ജ്ഞാന സമൂഹം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 29.08.2025

ഇസ്ലാം വിജ്ഞാന സമ്പാദനത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പരിശുദ്ധ ഖുർആനിന്റേതായി ആദ്യം അവതരിച്ച സൂക്തങ്ങൾ തന്നെ വിജ്ഞാനമാർഗങ്ങളായ വായനയും എഴുത്തും പഠനവും പരാമർശിക്കുന്നതായി കാണാം: സൃഷ്ടി കർമം നടത്തിയ താങ്കളുടെ നാഥന്റെ നാമത്തിൽ വായിക്കുക. രക്തപിണ്ഡത്തിൽ നിന്ന് മനുഷ്യനെ അവൻ സൃഷ്ടിച്ചു. വായിക്കുക, അങ്ങയുടെ നാഥൻ തൂലിക കൊണ്ട് അഭ്യസിപ്പിച്ച അത്യുദാരനത്രേ. തനിക്കറിവില്ലാത്തത് മനുഷ്യനെ അവൻ പഠിപ്പിച്ചു (സൂറത്തുൽ അലഖ് 1,2,3,4,5).

പുതിയ വിജ്ഞാന സംസ്‌കാരത്തിനുള്ള ആഹ്വാനമായിരുന്നു ഈ അഞ്ചു ഖുർആനിക ആയത്തുകൾ. ജ്ഞാന സമ്പാദനം സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ബാധ്യതയാണ്, ഉത്തരവാദിത്വമാണ്. 

പണ്ഡിതരും പഠിതാക്കളും വിജ്ഞാനത്തിന്റെ വിഷയത്തിൽ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്്. അവരാണ് സമൂഹത്തെ സാംസാകാരികമായും ചിന്താപരമായും സംസ്‌ക്കരിക്കുന്നത്. വർത്തമാനം ശുഭകരമാക്കുന്നതും ഭാവി ഭാസുരമാക്കുന്നതും വിദ്യയിലൂടെ മാത്രമാണ്. അങ്ങനെ വിദ്യ അഭ്യസിച്ചു സമൂഹം ഒന്നടങ്കം വിദ്യാസമ്പന്നരാവണം. വിദ്യയുളളവരും ഇല്ലാത്തവരും സമമാവില്ല എന്ന് അല്ലാഹു തന്നെ പ്രഖ്യാപിച്ചതാണ് (സൂറത്തു സ്സുമർ 4). 

അതേ, വിജ്ഞാനം പരുശുദ്ധതയാണ്. സമൂഹത്തിന് മുന്നോട്ടു ഗമിക്കാനുള്ള വെളിച്ചവും പാഥേയും പ്രാപ്യമാവുന്നത് വിദ്യഭ്യാസത്തിലൂടെയാണ്. 

ജ്ഞാന സമ്പാദനത്തിന് ഏറെ മാർഗങ്ങളുള്ള ഏറെ പുരോഗമിച്ചിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ഭൗതികവും ബൗദ്ധികവും ആത്മീയവുമായ ഉന്നതിയും വിജ്ഞാനം നൽകുന്നുണ്ട്. സത്യവിശ്വാസം കൈവരിക്കുകയും വിജ്ഞാനം നേടുകയും ചെയ്തവരെ അല്ലാഹു പടിപടിയായി ഉയർത്തുമത്രെ  (സൂറത്തുൽ മുജാദല 5). 


വിജ്ഞാനമുള്ള സമൂഹം പ്രബുദ്ധമായിരിക്കും. എല്ലാവരും നല്ല ഭാവികളുടെ പണിപ്പുരയിലായിരിക്കും. അധ്യാപകൻ ഗതി നിർണയിച്ചു നൽകും. പഠിതാവ് അതനുസരിച്ച് ഗമിക്കും. കുടുംബം താങ്ങാവും. അതാണ് ജ്ഞാനസമൂഹം. 

