യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 22/05/2026
മനുഷ്യായുസ്സിലെ ഏറ്റവും പുണ്യദിനങ്ങളാണ് ദുൽഹിജ്ജ മാസത്തിലെ ആദ്യപത്ത്. അല്ലാഹുവിൽ നിന്നുള്ള കാരുണ്യങ്ങളും ഔദാര്യങ്ങളും പ്രവഹിക്കുന്ന ദിനങ്ങളാണവ. സൂറത്തുൽ ഫജ്ർ രണ്ടാം സൂക്തത്തിൽ തന്നെ അല്ലാഹു പത്തുരാത്രികളെ പറഞ്ഞ് ശപഥം ചെയ്യുന്നുണ്ട്. അവ ദുൽഹിജ്ജയിലെ പത്തുരാത്രികളെന്നാണ് പ്രമുഖ പണ്ഡിതാഭിപ്രായം. മാത്രമല്ല സൂറത്തുൽ ഹജ്ജ് 28ാം സൂക്തത്തിൽ പറയപ്പെട്ടിട്ടുള്ള നാൽകാലി മൃഗങ്ങളെ അറുക്കാനുള്ള നിശ്ചിത ദിവസങ്ങളും ഈ പത്തുദിവസങ്ങളാണ്.
അതായത് അല്ലാഹുവിങ്കൽ മഹത്തായ സ്ഥാനങ്ങളുള്ള നിമിഷങ്ങളാണ് ഈ ദിവസങ്ങളിലേത്. ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 2438, അഹ്‌മദ് 1968).
ഈ ദിവസങ്ങളിൽ നാം സൽക്കർമ്മങ്ങൾ അധികരിപ്പിച്ച് അല്ലാഹുവിലേക്ക് അടുക്കണം. ഈ ദിവസങ്ങളിൽ അല്ലാഹു എല്ലാ പ്രധാന ആരാധനകളും സംവിധാനിച്ചുവെച്ചിട്ടുണ്ട്. നമസ്‌കാരം, നോമ്പ്, ദാനധർമ്മം, ഹജ്ജ്, ദിക്ർ, ഖുർആൻ പാരായണം, തക്ബീർ, പ്രാർത്ഥന, പശ്ചാത്താപം, പ്രായശ്ചിത്തം, മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ, കുടുംബബന്ധം പുലർത്തൽ, ജനങ്ങളോട് നല്ല രീതിയിൽ പെരുമാറൽ ... അങ്ങനെ ഈ ദിവസങ്ങളിൽ ഇല്ലാത്ത ആരാധനാനുഷ്ഠാനങ്ങളോ സാമൂഹിക നന്മകളോ ഇല്ല. ഈ സമയങ്ങൾ ഉപയോഗപ്പെടുത്തിയവൻ ഭാഗ്യവാനാണ്.
ഈ ദിവസങ്ങളിൽ ഒരു സത്യവിശ്വാസി ഏറെ പരിഗണിക്കേണ്ട ഒരു കാര്യമാണ് തൗബ (പശ്ചാത്താപം). ചെയ്ത പാപങ്ങളിൽ നിന്ന് മനസ്സും ശരീരവും ശുദ്ധീകരിക്കുകയും അവകാശങ്ങൾ അർഹർക്ക് മടക്കിക്കൊടുക്കുകയും ചെയ്യണം. സഹോദരനോട് അതിക്രമം കാണിച്ചിട്ടുണ്ടെങ്കിൽ അതിന് പരിഹാരക്രിയ ചെയ്ത് അതിൽ നിന്ന് മുക്തമാകണമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി 6534).
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഈ ഉത്തമ ദിവസങ്ങളിൽ ദിക്‌റുകൾ, തക്ബീർ, തഹ്‌ലീൽ, തഹ്‌മീദ്, തസ്ബീഹ് എന്നിവയെല്ലാം അധികരിപ്പിക്കാനാണ് നബി കൽപന. ഇതെല്ലാം ചുരുങ്ങിയ വാക്കുകളിലുള്ള ജപങ്ങളാണെങ്കിലും അല്ലാഹുവിങ്കൽ കൂടുതൽ മഹത്തരമായതാണ്, അവയെല്ലാം അല്ലാഹു അവന്റെ മാലാഖമാരിലേക്ക് ഉയർത്തി അവ ചൊല്ലിയവന്റെ പേര് ആവർത്താവർത്തിച്ച് അവിടങ്ങളിൽ സ്മരിക്കപ്പെടും. നബി (സ്വ) പറയുന്നു: നിങ്ങൾ അല്ലാഹുവിന്റെ പരിശുദ്ധി വാഴ്ത്തുന്നതും തസ്ബീഹും തഹ്‌മീദും തഹ്‌ലീലുമെല്ലാം അല്ലാഹുവിന്റെ സിംഹാസനത്തെ ചുറ്റും, അവക്കെല്ലാം തേനീച്ചയുടെ മുഴക്കം പോലെത്ത മുഴക്കമുണ്ടാവും. അവ ചൊല്ലയവനെ ഓർമ്മിപ്പിക്കുകയാണവ. നിങ്ങൾക്കും അല്ലാഹുവിന്റെയടുത്ത് ഓർമ്മിപ്പിക്കുന്ന വല്ലതും ഉണ്ടാവാൻ ആഗ്രഹിക്കുന്നില്ലേ (ഹദീസ് അഹ്‌മദ് 18388).
