യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 25/07/2025
അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ)ക്ക് അവതീർണമായ വിശുദ്ധ ഖുർആൻ സമ്പൂർണതയുടെ വേദഗ്രന്ഥമാണ്. സർവ്വർക്കും മാർഗദർശനമായ ഖുർആനിന് സാമ്യമായതൊന്നുമില്ല. കാരണം അത് അല്ലാഹുവിന്റെ വചനങ്ങളാണ്. അന്ത്യനാൾ വരെ നിലനിൽക്കുന്നമെന്ന അമാനുഷികതയും ഖുർആനിന്റെ പ്രത്യേകതയാണ്. അല്ലാഹുവിന്റെ മികച്ച പ്രമാണവുമാണ് (സൂറത്തു അൻആം 149). അതിൽ കൂടുതലുമില്ല, കുറവായും ഒന്നുമില്ല. മുന്നിലും പിന്നിലും നിന്ന് യാതൊരു ശൈഥില്യവുമേശാത്തതും യുക്തിമാനും സതുത്യർഹനുമായവന്റെ പക്കൽ നിന്ന് അവതീർണമായതുമായ ഒരജയ്യ വേദമത്രെ അത് (സൂറത്തു ഫുസ്സ്വിലത്ത് 42).
മാതാപിതാക്കൾ മക്കളെ പഠിപ്പിക്കുന്നതിൽ വെച്ച് ഏറ്റവും ഉപകാരപ്രദമായും ധന്യമായതും വിശുദ്ധ ഖുർആനാണ്. അബ്ദുല്ലാ ബ്‌നുൽ ആസ്വ് (റ) പറയുന്നു: നിങ്ങൾ ഖുർആൻ മുറുകെ പിടിക്കുക, ഖുർആൻ പഠിക്കുക, മക്കൾക്ക് പഠിപ്പിക്കുക. നിശ്ചയമായും നിങ്ങൾ അക്കാര്യത്തിൽ ചോദ്യം ചെയ്യപ്പെടും, അതിന്റെ കാര്യത്തിൽ പ്രതിഫലങ്ങൾ ലഭിക്കുകയും ചെയ്യും. ചിന്തിക്കുന്നവർക്ക് ഏറ്റവും നല്ല ഉപദേശകനായി ഖുർആൻ തന്നെ മതി (ശിഅബുൽ ഈമാൻ 4834).
ഖുർആൻ പഠനത്തിലൂടെ മക്കൾക്ക് ശാന്തിയും സമാധാനവും മാർഗദർശനവും കാരുണ്യക്കടാക്ഷവും ഉണ്ടാവുന്നു. ഖുർആൻ സത്യവിശ്വാസികൾക്ക് മാർഗദർശകവും കാരുണ്യവും തന്നെയത്രെ (സൂറത്തുന്നംല് 77). അല്ലാഹുവുമായുള്ള അവരുടെ ബന്ധം ദൃഢപ്പെടുകയും അവരിൽ നല്ല ചിന്തകളുണ്ടാവുകയും ജീവിതയാത്രയിലെ പ്രതിസന്ധകളിൽ നിന്ന് അല്ലാഹു അവരെ രക്ഷിക്കുകയും ചെയ്യും. കഷ്ടപ്പെടാനല്ല നാം ഖുർആൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളതാണ് (സൂറത്തു ത്വാഹാ 02).
അതേ, ഖുർആനിനെ അനുധാവനം ചെയ്താൽ ജീവിതവിജയമുണ്ടാവും. പ്രവാചകരെ (സ്വ) പിന്തുടർന്നുകൊണ്ട് സ്വഭാവമഹിമകളുണ്ടാവും. കാരണം നബി (സ്വ) യുടെ സ്വഭാവം ഖുർആനായിരുന്നുവെന്നാണ് പ്രിയ പത്‌നി ആയിശാ (റ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് (ഹദീസ് മുസ്ലിം 746).
മക്കൾ ഖുർആൻ മനപാഠമാക്കുകയാണെങ്കിൽ ബുദ്ധി വികസിക്കുകയും ഗ്രാഹ്യശക്തി വികേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. മാത്രമല്ല അറബി ഭാഷയിൽ അവഗാഹമുണ്ടാവും, സാഹിത്യചേതനയുണ്ടാവുകയും ചെയ്യും. തീർച്ചയായും സ്ഫുടമായ അറബി ഭാഷയിലാണ് ഖുർആൻ ഇറങ്ങിയിരിക്കുന്നത് (സൂറത്തുശ്ശുഅറാഅ് 195). ഖുർആൻ പഠനത്തിലൂടെ മക്കളുടെ ഭാഷാവൈഭവം, സംസ്‌കാരം, പൂർവ്വചരിത വിവരം, സ്വഭാവവൈശിഷ്ട്യം, വിത്യസ്ത ശാസ്ത്രജ്ഞാനങ്ങൾ എന്നിവയെല്ലാം വർദ്ധിക്കുന്നു. മാത്രമല്ല മനസ്സിന് ശാന്തിയും സ്വസ്ഥതയും കൈവരുന്നു. സത്യവിശ്വാസം കൈക്കാള്ളുകയും ദൈവസ്മരണയാൽ മനസ്സമാധാനമാർജിക്കുകയും ചെയ്തവരെ തന്നിലേക്കവൻ മാർഗദർശനം ചെയ്യുന്നു. അറിയുക ദൈവസ്മരണകൊണ്ടു മാത്രമേ ഹൃദങ്ങൾക്കു പ്രശാന്തി കൈവരൂ (സൂറത്തു റഅ്ദ് 28). നിശ്ചയം ഈ ഖുർആൻ ഋജുവായതിലേക്ക് നയിക്കുന്നു (സൂറത്തുൽ ഇസ്‌റാഅ് 09).
മനുഷ്യന്റെ ഐഹികവും പാരത്രികവുമായ സകല നന്മകളും പരിശുദ്ധ ഖുർആനിൽ കുടികൊള്ളുന്നുവെന്നാണ് മഹാനായ ശൈഖ് സായിദ് (റഹിമഹുല്ലാഹ്) ഖുർആനിന്റെ പ്രാധാന്യത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞിരിക്കുന്നത്. ഖുർആൻ പഠനത്തിന് അതിപ്രാധാന്യം നൽകിയത് കൊണ്ടുതന്നെയാണ് മഹാനവർകൾ യുഎഇയിൽ ഖുർആൻ പ്രിന്റിങ് സംവിധാനവും അവാർഡ് സംഘാടനവും അതിവൃഹത്തായി നടത്തിക്കൊണ്ടിരിക്കുന്നത്. നാം മക്കളെ ഖുർആൻ പഠിപ്പിക്കാൻ മസ്ജിദുകളിലും മറ്റും നടത്തപ്പെടുന്ന ഔദ്യോഗിക പദ്ധതികളും വിജ്ഞാനസദസ്സുകളും ഖുർആൻ ഹിഫ്‌ള് കേന്ദ്രങ്ങളും ഉപയോഗപ്പെടുത്തുക.
ഓൺലൈൻ ഫ്‌ളാറ്റ്‌ഫോമുകളിലും ഖുർആൻ പഠനങ്ങൾക്കായി ആധികാരിക സംവിധാനങ്ങൾ മാത്രം തെരഞ്ഞെടുക്കുക. ഖുർആനിക സൂക്തങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന കൂട്ടരെ കരുതിയിരിക്കുക.