ഓരോർത്തരും അവരവരുടെ സൂക്ഷിപ്പുബാധ്യത നിർവ്വഹിക്കണമല്ലൊ. മാതാപിതാക്കളും അധ്യാപകരും വിദ്യാർത്ഥികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. അവരെ ഉത്തമരായി സംസ്‌കരിക്കുകയും മോശത്തരങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യണം. അവരിൽ നല്ല സ്വഭാവമൂല്യങ്ങൾ വളർത്തണം. ദേശീയ ബോധം ഉണ്ടാക്കണം. ഒരു കാര്യം ചെയ്യുമ്പോൾ അത് നന്നായി പരിപൂർണമായി ചെയ്യുന്നതാണ് അല്ലാഹുവിന് ഇഷ്ടം. മക്കളുടെ പഠനകാര്യത്തിലും അകാര്യം പരിഗണിക്കണം. അവരിൽ നല്ല സ്വഭാവവിശേഷങ്ങൾ ഉണ്ടാക്കണം. അവർക്ക് പ്രവർത്തിച്ചു കാണിക്കണം. ആയിരം ഉപദേശങ്ങളേക്കാൾ ഉപകാരമുള്ളത് പ്രവർത്തിച്ചു കാണിക്കുന്നതിനാണ്. അവസരോചിതമായും കാലോചിതമായും പഠിപ്പിക്കണം. അവരിൽ പഠന താൽപര്യവും ഗവേഷണ ത്വരയും വളർത്തണം. 

മക്കളുടെ നല്ല ഭാവിക്കായി പ്രാർത്ഥിക്കണം. പ്രാർത്ഥന അവരുടെ പഠനവഴികൾ എളുപ്പമാക്കുകയും സഫലമാക്കുകയും ചെയ്യും. 

ഇടക്കിടക്ക് അധ്യാപകരെ ബന്ധപ്പെട്ടു മക്കളുടെ പഠന നിലവാരം വിലയിരുത്തണം. 


വിദ്യാർത്ഥികളാണ് പ്രധാന ബിന്ദു. സ്‌കൂളുകളും സർവകലാശാലകളും അവരുടെ കേന്ദ്രങ്ങളാണ്. അവയിലെ അധ്യാപകർ അവർക്കായി നിയോഗിക്കപ്പെട്ട പഠന സഹായികളാണ്. 

വേനലവധി ശേഷം സ്‌കൂളുകളിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളേ, നിങ്ങൾക്കു മുമ്പിൽ പുരോഗതികളുടെ പടവുകളാണ് തുറന്നിട്ടിരിക്കുന്നത്. വിജ്ഞാനവഴിയിൽ പ്രവേശിച്ചവന് അവന്റെ തൃപ്തികരമായ ചെയ്തി കാരണം അല്ലാഹു സ്വർഗവഴി എളുപ്പമാക്കിക്കൊടുക്കുകയും മാലാഖമാർ അവർക്കായി ചിറകുകൾ വിരിച്ചുകൊടുക്കുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ഇബ്‌നു മാജ 223, ശിഅബുൽ ഈമാൻ 1694). 

വിദ്യഭ്യാസ വഴിയിലെ ഓരോ ചുവടുവെപ്പിലും ഈ ഉദ്ദേശ്യവും കരുതലും വേണം. 

വിവിധ വിദ്യകൾ നേടണം. മാനവികവും പ്രാപഞ്ചികവുമായ വിത്യസ്ത അറിവുകൾ കരഗതമാക്കണം. എഐ വിദ്യകൾ നേടി നാടിനും സമൂഹത്തിനും നന്മകൾ ഉണ്ടാക്കണം.

അധ്യാപകരോടും സഹപാഠികളോടും മാതൃകാപരമായി ഇടപഴകണം, ഇടപെടണം. സ്‌കൂൾ ചട്ടങ്ങളും നിയമങ്ങളും പാലിക്കണം. നാടിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണം. 

നാട് പഠനത്തിന് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രയോജനപ്പെടുത്തുക. ധന്യരാവുക.


back to top