യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 20/11/2026
മക്കൾ അനുഗ്രഹങ്ങളാണ്. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് പെൺമക്കളെയും ആൺമക്കളെയും നൽകുന്നുവെന്ന് പരിശുദ്ധ ഖുർആനിൽ കാണാം (സൂറത്തുശ്ശൂറാ 49). ഈ അനുഗ്രഹങ്ങളുടെ സ്വത്വം സംരക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. മക്കളോട് കടപ്പാടുകളുണ്ടെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 1159). മക്കളെ ശരിയായ രീതിയിൽ വളർത്തൽ, അവരുടെ വ്യക്തിത്വ രൂപീകരണം, പരിപാലനം തുടങ്ങിയവ പ്രധാന ബാധ്യതകളാണ്. മതകീയമയും സാമൂഹികമായുമുള്ള ഉത്തരവാദിത്വങ്ങളാണ്. മക്കൾ സൂക്ഷിപ്പുബാധ്യതകളാണല്ലൊ (അമാനത്ത്). അമാനത്തുകൾ യഥാവിധി നിർവ്വഹിക്കപ്പെടേണ്ടത് നിർബന്ധമാണ് (സൂറത്തു ബഖറ 283).
വ്യക്തിത്വമെന്നത് ഒരു മനുഷ്യന്റെ സ്വത്വവും സ്വഭാവവിശേഷങ്ങളും പ്രകടിപ്പിക്കുന്ന സൂചികയാണ്. അതിനാൽ മാതാപിതാക്കൾ വളരെ ചെറുപ്പത്തിൽ തന്നെ മക്കളിൽ സവിശേഷ വ്യക്തിത്വം രൂപീകരിക്കണം. ചെറുമനസ്സുകൾ വളരെ ശുദ്ധവും നിഷ്കളങ്കവുമായിരിക്കും, ആ സമയത്തെ വ്യക്തിത്വരൂപീകരണം ദൃഢവും ശക്തവുമായിരിക്കും. ആ പ്രായത്തിൽ സ്വീകരിച്ച സ്വഭാവഗുണങ്ങൾ നിത്യവുമായിരിക്കും. പ്രഥമമായി നാം മക്കളിൽ ഉണ്ടാക്കേണ്ട വ്യക്തിത്വ ഘടകം ഈമാനികമായ മൂല്യമാണ്. അതാണ് ഇഹലോകത്തും പരലോകത്തും വിജയം പ്രദാനം ചെയ്യുന്ന പ്രകാശങ്ങൾ. മക്കളുടെ മനസ്സിൽ അല്ലാഹുവിലുള്ള സത്യവിശ്വാസം ഊട്ടിയുറപ്പിക്കണം. ആരാധനാനുഷ്ഠാനങ്ങളിൽ ഇഷ്ടം ഉണ്ടാക്കണം. ലുഖ്മാനുൽ ഹകീം (റ) മകനോട് നടത്തുന്ന സാരോപദേശത്തിൽ നമസ്കാരം നിലനിർത്താനും കൽപ്പിക്കുന്നുണ്ട് (സൂറത്തു ലുഖ്മാൻ 17).
നമ്മുടെ നബി (സ്വ) ശിശു പരിപാലനത്തിൽ കാട്ടിത്തന്ന മാതൃക നാം പിന്തുടരണം. മക്കളുടെ ഹൃദയങ്ങളിൽ ഇലാഹീയായ ബോധമുണ്ടാക്കണം. ഏതുകാലത്തും ഏതുസ്ഥലത്തും അല്ലാഹു തന്നെ തുണയെന്ന് ബോധ്യപ്പെടുത്തണം. നബി (സ്വ) കുട്ടിയായ ഇബ്നു അബ്ബാസി (റ)ന് ഉപദേശം നൽകുന്നുണ്ട് :കുട്ടിയേ, ഞാൻ നിനക്ക് കുറച്ചു കാര്യങ്ങൾ പഠിപ്പിക്കാം. നീ അല്ലാഹുവിനെ സൂക്ഷിക്കണം എന്നാൽ അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക എന്നാൽ എന്തിനും നിനക്ക് അവനുണ്ട്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക (ഹദീസ് തുർമുദി 2516).
