യുഎഇ ജുമുഅ ഖുതുബ പരിഭാഷ
--- മൻസൂർ ഇർശാദി ഹുദവി കളനാട്---
തീയ്യതി: 18.08.2017
വിഷയം: സൽപ്പേര്
ജനങ്ങൾക്കിടയിൽ നല്ലത്
പറയിപ്പിക്കലും സൽപ്പേരുണ്ടാക്കലും വൈശിഷ്ടമായ സ്വഭാവഗുണമാണ്. അതിന്റെ ലക്ഷ്യം പവിത്രവുമാണ്.
പ്രവാചകന്മാരൊക്കെയും
അതിനായി അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുമുണ്ട്. “പിൽക്കാലക്കാർക്കിടയിൽ
എനിക്ക് നീ സൽകീർത്തി ഉണ്ടാക്കണമേ” എന്നാണ് ഇബ്രാഹിം
നബി (അ.സ) പ്രാർത്ഥിച്ചിരുന്നത് (ഖുർആൻ, സൂറത്തുൽ ശുഅറാ: 84). നാഥൻ അദ്ദേഹത്തിന്റെ
പ്രാർത്ഥനക്ക് ഉത്തരം നൽകി. ലോകത്താകമാനം അദ്ദേഹത്തിന്റെ യശസ്സ് ഉയർത്തുകയും കുടുംബത്തിൽ
പ്രവാചകന്മാരെക്കൊണ്ടും ദൂതന്മാരെക്കൊണ്ടും അനുഗ്രഹം ചൊരിയുകയും ചെയ്തു. അല്ലാഹു പറയുന്നു: “നമ്മുടെ കാരുണ്യത്തിൽ
നിന്നും അവർക്ക് നാം നൽകുകയും, അവർക്ക് നാം ഉന്നതമായ
സൽകീർത്തി ഉണ്ടാക്കുകയും ചെയ്തു” (ഖുർആൻ, സൂറത്ത് മർയം 50).
നമ്മുടെ നബി പ്രവാചകർ
മുഹമ്മദ് നബി (സ്വ.അ) പ്രവാചകത്വലബ്ധിക്ക് മുമ്പ് തന്നെ സത്യസന്ധനും വിശ്വസ്തനുമായിട്ടാണ്
അറിയപ്പെട്ടിരുന്നത്. പ്രവാചകനാവുന്നതിന് മുമ്പ്
തന്നെ തിരുമേനി (സ്വ.അ) ജനഹൃദയങ്ങളിൽ സ്ഥിര
പ്രതിഷ്ഠ നേടിയിരുന്നുവെന്നർത്ഥം. മക്കാനിവാസികൾ
നബി (സ്വ.അ) യെയാണ് ധനവും സ്വത്തുവകകളും വിശ്വസിച്ചേൽപ്പിച്ചിരുന്നത്. അവർ ഏതെങ്കിലും
കാര്യത്തിൽ അഭിപ്രായവിത്യാസമുള്ളവരായാൽ നബി (സ്വ.അ) തങ്ങളെയാണ് സമീപിക്കാറുള്ളത്. മാത്രമല്ല,
അവർ പറയുമായിരുന്നു: “മുഹമ്മദിൽ നിന്ന്
ഞങ്ങൾ ഇതുവരെ കളവ് അനുഭവിച്ചിട്ടില്ല”.
അല്ലാഹുവിൽ നിന്നുള്ള
ദിവ്യബോധനം (വഹ് യ്) ഇറങ്ങാൻ തുടങ്ങിയത് മുതൽ തിരുദൂതരുടെ (സ്വ.അ) സൽകീർത്തി ഇഹലോകത്തും
പരലോകത്തും ഉയർത്തുകയായിരുന്നു. അല്ലാഹു പറയുന്നു: “താങ്കൾക്ക് നാം താങ്കളുടെ ശ്രുതികൾ ഉയർത്തിത്തരികയും
ചെയ്തിരിക്കുന്നു” (ഖുർആൻ, സൂറത്തുൽ ശർഹ്: 4). തിരുമേനി (സ്വ.അ)യുടെ സൽകീർത്തിയും സൽസ്വഭാവവും ലെവലേശം സംശയമന്യെ സർവ്വരാലും അംഗീകൃതമായിരുന്നു.
