യുഎഇ ജുമുഅ ഖുതുബ പരിഭാഷ സംക്ഷിപ്തം
---മൻസൂർ ഇർശാദി ഹുദവി കളനാട്---
തീയ്യതി: 11.08.2017
വിഷയം: സാമൂഹ്യബോധം
സാമൂഹ്യജീവിയായ മനുഷ്യന്റെ
സാമൂഹ്യബോധം പ്രകടമാവേണ്ടത് അവന്റെ ഉത്തരവാദിത്വ നിർവ്വഹണത്തിലൂടെയാണ്. ഓരോർത്തരും
അവനവന്റെ വിലക്കും നിലക്കും അനുസരിച്ചുള്ള ബാധ്യതകൾ നിറവേറ്റതുണ്ട്.
പ്രവാചകർ (സ്വ.അ)
പറയുന്നു: “നിങ്ങളോരുത്തരും ഭരണാധികാരികളാണ്, നിങ്ങളുടെ പ്രജകളോട് നിങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.
നേതാവ് ഉത്തരവാദിത്വപ്പെട്ടയാളാണ്, അയാൾ അണികളെ പ്പറ്റി
ചോദ്യം ചെയ്യപ്പെടും. പുരുഷൻ കുടുംബത്തിലെ ഭരണാധികാരിയാണ്, കുടുംബക്കാരുടെ ഉത്തരവാദിത്വപ്പെട്ടയാൾ അയാളാണ്. സ്ത്രീ വീട്ടിലെ
ഭരണാധികാരിയാണ്, വീട്ടുകാര്യത്തിൽ
അവളാണ് ഉത്തരവാദിത്വപ്പെട്ടവൾ” (ഹദീസ് ബുഖാരി,
മുസ്ലിം).
സമൂഹത്തിൽ ഓരോർത്തരും
ഉത്തരവാദിത്വം വഹിക്കുകയും നിർവ്വഹിക്കുകയും വേണം. പക്വതയോടെ സുതാര്യമായും ക്രിയാത്മകമായുമാണ്
കാര്യങ്ങളെ സമീപിക്കേണ്ടത്.
ഒരിക്കൽ നബി (സ്വ.അ)
പറഞ്ഞു: “ഓരോ മുസ്ലിം ദാനം
ചെയ്യൽ അവനവന്റെ ബാധ്യതയാണ്”.
അപ്പോൾ സ്വഹാബാക്കൾ
ചോദിച്ചു: അതിന് പറ്റിയില്ലെങ്കിലോ
നബിയേ..?
നബി (സ്വ.അ): അപ്പോൾ അവൻ അധ്വാനിക്കണം, അതിൽ നിന്ന് സ്വയം ഉപയോഗപ്പെടുത്തുകയും ദാനം ചെയ്യുകയും
വേണം
സ്വഹാബാക്കൾ: അതിനും പറ്റിയില്ലെങ്കിലോ?
നബി (സ്വ.അ): അവശരെ സഹായിക്കണം
സ്വഹാബാക്കൾ: അതിനും സാധിച്ചില്ലെങ്കിലോ?
നബി (സ്വ.അ): നന്മ കൽപ്പിക്കണം
സ്വഹാബാക്കൾ: അതിനും കഴിഞ്ഞില്ലെങ്കിൽ..?
നബി (സ്വ.അ): “തിന്മയെ തൊട്ട് വിട്ടു
നിൽക്കണം, അതും സ്വദഖ(ദാനം)യാണ്”. (ഹദീസ് ബുഖാരി, മുസ്ലിം)
കൂടെ ജീവിക്കുന്നവരോട്
കാട്ടേണ്ട സഹവർതിത്വത്തിന്റെയും സഹാനുഭൂതിയുടെയും പ്രേരണ വിളിച്ചോതുന്നതാണ് ഈ ഹദീസ്.
ഓരോർത്തരും അവനവന്റെ
കടമകൾ കടമകൾ യഥാവിധി നിർവ്വഹിക്കുകയാണെങ്കിൽ, സമൂഹനിർമിതിയിലും നാടിന്റെ സംസ്‌കൃതി ശാക്തീകരണത്തിലുമാണ് അവൻ
പങ്കാളിയാവുന്നത്.
