പുണ്യങ്ങൾ ഇരട്ടിക്കുന്ന ദുൽഹിജ്ജയിലെ പത്ത് ദിനരാത്രങ്ങൾ



യുഎഇ ജുമുഅ ഖുത്ബ പരിഭാഷ (25/08/2017)
---മൻസൂർ ഹുദവി കളനാട്---
പ്രപഞ്ചനാഥനായ അല്ലാഹു (സു.ത്വ) കാലത്തെ സൃഷ്ടിക്കുകയും അതിൽ നിന്ന് ചിലതിനെ ചിലതിനേക്കാൾ മഹത്തരമാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ യുക്തി അല്ലാഹുവിന് മാത്രമേ അറിയൂ. അല്ലാഹു പറയുന്നു: നിന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു” (ഖുർആൻ, സൂറത്തുൽ ഖസസ:് 68).

ആ കാലങ്ങളിൽ വെച്ച് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങളെ അല്ലാഹു പ്രത്യേകം ശ്രേഷ്ഠമാക്കിട്ടുണ്ട്. മാത്രമല്ല, അവയെ പേരെടുത്ത് പറഞ്ഞ് ഖുർആനിൽ സത്യം ചെയ്തിട്ടുമുണ്ട്. പ്രഭാതം തന്നെയാണ് സത്യം, പത്തുരാത്രികൾ തന്നെയാണ് സത്യം” (ഖുർആൻ, സൂറത്തുൽ ഫജ്ർ:1,2)

ഈ ദുനിയാവിലെ ദിവസങ്ങളിൽ വെച്ച് ഏറ്റവും പരിപാവനമായത് ഈ പത്ത് ദിവസങ്ങളെന്ന് നബി (സ്വ. അ) അരുൾ ചെയ്തിട്ടുണ്ട്. ദുൽഹിജ്ജയിലെ ഈ പത്തു ദിവസങ്ങളിൽ വെച്ച് അതിശ്രേഷ്ഠമായ ദിനം ഒമ്പതാം ദിനമാണ്, അതായത് അറഫാ ദിനം. നബി (സ്വ.അ) പറഞ്ഞിട്ടുണ്ട്: അറഫാ ദിവസമാണ് അല്ലാഹു അടിമകളെ കൂടുതലായും അടിമമോചനം നടത്തുന്നത്” ( ഹദീസ് മുസ്ലിം).

ഈ പത്തു ദിവസങ്ങളിൽപ്പെട്ടതാണ് ബലിപെരുന്നാൾ, അതായത് ദുൽഹിജ്ജ പത്താം ദിവസം. വളരെ മഹത്വമേറിയ ദിനമാണത്. നബി (സ്വ.അ) പറഞ്ഞു: അല്ലാഹുവിങ്കൽ  ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിപെരുന്നാൾ ദിനമാണ ് ” (ഹദീസ് അബൂദാവൂദ്). ദുൽഹിജ്ജയിലെ ഈ പത്തുദിവസങ്ങളിൽ മറ്റൊരു ദിവസത്തിലും ഇല്ലാത്തവിധം പുണ്യകർമ്മങ്ങൾ ഒരുമിച്ചു ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങളിൽ നിസ്‌ക്കാരവും നോമ്പും ഹജ്ജും സ്വദഖയും പ്രാർത്ഥനയും എന്നിങ്ങനെ എല്ലാ ആരാധനാ കർമ്മങ്ങളും സംഗമിച്ചതായി കാണാം.

ഈ ദിനരാത്രങ്ങളിൽ പുണ്യകർമ്മങ്ങൾ ചെയ്ത് നാം ആരാധനാപൂർണമാക്കേണ്ടതുണ്ട്. ഈ ദിവസങ്ങളിൽ പുണ്യകർമ്മങ്ങൾ ചെയ്യുന്നതാണ് മറ്റുള്ള ദിവസങ്ങളേക്കാൾ അല്ലാഹുവിന് ഏറ്റവും കൂടുതലിഷ്ടം (ഹദീസ് അബൂദാവൂദ്). അതായത് ഈ ദിനങ്ങൾ പുണ്യങ്ങളുടെ പെരുമഴക്കാലമാണ്. വിശ്വാസികൾ ആരാധനാനിമഗ്നരായി അല്ലാഹുവിലേക്ക് അടുക്കാൻ മത്സരിക്കേണ്ടതുണ്ട്.