ജഅ്ഫർ ബ്‌നു അബൂത്വാലിബ് (റ.അ) പറയുന്നു: “അല്ലാഹു നമ്മളിലേക്ക് നിയോഗിച്ചത് നമ്മളിൽ നിന്ന്
തന്നെയുള്ള ദൂതരെയാണ്, നമ്മൾക്ക് അവരുടെ
കുലവും കുലീനതയും ശാലീനതയും സത്യസന്ധതയും വിശ്വസ്തതയും വ്യക്തമായി അറിയാം”.
ഒരിക്കൽ റോം രാജാവായിരുന്ന
ഹിർഖൽ അബൂസുഫിയാനോട് (മുസ്ലിമാവുന്നതിന് മുമ്പ്) നബി (സ്വ.അ)യെ പറ്റി ചോദിക്കുകയുണ്ടായി: അവർ പ്രബോധനം നടത്തുന്നതിന് മുമ്പ് നിങ്ങളിൽ ആരെങ്കിലും
അദ്ദേഹത്തിനെതിരെ കളവ് ആരോപിച്ചിരുന്നുവോ?. അബൂസുഫ് യാൻ മറുപടി പറഞ്ഞു: ഇല്ല. ഹിർഖൽ: “എനിക്കറിയാം,
അദ്ദേഹം സൃഷ്ടാവിന്റെ മേലിലും സൃഷ്ടികളുടെ മേലിലും കളവ് നടത്തുകയില്ല” (ഹദീസ്, ബുഖാരി, മുസ്ലിം)
സൽപ്പേരും സൽകീർത്തിയും
സൽസ്വഭാവവും ഉള്ളവർ സമൂഹത്തിൽ എന്നും ഓർക്കപ്പെടും, അവരുടെ ശ്രുതിശോത്രങ്ങൾ ചക്രവാളങ്ങൾ ഭേദിച്ച് മുന്നേറും. ഹൃദയങ്ങൾ
അവർക്കായി തുറക്കപ്പെടും. മാനസങ്ങൾ അവർക്ക് വേണ്ടി വിശാലത പ്രാപിക്കുകയും ചെയ്യും.
ഓരോർത്തരും അവരുടെ സാമീപ്യം കൊതിക്കുകയും നാഥൻ അവരുടെ മഹിമ വാനോളം ഉയർത്തുകയും ജനങ്ങൾക്കിടയിൽ
അവര്ക്ക് അന്തസ്സ് വരുത്തുകയും ചെയ്യും. അപ്രകാരമായിരുന്നു യൂസുഫ് നബി (അ.സ). അദ്ദേഹത്തെപ്പറ്റി
സ്ത്രീകൾ പറയുന്നത് ഖുർആൻ വിവരിക്കുന്നത്: “ഇങ്ങനെ ആ സ്ത്രീകളെ വിളിച്ചുവരുത്തി രാജാവ് ചോദിച്ചു: യൂസുഫിനെ വശീകരിക്കാൻ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു.
അവർ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധൻ
! ഞങ്ങൾ യൂസുഫിനെപ്പറ്റി ദുഷ്‌കരമായതൊന്നും മനസ്സിലാക്കിയിട്ടില്ല” (ഖുർആൻ സൂറത്തു യൂസുഫ് :51).
എതോപ്യൻ രാജാവായിരുന്ന
നജ്ജാശി സുപ്രതിഷ്ഠിതനും സൽസ്വഭാവസമ്പന്നനുമായിരുന്നു. അദ്ദേഹത്തിന്റെ നീതിയും കീർത്തിയും
വിശ്രുതമായിരുന്നു. നബി (സ്വ.അ) പറഞ്ഞിട്ടുണ്ട്: “എതോപ്യയിൽ (അന്നത്തെ അബ്ശ) ഒരു ഭരണാധികാരിയുണ്ട്,
അദ്ദേഹത്തിന്റെയടുക്കൽ ഒരാൾപോലും അക്രമിക്കപ്പെടുകയില്ല” (ഹദീസ് ബൈഹഖി). അങ്ങനെ നജ്ജാശിയുടെ സൽപ്പേര് നൂറ്റാണ്ടുകളായി
സ്മരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു.
