിഷേധ്യ ഉത്തരമാണ് ഫാത്വിമ (റ).


പ്രവാചകത്വ ലബ്ധിക്ക് ശേഷം നബി (സ്വ) തങ്ങളുടെ പെൺമക്കൾക്കെല്ലാം കാര്യപ്രാപ്തിയും സൽസ്വഭാവഗുണവും മതമൂല്യബോധവുമുള്ള അനുയോച്യ ഇണതുണകളായ ഭർത്താക്കന്മാരെയാണ് തെരഞ്ഞെടുത്തത്. സ്വഭാവ മഹിമയും മതബോധവുമുള്ളവരുമായി വിവാഹാലോചന നടത്താനാണ് പ്രവാചക കൽപന, ഇല്ലെങ്കിൽ ഭൂമിയിൽ ദൂരവ്യാപകമായ ദുരന്തങ്ങളും ദുരിതങ്ങളുമുണ്ടാവുമെന്ന മുന്നറിയിപ്പും നൽകിട്ടുണ്ട് (ഹദീസ് തുർമുദി 1085, ഇബ്‌നു മാജ 1967). 

പെൺമക്കൾക്ക് സംതൃപ്ത രീതിയിൽ വിവാഹം ചെയ്തുകൊടുക്കൽ പുണ്യപ്രവർത്തനമാണെന്നും വിവാഹം തടയൽ വലിയ കുറ്റമാണെന്നും പഠിപ്പിച്ചിരിക്കുകയാണ് നബി (സ്വ). 

പെൺമക്കളെ കെട്ടിച്ചയച്ചിട്ടും അവരുമായുള്ള ബന്ധത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. അവരെ ഇടക്കിടക്ക് സന്ദർശിക്കുകയും അവരുടെ മക്കളെ നന്നായി ലാളിക്കുകയും ഭർത്താക്കന്മാരെ ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. അവരുടെ സൗഖ്യപൂർണമായ ദാമ്പത്യജീവിതത്തിനായി നന്മകളോടെ ഇടപെടുകയും ചെയ്തിരുന്നു. 

ഒരിക്കൽ നബി (സ്വ) ഫാത്വിമ (റ)യുടെ വീട്ടിലെത്തിയപ്പോൾ അലി (റ)യെ കണ്ടില്ല. നബി (സ്വ) ചോദിച്ചു എവിടെ അലി? ഫാത്വിമ (റ) പറഞ്ഞു: ഞങ്ങൾക്കിടയിൽ ചെറിയൊരു പിണക്കമുണ്ടായി, അങ്ങനെ എന്നോട് ദേഷ്യപ്പെട്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. നബി (സ്വ)യുടെ അലി (റ)യുടെ അടുക്കലേക്ക് പോയി മയപ്പെടുത്തുകയും ദേഷ്യം തണുപ്പിച്ചു വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. ശേഷം ഇരുവർക്കുമിടയിൽ പരിഹാരമുണ്ടാക്കി (ബുഖാരി, മുസ്ലിം). 

പെൺമക്കളിൽ ആർക്കെങ്കിലും രോഗമുണ്ടായാൽ പ്രത്യേകം പരിരക്ഷ ഉറപ്പുവരുത്തുമായിരുന്നു. 

മകൾ റുഖിയ (റ) ക്ക് രോഗം ബാധിച്ചപ്പോൾ പ്രത്യേക ശുശ്രൂഷക്കും കരുതലിനുമായി നബി (സ്വ) ഭർത്താവ് ഉസ്മാനി (റ)നെ കൂടെ നിർത്തുകയായിരുന്നു. 


ജീവിതത്തിലെ സുകൃത സൗഭാഗ്യങ്ങളാണ് പെൺമക്കൾ. അവരുടെ കാര്യങ്ങൾക്ക് സശ്രദ്ധം പരിഗണന നൽകണമെന്നാണ് നബി (സ്വ) ഉണർത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ പെൺമക്കളെ അവരുടെ വിവാഹം വരെയോ മരണംവരെയോ പോറ്റിവളർത്തിയയാളും ഞാനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കുമെന്ന് ചൂണ്ടുവിരലും നടുവിരലും ഉയർത്തികാട്ടിക്കൊണ്ട് നബി (സ്വ) പറയുകയുണ്ടായി (ഹദീസ് അഹ്‌മദ്, മുസ്ലിം 2631). 

ഏവരും പെൺമക്കളെ ലജ്ജയിലും അച്ചടക്കത്തിലും വളർത്തണം. അവരുടെ സൗന്ദര്യത്തിലും ആഭരണങ്ങളിലും മറ്റു ആവശ്യങ്ങളിലും പരിഗണന നൽകണം. അവർക്ക് സമ്മാനങ്ങൾ നൽകണം. നബി (സ്വ) പെൺമക്കൾക്ക് പട്ടുവസ്ത്രം നൽകുമായിരുന്നു (ഹദീസ് ബുഖാരി 5504).  അവരെ സ്വർണാഭരണങ്ങൾ ധരിപ്പിച്ചിരുന്നു. തങ്ങൾ (സ്വ)ക്ക് കിട്ടിയ സ്വർണമോതിരം മകളുടെ മകൾക്ക് സമ്മാനമായി നൽകുകയായിരുന്നു (ഹദീസ് അബൂദാവൂദ് 4235, ഇബ്‌നുമാജ 3644). 

പെൺമക്കൾ നമ്മുടെ ഉത്തരവാദിത്വ ബാധ്യതകളാണ്. ഇലലോകത്തും പരലോകത്തും കൺകുളിർമകളാവുന്ന അവർ വീടിന്റെ സൗരഭ്യങ്ങളാണ്. അവരെ മാനിക്കണം, ബഹുമാനിക്കണം. അവരുടെ ചിലവുകൾ വഹിക്കണം. ധൂർത്ത് പാടില്ല. പിശുക്കരുത്. പരിഗണകൾക്കും വാത്സല്യങ്ങൾക്കും ഒരു കുറവും വരുത്തരുത്. ഒറ്റ സഹോദരിയാണെങ്കിൽ കൂടുതൽ പരിഗണനക്കും പരിലാളനക്കും അർഹയായിരിക്കും. 

പെൺമക്കൾ സമൂഹത്തിന്റെ പാതിയാണ്. ഭാവിയുടെ മാതാക്കളാണവർ. വീരപുരുഷന്മാരെ വാർത്തെടുക്കുന്നത് പെണ്ണുങ്ങളാണ്. അവർ തന്നെയാണ് നാടിന്റെ വികസനത്തിനും അഭിവൃതിക്കും കോപ്പുകൂട്ടുന്നവർ. 




back to top