നമ്മുക്കും ഒരുങ്ങാം, ഒരു ഹിജ്‌റക്കായി…


യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
--- മൻസൂർ ഹുദവി കളനാട്---
തീയ്യതി: 22/09/2017
വിഷയം: ഹിജ്‌റ പുതുവർഷം
 
                പുതു ഹിജ്‌റാ വർഷം സമാഗതമായി. വിശ്വാസിയുടെ ഈ പുതുവർഷം സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും, ഐശ്വര്യത്തിന്റെയും അഭിവൃതിയുടെയും വർഷമായി ഭവിക്കാൻ പ്രത്യാശിക്കാം... പ്രവർത്തിക്കാം... പ്രാർത്ഥിക്കാം.

ഈ പുതുവർഷ പുലരികളിൽ പ്രവാചകരുടെ (സ്വ.അ) ത്യാഗനിർഭരമായ ഹിജ്‌റയെന്ന മദീനാ പലായനത്തിന്റെ സ്മരണകൾ പുതുക്കപ്പെടുകയാണ്. പ്രവാചകരുടെ (സ്വ.അ) ഹിജ്‌റ മാനവിക ചരിത്രത്തിലെ ത്തന്നെ സുപ്രധാന സംഭവമാണ്. ഉമർ ബ്‌നുൽ ഖത്വാബാണ് (റ.അ) ഹിജ്‌റാ സംഭവത്തെ ഇസ്ലാമിക കലണ്ടറിന്റെ തുടക്കമായി നിർണയിച്ചത്. ഇസ്ലാമിക കലണ്ടർ സ്ഥാപിക്കാനുള്ള സ്വഹാബാക്കളുടെ ചർച്ചയിൽ പല അഭിപ്രായങ്ങളും ഉയർന്നു വന്നു. ചിലർ പ്രവാചകത്വം മുതൽക്ക് തുടങ്ങാമെന്ന് പറഞ്ഞു. മറ്റു ചിലർ ഹിജ്‌റാ സംഭവം മുതൽ തുടങ്ങാമെന്നും അഭിപ്രായപ്പെട്ടു. അവസാനം, ഹിജ്‌റയെ ഇസ്ലാമിക തീയ്യതി നിർണ്ണയത്തിനുള്ള ഉപാധിയാക്കാമെന്ന ഐക്യാഭിപ്രായത്തിൽ എത്തിച്ചേരുകയായിരുന്നു (അൽ കാമിൽ ഫിത്താരീഖ്). കാരണം, മാനവിക ചരിത്രത്തിലെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ അധ്യായങ്ങളാണ് ഹിജ്‌റാ പലായനം പറഞ്ഞുത്തരുന്നത്. പ്രവാചകാനുചരരിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും ഭാഗദേയം നിർണയിച്ച ആ ചരിത്രദൗത്യത്തിലൂടെ പ്രവാചകർ (സ്വ.അ) മദീനയുടെ മണ്ണിൽ നീതിയുടെയും ന്യായത്തിന്റെയും വിത്തുകൾ പാകുകയായിരുന്നു. പരസ്പരം പുലർത്തേണ്ട സഹാനുഭൂതിയുടെയും സഹകരണത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു നബി തിരുമേനി (സ്വ.അ). അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ബാധ്യതകൾ നിർവ്വഹിച്ച് അമുസ്ലിങ്ങളോട്  സഹിഷ്ണുതാ മനോഭാവത്തോടെ സഹവസിക്കേണ്ടതിന്റെ മാനവിക മാനം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. മദീനാ ഉടമ്പടി തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവ്. സ്വഹാബികൾ മദീനാ ദേശത്തിന്റെ വിവിധ പ്രദേശങ്ങളിൽ വസിച്ച് മാനുഷിക സംസ്‌കൃതിയുടെ ഉത്തമ മാതൃകകൾ പണിയുകയും പരിപാവന ദീനുൽ ഇസ്ലാമിന്റെ  താത്വിക വശങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഈ പുതുവർഷ വേളയിൽ, കഴിഞ്ഞ വർഷം നാം എന്ത് ചെയ്തുവെന്ന് ഓരോർത്തരും ആത്മവിചാരണ നടത്തേണ്ടിയിരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നുണ്ടല്ലൊ. അന്നേ ദിവസം നിങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളിൽ നിന്ന് മറഞ്ഞു പോകുന്നതല്ല”(ഖുർആൻ, സൂറത്തുൽ ഹാഖ 18). ഉമർ ബ്‌നുൽ ഖത്വാബ് (റ.അ) പറയുന്നു: നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് ആത്മവിചാരണ നടത്തുക, നിങ്ങൾ അളക്കപ്പെടുന്നതിന് മുമ്പ് സ്വയം അളക്കുക” (മുസ്വന്നഫു ഇബ്‌നി അബീ ശൈബ). അതായത് വിശ്വാസി പരലോകത്ത് വെച്ച് വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പായി ഇഹലോകത്ത് വെച്ച് തന്നെ സ്വന്തത്തെ വിചാരണ ചെയ്തിരിക്കും.

