യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 05/09/2025
നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ ജന്മ സുദിനവേളയിലാണ് നാമിപ്പോൾ. ഏവർക്കും നബിദിനാശംസകൾ നേരുന്നു.
മുഹമ്മദ് നബി (സ്വ) പ്രപഞ്ചത്തിനാകമാനം അനുഗ്രഹമാണ്. സ്വന്തത്തിൽ നിന്നു തന്നെ ഒരു റസൂലിനെ വിശ്വാസികൾക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവർക്ക് അല്ലാഹു ചെയ്തത് (സൂറത്തു ആലു ഇംറാൻ 164).
നേർമാർഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചത് അല്ലാഹുവാണ്, മറ്റെല്ലാ മതങ്ങളെക്കാളും അതിനെ സമുന്നതമാക്കാൻ. സാക്ഷിയായി അല്ലാഹു തന്നെ ധാരാളം. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതരാകുന്നു (സൂറത്തുൽ ഫത്ഹ് 28, 29).
അല്ലാഹുവിന്റെ സൃഷ്ടികളിൽ വെച്ച് അതിശ്രേഷ്ഠരായ മുഹമ്മദ് നബി (സ്വ) യുടെ ഗോത്രം അന്നത്തെ ഉന്നതകുല മഹിമയാർന്നതായിരുന്നു.
പിതാവ് അബ്ദുല്ല. ആമിന ബിൻത് വഹ്ബാണ് മാതാവ്.
അബ്ദുൽ മുത്തലിബ് പിതാമഹൻ. ഈ വംശപരമ്പര ഇസ്മാഈൽ നബി (അ)യിലൂടെ ഇബ്‌റാഹിം നബി (അ) വരെ എത്തിനിൽക്കുന്നു.
ആനക്കലഹവർഷം അതായത് ക്രിസ്താബ്ദം 571, റബീഉൽ അവ്വൽ മാസം തിങ്കളാഴ്ച ദിവസമാണ് നബി (സ്വ) ഭൂജാതരായത്.
അതുകൊണ്ടാണ് നബി (സ്വ) എല്ലാ ആഴ്ചകളിലും തിങ്കളാഴ്ച ദിവസം വ്രതമനുഷ്ഠിക്കാൻ താൽപര്യം കാണിച്ചിരുന്നത്. മാത്രമല്ല അത് ഞാൻ ജനിച്ച ദിവസമെന്ന് പറയുകയും ചെയ്തിരുന്നു (ഹദീസ് മുസ്ലിം 1162).
ഒരു കണ്ണും കാണാത്ത ഭംഗിയാണ് പുന്നാര നബി (സ്വ)ക്ക്. നബി (സ്വ)യെ പോലൊരാളെ ഒരുമ്മയും പ്രസവിച്ചിട്ടില്ല.
സംശുദ്ധരായാണ് നബി (സ്വ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
സ്വഭാവ മഹിമയിലും അത്യുന്നതരായിരുന്നു നബി (സ്വ). ഉന്നത സ്വഭാവ ഗുണങ്ങൾ ഇഷ്ടപ്പെടുന്ന അല്ലാഹു തന്നെ നബി (സ്വ) യുടെ സ്വഭാവ വൈശിഷ്്ട്യത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്: അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കൾ (സുറത്തുൽ ഖലം 4).
നബി (സ്വ)യുടെ സ്വഭാവം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചയാളോട് പ്രവാചക പത്‌നി ആയിഷാ (റ)യുടെ പ്രതികരണം, നബി (സ്വ)യുടെ സ്വഭാവം ഖുർആനായിരുന്നു എന്നാണ് (ഹദീസ് മുസ്ലിം 746). അതേ, നബി (സ്വ) വിശുദ്ധ ഖുർആനിന്റെ പകർപ്പായിരുന്നു. ഖുർആനിലെ നിരോധനങ്ങളെല്ലാം വെടിഞ്ഞും കൽപനകളെല്ലാം അനുസരിച്ചും ഉന്നത സ്വഭാവമേന്മകൾ പാലിച്ചും ഔന്നത്യത്ത്ിൽ സമ്പൂർണത വരിച്ചവരാണ് നബി (സ്വ).
വിശിഷ്ട സ്വഭാവഗുണങ്ങൾ പൂർണമായും നടപ്പിലാക്കാൻ നിയോഗിതരായതെന്ന് നബി (സ്വ) തന്നെ പറഞ്ഞിട്ടുണ്ട് (മുസ്‌നദുൽ ബസ്സാർ 8949).
കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും കരുണയുള്ളവരാണ് നബി (സ്വ). പ്രപഞ്ചത്തിന് ഒന്നടങ്കം കാരുണ്യമാണ് നബി (സ്വ). അല്ലാഹു പറയുന്നുണ്ട്: നബിയേ പ്രപഞ്ചത്തിന് അനുഗ്രഹമായി മാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് (സൂറത്തുൽ അമ്പിയാഅ് 107).