നബി (സ്വ.അ) പറഞ്ഞു: “ഒരു വിശ്വാസി മറ്റൊരു
വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണ്. ചിലത് ചിലതിനെ ശക്തിപ്പെടുത്തും” (ഹദീസ് ബുഖാരി, മുസ്ലിം)
അതായത്, വ്യക്തികൾ ശക്തിപ്പെടുന്നത് സമൂഹരൂപീകരണത്തിലൂടെയാണ്.
ഓരോർത്തരും സമൂഹമെന്ന കെട്ടിടം ദൃഡപ്പെടുത്തുന്നതിൽ ഭാഗവാകാകണം. നന്മയിലും സുകൃതത്തിലും
അന്യോനം സഹായിക്കണം, സഹകരിക്കണം.
അല്ലാഹു ത്വഹാല പറയുന്നു: “പുണ്യത്തിലും ധർമ്മനിഷ്ഠയിലും
നിങ്ങൾ അന്യോനം സഹായിക്കുക” (ഖുർആൻ, സൂറത്തുൽ മാഇദ 2)
സഹകരണത്തിലൂടെയാണ്
സംസാകാരവും നാഗരികതയും രൂപപ്പെട്ടതും ജനങ്ങളുടെ സഹവാസം സുഗമമായതും.
വീട്ടകങ്ങളിൽ നിന്നാണ്
സാമൂഹ്യബാധ്യത തുടങ്ങുന്നത്. സമൂഹത്തിന്റെ പ്രഥമ
സ്ഥാപനമായ കുടുംബത്തോടുള്ള കടപ്പാടുകൾ പ്രഥമമായും നിറവേറ്റപ്പെടണം. അതിൽ മാതാപിതാക്കളോടുള്ള
കടമകൾ നന്നായി പൂർത്തീകരിക്കേണ്ടതുണ്ട്. “തന്റെ മാതാപിതാക്കളോട്
നല്ലനിലയിൽ വർത്തിക്കാൻ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു” (ഖുർആൻ, സൂറത്ത് അങ്കബൂത്ത് 8).
മാതാപിതാക്കൾക്ക്
ഗുണം ചെയ്യല് ദൈവകൃപക്ക് കാരണമാക്കും.
പിന്നെ, സ്വന്തം ഭാര്യയോടും മക്കളോടുമുള്ള ബാധ്യതകൾ ചെയ്തുത്തീർക്കണം.
നബി (സ്വ.അ)
പറഞ്ഞു: “ഓരോ ഉത്തരവാദിത്വപ്പെട്ടയാളോടും
അവനവനെ ഏൽപ്പിച്ചതിനെ ക്കുറിച്ച് ചോദിക്കും. എത്രത്തോളമെന്നാൽ, ഒരു പുരുഷനോട് അവന്റെ വീട്ടുകാരെപ്പറ്റി ചോദിക്കും” (ഹദീസ് ഇബ്‌നു അബ്ബാൻ)
പിന്നെ, അയൽവാസിയെ ബഹുമാനിക്കുകയും ഗൗനിക്കുകയും വേണം.
“കുടുംബബന്ധമുള്ള അയൽക്കാരോടും
അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക” (ഖുർആൻ, സൂറത്ത് നിസാഅ് 36)
അതുപോലെ സമൂഹത്തിലെ
ഓരോ അംഗത്തോടും നല്ലനിലയിൽ വർത്തിക്കണം, മതവും ജാതിയും വിശ്വാസവും നിലപാടുകളും വ്യത്യസ്തമായാലും ശരി. അവന്റെ സ്വത്തിനും
അഭിമാനത്തിനും സംരക്ഷണമേകണം, ക്ഷതമേൽപ്പിക്കരുത്.
നബി (സ്വ.അ) പറയുന്നു: “ആരുടെ കയ്യിൽ നിന്നും
നാവിൽ നിന്നും ജനം രക്ഷപ്പെട്ടുവോ അവനാണ് യഥാർത്ഥ മുസ്ലിം” (ഹദീസ് ബുഖാരി, മുസ്ലിം, നസാഈ)
സമൂഹത്തിൽ ജീവിക്കുമ്പോൾ
നാടിന്റെ സംവിധാനങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായിരിക്കണം. അങ്ങനെയെങ്കിൽ മാത്രമേ
സ്ഥൈര്യ ജീവിതം സാധ്യമാവുകയുള്ളൂ.