യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 08/08/2025
മനുഷ്യന്റെ ജന്മത്തിനും മരണത്തിനുമിടക്കുള്ള വ്യത്യസ്ത ജീവിതഘട്ടങ്ങളിലെ പ്രബലവും ശക്തവുമായ ഘട്ടമാണ് യുവത്വം. നാടിന്റെ വർത്തമാനവും ഭാവിയും യുവാക്കളുടെ കൈകളിലാണ്.
യുവാക്കളേ, നിങ്ങൾക്ക് അല്ലാഹു മനക്കരുത്തും ചിന്താശേഷിയും ബുദ്ധിക്ഷമതയും ശാരീരികപുഷ്ടിയുമെല്ലാം നൽകി അനുഗ്രഹിച്ചിരിക്കുകയാണ്. അതെല്ലാം ഉപയോഗപ്പെടുത്തി അല്ലാഹുവിലുള്ള സത്യവിശ്വാസം ബലപ്പെടുത്തുക. സത്യവിശ്വാസികളായ യുവതയെ അല്ലാഹു ഖുർആനിൽ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്: അവർ തങ്ങളുടെ നാഥനിൽ വിശ്വാസമർപ്പിച്ച യുവാക്കളായിരുന്നു, അവർക്കു നാം സന്മാർഗനിഷ്ഠ വർദ്ധിപ്പിച്ചുകൊടുത്തിട്ടുണ്ട് (സൂറത്തുൽ കഹ്ഫ് 13). സത്യവിശ്വാസികളായ യുവാക്കൾ സന്മാർഗികളും ശാന്തിസമാധാനമുള്ളവരുമായിരിക്കും.
യുവാക്കളേ, ആരാധനാകർമ്മങ്ങൾ നിഷ്ഠയോടെ നിർവ്വഹിക്കുക, നിങ്ങളുടെ ജീവിതം സന്തോഷപൂർണമായിരിക്കും. അല്ലാഹു പറയുന്നുണ്ട്: പുരുഷനോ സ്ത്രീയോ ആകട്ടെ, സത്യവിശ്വാസിയായി സൽക്കർമ്മം അനുഷ്ഠിക്കുന്ന ആർക്കും ഉത്തമമായൊരു ജീവിതം നാം അനുഭവിപ്പിക്കുക തന്നെ ചെയ്യും (സൂറത്തുന്നഹ് ല് 97).
യുവത്വം എന്ന അനുഗ്രഹത്തെ മുതലാക്കണം. അത് ഉത്തരവാദിത്വപ്പെട്ട സൂക്ഷിപ്പുബാധ്യതയെന്നും അതേപ്പറ്റി അല്ലാഹു വിചാരണ ചെയ്യുമെന്നും ബോധമുണ്ടായിരിക്കണം. അഞ്ചുകാര്യങ്ങൾ ഉണ്ടാവുന്നതിന് മുമ്പായി മറ്റു അഞ്ചുകാര്യങ്ങൾ മുതലെടുക്കണമെന്ന് നബി (സ്വ) ഉപദേശിച്ചിട്ടുണ്ട്, വാർദ്ധക്യം ബാധിക്കുന്നതിന് മുമ്പായി യുവത്വത്തെ മുതലാക്കണമെന്നതാണ് അതിലൊന്ന് (ഹദീസ് സുനനുൽ നസാഈ 11832). മറ്റൊരിക്കൽ നബി (സ്വ) പറയുകയുണ്ടായി: അന്ത്യനാളിൽ അഞ്ചുകാര്യങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നത് വരെ അല്ലാഹുവിന്റെ സവിധത്തിൽ മനുഷ്യരുടെ ഇരുപാദങ്ങളും അനങ്ങുകയില്ല, യുവത്വം എങ്ങനെ ചിലവഴിച്ചുവെന്നതാണ് അതിലൊരു ചോദ്യം (ഹദീസ് തുർമുദി 2416).
യുവസമൂഹമേ, ആയുസ്സിലെ വിലപ്പെട്ട സമയങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റു കളിവിനോദങ്ങളിലുമായി പാഴാക്കരുത്. നാശങ്ങളിലേക്ക് സ്വയം വഴിവെക്കരുത്. ഇബ്‌നു മസ്ഊദ് (റ) പറയുന്നുണ്ട്: ഒരു പുരുഷൻ ഭൗതികമോ ആത്മീയമോ ആയ കർമ്മങ്ങളിൽ മുഴുകാതെ വെറുതെയിരിക്കുന്നത് കാണലിനെ ഞാൻ വെറുക്കുന്നു.