നബി (സ്വ) കുടുംബക്കാരോടും ഭാര്യ സന്താനങ്ങളോടും അത്യുത്തമമായാണ് സഹവസിച്ചതും ഇടപഴകിയതും. മാത്രമല്ല കുടുംബത്തിന് ഗുണങ്ങൽ ചെയ്യുന്നവരാണ് നിങ്ങളിൽ ഏറ്റവും ഉത്തമരെന്ന് പറയുകയും ചെയ്തിരുന്നു (ഹദീസ് തുർമുദി 4233).
ഹൃദയത്തിൽ അലിവും ദയാവായ്പും നൈർമല്യവുമുള്ളവരായിരുന്നു നബി (സ്വ).
നബി (സ്വ)യുടെ വീട്ടിൽ പത്തുവർഷക്കാലം കൂടെകൂടിയിരുന്ന അനസ് (റ) സാക്ഷ്യപ്പെടുത്തുന്നു: കുടുംബത്തോട് ഇത്രമാത്രം കരുണ ചെയ്യുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല (ഹദീസ് മുസ്ലിം 2316).
ജനങ്ങളിൽ വെച്ച് അത്യുദാരരായിരുന്നു നബി (സ്വ). ദാരിദ്ര്യം ഭയക്കാത്ത വിധം നിരന്തരം ദാനധർമ്മങ്ങൾ നൽകിയിരുന്നു (ഹദീസ് മുസ്ലിം 2312). ചോദിച്ചുവന്ന ആരോടും ഇല്ല എന്ന് പറയുമായിരുന്നില്ല (ഹദീസ് ബുഖാരി, മുസ്ലിം).
പ്രവാചകാപദാനങ്ങൾ ഏതൊരു സത്യവിശ്വാസിയുടെ മനം കുളിർപ്പിക്കുന്നതാണ്.
നിങ്ങളുടെ പ്രവാചക സ്‌നേഹം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചയാളോട് അലിയ്യു ബ്‌നു അബൂത്വാലിബ് പറഞ്ഞു: അല്ലാഹുവാണേ സത്യം, ദാഹിക്കുന്ന സമയത്തെ തണുത്ത വെള്ളത്തെക്കാളും, ഞങ്ങളുടെ മാതാക്കളേക്കാളും പിതാക്കളേക്കാളും മക്കളേക്കാളും സമ്പാദ്യങ്ങളേക്കാളും നബി (സ്വ) ഞങ്ങൾക്ക് ഏറ്റം ഇഷ്ടമുള്ളവരായിരുന്നു.
അബ്ദുല്ലാ ബ്‌നു അംറും (റ) പ്രവാചകസ്‌നേഹം തുളുമ്പുന്ന മഹത് വാക്കുകളിലൂടെ പ്രവാചകദർശനത്തോടെ മരിച്ച് സ്വർഗസ്ഥരാവാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 121).
പ്രവാചകസ്‌നേഹം തന്നെയാണ് പ്രവാചകരോടൊപ്പം സ്വർഗത്തിൽ കൂടാനുള്ള വഴി. ഒരാൾ അയാൾ സ്‌നേഹിച്ചയാളോടൊപ്പമായിരിക്കുമെന്നതാണ് നബി (സ്വ) പഠിപ്പിച്ച കാര്യം (ഹദീസ് ബുഖാരി, മുസ്ലിം).
നമ്മുക്ക് പ്രവാചകാനുരാഗത്താൽ മനസ്സുകൾ തേജസ്സുള്ളതാക്കാം. പ്രകാശവും സ്പഷ്ടമായ ഗ്രന്ഥവുമായാണ് നബി (സ്വ) നിയോഗിതരായത് (സൂറത്തുൽ മാഇദ 15).
നബി (സ്വ) മദീനയിൽ പ്രവേശിച്ച ദിവസം അവിടത്തെ എല്ലാ വസ്തുക്കളിലും പ്രകാശം പരന്നെന്നും നബി (സ്വ) വഫാത്തായ ദിവസം അവിടത്തെ എല്ലാ വസ്തുക്കളിൽ ഇരുട്ട് പരന്നെന്നും അനസ് (റ) വിവരിക്കുന്നുണ്ട് (ഹദീസ് തുർമുദി 3618).
അല്ലാഹു പറയുന്നു: നബിയേ, നിശ്ചയം താങ്കളെ നാം സത്യസാക്ഷിയും ശുഭവാർത്താവാഹകനും മുന്നറിയിപ്പുകാരനും അല്ലാഹുവിന്റെ അനുമതിയോടെ അവങ്കലേക്കു ക്ഷണിക്കുന്നയാളും വെളിച്ചം തെളിക്കുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു, സത്യവിശ്വാസികൾക്ക് അല്ലാഹുവിങ്കൽ നിന്ന് മഹത്തായ ഔദാര്യമുണ്ട് എന്ന് ശുഭവാർത്ത നൽകുക (സൂറത്തുൽ അഹ്‌സാബ് 45, 46, 47).