പരത്തിൽ വിജയിക്കാൻ ഇഹത്തിൽ എന്ത് ചെയ്‌തെന്ന് ഓരോർത്തരും ആത്മവിചിന്തനം നടത്തണം.
നിർബന്ധ ആരാധനാ കർമ്മങ്ങൽ യഥാവിധി കൃത്യമായി നിറവേറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ഏതെല്ലാം നന്മകൾക്ക് സമയം ചെലവഴിച്ചുവെന്ന് വിലയിരുത്തണം.
സ്വന്തത്തിനും സ്വകുടുംബത്തിനും എന്ത് നേടിക്കൊടുത്തുവെന്ന് ആത്മാവിൽ അന്വേഷിക്കണം.
നാടിനും നാട്ടാർക്കും എന്ത് ഗുണം ചെയ്തുവെന്ന് സ്വന്തത്തോട് ചോദിക്കണം.
കഴിഞ്ഞ വർഷം ആപേക്ഷികമായി സൽക്കർമ്മങ്ങൾ ഏറിയിട്ടുണ്ടോവെന്നും അറിവ് അധികരിച്ചിട്ടുണ്ടോവെന്നും കണക്കുകൂട്ടണം.
ജീവിതത്തിൽ പുതിയ നേട്ടങ്ങളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ടോവെന്ന് ആത്മവിമർശനം നടത്തുകയും വേണം.

തീർച്ചയായും, മനുഷ്യൻ അവന്റെ ശരീരം എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും, ആയുസ്സ് എങ്ങനെ ചെലവഴിച്ചുവെന്നും, ധനം എങ്ങനെ സമ്പാദിച്ചുവെന്നും എങ്ങനെ വിനിയോഗിച്ചുവെന്നും, വിജ്ഞാനം എങ്ങനെ പ്രാവർത്തികമാക്കിയെന്നും ചോദിക്കപ്പെടും. ഈ പുതുവർഷ വേളയിൽ ഇനിയെന്ത് നേടുമെന്നും തീരുമാനിച്ചുറച്ച് ഇറങ്ങണം.

പ്രവാചകർ നബി (സ്വ.അ)യുടെ ഹിജ്‌റാ പലായനം നിരവധി ആശയങ്ങളും ആദർശങ്ങളും മൂല്യങ്ങളുമാണ് നമ്മുക്ക് ഓതിത്തരുന്നത്. ഒന്നാമതായി ഹിജ്‌റയെന്നതിന്റെ വാക്കർത്ഥം തന്നെ. വെടിയൽ എന്നാണ് അത് അർത്ഥമാക്കുന്നത്. അതായത് അല്ലാഹും വിരോധിച്ചത് വെടിയുക. നബി (സ്വ.അ) പറയുന്നു: മുഹാജിർ അല്ലാഹു വിരോധിച്ചത് വെടുയുന്നവനാണ്” (ഹദീസ് ബുഖാരി). വിശ്വാസി എന്നും സത്യത്തിലേക്കും വിശ്വാസ്യതയിലേക്കും ജ്ഞാന സമ്പാദനത്തിലേക്കും പരിശ്രമത്തിലേക്കും അഭയം പ്രാപിക്കണം. അതാണ് അവനിക്ക് മാന്യത വരുത്തുന്നതും  അവന്റെ കുടുംബത്തിനും നാടിനും സമൂഹത്തിനും ഉപകരിക്കുന്നതും. അതാണ് സൽപാത. അതിൽ അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചാൽ മഹത്തായ പ്രതിഫലം അവനിക്കുണ്ടെന്നതിൽ സംശയിക്കാനില്ല. തീർച്ചയായും കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് നിയ്യത്ത് (മനസ്സ് കൊണ്ടുള്ള കരുതൽ) കൊണ്ട് തന്നെയാണ് ” (ഹദീസ് ബുഖാരി, മുസ്ലിം).