സൽപ്പേര് വ്യക്തികൾക്കെന്നപ്പോലെ
സമൂഹത്തിനും വരുത്തണം. അല്ലാഹു പറയുന്നു: “വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും
ചെയ്തവരാരോ അവർക്ക് പരമകാരുണികൻ സ്‌നേഹമുണ്ടാക്കിക്കൊടുക്കുന്നതാണ്, തീർച്ച” (സൂറത്തു മർയം :96).
നല്ല പെരുമാറ്റം,
നീതിയുക്തവും ഉത്തരവാദിത്വപൂർണവുമായ ഇടപാടുകൾ, ആകർഷകമായ സമീപനങ്ങൾ, ഉന്നത സ്വഭാവവിശേഷണങ്ങൾ, സൽപ്രവർത്തികൾ ഇവയൊക്കെയാണ് ഒരുത്തനിൽ സൽപ്പേര് ഉണ്ടാക്കിത്തീർക്കുന്നത്.
ജനങ്ങൾക്കിടയിൽ സ്വഭാവമഹിമ കിട്ടണമെങ്കിൽ വാക്കും പ്രവർത്തിയും സഭ്യമായിരിക്കണം,
സ്വഭാവവും സാമീപ്യവും ശ്ലീലമായിരിക്കുകയും വേണം.
വിശ്വാസി എന്നും സൽകീർത്തി കൊതിക്കണം. നബി (സ്വ.അ) പറഞ്ഞിട്ടുണ്ട്: “ഒരുത്തൻ സംശയാസ്പദ
കാര്യങ്ങളെതൊട്ട് വിട്ടുനിന്നാൽ അവൻ അവന്റെ ദീനിനെയും ആത്മാഭിമാനത്തെയും സംരക്ഷിച്ചിരിക്കുന്നു”. സൽവൃത്തരായ വ്യക്തികൾ കൂടുമ്പോഴാണ് സമൂഹത്തിന്
സൽപ്പേര് ഉണ്ടാവുന്നത്. മകന്റെ സ്വഭാവവൈശിഷ്ട്യം വീടിന്റെ സൽപ്പേരിലും പ്രതിഫലിച്ചുക്കണാം.
ഉദ്യോഗസ്ഥന്റെ മനക്കരുത്തും കൃത്യതയും ജനങ്ങളുമായുള്ള സുതാര്യ ഇടപാടുകളും അവൻ ജോലി
ചെയ്യുന്ന സ്ഥാപനത്തിന് സൽപ്പേര് രൂപപ്പെടുത്തിക്കൊടുക്കും.
സൽകീർത്തി മറ്റുള്ളവരിൽ
മതിപ്പുളവാക്കുകയും അവനിൽ വിശ്വാസമർപ്പിക്കാൻ കാരണമാക്കുകയും ചെയ്യും. സൽപ്പേരുള്ള കച്ചവടക്കാരന്റെ സത്യസന്ധതയിലും വിശ്വസ്തതയിലും
ആകൃഷ്ടരായി ജനം അവനുമായി വ്യവഹാരം നടത്തുകയും, അത് കാരണം അവൻ ഇഹത്തിൽ ലാഭമുണ്ടാക്കുകയും പരത്തിൽ വിജയിയായിത്തീരുകയും
ചെയ്യും. സ്വഭാവമാഹാത്മ്യമുള്ള അധ്യാപകനെ ആദരവ് പൊതിഞ്ഞുക്കൊണ്ടിരിക്കും. നാടിന്റെ
ഖ്യാതി നാട്ടുകാരിലാണ് നിലക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ നാടിനായി ഓരോ നാട്ടുകാരനും മഹിമയും മേന്മയും നിലനിർത്താൻ
ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു.