യുഎഇ ജുമുഅ ഖുതുബ പരിഭാഷ
--മൻസൂർ ഇർശാദി ഹുദവി കളനാട്---
തീയ്യതി: 08.09.2017
വിഷയം: ജ്ഞാനർജ്ജനം
“നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക,
അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചുതരികയാകുന്നു. അല്ലാഹു
എല്ലാം അറിയുന്നവനാകുന്നു” (ഖുർആൻ, സൂറത്തുൽ ബഖറ 282).
പരിശുദ്ധ ഖുർആനിന്റെ അവതീർണം
തന്നെ വായനയുടെ ആഹ്വാനവുമായാണ്. “സൃഷ്ടാവായ നാഥന്റെ
നാമത്തിൽ വായിക്കുക” (ഖുർആൻ, സൂറത്തുൽ അലഖ്: 1). ഈ ഖുർആനിക സൂക്തം വായനയുടെ മഹത്വവും വിദ്യ നേടുന്നതിന്റെ മാഹാത്മ്യവും
ബോധിപ്പിച്ചുത്തരുന്നുണ്ട്. ജ്ഞാനാർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും അതിനായി മനസ്സുകളെ
ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
നബി (സ്വ.അ) പറയുന്നു: “ജ്ഞാനാർജ്ജനം ഓരോ വിശ്വാസിയുടെയും നിർബന്ധ ബാധ്യതയാണ്”
(ഹദീസ് ഇബ്‌നു മാജ, ത്വബ്‌റാനി).
വിദ്യനേടലും അതിനായി പരിശ്രമിക്കലും
ഓരോ വ്യക്തിയുടെയും ദീനി ബാധ്യതയെന്നതോടൊപ്പം സാമൂഹിക ബാധ്യത കൂടിയാണ്.
വിജ്ഞാനമാണ് മനുഷ്യന്റെ ബുദ്ധി
നിർമ്മിക്കുന്നതിലെ ആദ്യ ശില. വിജ്ഞാനം അവന്റെ അനുഭവങ്ങളിൽ നിന്ന് നല്ലതിനെ മാത്രം
സാംശീകരിച്ചുകൊടുക്കുന്നു.
മനുഷ്യകുലം സമ്പാദിക്കുന്നതിൽ
വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജ്ഞാനമത്രെ. ഏറ്റവും ഉപരിക്കുന്നതും അതു തന്നെ. നാടിന്റെ
വിഭവങ്ങളിൽ വെച്ച് ഏറ്റവും മഹത്തരമായത് വിദ്യാസമ്പാദനത്തിനായി മുന്നിട്ടിറങ്ങുന്ന പൗരന്മാരുടെ
ബുദ്ധി തന്നെയാണ്. അവർ നാടിന്റെ പുരോഗതിയിലും സംസ്‌കാര രൂപീകരണത്തിലും നേട്ടങ്ങൾ കൈവരിക്കുന്നതിലും
കണ്ടുപിടിത്തങ്ങൾ നടത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.
സമൂഹത്തിന്റെ ഉന്നതി വിദ്യകൊണ്ട്
മാത്രമാണ്. വിദ്യ കൊണ്ട് മാത്രമേ അന്തസ്സിന്റെയും മേന്മയുടെയും പടവുകൾ കയറിപ്പറ്റാനാവുകയുള്ളൂ.
അറിവ് നേടാനായി പരിശ്രമിക്കുകയും അതിനുള്ള മാർഗങ്ങൾ തേടലും ഓരോർത്തരുടെയും ബാധ്യതയാണ്.
വിദ്യാർത്ഥി ക്ഷമയോടെയും സമചിത്തതയോടെയും കാര്യഗൗരവത്തോടെയും സ്ഥിരോത്സാഹത്തോടെയുമാണ്
വിദ്യ നുകരേണ്ടത്. നബി (സ്വ.അ) പറയുന്നു: “വിജ്ഞാനം ഉണ്ടാവുന്നത് പഠനം കൊണ്ട് മാത്രമാണ്” (ഹദീസ് ബുഖാരി). അതായത് വിജ്ഞാനം തനിയെ ഉണ്ടാവുന്നതല്ല. അതിനുള്ള
മാർഗങ്ങൾ തേടുകയും അധ്യാപകനെ സമീപിക്കുകയും വേണം. അങ്ങനെയുള്ള പഠനം മാത്രമേ ഉപകാരപ്രദമായ
അറിവ് സാധ്യമാകുകയുള്ളൂ.
പഠനം ചോദ്യങ്ങളും ഉത്തരങ്ങളുമാണ്.
നല്ല ചോദ്യങ്ങളാണ് യഥാർത്ഥ വിജ്ഞാനത്തിന്റെ പകുതിയും സാധ്യമാക്കുന്നത്.
പ്രമുഖ അറബി ഭാഷാപണ്ഡിതനായ
അസ്വമഈയോട് ഒരാൾ ചോദിച്ചു: “താങ്കൾ എങ്ങനെയാണ്
ഇത്രയും വിജ്ഞാനീയങ്ങൾ കരഗതമാക്കിയത്? അദ്ദേഹം മറുപടി പറഞ്ഞു: “ഞാൻ കൂടുതൽ ചോദ്യങ്ങൾ
ഉന്നയിക്കുകയും അതിലൂടെ യുക്തിപരമായ കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യും”. അതായത് വിദ്യാർത്ഥിയുടെ അധ്യാപകനോടുള്ള
നിരന്തര ചോദ്യങ്ങളും തിരിച്ച് അധ്യാപകൻ പകർന്നുതരുന്ന യുക്തികളും വിജ്ഞാനീയങ്ങളുമാണ്
പണ്ഡിതനെ രൂപപ്പെടുത്തുന്നത്.
വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ
ഓർത്തെടുക്കാൻ ഉത്സാഹിക്കണം. അതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയും വേണം. അധ്യാപകനോട്
നല്ലരീതിയിൽ സമ്പർക്കം പുലർത്തുന്നതോടൊപ്പം സശ്രദ്ധം ശ്രവിക്കുകയും പഠിക്കുകയും വേണം.
മാത്രമല്ല, ബഹുമാനാദരവുകളോടെ
അധ്യാപകനോടുള്ള ബാധ്യത പൂർത്തീകരിക്കുകയും വേണം.
നബി (സ്വ.അ) ശക്തമായി താക്കീത്
ചെയ്യുന്നു: “നമ്മളിലെ മുതിർന്നവരോട്
ബഹുമാനം കാട്ടാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും പണ്ഡിതരോടുള്ള ബാധ്യത അറിയാത്തവരും
എന്റെ സമുദായത്തിൽപ്പെട്ടവരല്ല” (ഹദീസ് അഹ്മദ്).
വിദ്യാർത്ഥി സഹപാഠികളോട് സൽസ്വഭാവത്തോടെ
വർത്തിക്കുകയും നല്ലനിലയിൽ പെരുമാറുകയും ചെയ്യണം. ഉന്നതങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുകയും
നേട്ടങ്ങൾക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് മാത്രമേ കൂട്ട്
കൂടാവൂ. എന്നാൽ മാത്രമേ നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനമായി വളർന്നുവരികയുള്ളൂ.
സമൂഹം വിദ്യാർത്ഥികളിൽ നിന്ന്
പ്രതീക്ഷിക്കുന്നത് കൂടുതൽ കൂടുതൽ വികസനവും മികവുമാണ്. പുതിയ പുതിയ കാര്യങ്ങൾ കണ്ടെത്തി
സാമൂഹികാഭിവൃതിക്കും പുരോഗതിക്കും ആക്കം കൂട്ടുന്നവരാകണം അവർ.
നമ്മുടെ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും
പുതിയൊരു അധ്യായന വർഷത്തിലേക്ക് കടക്കുകയാണല്ലൊ. നാഥൻ വിജയവും സൗഭാഗ്യവും പ്രദാനം ചെയ്യട്ടെ...
ആമീൻ.
രക്ഷിതാക്കൾ വിദ്യാർത്ഥികൾക്ക്
പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം സൗകര്യപ്പെടുത്തിക്കൊടുക്കുകയും ഉപകാരപ്രദമായ വിജ്ഞാനീയ
മേഖലകൾ തെരഞ്ഞെടുക്കാൻ അവരോട് സഹകരിക്കുകയും വേണം. എന്നാൽ മാത്രമേ നാടിനെ സേവിക്കുകയും
ഭാസുര ഭാവി ലക്ഷ്യമിടുകയും ക്രിയാത്മകതയും മികവും സാധ്യമാക്കുന്ന മികച്ചൊരു തലമുറയെ
വാർത്തെടുക്കാനാവുകയുള്ളൂ.
വിദ്യാസമ്പാദനത്തിൽ സ്ഥിരോൽസാഹിയാവാൻ
രക്ഷിതാക്കൾ മക്കളെ പ്രേരിപ്പിക്കണം. “ഒരുത്തൻ വിജ്ഞാനം തേടി ഒരു വഴി പ്രവേശിച്ചാൽ അല്ലാഹു അവനിക്ക് സ്വർഗത്തിലേക്കുള്ള
മാർഗ്ഗം എളുപ്പമാക്കിക്കൊടുക്കും” (ഹദീസ് മുസ്ലിം) എന്ന
പ്രവാചകാധ്യാപനം മക്കൾക്ക് അറിയിച്ചുക്കൊടുക്കണം.
വിദ്യാലയങ്ങളുടെ ശ്രമങ്ങൾക്കൊപ്പം
മാതാപിതാക്കളുടെ ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ പഠനം യഥാവിധി സാധ്യമാവുകയുള്ളൂ. മക്കളുടെ
പഠനനിലവാരം തുടരെ തുടരെ അന്വേഷിക്കലും വിദ്യാലയവുമായി നിരന്തരം ബന്ധപ്പെടലും മാതാപിതാക്കളുടെ
ബാധ്യതയാണ്. അങ്ങനെയാണ്. കൂട്ടൂത്തരവാദിത്വം നിറവേറ്റപ്പെടുക.
തീർച്ചയായും അധ്യാപകർക്ക്
ഭാരിച്ച ഉത്തരവാദിത്വമുണ്ട്. സമൂഹനിർമിതിയിലെ അടിസ്ഥാന ശിലകളാണവർ. അവരിലാണ് പ്രതീക്ഷകളൊക്കെയും.
അവരിലൂടെയാണ് മക്കൾ വലിയൊരു സാംസ്‌കാരിക മുന്നേറ്റത്തിനായി പണ്ഡിതരും ശാസ്ത്രജ്ഞരും
സാഹിത്യകാരന്മാരും സംഘാടകരുമായി വളർന്നു വരുന്നത്. അവരിൽ നാട് സ്വപ്നം കാണുന്ന ആശകളും
അഭിലാഷങ്ങളും അനന്തമാണ്.
പൊതുജനത്തിൽ നിന്ന് ബഹുമാനവും
നന്ദിയും അർഹിക്കുന്നത് അധ്യാപകർ തന്നെയാണ്. മാത്രമല്ല അല്ലാഹു അധ്യാപകർക്ക് മഹത്തായ
പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നബി (സ്വ.അ) പറയുന്നു: “അല്ലാഹുവും അവന്റെ മാലാഖമാരും ആകാശ ഭൂമിയിലുള്ളവരൊക്കെയും
എത്രത്തോളമെന്നാൽ മാളത്തിലെ ഉറുമ്പുകളും വമ്പൻ മത്സ്യങ്ങൾ പോലും അധ്യാപന് വേണ്ട് ഓരോർത്തർക്കും
യോജിച്ച നിലയിൽ സ്വലാത്ത് ചെയ്യുന്നതായിരിക്കും” (ഹദീസ് തുർമുദി, ദാരിമി).
തലമുറകളെ വാർത്തെടുക്കുന്നതിൽ
മഹത്തായ ദൗത്യമാണ് അധ്യാപർ ചെയ്തുക്കൊണ്ടിരിക്കുന്നത്. ആ ദൗത്യം തന്നെയാണ് അല്ലാഹുവിന്റെ
പ്രവാചകന്മാരും ദൂതന്മാരും നിറവേറ്റിയത്. നബി (സ്വ.അ) തങ്ങൾ പറയുന്നു: “എന്നെ അല്ലാഹു നിയോഗിച്ചത് മർദകനും അടിച്ചമർത്തുന്നവനുമായിട്ടല്ല,
മറിച്ച് എളുപ്പം സാധ്യമാക്കുന്ന അധ്യാപനായിട്ടാണ്”
(ഹദീസ് മുസ്ലിം).
അധ്യാപകർ വിദ്യാർത്ഥിയുടെ
പഠനത്തെ എളുപ്പമാക്കണമെന്നും അവരോട് യുക്തിഭദ്രമായി സമീപക്കണമെന്നും ഉത്തരവാദിത്വബോധത്തോടെ
ക്ഷമ കൈവരിക്കണമെന്നും ഈ ഹദീസ് ഉണർത്തുന്നു. വിദ്യാഭ്യാസം ആർക്കും നേടാം. അതിൽ വലിപ്പചെറുപ്പ
വിത്യാസമില്ല. അല്ലാഹു പറയുന്നു: “പറയുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ ബുദ്ധിമാന്മാർ
മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ” (ഖുർആൻ, സൂറത്തുൽ സുമർ 09).