കഴിവുകളെ തിരിച്ചറിയുക. നൈപുണ്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. അഭിരുചി ഏതിലാണെന്ന് കണ്ടെത്തി അതിസൂക്ഷ്മമായി ലക്ഷപ്രാപ്തിയിലേക്ക് ഗമിക്കുക. അധ്വാനിക്കുക. മടിയും മറ്റുള്ളവരെ ആശ്രയിക്കുന്നതും ഒഴിവാക്കുക. കച്ചവടക്കാരനായ അബ്ദുല്ലാ ബ്‌നു ജഅ്ഫ (റ)റിനെ നബി (സ്വ) കച്ചവടക്കാര്യത്തിൽ പ്രോത്സാപ്പിച്ചുകൊണ്ട് ബർക്കത്തുണ്ടാവാൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് (അബൂയഅ്‌ലാ 2/168).
നന്നായി അധ്വാനിക്കുക. പിതാക്കളുടെയും മറ്റു പൂർവ്വികരുടെയും അനുഭവങ്ങളും യുക്തികളും മനസ്സിലാക്കുക. അശ്രദ്ധയും ദേഹേഛകളും വെടിയുക. യുവത്വം നഷ്ടപ്പെടുത്തിവന് ഒരു വീണ്ടെടുപ്പ് സാധ്യമല്ല. ഖേദിക്കുകയേ മാർഗമുള്ളൂ.
യുവത്വം പഠിക്കാനും അറിവുകൾ നുകരാനും വായിക്കാനുമുള്ള അസുലഭ ഘട്ടമാണ്. വിജ്ഞാനീങ്ങൾ നേടിയ യുവതയിലാണ് നാടിന്റെ യഥാർത്ഥ സമ്പത്തുക്കളും നേട്ടങ്ങളും കുടികൊളളുന്നതെന്നാണ് യുഎഇ രാഷ്ട്രത്തലവൻ മുഹമ്മദ് ബ്‌നു സായിദ് അവർകൾ പറഞ്ഞിരിക്കുന്നത്. പഠനം തുടരുക. പഠനം യുക്തിയും ബുദ്ധികൂർമ്മതയും വളർത്തും.
ചാരിത്ര്യശുദ്ധി പാലിക്കുക. ചാരിത്യം സംരക്ഷിക്കുന്നവരെ അല്ലാഹു സഹായിക്കുന്നതായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). യുവാക്കൾ പെട്ടെന്നുതന്നെ വിവാഹം കഴിക്കുക. വിവാഹം ചാരിത്യം സംരക്ഷിക്കുന്ന കാര്യമാണ്. നബി (സ്വ) പറയുന്നുണ്ട്: യുവസമൂഹമേ, നിങ്ങളിൽനിന്ന് വിവാഹം കഴിക്കാനാവതുള്ളവർ വിവാഹം കഴിക്കുക, വിവാഹം കണ്ണുകളെ അടപ്പിക്കുന്നതും ഗുഹ്യത്തെ സംരക്ഷിക്കുന്നതുമാണ് (ഹദീസ് ബുഖാരി, മുസ്ലിം).
ഒറ്റക്കിരിക്കുന്ന സ്വാതന്ത്ര്യത്തിൽ മോശത്തരങ്ങൾ ചെയ്യരുത്. അത് ദൈവകോപം വരുത്തും, അനുഗ്രഹങ്ങൾക്ക് വിലങ്ങാവും, ക്ഷയം ഉണ്ടാക്കും, ആരോഗ്യം നശിപ്പിക്കും. ആരോഗ്യമാണല്ലൊ ഓരോത്തരുടെയും മൂലധനവും വാർദ്ധക്യത്തിലുള്ള സജ്ജീകരണവും. യുവത്വകാലത്ത് അവയവങ്ങളെ സൂക്ഷിച്ചാൽ വാർദ്ധക്യകാലത്ത് അല്ലാഹു അവക്ക് കാവലൊരുക്കും.
സ്വന്തത്തിനോടും കുടുംബത്തിനോടും ബാധ്യതകളിൽ ഉത്തരവാദിത്വബോധമുള്ളവരാകുക. നാടിന്റെയും സമൂഹത്തിന്റെയും നന്മകൾക്കായി പ്രവർത്തിക്കുക. സ്വത്വവും സംസ്‌കാരവും നാട്ടുനന്മകളും ഭാഷയും സംരക്ഷിക്കുക. പണ്ഡിതരുടെയും അനുഭവജ്ഞരുടെയും സദസ്സുകളിൽ പങ്കെടുക്കുക.
ഏതവസ്ഥയിലും നാവും മറ്റു അവയവങ്ങളും സൂക്ഷിക്കുക. പ്രശ്‌നങ്ങളിൽ നിന്നും ദേഹേഛകളിൽ നിന്നും മറ്റു ആസക്തികളിൽ നിന്നും മാറിനിൽക്കുക. അതൊക്കെയാണ് ബുദ്ധിമാന്മാരുടെ സ്വഭാവം. നബി (സ്വ) പറയുന്നു: നിനക്ക് ഉപകാരമുള്ള കാര്യങ്ങൾ ആഗ്രഹിക്കുക, അല്ലാഹുവിനോട് സഹായം തേടുക, അശക്തനാവരുത് (ഹദീസ് മുസ്ലിം 2664).