ഈ പത്തുദിവസങ്ങളിലെ നിമിഷങ്ങളിലെല്ലാം ഈ മഹിത മൊഴികൾ ഉരുവിട്ടുക്കൊണ്ടിരിക്കണം. നിർബന്ധ നമസ്‌കാരങ്ങൾ മുറപോലെ നിർവ്വഹിക്കണം. കൂടാതെ ഐഛികമായ സുന്നത്തു നമസ്‌കാരങ്ങളും നിർവ്വഹിച്ച് അല്ലാഹുവിലേക്ക് അടുക്കണം. നിർബന്ധാരാധനകൾ കൊണ്ടാണ് അടിമകൾ അല്ലാഹുലേക്കും അടുക്കുന്നതെന്നും എന്നാൽ സുന്നത്തുകൾ കൊണ്ട് അല്ലാഹുവിലേക്ക് അടുത്തുകൊണ്ടേയിരിക്കുമെന്നും അങ്ങനെ അവനെ അല്ലാഹു ഇഷ്ടപ്പെടുമെന്നും അവൻ തന്നെ പറഞ്ഞതായി ഖുദ്‌സിയ്യായ ഹദീസുണ്ട് (ഹദീസ് ബുഖാരി 6137). അതിനാൽ ആരും ഈ അവസരങ്ങൾ പാഴാക്കരുത്. ആരാധനാനിമഗ്നമാവുക. ദാനധർമ്മങ്ങൾ ചെയ്യുക. ബന്ധങ്ങൽ പുലർത്തുക. മാപ്പാക്കുക. അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നവനാണ് ബുദ്ധിമാൻ. ഇനിയൊരവസരം ഉണ്ടായെന്ന് വരില്ല.
ഈ ദിവസങ്ങളിലെ ബലിപെരുന്നാൾ ദിവസമൊഴികെ ഒമ്പതു ദിവസങ്ങളിൽ വ്രതമനുഷ്ഠിക്കൽ ഏറെ പുണ്യകരമാണ്. നബി (സ്വ) ദുൽഹിജ്ജ ഒമ്പതിന് വ്രതമനുഷ്ഠിക്കാറുണ്ടായിരുന്നു (ഹദീസ് അബൂദാവൂദ് 2437). അറഫാ ദിവസത്തിൽ നാം നോമ്പ്‌നുഷ്ഠക്കാൻ താൽപര്യപ്പെടണം. അറഫാ ദിവസത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങൾ പൊറുത്തുതരുമെന്ന് ആഗ്രഹിക്കുന്നതായി നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് മുസ്ലിം 1162). അല്ലാഹു ഏറ്റവും കൂടുതൽ പേരെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്നതും അറഫാ ദിവസത്തിലാണെന്നും ഹദീസുണ്ട് (മുസ്ലിം 1348). മാത്രമല്ല അറഫാ ദിനത്തിലെ പ്രാർത്ഥനയാണ് ഏറ്റവും നല്ല പ്രാർത്ഥനയെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് തുർമുദി 3585).
അല്ലാഹുവിന് അധികമായി സ്‌തോത്രങ്ങൾ അർപ്പിക്കുക, നബി (സ്വ)യുടെ മേൽ സ്വലാത്തുകൾ അധികരിപ്പിച്ചു ചൊല്ലുക. അങ്ങനെ പ്രാർത്ഥിക്കുക. അല്ലാഹു ഉത്തരം നൽകും. ഇബ്‌നു മസ്ഈദ് (റ) സാക്ഷ്യപ്പെടുത്തുന്നു: ഞാൻ നമസ്‌ക്കരിക്കുകയായിരുന്നു, കൂടെ നബി (സ്വ)യും അബൂബക്കറും (റ) ഉമറു (റ) മുണ്ട്. നമസ്‌കാരം കഴിഞ്ഞ് ഞാൻ അല്ലാഹുവിന് സ്തുതികളർപ്പിച്ചു, നബി (സ്വ)യുടെ മേൽ സ്വലാത്തുകൾ ചൊല്ലി ശേഷം എനിക്കായി പ്രാർത്ഥിച്ചു. അപ്പോൾ നബി (സ്വ) പറഞ്ഞു: നീ ചോദിക്കുക നൽകപ്പെടും, നീ ചോദിക്കുക നൽകപ്പെടും (ഹദീസ് തുർമുദി 593).

