നാഥനെ വാഴ്ത്താം തക്ബീർ ധ്വനികളിലൂടെ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
---മൻസൂർ ഇർശാദി ഹുദവി കളനാട്---
തീയ്യതി: 01.09.2017
വിഷയം: ദൈവ സ്മരണ

അല്ലാഹു പരമോന്നതനാണ്. ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാണ് മഹത്വം” (ഖുർആൻ, സൂറത്തുൽ ജാശിയ: 37)
അവൻ സർവ്വാധിപനാണ്. അവനെത്ര പരിശുദ്ധൻ ! ഏകനും സർവ്വാധിപതിയുമായ അല്ലാഹുവാണ് അവൻ” (ഖുർആൻ, സൂറത്തുൽ സുമർ: 04)
അവൻ സർവ്വശക്തനാണ്. മഹാനും ഉന്നതനുമാകുന്ന അവൻ” (ഖുർആൻ, സൂറത്തുൽ റഅ്ദ്: 09)
അവൻ സർവ്വവും അറിയുന്നവനാണ്, അടിമകളൊക്കെയും അവനിക്ക് കീഴൊതുങ്ങിയതുമാണ്. അല്ലാഹുവിനാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം സ്വമനസ്സോടെയും നിർബന്ധിതരായിട്ടും പ്രണാമം ചെയ്തുക്കൊണ്ടിരിക്കുന്നത്”(ഖുർആൻ, സൂറത്തുൽ റഅ്ദ:് 15).

അങ്ങനെയുള്ള പ്രപഞ്ച പരിപാലകനായ അല്ലാഹുവിനെ വാഴ്ത്താനും പരിശുദ്ധനാക്കാനുമാണ് പ്രവാചകർ (സ്വ.അ) കൽപ്പിച്ചത്. തക്ബീർ ചൊല്ലാനും കൽപ്പിക്കുകയുണ്ടായി. നിന്റെ നാഥനെ നീ മഹത്വപ്പെടുത്തുക” (ഖുർആൻ, സൂറത്തുൽ മുദ്ദഥിർ: 03), “അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുക” (ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ് 111).
തക്ബീർ (അല്ലാഹു അക്ബർ) അറബികൾ മഹത്വപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കുകളിൽ വെച്ച് ഏറ്റവും അനുയോജ്യമായതാണ്. തക്ബീർ മഹോന്നത വാക്യമാണ്, അല്ലാഹുവിങ്കൽ അത് മഹത്തരമാണ്. അവനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ആ വാക്കാണ്.

പ്രവാചകർ (സ്വ.അ) പഠിപ്പിക്കുന്നു: നാല് വാക്കുകളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം
1) സുബ്ഹാനല്ലാഹ്
2) അൽഹംദുലില്ലാഹ്
3) ലാഇലാഹ ഇല്ലല്ലാഹ്
4) അല്ലാഹു അക്ബർ
ഇവ കൊണ്ട് തുടങ്ങിയതിലൊന്നും ബുദ്ധിമുട്ടുണ്ടാവില്ല” (ഹദീസ് മുസ്ലിം).

അല്ലാഹു അക്ബർ എന്ന് പറയലാണ് ദുനിയാവിനേക്കാളും അതിലുള്ള മുഴുവതിനേക്കാളും നല്ലത് (തഫ്‌സീർ ഖുർത്വുബി).
അല്ലാഹു അക്ബർ എന്ന മഹിത വാക്യത്തിന്റെ അർത്ഥവും ആശയവുമുൾക്കൊണ്ട് ഒരുത്തൻ അത് ഉച്ചരിച്ചാൽ സ്വർഗം കൊണ്ട് അനുഗ്രഹിക്കപ്പെടും. ഒരിക്കൽ നബി (സ്വ.അ) പറഞ്ഞു: തക്ബീർ പറഞ്ഞവൻ സന്തോഷവാർത്ത അറീക്കപ്പെടുകതന്നെ ചെയ്യും”. അവർ ചോദിച്ചു സ്വർഗം കൊണ്ടുള്ള സന്തോഷവാർത്തയാണോ?. നബി (സ്വ.അ) മറുപടി പറഞ്ഞു അതെ (ത്വബ്‌റാനി).

