യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 04.09.2026
സ്വന്തം നാട് ഓരോർത്തർക്കും ഏറെ പ്രിയപ്പെട്ടതായിരിക്കും. നാടാണ് കുടുംബത്തിന്റെയും സമ്പത്തിന്റെയും നിലനിൽപ്പു ഇടം. പിതാക്കളിലൂടെയോ പ്രപിതാക്കളിലൂടെയോ അനന്തരമായി അണഞ്ഞ നാടിന് എന്നും മനസ്സിൽ അഭിമാനത്തിന്റെയും പ്രൗഢിയുടെയും ഗരിമയുണ്ടായിരിക്കും. എങ്ങനെ സ്വന്തം നാടിനെ ഇഷ്ടപ്പെടാതിരിക്കും, നാടൊരു വികാരം തന്നെയാണ്. പ്രവാചകന്മാരുടെ പിതാവ് എന്നറിയിപ്പെടുന്ന മഹാനായ ഇബ്രാഹിം നബി (അ) മക്കാ ദേശത്തിന്റെ സുരക്ഷക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് പരിശുദ്ധ ഖുർആനിൽ വിവരിക്കപ്പെട്ടിട്ടുണ്ട് (സൂറത്തു ഇബ്രാഹിം 35). അതേ പാതയിൽ നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) മദീനാ ദേശത്തിനായി അല്ലാഹുവിനോട് ഇബ്രാഹിം നബി (അ)യുടെ പ്രാർത്ഥന പരാമർശിച്ചുക്കൊണ്ട് പ്രാർത്ഥിക്കുന്നുണ്ട്.
ഹൃദയത്തിൽ ദേശത്തോടുള്ള കൂറ് രൂഢമൂലമായവർക്കേ നാടിനോടുള്ള ഇഷ്ടത്തിന്റെ മൂല്യമറിയുകയുള്ളൂ. കാരണം നാം വസിച്ച, വളർന്ന മണ്ണും വായുമുള്ള ഇടമാണല്ലൊ നാട്.
യുവ സമൂഹേ, നിങ്ങളെ ദേശ സേവനത്തിൽ ചേരാൻ ക്ഷണിക്കുകയാണ്, ചരിത്രപരമായ നേട്ടങ്ങളും അംഗീകാരങ്ങളും ഉറപ്പുവരുത്തുകയും വ്യക്തിത്വവും നൈപുണ്യങ്ങളും വികസിപ്പിക്കുകയും ചെയ്യുന്ന സന്നദ്ധതയാണ് ദേശ സേവനം.
നബി (സ്വ) മദീനാ ദേശത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങുന്നവരായിരുന്നു. ധൈര്യമുള്ളവരായിരുന്നു. ഒരു ദിവസം രാത്രിയിൽ വലിയ ശബ്ദം കേട്ട് മദീനാ വാസികളൊക്കെ പേടിച്ചു പരിഭ്രാന്തരായിരുന്നു. ആൾക്കാർ ശബ്ദം കേട്ട ഭാഗത്തേക്ക് പോവുമ്പോഴേക്കും നബി (സ്വ) അവിടെ മുമ്പേയെത്തി മടങ്ങുകയായിരുന്നു. എന്നിട്ടവരോട് പേടിക്കാനൊന്നുമില്ലെന്ന് പറയുകയും ചെയ്തു. നാടിനുള്ള പ്രതിരോധം അല്ലാഹുവിന്റെ മാർഗത്തിലുള്ളതാണ്. അല്ലാഹുവിന്റെ മാർഗത്തിലുള്ള ഒരു നേരത്തെ പ്രവർത്തനം ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയിൽ ഹജറുൽ അസ് വദിന്റെ അടുക്കൽ നിൽക്കുന്നതിനേക്കാൾ പുണ്യകരമെന്ന് നബി (സ്വ) തന്നെ അറിയിച്ചിട്ടുണ്ട് (ഹദീസ് ഇബ്‌നു ഹിബ്ബാൻ 343).
പിതാക്കൾ മക്കളെ ദേശ സേവനത്തിൽ പങ്കാളികളാക്കണം. എന്നാൽ മക്കളുടെ പുണ്യങ്ങൾ പിതാക്കൾക്കും ലഭിക്കും. മക്കളുടെ കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവരാണല്ലൊ മാതാപിതാക്കൾ. മക്കളെ ദേശ സേവനത്തിന് പ്രാപ്തരാക്കണം. ദേശം വിളിക്കുമ്പോൾ സേവനത്തിനായി മക്കളെ അയക്കുന്ന മാതാവിന്റെയും പിതാവിന്റെയും സമർപ്പണ സന്നദ്ധത സുന്ദരവും ശ്ലാഘനായവുമാണ്. അവർ തങ്ങളുടെ കരാറുകൾ പാലിക്കുന്നവരാണ്.
2
ഒരു നാടാവുമ്പോൾ എല്ലാവരുമുണ്ടാവും, ആണും പെണ്ണും ചെറിയവരും മുതിർന്നവരും. എല്ലാവരും ചേർന്നാണ് നാട് ശക്തിപ്പെടുന്നത്, ഒരു കെട്ടിടം പോലെ അതിന്റെ ഓരോ ഭാഗങ്ങളും പരസ്പരം ശക്തിപ്പെടുത്തുകയാണല്ലൊ.
ഇമാറാത്തി വനിതാ ദിനാചരണത്തിലാണ് നാം. സ്ത്രീയാണ് തലമുറകളെ ഉണ്ടാക്കുന്നവൾ. അവളാണ് ധീരന്മാരെയും ജേതാക്കളെയും വളർത്തുന്നത്.
ഇമാറാത്തി വനിതകൾ പല മേഖലകളിൽ തിളങ്ങിനിൽക്കുന്നുണ്ട്. പ്രഥമമായി സ്ത്രീ തലമുറകളെ വളർത്തുന്ന ഉമ്മയാണ്. പഠിപ്പിക്കുന്ന അധ്യാപികയാണ്. ചികിത്സിക്കുന്ന ഡോക്ടറാണ്. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഇഞ്ചിനീയരാണ്. ഗവേഷകയാണ്. നല്ലൊരു ഉദ്യോഗസ്ഥയാണ്. നാടിന്റെ സാമ്പത്തികമടക്കം നിരവധി രംഗങ്ങളിൽ വിത്യസ്തങ്ങളായ സംഭാവനകൾ അർപ്പിക്കുന്നവളാണ്. എന്ത് ചെയ്താലും നാടിന്റെ നന്മകൾക്കായുള്ള സേവനമാണ് ഒരേ ഒരു ലക്ഷ്യം. അതിന് ആർക്കും വിലയിടാനാവില്ല. ഏവർക്കും തക്കതായ പ്രതിഫലങ്ങൾ അല്ലാഹു തന്നെ നൽകും. അവൻ ഒരാളുടെയും സേവനത്തെയും വെറുതെയാക്കില്ല.

