യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 22/08/2025
ഈ കാലത്ത് ആൺപെൺ ലിംഗഭേദമന്യെ യുവാക്കൾ നാടിനും സമൂഹത്തിനുമായി സേവനസന്നദ്ധരായി മുന്നോട്ടുവരുന്നത് ഏറെ ആശാവഹമാണ്. ദേശസേവനം എന്നത് സത്യവിശ്വാസത്തിന്റെയും സൽസ്വഭാവമഹിമയുടെയും മനക്കരുത്തിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും നിദർശനമാണ്. ധീരതയുടെയും പൗരുഷത്തിന്റെയും ഉത്തമ ശിക്ഷണത്തിന്റെയും സ്വഭാവ സാംശീകരണത്തിന്റെയും ഉയർന്ന അടയാളം കൂടിയാണ് സേവന സന്നദ്ധത. മനുഷ്യന് നൽകപ്പെട്ടതിൽവെച്ച് ഏറ്റവും ഉത്തമമായത് ഏതെന്ന് ചോദിച്ചയാളോട് സൽസ്വഭാവമെന്നാണ് നബി (സ്വ) മറുപടി നൽകിയത്.
സാമുഹ്യസേവനത്തിലൂടെ വ്യക്തിത്വരൂപീകരണവും വിശ്വാസ്യതയും നിശ്ചയദാർഢ്യവും നേതൃപാടവവും ഉണ്ടാവുന്നു. സാമൂഹ്യ സേവകൻ നന്നായി ചിന്തിക്കുകയും സമയങ്ങളിൽ കൃത്യനിഷ്ഠത പാലിക്കുകയും നമസ്‌കാരങ്ങൾ മുറപോലെ നിർവ്വഹിക്കുകയും ചെയ്യുന്നു.
സാമൂഹ്യ സേവകന്റെ ഒരു ദിവസം സുബ്ഹ് നമസ്‌കാരത്തിലൂടെ തുടങ്ങുന്നു. ഉറക്കിനേക്കാൾ നമസ്‌കാരമാണ് ഏറ്റവും ഉത്തമമെന്നാണല്ലൊ സുബ്ഹി ബാങ്കിലെ ആഹ്വാനം. ജമാഅത്തായാണ് സുബ്ഹ് നമസ്‌ക്കരിക്കുക. അങ്ങനെ പ്രഭാത നമസ്‌കാരം നിർവ്വഹിച്ചവന്റെ കാര്യം അല്ലാഹു ഏറ്റെടുക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്. പ്രഭാത നമസ്‌കാരത്തിലെ ഖുർആൻ പാരായണം മാലാഖമാരാൽ സാക്ഷ്യം വഹിക്കപ്പെടുമെന്ന് അല്ലാഹുവും പറഞ്ഞിട്ടുണ്ട് (സൂറത്തുൽ ഇസ്‌റാഅ് 78). പിന്നെ ഒത്തൊരുമയോട് സേവനനിരതരാവുന്നു. ഖുർആനിൽ പറയപ്പെട്ടത് പോലെ ദൃഢീകൃതമായ കെട്ടിടം പോലെയായിരിക്കും അവർ.
സന്നദ്ധ സേവനത്തിന് നിരവധി സാമൂഹ്യ ഉപകാരങ്ങളുണ്ട്. അവയിൽ പ്രധാനമാണ് ഐക്യബോധം. അവർ ഒരൊറ്റ സംഘമായി, ഒരേ കെട്ടിടത്തിലെ ഓരോ ഭാഗമെന്ന പോലെ ഉത്തരവാദിത്വബോധത്തോടെ ഉപകാര പ്രവർത്തനങ്ങളിൽ മുഴുകും. അവർ വിശ്വാസത്തിനും നാടിനും നാടിന്റെ സംവിധാനങ്ങൾക്കും കാവൽ നിൽക്കും.
സാമൂഹ്യ സേവനം സ്വന്തം സ്വഭാവങ്ങൾക്കും ചിന്തകൾക്കും നൈപുണ്യങ്ങൾക്കും ശരീരാരോഗ്യത്തിനും ഊർജ്ജം പകരാനുള്ള മാർഗം കൂടിയാണ്. ബലഹീനനായ സത്യവിശ്വാസിയേക്കാൾ ബലവാനായ സത്യവിശ്വാസിയാണ് ഉത്തമനും അല്ലാഹു വിന് ഏറ്റവും ഇഷ്ടപ്പെട്ടവനും എന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത്.
യുവാക്കൾ അവരുടെ വിലപ്പെട്ട സമയങ്ങൾ സാമൂഹ്യ ദേശ സേവനങ്ങളിലൂടെ മുതലാക്കണം. അതിലൂടെ പുതിയ അറിവുകളും അനുഭവങ്ങളും നേടണം. ആരാധനകൾ സമയനിഷ്ഠയോടെ ചെയ്തുതീർക്കണം. ഉത്തമ അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും നിലനിർത്തണം.
മക്കൾ സാമൂഹ്യ സേവനസന്നദ്ധരാവുന്നത് പ്രശംസനീയമാണ്. കണ്ണിന്റെ കുളിർമകളായ, കരളിന്റെ കഷ്ണങ്ങളായ മക്കൾക്ക് സാമൂഹ്യ സേവനം നല്ല പാഠങ്ങൾ നൽകും. അവരിൽ മൂല്യങ്ങൾ വളർത്തും. സാമൂഹ്യ സേവനം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുതൽക്കൂട്ടായിരിക്കും. സ്വന്തത്തെ വിചാരണ ചെയ്യുന്നതും നിരീക്ഷിക്കുന്നതും നല്ലതാണ്. അതിനുള്ള അവസരങ്ങളാണ് കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും വിട്ടുനിന്നുകൊണ്ട് സേവനസന്നദ്ധരാവുന്നതിലൂടെ കരഗതമാവുന്നത്. അങ്ങനെ സ്വകുടുംബത്തോടും സമൂഹത്തോട് സൽഗുണരായി വർത്തിക്കണം.