സൽക്കർമ്മങ്ങളുടെ വർധവിനായി നാഥനോട് ഇരക്കണം.
കരുണക്കടാക്ഷം തേടണം.
നിർബന്ധ കർമ്മങ്ങൾ നിഷ്ഠയോടെ ചെയ്തുതീർക്കുകയും സുന്നത്തായ ആരാധനാ കർമ്മങ്ങൾ അധികരിപ്പിക്കുകയും വേണം.

ഖുദ്‌സിയ്യായ ഹദീസിൽ അല്ലാഹു പറയുന്നു: എന്റെ അടിമ നിർബന്ധ ആരാധനാ കർമ്മങ്ങളെക്കൊണ്ടാണ് എന്നിലേക്ക് അടുക്കുക, സുന്നത്തായ കർമ്മങ്ങളെക്കൊണ്ട് അവൻ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കുകയും അങ്ങനെ ഞാൻ അവനെ ഇഷ്ടപ്പെടുകയും ചെയ്യും” (ഹദീസ് ബുഖാരി). ദുൽഹിജ്ജ പത്തുദിനങ്ങളിലെ എല്ലാ പുണ്യകർമ്മങ്ങൾക്കും ആരാധനകൾക്കും ഇരട്ടി പ്രതിഫലമാണുള്ളത്. ദുൽഹിജ്ജ മാസത്തിലെ സൽക്കർമ്മങ്ങൾ അല്ലാഹുവിങ്കൽ കൂടുതൽ പവിത്രമാണ്, അവക്ക് മഹത്തായ പ്രതിഫലമാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളതെന്ന് നബി (സ്വ.അ)  പ്രസ്താവിച്ചിട്ടുണ്ട്.

ആരാധനാ കർമ്മങ്ങളിൽ നിസ്‌ക്കാരം പരമപ്രധാനമാണ്. ദീനിന്റെ സ്തംഭമാണത്. അത് ശരിയായാൽ ബാക്കിയുള്ള എല്ലാ ആരാധനകളും ശരിയാവും. അതുകൊണ്ട് തന്നെ അല്ലാഹു നിസ്‌ക്കാരം നിലനിർത്താൻ ഖുർആനിൽ പലവുരു പ്രത്യേകം ആജ്ഞപിക്കുന്നുണ്ട്: നിസ്‌ക്കാരങ്ങൾ നിങ്ങൾ സൂക്ഷമതയോടെ നിർവ്വഹിച്ചുപോരേണ്ടതാണ്. പ്രത്യേകിച്ചും ഉൽകൃഷ്ടമായ നിസ്്്ക്കാരം. അല്ലാഹുവിന്റെ മുമ്പിൽ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർത്ഥിക്കുന്നത്” (ഖുർആൻ സൂറത്തുൽ ബഖറ 238). നിസ്‌ക്കാരത്തിലെ റുകൂഉം സുജൂദും പരിപൂർണമാക്കുകയും ഭയഭക്തിയോടെ നിസ്‌ക്കാരം നിർവ്വഹിക്കുകയും വേണം. എന്നാൽ മാത്രമേ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ബന്ധം സാധ്യമാവുകയുള്ളൂ.ദുൽഹിജ്ജ പത്തുദിനങ്ങളിലെ നിസ്‌ക്കാരങ്ങൾക്ക് (ഫർള് നിസ്‌ക്കാരമാവട്ടെ, സുന്നത്താവട്ടെ) ഇരട്ടി പ്രതിഫലമാണുള്ളത്.

അപ്രകാരം തന്നെ നോമ്പനുഷ്ഠിക്കലും ആത്മാർത്ഥ ആരാധനാകർമ്മമാണ്. നബി (സ്വ.അ) തങ്ങൾ  ദുൽഹിജ്ജ ഒമ്പതാം ദിവസവും ആശുറാഅ് ദിവസവും എല്ലാ മാസത്തിലെയും മൂന്നു ദിവസവും മാസത്തിലെ ആദ്യ രണ്ടു ദിവസവും വ്യാഴാഴ്ച ദിവസും നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നെന്ന് പ്രവാചക പത്‌നിമാർ സാക്ഷ്യപ്പെടുത്തുന്നു (ഹദീസ് അബൂ ദാവൂദ്). ദുൽഹിജ്ജ പത്തു ദിവസങ്ങളിലെ വ്രതങ്ങൾ കൂടുതൽ പ്രതിഫലാർഹമാണ്. പ്രത്യേകിച്ച് അറഫാ ദിനത്തിലെ വ്രതത്തിന്. ആ ദിവസത്തിലെ നോമ്പ് കഴിഞ്ഞ വർഷത്തെയും വരാനുള്ള വർഷത്തെയും പാപമോക്ഷത്തിന് കാരണമാവുമെന്ന് നബി (സ്വ.അ) പറഞ്ഞിട്ടുണ്ട് ( ഹദീസ് മുസ്ലിം).

ഈ ദിവസങ്ങളിലെ ദാനധർമ്മങ്ങൾക്കും ഇരട്ടി പ്രതിഫലമാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ദാനം ചെയ്യൽ അല്ലാഹുവിലേക്ക് അടുക്കാനും വിശ്വാസം സുദൃഡമാവാനുമുള്ള നിദാനമാണ്.

മനുഷ്യന് അല്ലാഹുവിലേക്ക് അഭയം പ്രാപിക്കാനുള്ള മാർഗമാണ് പ്രാർത്ഥന. വിനയാനിതനായി, കേഴുന്ന മനസ്സുമായി നാഥന്റെ സന്നിധാനത്തിലേക്ക് ആവശ്യങ്ങൾ വ്യക്തമാക്കണം. അവൻ ഉത്തരം നൽകും. എന്നോട് പ്രാർത്ഥിക്കൂ, ഞാൻ ഉത്തരം നൽകുമെന്ന് ഖുർആനിൽ അല്ലാഹു വ്യക്തമാക്കുന്നു.

സൃഷ്ടാവിലേക്ക് അടുക്കാനുള്ള മാർഗമാണ് ദൈവസ്മരണ. അവനിലേക്കാണ് ഉത്തമ വചനങ്ങൾ കയറിപോവുന്നത്, നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു” (ഖുർആൻ, സൂറത്തുൽ ഫാത്വിർ, 10). അടിമ ചൊല്ലിയ തസ്ബീഹുകളും ഹംദുകളും തക്ബീറുകളും ഉയർന്ന് നാഥന്റെ ഹർഷിനെ ചുറ്റും, എന്നിട്ട് ചൊല്ലിയയാളുടെ നാമം അല്ലാഹുവിങ്കൽ ഉരുവിടുമെന്ന് നബി (സ്വ.അ) പഠിപ്പിച്ചിട്ടുണ്ട്. നിങ്ങൾ എന്നെ ഓർക്കുക, ഞാൻ നിങ്ങളെയും ഓർക്കുന്നതാണ് (ഖുർആൻ, സൂറത്തുൽ ബഖറ, 152). സൽക്കർമ്മങ്ങൾ അല്ലാഹുവിന് ഏറ്റവും ഇഷ്ടം ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങളിലാണെന്നും ആയതിനാൽ തഹ് ലീൽ, തക്ബീർ, ഹംദ് അധികരിപ്പിക്കണമെന്ന് നബി (സ്വ.അ) അരുൾ ചെയ്തിട്ടുണ്ട്. അവ സ്വർഗത്തിലേക്കുള്ള പാതയും പാഥേയവുമാണ്.

മറ്റുള്ളവർക്ക് ഗുണം ചെയ്യതും അവരുടെ ഹൃദയങ്ങൾക്ക് സന്തോഷം പകർന്നും ഈ ദിനങ്ങൾ നാം പ്രതിഫലപ്രദമാക്കണം. മാത്രമല്ല, ഈ പുണ്യങ്ങൾ നുകരാൻ നമ്മുടെ സന്താനങ്ങളെയും പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.
back to top