സകല കാലത്തിലും സകല കോലത്തിലും തക്ബീർ ചൊല്ലിക്കൊണ്ടിരിക്കണം. തക്ബീർ കൊണ്ട് പ്രപഞ്ചനാഥനെ സ്മരിക്കുകയും അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുകയും വേണം. നിസ്‌ക്കാരത്തിലും നോമ്പിലും ഹജ്ജിലും എന്നിങ്ങനെ ആരാധനാമുറകളിലൊക്കെയും തക്ബീർ ചൊല്ലാൻ ഇസ്ലാം മതം അനുശാസിക്കുന്നു. ബാങ്കും ഇഖാമത്തും നിസ്‌ക്കാരവും തുടങ്ങുന്നതും തക്ബീർ കൊണ്ടാണ്. നബി (സ്വ.അ) പറയുന്നു: തക്ബീർ നിസ്‌ക്കാരത്തിന്റെ ഇഹ്്‌റാമാണ്, സലാം വീട്ടലാണ് അതിന്റെ വിരാമം” (ഹദീസ് അബൂദാവൂദ്).

പുണ്യ റമളാൻ മാസം പൂർത്തിയാക്കി ഈദുൽ ഫിത്വർ സമാഗതമാവുമ്പോഴും തക്ബീർ ചൊല്ലാൻ അല്ലാഹു കൽപ്പിക്കുന്നു: നിങ്ങൾ ആ എണ്ണം പൂർത്തിയാക്കാനും, നിങ്ങൾക്ക് നേർവഴി കാണിച്ചതിന്റെ പേരിൽ അല്ലാഹുവിന്റെ മഹത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ” (ഖുർആൻ, സൂറത്തുൽ ബഖറ: 185).

ബലി പെരുന്നാൾ ദിവസവും തക്ബീർ ചൊല്ലാൻ അല്ലാഹു കൽപ്പിക്കുന്നു: അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ് അവനിലേക്ക് എത്തുന്നത്. അല്ലാഹു നിങ്ങൾക്ക് മാർഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കാൻ വേണ്ടി അവൻ അവയെ നിങ്ങൾക്ക് കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു, നബിയേ... താങ്കൾ സദ് വൃത്തർക്ക് സന്തോഷവാർത്ത അറിയിക്കുക” (ഖുർആൻ സൂറത്തുൽ ഹജ്ജ്: 37).

യാത്രാവേളകളിലും തക്ബീർ ചൊല്ലണം. നബി (സ്വ.അ) പറയുന്നു: യാത്രക്കായി ഒട്ടകത്തിൽ കയറിയാൽ മൂന്നുവട്ടം തക്ബീർ ചൊല്ലണം” (ഹദീസ് മുസ്ലിം). ജാബിർ ബ്‌നു അബ്ദുല്ല (റ.അ) പറയുന്നു: ഞങ്ങൾ വാഹനം കയറിയാൽ തക്ബീർ ചൊല്ലുമായിരുന്നു, വാഹനം ഇറങ്ങിയാൽ തസ്ബീഹ് ചൊല്ലുമായിരുന്നു” (ഹദീസ് ബുഖാരി).

അല്ലാഹു അക്ബർ എന്ന മഹത് വചനം പ്രതീക്ഷയുടെ പുതുനാമ്പുകളാണ് വിശ്വാസിക്ക് സമ്മാനിക്കുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്നവൻ അത് അർത്ഥം മനസ്സിലാക്കി ഉച്ചരിച്ചാൽ സർവ്വശക്തനായ അല്ലാഹുവിന്റെ മഹത്വവും കഴിവും വലിപ്പത്തരവും അവന്റെ മനസ്സിനെ ബോധ്യപ്പെടുത്താനാവും. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവിനെ ദുർബലപ്പെടുത്താനാവില്ല. തീർച്ചയായും അവൻ സർവ്വജ്ഞനും സർവ്വശക്തനുമാകുന്നു” (ഖുർആൻ, സൂറത്തുൽ ഫാത്വിർ: 44).

നിത്യജീവിതത്തിൽ നാം തക്ബീർ ചൊല്ലാൻ ശീലിക്കേണ്ടിയിരിക്കുന്നു. തക്ബീർ അല്ലാഹുവിന്റെ ചിഹ്നമാണ്. വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ഭയഭക്തിയിൽ നിന്നുണ്ടാകുന്നതത്രെ” (ഖുർആൻ സൂറത്തുൽ ഹജ്ജ:് 32).

ദുൽഹിജ്ജ മാസത്തിലെ ഈ ദിനരാത്രങ്ങളിൽ തക്ബീർ അധികരിപ്പിക്കണം. പ്രത്യേകിച്ച് ഫർള് നിസ്‌ക്കാരങ്ങൾക്ക് ശേഷം ബലിപെരുന്നാളിന്റെ നാലാം ദിവസം അസർ നിസ്‌ക്കാരം വരെ തക്ബീർ തുടരാം.

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
back to top