ഹിജ്‌റാ സംഭവം പാര്‌സപര്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് നൽകുന്നത്. സമൂഹത്തിൽ ഓരോ വ്യക്തിക്കും അവരവരുടേതായ ദൗത്യമുണ്ട്. അതാണ് ഹിജ്‌റയിൽ നമ്മുക്ക് വ്യക്തമാവുന്നത്. അബൂബക്കർ സിദ്ധീഖ് (റ.അ) അർപ്പണബോധത്തോടെ ഹിജ്‌റക്കായി നബി (സ്വ.അ)യോടൊപ്പം എല്ലാം ത്യജിച്ച് പുറപ്പെടുകയായിരുന്നു. മാത്രമല്ല, അതിനായി തന്റെ സമ്പാദ്യവും വാഹനമായി ഉപയോഗിക്കുന്ന ഒട്ടകവും നൽകുകയും ചെയ്തു. ഈ സഹകരണ ഉദ്യമത്തിൽ അബൂബക്കർ സിദ്ധീഖി(റ.അ)ന്റെ കുടുംബവും പങ്കുചേരുകയുണ്ടായി. അല്ലാഹു പുറപ്പെട്ടുകൊള്ളുവാൻ അനുമതി തന്നുവെന്നു നബി തങ്ങൾ (സ്വ) പറഞ്ഞപ്പോൾ തന്നെ അവർ പൂർണാർത്ഥത്തിൽ സഹകരിക്കുകയായിരുന്നു. അബൂബക്കർ സിദ്ധീഖി(റ.അ)ന്റെ മകൾ ആയിഷ (റ.അ) പറയുന്നു: നമ്മൾ അവർ രണ്ടാളെയും യാത്രക്കായി വേഗത്തിൽ ഒരുക്കിത്തയ്യാറാക്കുകയും സഞ്ചിപ്പാത്രത്തിൽ ഭക്ഷണം വിളമ്പുകയും ചെയ്തു. അസ്മാ ബിൻത്ത് അബൂബക്കർ (മറ്റൊരു മകൾ) തന്റെ തോൽപ്പട്ട മുറിച്ച് രണ്ടാക്കി ഒരു ചരട് കൊണ്ട് ഭക്ഷണപ്പാത്രം കെട്ടിഭദ്രമാക്കി. അതുകൊണ്ടാണ് അസ്മാ 'ദാത്തുൽ നിത്വാഖൈൻ' (രണ്ടു തോൽപ്പട്ടയുള്ളവൾ) എന്നറിയപ്പെടുന്നത്” (ഹദീസ് ബുഖാരി).

ഈ സംഭവം ഹിജ്‌റയിലെ സ്ത്രീസാന്നിധ്യമാണ് വ്യക്തമാക്കിത്തരുന്നത്. സാംസ്‌കാരിക നേട്ടത്തിലും മതകീയ ഉന്നമനത്തിലുമുള്ള മറക്കുള്ളിലെ സത്രീപങ്കാളിത്തതിന്റെ തെളിവാണിത്. നബി(സ്വ.അ)യും അബൂബക്കർ സിദ്ധീഖും (റ.അ) പർവ്വതമുകളിലെ ശൗർ ഗുഹയിലെത്തി മൂന്നുദിവസം താമസിച്ചിരുന്നപ്പോൾ അവർക്കുള്ള ഭക്ഷണം മല കയറി എത്തിച്ചിരുന്നത് ഗർഭിണിയായിരുന്ന അസ്മാ ബിൻതു അബൂബക്കർ ആയിരുന്നു. ഈ സ്ത്രീ പരിശ്രമദാനത്തിന് ചരിത്രത്തിൽ സമാനതകളില്ലതാനും.

ചരിത്രത്തിൽ യുവതയുടെ ശ്രമങ്ങളും അനുസ്മരണീങ്ങളാണ്. അവരെക്കൊണ്ടാണല്ലൊ സമൂഹം വളരുന്നതും വെല്ലുവിളികൾ മറികടക്കുന്നതും നേട്ടങ്ങൾ കൊയ്യുന്നതും. അങ്ങനെയുള്ള യുവത്വങ്ങൾ ഹിജ്‌റയിലും നന്നായി ഇടപെട്ടതായി കാണാം. അവരിൽ പ്രധാനിയാണ് അലിയ്യ് ബ്‌നു അബൂത്വാലിബ് (റ.അ). മക്കാനിവാസികൾക്ക് അമാനത്ത് വകകൾ (സൂക്ഷിപ്പുസ്വത്തുകൾ) തിരിച്ചേൽപ്പിച്ചിരുന്നത് ആ യുവരത്‌നമായിരുന്നു. അതുവരെ മക്കയിൽ തങ്ങിയശേഷമാണ് പലായനം ചെയ്തത്. മറ്റൊരു മാതൃകാ യുവത്വം മുസ്വ്അബ് ബ്‌നു ഉമൈർ (റ.അ) ആയിരുന്നു. അവരാണ് മദീനയിലേക്ക് ആദ്യം ചെന്നത്. അവിടത്തെ ജനങ്ങളെ ഉൽബുദ്ധരാക്കാനും ദീൻ പഠിപ്പിക്കാനുമായിരുന്നു അത്. അങ്ങനെയാണ് മക്കാനിവാസികൾ നിർമല ഹൃദയരാവുന്നതും പാരസ്പര്യബോധമുള്ളവരാവുന്നതും. മാത്രമല്ല, മക്കയിൽ നിന്നുള്ള മുഹാജിറുകളും മദീനയിലെ അൻസ്വാരികളും സൽക്കർമ്മ സഹകാരികളായി സഹവർത്തിത്വത്തോടെ കഴിഞ്ഞുകൂടുകയും ചെയ്തു, നാട് ഉണരുകയും പുതിയ സംസ്‌കാരം രൂപപ്പെടുകയും ചെയ്തു.

