കൂട്ടുകാരൻ എന്ന നിഴൽ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 01/08/2025

രക്തബന്ധമോ കുടുംബബന്ധമോ ഇല്ലാതെ തന്നെ ബന്ധുവാകുന്നവനാണ് സുഹൃത്ത്. പരീക്ഷണങ്ങളിൽ കൂടെനിൽക്കുന്നവനാണവൻ. ചിലവില്ലാതെ ഉപദേശനിർദേശങ്ങൾ നൽകുന്നവനാണ് സുഹൃത്ത്. വീഴ്ചകൾ ശരിപ്പെടുത്തുന്നവനാണവൻ. ആവശ്യങ്ങൾക്ക് പിൻബലമേകുന്നവനാണവൻ. ആപത്തുകാലത്ത് കൈവിടില്ല അവൻ. ഐശ്വര്യകാലത്ത് ചൂഷണം ചെയ്യില്ല അവൻ. ദൈവസ്മരണ ഉണ്ടാക്കുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ. ഏതുഘട്ടത്തിലും ധൈര്യം പകരുന്നവനാണ് അവൻ.

അറബി ഭാഷയിൽ കൂട്ടുകാരന് സ്വദീഖ് എന്ന വാക്കാണ് പ്രയോഗിക്കപ്പെടുന്നത്. സത്യസന്ധത എന്നർത്ഥമാക്കുന്ന സ്വിദ്ഖ് എന്ന മൂലപദത്തിൽ നിന്ന് നിഷ്പന്നമായതാണ് സ്വദീഖ്. അതായത് സ്‌നേഹബന്ധത്തിൽ സത്യസന്ധത പാലിക്കുന്നവനാണ് കൂട്ടുകാരനെന്ന് മനസ്സിലാക്കാം. പരിശുദ്ധ ഖുർആനിൽ അല്ലാഹു സ്വന്തം കുടുംബക്കാരുടെയും ബന്ധക്കാരുടെയും വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പരാമർശിക്കുന്നിടത്ത് സ്‌നേഹിതരുടെ വിടുകളിൽ നിന്നും ഭക്ഷണം കഴിക്കുന്ന കാര്യം എടുത്തുപറയുന്നുണ്ട് (സൂറത്തുന്നൂർ 61). സ്‌നേഹിതരും ഒരുതരം ബന്ധുക്കളായത് കൊണ്ടാണത്. 


പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ സഹകാരിയും സഹചാരിയുമായ ഉറ്റസുഹൃത്തായിരുന്നു അബൂബക്കർ സിദ്ധീഖ് (റ). ആ ദൃഢബന്ധത്തിന്റെയും സഹവാസത്തിന്റെയും പാരസ്പര്യത്തിന്റെയും ഉദാത്ത കഥനം ഹിജ്‌റാ ചരിതത്തിലൂടെ വിശുദ്ധ ഖുർആൻ വിവരിച്ചിട്ടുണ്ട്. നിഷേധികൾ നബി (സ്വ) യെ മക്കയിൽ നിന്നു പുറത്താക്കുകയും ഇരുവരിലൊരാളാവുകയും ചെയ്തപ്പോൾ അവരിരുവരും ആ ഗുഹയിലായപ്പോൾ അവൻ നബിയെ സഹായിച്ചിട്ടുണ്ട്. ദുഖിക്കേണ്ട, അല്ലാഹു നാമൊന്നിച്ചുണ്ട് തീർച്ച (സൂറത്തുത്തൗബ 40). 

സുഹൃത്ത് എന്നത് ഒന്നുങ്കിൽ നന്മയിലേക്കുള്ള വാതായനമായിരിക്കും, അല്ലെങ്കിൽ തിന്മയിലേക്കുള്ള പ്രവാഹമായിരിക്കും. നബി (സ്വ) നല്ല കൂട്ടുകാരനെ ഉപമിച്ചിരിക്കുന്നത് കസ്തൂരി ചുമക്കുന്നയാളോടാണ്, കാരണം അയാൾ ഒന്നുങ്കിൽ കസ്തൂരി വിറ്റ് സുഗന്ധം വിതരണം ചെയ്യും, അല്ലെങ്കിൽ സ്വന്തം ഉപയോഗിച്ച് സുഗന്ധപൂരതമാവും. ചീത്ത കൂട്ടുകാരനെ ഉപമിച്ചിരിക്കുന്നത് പണിശാലയിലെ ഉലയൂത്തുകാരനോടാണ്. ഉലയൂത്തുകാരൻ ഒന്നുങ്കിൽ ഊതിയൂതി അവിടെയുള്ളവരുടെ വസ്ത്രം കരിച്ചിരിക്കും അല്ലെങ്കിൽ സുഖകരമല്ലാത്ത മണം വാസനിക്കേണ്ടിവരും (ഹദീസ് ബുഖാരി, മുസ്ലിം).

ലുഖ്മാൻ (റ) സ്വന്തം മകനെ ഉപദേശിക്കുന്നുണ്ട്: ഒരുത്തൻ ചീത്ത കൂട്ടുകാരനോട് സഹവസിക്കുന്നുവെങ്കിൽ അവൻ രക്ഷപ്പെടുകയില്ല, നല്ല കൂട്ടുകാരനോട് സഹവസിക്കുന്നുവെങ്കിൽ അവനിക്ക് മുതൽകൂട്ടായിരിക്കും. 

നല്ല കൂട്ടുകാരൻ നല്ലതേ വരുത്തുള്ളൂ. അവൻ ഔന്നത്യം സമ്മാനിക്കും. ചീത്ത കൂട്ടുകാരൻ നേരെമറിച്ചും. അവൻ അധപതനത്തിലേക്കും പ്രതിസന്ധികളിലേക്കും തള്ളിവിടും. ചിന്തിക്കുന്നവർ പാഠമുൾക്കൊള്ളട്ടെ. 

ഓരോർത്തരും ചിന്തിച്ചാലോചിച്ചു മാത്രമേ സുഹൃത്തിനെ തെരഞ്ഞെടുക്കാവൂ. സത്യവിശ്വാസിയെ കൂടെകൂട്ടാനാണ് നബി (സ്വ) യുടെ ഉപദേശം (ഹദീസ് മുസ്‌നദു അഹ്‌മദ് 11646). അവൻ ആത്മീയമായും ഭൗതികമായും സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നവനായിരിക്കും. 

മതബോധവും ബുദ്ധിയുമുള്ളവനായിരിക്കണം ചങ്ങാതി. അവന്റെ സാമീപ്യം മടുപ്പിക്കില്ല. വിദൂരത്താണെങ്കിലും അവൻ മറക്കുകയില്ല. അവനോട് അടുത്താൽ ആശ്വാസമേകും, ദൂരത്തായാൽ കാവൽ കരുതും. സഹായം ചോദിച്ചാൽ സഹായിക്കും. വല്ല ആവശ്യമുണ്ടെങ്കിൽ നിറവേറ്റിത്തരും. 

സ്വന്തം കൂട്ടുകാരനോട് നന്നായി വർത്തിക്കുന്നവനാണ് അല്ലാഹുവിങ്കൽ ഏറ്റവും നല്ല കൂട്ടുകാർ (ഹദീസ് തുർമുദി 1944).


നല്ല കൂട്ടുകാരൻ നല്ല വൃക്ഷത്തെ പോലെയാണ്. അത് തണൽ തരും, ഫലങ്ങൾ നൽകും. എന്നാൽ ചീത്ത കൂട്ടുകാരൻ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും നിന്നെ ദ്രോഹിക്കും. അവന്റെ ദുഷ്‌പേര് നിന്നിലും ചാർത്തപ്പെടും. അവൻ നിന്റെ സമയങ്ങൾ എന്നല്ല നിന്റെ ആയുസ്സ് തന്നെ നാശത്തിലാക്കും. അങ്ങനെയുള്ളവരെ കരുതിയിരിക്കുക. അവന്റെ ഉപദ്രവങ്ങൾ ഒരിക്കൽ മാത്രമല്ല ഏൽക്കേണ്ടിവരിക. നിരന്തരം നിരനിരയായി വരും. അങ്ങനെ ഐഹികജീവിതവും പാരത്രിക ജീവിതവും പരാജയത്തിലാക്കും. സൂറത്തുൽ ഫുർഖാൻ 28, 29 സൂക്തങ്ങളിൽ പറഞ്ഞ പ്രകാരം 'ഹാ കഷ്ടം ഇന്നയാളെ ഞാൻ മിത്രമാക്കിയിട്ടില്ലായിരുന്നുവെങ്കിൽ..' എന്ന് ആശിച്ചുപോവാൻ ഇടവരുത്തരുത്. 

കൂട്ടുകാരൻ ഒരു ചാലകശക്തിയാണ്. അതുകൊണ്ടാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്: ഒരാൾ അയാളുടെ കൂട്ടുകാരന്റെ ആദർശം പോലെയായിരിക്കും, അതിനാൽ ഒരാളെ കൂട്ടുകാരനാക്കുന്നതിന് മുമ്പ് ചിന്തിച്ചു തീരുമാനമെടുക്കുക (ഹദീസ് അബൂദാവൂദ് 4833, അഹ്‌മദ് 8641). 

ഒരാളെക്കുറിച്ച് അറിയാൻ അയാളുടെ കൂട്ടുകാരനെ അറിഞ്ഞാൽ മതിയാവും. കാരണം സ്വന്തം കൂട്ടുകാർ ഓരോ കാര്യത്തിലും പരസ്പരം തുടരുന്നവരായിരിക്കും. 

നാം മക്കളെ നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കാൻ സഹായിക്കണം. ആരെ കൂട്ടുകൂടുന്നതെന്ന് അറിഞ്ഞിരിക്കണം. അവരുടെ ഓരോ കാര്യത്തിലും നിരീക്ഷണമുണ്ടായിരിക്കണം. മക്കളിൽ മതസാമൂഹിക മൂല്യങ്ങൾ വളർത്തി നല്ല ഭാവി ഉറപ്പുവരുത്തുക. മക്കൾ ചീത്തകൂട്ടുകെട്ടിൽപ്പെട്ട് സ്വന്തം ജീവിതത്യാഗങ്ങൾ വെറുതെയാവാതിരിക്കാൻ ജാഗ്രത പാലിക്കുക. 


മക്കൾ ഓരോ രക്ഷിതാക്കളുടെയും സൂക്ഷിപ്പുബാധ്യതയാണ്. അവർ നാടിന്റെ ഭാസുര വാഗ്ദാനങ്ങളാണ്. അവരുടെ കാര്യത്തിൽ അല്ലാഹുവിങ്കൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഉണർന്ന് പ്രവർത്തിക്കുക.


back to top