തീവ്രത അരുത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 15/08/2025

സാമൂഹിക വ്യവസ്ഥകളെ താറുമാറാക്കുന്ന, നാടിന്റെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന, രക്തം ചീന്തുന്ന, അന്തസ്സും സമ്പത്തും നശിപ്പിക്കുന്ന അതിമാരകമായ രോഗമാണ് തീവ്രവാദം. അതേ തീവ്രവാദവും ഭീകരവാദവും മതബോധത്തെയും മാനുഷികതെയും കാരുണ്യത്തെയും തീരെ പരിഗണിക്കുന്നതല്ല. 

അറബി ഭാഷയിൽ തീവ്രവാദത്തിന് തത്വറുഫ് എന്ന വാക്കാണ് പ്രയോഗിക്കപ്പെടുന്നത്. ഒരു കാര്യത്തിന്റെ അറ്റങ്ങൾ പിടിക്കുക എന്ന് ആ പദം അർത്ഥമാക്കുന്നു. തീവ്രവാദി മതകാര്യങ്ങളിൽ നിന്ന് അറ്റത്തുള്ളവ മാത്രം എടുക്കുന്നവനാണ്. അവൻ മധ്യമാവസ്ഥയും സമാവസ്ഥയും ഗണിക്കുകയില്ല. മതത്തിന്റെ അകക്കാമ്പും സത്തും ഉൾക്കൊള്ളില്ല. അവൻ വാക്കിലും പ്രവർത്തിയിലും ചിന്തയിലും ഇടപെടലുകളിലും മതകീയ മൂല്യങ്ങൾ അവഗണിക്കും. മതചിട്ടകളിൽ വീഴ്ചയോ അതിർകടക്കലോ ചെയ്യും തീവ്രവാദി. 

മതകാര്യങ്ങളിൽ തീവ്രത കാട്ടുന്നവർ നശിച്ചിരിക്കുന്നുവെന്ന് നബി (സ്വ) മൂന്നുപ്രാവശ്യം ആവർത്തിച്ചു പറഞ്ഞതായി കാണാം (ഹദീസ് മുസ്ലിം 2670, അബൂദാവൂദ് 4608). 


എല്ലാത്തരം ആളുകളിൽനിന്നുമുള്ള മതപഠനവും ക്ലാസ്സുകളുമാണ് തീവ്രവാദത്തിന്റെ ഒരു കാരണം. ബുദ്ധിമാനാണല്ലൊ മനുഷ്യൻ. ബുദ്ധിമതികളെ വികാരഭരിതമായ വാക്കുകളോ ജൽപനങ്ങളോ സംശയങ്ങൽ ജനിപ്പിക്കുന്ന ആശയങ്ങളോ കെണിയിൽ പെടുത്തുകയില്ല. 

തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കാര്യത്തിൽ നബി (സ്വ) ശക്തമായ താക്കീത് ചെയ്തിട്ടുണ്ട്. ഖവാരിജുകളെയും അവരോട് സാമ്യത കാട്ടുന്നവരെയും ഭീകരവാദികളും തീവ്രവാദികളുമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്: എനിക്ക് ശേഷം എന്റെ സമുദായത്തിൽ നിന്ന് ഖുർആൻ പാരായണം ചെയ്യുന്ന ഒരു കൂട്ടർ ഉണ്ടാവും, എന്നാൽ അവർക്ക് അതിന്റെ അർത്ഥങ്ങളോ ഉദ്ദേശ്യങ്ങളോ അറിയില്ല. ആവനാഴിയിൽ നിന്ന് അമ്പ് പുറത്തുപോവുന്നത് പോലെ അവർ മതത്തിൽ നിന്ന് പുറത്തുപോവും. പിന്നെ അവർ മടങ്ങിവരില്ല. അവരാണ് ഏറ്റവും മോശപ്പെട്ട സൃഷ്ടികൾ, അവരാണ് ഏറ്റവും മ്ലേഛമായ പ്രകൃതമുള്ളവർ (സുനനു ഇബ്‌നുമാജ 170, മുസ്വന്നഫു ഇബ്‌നു അബീ ശൈബ 40697). അവരാണ് സഅ്ദു ബ്‌നു അബീ വഖാസ് (റ) വിവരിച്ച പ്രകാരം സൂറത്തു ബഖറയിലെ 27ാം സൂക്തത്തിൽ പറയപ്പെട്ട ദൈവകരാർ ലംഘിക്കുകയും അല്ലാഹു കൽപിച്ച ബന്ധങ്ങൾ മുറിക്കുകയും ഭൂമിയിൽ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നവർ.

