യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 15/05/2026
ഇന്നത്തെ ജുമുഅ ഖുത്ബാ വിഷയം പിതാവാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹു ജനയിതാവായ പിതാവിനെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ട് (സൂറത്തുൽ ബലദ് 3). ഓരോ കുടുംബത്തിനും പിതാവാണ് നെടുംതൂണ്. പിതാവ് ഓരോ വീട്ടിലെയും നിലക്കാത്ത കാരുണ്യപ്രവാഹമാണ്. താങ്ങാണ്. തണലാണ്. കുടുംബത്തിന്റെ അത്താണിയാണ്. കുടുംബത്തിന്റെ ഭാരങ്ങൾ പേറുന്ന ഉത്തരവാദിത്വപ്പെട്ട ഭാരവാഹിയുമാണ്..
യഅ്ഖൂബ് നബി (അ) മകൻ യൂസുഫിന്റെ അസാന്നിധ്യം ഖേദമുണ്ടാക്കുന്നതാണെന്ന് മറ്റു മക്കളോട് പറയുന്നത് ഖുർആൻ വിവരിക്കുന്നുണ്ട് : അദ്ദേഹം പറഞ്ഞു: നിങ്ങൾ അവനെ കൊണ്ടു പോകുക എന്നത് തീർച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ് (സൂറത്തു യൂസുഫ് 13). ശേഷം യൂസുഫിൻെ തിരോധാനത്താലുള്ള ദുഖഭാരത്താൽ പിതാവിന്റെ ഇരു കണ്ണുകൾ വെളുത്തുപോയി (സൂറത്തു യൂസുഫ് 84).
സമാനതകളില്ലാതെ, പകരങ്ങളില്ലാത്ത പരിഭവങ്ങളൊന്നുമില്ലാതെ കുടുംബത്തിന്റെ വിശിഷ്യാ മക്കളുടെ സന്തോഷങ്ങൾ ആഗ്രഹിക്കുന്ന രക്ഷിതാവാണ് പിതാവ്. ആരോടും പരാതികളില്ലാതെ മക്കളുടെ പരിപാലനത്തിനും പഠനത്തിനും മറ്റു ഉയർച്ചകൾക്കും രാപകലില്ലാത്ത കഷ്ടപ്പെടുന്ന പിതൃമനസ്സിനൊപ്പമെത്താൻ ആർക്കുമാവില്ല. പിതാവില്ലാത്തവർക്കറിയാം ആ കരുതലിന്റെ വിലയും നിലയും.
ഒരു മകനും പിതാവിനെ വിലകുറച്ചു കാണാനാവില്ല. അദ്ദേഹത്തിനോട് ശബ്ദമുയർത്തി സംസാരിക്കരുത്. മുഖം ചുളിക്കരുത്. പിതാവിൽ നിന്ന് ഓടിമറയരുത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ പരിഹസിക്കരുത്.
അല്ലാഹു അവനെ ആരാധിക്കാൻ കൽപ്പിക്കുന്നതോടൊപ്പമാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യാൻ പറഞ്ഞിരിക്കുന്നത് (സൂറത്തുൽ ഇസ്‌റാഅ് 23). പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ തൃപ്തി പിതാവിന്റെ തൃപ്തിയിലധിഷ്ഠിതമാണ്, അല്ലാഹുവിന്റെ കോപം പിതാവിന്റെ കോപത്തിലധിഷ്ഠിതമാണ് എന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 1899).
സ്വന്തം മക്കളുടെ വേദനയിൽ പിടയുന്ന മനസ്സാണ് പിതാവിന്റേത്. മക്കൾ പിതാവിനെ ബുദ്ധിമുട്ടിക്കുന്നത് താങ്ങാവുന്നതിലപ്പുറമാണ്. പിതാവിനെ പ്രയാസപ്പെടുത്തുന്നവർക്ക് അന്ത്യനാളിൽ ഭയാനകമായ ശിക്ഷയാണ് വരാനിരിക്കുന്നത്.
മക്കൾ പിതാവിന് സേവനം ചെയ്യണം. അനുസരിക്കണം. സദാ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണം. സഹോദരങ്ങൾ തമ്മിൽ തർക്കിക്കരുത്. അത് പിതാവിനെ വേദനിപ്പിക്കും. കാര്യങ്ങളിൽ പിതാവിനോട് കൂടിയാലോചന നടത്തണം. പിതാവിന്റെ തലയും കൈയും ചുംബിക്കണം. ബഹുമാനിക്കണം. മാനിക്കണം.
ഫാത്വിമ (റ) പിതാവായ നബി (സ്വ)യോട് ചെയ്തത് ജീവിതത്തിൽ പകർത്തണം. നബി (സ്വ) മകളായ ഫാത്വിമ (റ)യുടെ വീട്ടിൽ പോയാൽ മഹതി എഴുന്നേറ്റ് പിതാവിന്റെ കൈ പിടിക്കുകയും കൈ ചുംബിക്കുകയും ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്യുമായിരുന്നു (ഹദീസ് അബൂദാവൂദ് 5217).