വ്യക്തിത്വരൂപീകരണത്തിന് പ്രധാനമായി വേണ്ട മറ്റൊരു കാര്യമാണ് ഭാഷ. മക്കൾക്ക് നമ്മുടെ ഭാഷ പഠിപ്പിക്കണം. യുഎഇയിലെ ഔദ്യോഗിക ഭാഷ അറബിയാണല്ലൊ. അറബി ഭാഷയാണ് മതത്തിന്റെയും പാരമ്പര്യത്തിന്റെയും ചാലകം. അറബി ഭാഷ പഠിക്കണമെന്നാണ് ഉമറുബ്നുൽ ഖത്വാബി(റ)ന്റെ വസ്വിയ്യത്ത് (സുനനുൽ കബീർ ബൈഹഖി 2306). സ്ഫുടമായ അറബി ഭാഷയെന്ന പരാമർശം വിശുദ്ധ ഖുർആനിലുണ്ട് (സൂറത്തുശ്ശുഅറാഅ് 195). അറബി ഭാഷയിലെ തന്നെ പ്രദേശിക ഇമാറാത്തി ഭാഷ യുഎഇ തനിമയാർന്നതാണ്. വർത്തമാനത്തെ ചരിത്രവേരുകളിലേക്ക് അടുപ്പിക്കുന്നതാണ് പരമ്പരാഗത അറബി ഭാഷ. മക്കളെ അത് പഠിപ്പിക്കണം. ഭാഷ സംരക്ഷിച്ചാൽ സ്വത്വവും സംരക്ഷിക്കപ്പെടും. അതോടൊപ്പം പ്രാദേശിക മൂല്യങ്ങളും പൈതൃകളും മാനിക്കണം. മാനവികതക്ക് പ്രാധാന്യം നൽകണം. മക്കളെ നന്മകൾ ശീലിപ്പിക്കണം. നന്മ ശൈലിയും ശീലവുമാവേണ്ടതാണ് (സ്വഹീഹു ഇബ്നു ഹിബ്ബാൻ 4644, ഇബ്നുമാജ 221). സൽസ്വഭാവ ഗുണങ്ങൾ പതിവാക്കിപ്പിക്കണം. സമൂഹങ്ങളുടെ സംസ്കാരവും സംസ്കൃതിയും രൂപപ്പെടുന്നത് അറിവിലൂടെയും സ്വഭാവഗുണങ്ങളിലൂടെമാണെന്നാണ് മർഹൂം ശൈഖ് സായിദ് അവർകൾ പറഞ്ഞിരിക്കുന്നത്.
മാതാപിതാക്കളേ, മക്കളിൽ ദേശസ്നേഹം ഉണ്ടാക്കണം. അവരെ പാരമ്പര്യം പഠിപ്പിക്കണം. വീട്ടിലെ മജ്ലിസുകളിലൂടെ കുടുംബബന്ധങ്ങൾ ദൃഢമാക്കണം. മറ്റുള്ളവരോട് സഹിഷ്ണുത ശീലിപ്പിക്കണം. മറ്റുള്ളവരുടെ സംസ്കാരങ്ങളും അടയാളങ്ങളും മാനിക്കാൻ പ്രാപ്തരാക്കണം. മസ്ജിദുകളിലേക്കും ദേശീയ മ്യൂസിയങ്ങളിലേക്കും അവരെ കൊണ്ടുപോവണം. അവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. ഡിജിറ്റൽ വികാസങ്ങളുടെ കാലത്ത് അവരുടെ ബുദ്ധി മനസ്സിലാക്കണം. അവരെ പൂർണമായും കുറ്റപ്പെടുത്തരുത്, മിതത്വത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ഭരണകൂടത്തോട് കടപ്പാടുള്ളവരാക്കുക.
മക്കൾക്ക്് ചരിത്രം പഠിപ്പിക്കണം. നാടിനായി പൊരുതിയ ധീരരുടെ ചരിതം അഭിമാനപുരസ്കരം പറഞ്ഞുകൊടുക്കണം. മക്കളെ മനക്കരുത്തും ധീരതയുമുള്ളവരാക്കണം. ശക്തരാക്കണം. ബലഹീനനെക്കാൾ ശക്തനെയാണ് അല്ലാഹുവിനിഷ്ടം (ഹദീസ് മുസ്ലിം 2664).
ചുരുക്കത്തിൽ മതബോധം, സൽസ്വഭാവം, ഭാഷാസംരക്ഷണം, ചരിത്രപഠനം, ഭരണകൂടത്തോടുള്ള പ്രതിബദ്ധത, ദേശസ്നേഹം തുടങ്ങിയവ വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാന ശിലകളാണ്.