തീവ്രവാദികൾ ഖുർആനിക സൂക്തങ്ങളെ ദുർവ്യാഖ്യാനിക്കുകയും അനവസരത്തിൽ പ്രയോഗിക്കുകയും ചെയ്യുന്നവരാണ്. ഭീകരപ്രവർത്തനങ്ങളാണ് അവരുടെ ലക്ഷ്യം. 

അല്ലാഹു പറയുന്നുണ്ട്: സ്വന്തം മതത്തിൽ ഭിന്നപ്പുണ്ടാക്കി വിവിധ ചേരികളായിത്തീർന്ന വേദക്കാരുമായി താങ്കൾക്ക് യാതൊരു ബന്ധവുമില്ല (സൂറത്തുൽ അൻആം 159). അവർ വ്യതിചലിച്ചു പോയപ്പോൾ അവരുടെ ഹൃദയങ്ങൾ അല്ലാഹു വഴിതെറ്റിച്ചു (സൂറത്തുസ്സ്വഫ്ഫ് 05). ഇത് ഖവാരിജുകളെ ക്കുറിച്ച് പ്രസ്താവിക്കപ്പെട്ടതെന്നാണ് അബൂ ഉമാമൽ ബാഹിലി (റ) പറഞ്ഞിരിക്കുന്നത്.

തീവ്രവാദി ചിന്തഗതിക്കാർ യുവാക്കളുടെ മനസ്സുകളെ പലനിലക്കും സ്വാധിനിച്ച് വഴിപിഴപ്പിക്കും. വിവേകത്തെക്കാൾ വികാരങ്ങൾ കുത്തിനിറക്കും. ദൈവകാരുണ്യത്തിൽ പ്രതീക്ഷ ഇല്ലാതാക്കും. പശ്ചാത്താപത്തിന്റെ ആശയത്തെ തെറ്റായി വ്യാഖ്യാനിക്കും. സംഭവങ്ങളെ പ്രശ്‌നവൽക്കരിക്കും. ഇരവാദമുണ്ടാക്കി ഗൂഢാലോചനകൾ നടത്തും. മെസ്സേജുകളിലൂടയെും പാട്ടുകളിലൂടെയും ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയും ഇത്തരത്തിൽ പ്രചരണങ്ങൾ നടത്തി സമൂഹത്തിന്റെയും നാടിന്റെയും വ്യവസ്ഥകൾക്കെതിരെ തിരിയും. യുവാക്കളേ ജാഗരൂകരാവുക. 


സുഭദ്രമായ കുടുംബം തീവ്രവാദ സ്വാധീനങ്ങളെ ചെറുക്കുന്നതായിരിക്കും. പിതാക്കൾ മക്കളിലെ മാറ്റങ്ങളെയും ചായ്‌വുകളെയും അറിഞ്ഞിരിക്കണം. ലക്ഷണം തോന്നിയാൽ സ്വതന്ത്രമായ സംഭാഷണത്തിന് അവസരമുണ്ടാക്കണം. ഉപദേശിക്കണം. ഉപദേശത്തിലൂടെ മാറ്റമില്ലെങ്കിൽ ഔദ്യോഗിക സംവിധാനങ്ങളെ വിവരമറിയിച്ച് മക്കളെ ചെന്നായക്കൂട്ടങ്ങളിൽ നിന്ന് രക്ഷിക്കണം.  

തീവ്രവാദികൾ മനുഷ്യത്വം മരവിച്ചവരാണ്. അവർ സ്വാന്തന സഹായ പ്രവർത്തനങ്ങളുടെ മറവിൽ ഭീകരവാദം വളർത്തുന്നവരാണ്. ജാഗ്രത കാട്ടുക. അവരുടെ കളിയിൽപ്പെട്ടു പോവരുത്. അത്തരക്കാരെ ക്കുറിച്ചാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്: ചിലയാളുകൾ ഇങ്ങനെയുണ്ട്, ഇഹലോക ജീവിതത്തെപ്പറ്റിയുള്ള അവന്റെ സംസാരം താങ്കളിൽ കൗതുകം ജനിപ്പിക്കും. ഉദ്ദേശ്യശുദ്ധി ദ്യോതിപ്പിക്കാൻ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തും, എന്നാൽ വസ്തുത അവൻ ബദ്ധവൈരിയാണ്. പിരിഞ്ഞുപോയാൽ നാട്ടിൽ കുഴപ്പമുണ്ടാക്കാനും കൃഷി നശിപ്പിക്കാനും ജീവഹത്യക്കും തീവ്രയത്‌നം നടത്തും. നാശമുണ്ടാക്കുന്നത് അല്ലാഹു തൃപ്തിപ്പെടില്ല (സൂറത്തുൽ ബഖറ 204, 205).


back to top