പിതാവിന് സമയവും ധനവും ചെലവഴിക്കണം. നമ്മുടെ സമ്പത്തിന്റെ സോത്രസ്സും കാരണവും പിതാവാണ്. ആ പിതാവിനോട് പിശുക്ക് കാട്ടരുത്. നീയും നിന്റെ സമ്പത്തും നിന്റെ പിതാവിനുള്ളതാണ് എന്നൊരു ഹദീസുണ്ട് (ഇബ്‌നുമാജ 2219). നമ്മുടെ ചെറുപ്പത്തിലും കൗമാര്യത്തിലുമെല്ലാം പഠനത്തിനും ജോലിക്കുമെല്ലാം സമയങ്ങളും ധനങ്ങളും കണക്കില്ലാതെ ചെലവഴിച്ചത് പിതാവാണല്ലൊ. പിതാവിന്റെ സങ്കടങ്ങളിൽ മക്കൾ പങ്കുചേരലുണ്ടോ?. പിതാവ് സ്വർഗവാതായനങ്ങളിലെ പ്രധാനപ്പെട്ടതാണെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 1900). പിതാവിന് നന്മ ചെയ്യുന്നവർക്ക് ആ സ്വർഗവാതിൽ തുറക്കപ്പെടും, പ്രയാസപ്പെടുത്തുന്നവർക്ക് അടക്കപ്പെടും. പിതാവിനുള്ള അവകാശങ്ങൾ വകവെച്ചുനൽകുക. ആ യത്‌നങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക. പിതാവിന് കൂട്ടിരിക്കുക, ആ സാന്നിധ്യത്തിൽ ശബ്ദം താഴ്ത്തുക.
പിതാവിനെ പേരുകൊണ്ട് വിളിക്കരുത്, മുന്നിൽ നടക്കരുത്, മുമ്പിലായി ഇരിക്കരുത് (അദബുൽ മുഫ്‌റദ്, ബുഖാരി 44). പിതാവിനോട് ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കുക.
പിതാമഹൻ (വല്യുപ്പ) പിതാവിന്റെ സ്ഥാനത്താണെന്നാണ് പല സ്വഹാബി പ്രമുഖരും പറഞ്ഞിരിക്കുന്നത്. സ്വഭാവികമായും മനുഷ്യന് പ്രായമാവുമ്പോൾ ആരോഗ്യകരമായി ക്ഷീണിക്കും, ആ സമയത്ത് ബലമേകേണ്ടത് മക്കളാണ്. മാതാപിതാക്കളുടെയോ പിതാമഹന്റെയോ വാർധക്യകാലത്ത് അവർക്കായി സേവനങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണം. അല്ലാഹു പറയുന്നുണ്ട്: മാതാപിതാക്കളിൽ ഒരാളോ അവർ രണ്ടു പേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ അവരോട് കയർക്കുകയോ ചെയ്യരുത്, അവരോട് നീ മാന്യമായ വാക്ക് പറയുക (സൂറത്തുൽ ഇസ്‌റാഅ് 23).
പിതാവിന്റെയോ പിതാമഹന്റെയോ ജീവിതകാലത്ത് അവരോടൊപ്പമുള്ള ജീവിതനിമിഷങ്ങൾ സന്തോഷകരമായി ഉപയോഗപ്പെടുത്തുക. അവരുടെ തൃപ്തി നേടുക, പ്രാർത്ഥിക്കാൻ ആവശ്യപ്പെടുക. പിതാവിന്റെ പ്രാർത്ഥനക്ക് ഉത്തരം ഉറപ്പാണത്രെ (ഹദീസ് അബൂദാവൂദ് 1536).
പിതാക്കളോടുള്ള ബാധ്യതകളിൽ വീഴ്ച വരുത്തിയവർ ഇന്നുമുതൽ പുതിയ തീരുമാനമെടുക്കണം. അവർക്കായി സേവനനിരതരാവുക. നന്മ കടമാണ്. അത് നിറവേറ്റണം. ഇബ്രാഹിം നബി (അ) പിതാവിനെ സ്‌നേഹാദരവുകളോടെ എന്റെ ഉപ്പാ എന്ന് വിളിച്ചിട്ടുണ്ട് (സൂറത്തു മർയം 43), ആ ഇബ്രാഹിം നബി (അ)നെ സ്‌നേഹപൂർവ്വം എന്റെ ഉപ്പാ എന്ന് സ്‌നേഹപൂർവ്വം വിളിക്കുന്ന മകനെയാണ് അല്ലാഹു നൽകിയത് (സൂറത്തുൽ സ്വാഫ്ഫാത്ത് 102).
പിതാവോ പിതാമഹനോ വഫാത്തായിട്ടുണ്ടെങ്കിലും അവരോട് കടപ്പാടുകൾ അവസാനിക്കുന്നില്ല. അവരുടെ ഖബ്ർ സന്ദർശിക്കണം. അവർക്കായി പ്രാർത്ഥിക്കണം. അവർക്കായി പാപമോചനം തേടണം. അവരുടെ പേരിൽ ദാനധർമ്മങ്ങൾ ചെയ്യണം. അവരുടെ നന്മകൾ എടുത്തുപറയണം. അവരുടെ കടങ്ങൾ വീട്ടണം. വസ്വിയ്യത്തുകൾ നടപ്പിലാക്കണം. അവരുടെ ബന്ധുക്കളോട് ബന്ധം പുലർത്തണം. സുഹൃത്തുക്കളെ ബഹുമാനിക്കണം. പിതാവിന്റെ സ്‌നേഹബന്ധുക്കളോട് ബന്ധം പുലർത്തുന്നത് വലിയ നന്മയെന്നാണ് നബി (സ്വ)പഠിപ്പിച്ചത് (ഹദീസ് മുസ്ലിം 2552).