ഹിജ്‌റ പഠിപ്പിക്കുന്ന മറ്റൊരു പാഠം മസ്ജിദ് നിർമ്മാണവും സംരക്ഷണവും പരിപാലനവുമാണ്. മദീനയിലെത്തിയ പ്രവാചകർ (സ്വ.അ) ആദ്യമായി ചെയ്തത് മസ്ജിദ് നിർമ്മാണമായിരുന്നു. മസ്ജിദുകളിലാണ് അല്ലാഹുവിനെ ആരാധിക്കാൻ ഒത്തുകൂടുന്നതും വിശ്വാസികൾ പരസ്പരം അടുക്കുന്നതും.  അങ്ങനെ ഹിജ്‌റ അല്ലാഹുവിന്റെ ദിവ്യാനുഗ്രഹത്താൽ വിജയകരമായി പൂർത്തിയായി. അല്ലാഹു പറയുന്നു: അവനാണ് അവന്റെ സഹായം മുഖേനയും വിശ്വാസികൾ മുഖേനയും താങ്കൾക്ക് പിൻബലം നൽകിയവൻ. വിശ്വാസികളുടെ ഹൃദയങ്ങൾ തമ്മിൽ അവൻ ഇണക്കിച്ചേർക്കുകയും ചെയ്തിരിക്കുന്നു (ഖുർആൻ, സൂറത്തുൽ അൻഫാൽ 62,63).

ഹിജ്‌റയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. മതം താൽപര്യപ്പെടുന്നത് പാരസ്പര്യബോധവും സഹകരണമനോഭാവവുമാണ്. സഹിഷ്ണുതയും അനുകമ്പയും ജീവിതത്തിലുടനീളം പുലർത്താനും കൽപ്പിക്കുന്നുണ്ട്. വിശ്വാസികൾ കണ്ടുമുട്ടിയാൽ സലാം പറയുന്നത് പതിവാക്കണം. മദീന മുനവ്വറയിൽ വെച്ച്  നബി (സ്വ.അ) ആദ്യമായി നടത്തിയ അഭിസംബോധനം ഇങ്ങനെയായിരുന്നു: ജനങ്ങളേ.... നിങ്ങൾ സലാം പറയുന്നത് വ്യാപകമാക്കുക, ഭക്ഷിപ്പിക്കുക, കുടുംബബന്ധം ചേർക്കുക. ആളുകൾ ഉറങ്ങുന്ന സമയം നിസ്‌ക്കരിക്കുക. എന്നാൽ നിങ്ങൾ സമാധാനത്തോടെ സ്വർഗത്തിൽ പ്രവേശിക്കും” (ഹദീസ് തുർമുദി).

മക്കാ വിശ്വാസികൾ മക്കയിൽ കുടുബാംഗങ്ങളെയും ഉപേക്ഷിച്ച് മദീനയിൽ പോയത് കാരണം ഒരു കുടുംബബന്ധവും മുറിഞ്ഞിട്ടില്ല. നേരെ മറിച്ച്, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള പാലം പണിയുകയായിരുന്നു നബി തങ്ങൾ (സ്വ.അ). അതിന് സഹായികളായിരുന്നു മുഹാജിറുകളും അൻസ്വാറുകളുമായിരുന്ന സ്വഹാബത്ത്. നബി തിരുമേനി (സ്വ.അ) പറയുന്നു: അല്ലാഹുവാണേ സത്യം.. ഖുറൈശികൾ എന്നോട് കുടുംബബന്ധം ചേർക്കാൻ ആവശ്യപ്പെട്ടാൽ ആ ബന്ധം ഞാൻ ചേർത്തിരിക്കുക തന്നെ ചെയ്യും” (ഹദീസ് അഹ്മദ്).

ഈ പുതുവർഷത്തിൽ നമ്മുക്കും ഒരു ഹിജ്‌റക്ക് തയ്യാറാവാം, അല്ലാഹു വിലക്കിയതൊക്കെയും വെടിഞ്ഞുകൊണ്ട്.
ഹിജ്‌റ തിന്മയുടെ തിരസ്‌ക്കാരമാണല്ലൊ. സ്വർഗമെന്ന പുരസ്‌ക്കാരത്തിനായി തിന്മ തിരസ്‌ക്കരിച്ച് നമ്മുക്ക് മുന്നേറാം.
back to top