സ്‌നേഹാർദ്രം, കരുണാമയം ഈ ബന്ധങ്ങൾ




യുഎഇ ജുമുഅ ഖുതുബ പരിഭാഷ
---മൻസൂർ ഹുദവി കളനാട്---

തീയ്യതി: 29/09/2017
വിഷയം: സ്‌നേഹവും കാരുണ്യവും (കുടുംബബന്ധം)

അല്ലാഹു പറയുന്നു: ഏ.. മനുഷ്യരേ.. നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും അതിൽനിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്നവനാകുന്നു” (ഖുർആൻ, സൂറത്തുൽ നിസാഇലെ ആദ്യസൂക്തം)

പ്രവാചകർ മുഹമ്മദ് നബി (സ്വ) പറയുന്നു: നിങ്ങളിൽ ഏറ്റവും നല്ലവൻ സ്വകുടുംബത്തോട് നന്മ ചെയ്യുന്നവനാണ്. ഞാൻ അത്തരുണത്തിൽ എന്റെ കുടുംബത്തോട് നന്മ ചെയ്യുന്നവനാണ്” (ഹദീസ് തുർമുദി)
    
സ്‌നേഹവും കാരുണ്യവും കുടുംബബന്ധം സുദൃഢമാവുന്നതിന്റെ അടിസ്ഥാന ശിലകളാണ്. വൈവാഹിക ജീവിതവിജയത്തിന്റെ ഹേതുകം കൂടിയാണവ. മാത്രമല്ല, അവ പ്രവഞ്ചനാഥനിൽ നിന്നുള്ള മഹത്തായ അനുഗ്രഹവും സുപ്രധാന ദൃഷ്ടാന്തവുമാണ്. അല്ലാഹു തന്നെ പറയുന്നു: നിങ്ങൾക്ക് സമാധാനപൂർവ്വം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടിയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തത് അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (ഖുർആൻ, സൂറത്തുൽ റൂം 21). അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണതയുടെ ഭാഗമായാണ് അവൻ ദമ്പതികൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തീർത്തത്.

സ്‌നേഹമെന്നാൽ മനസ്സിന്റെ ആർദ്രതയാണ്.
കാരുണ്യമെന്നാൽ മനസ്സിന്റെ അലിവാണ്.
അവ കൊണ്ടാണ് കുടുംബങ്ങൾ നിലനിൽക്കുന്നതും ബന്ധങ്ങൾ സുദൃഢപ്പെടുന്നതും.

ഉപ്പ തന്റെ കുടുംബാംഗങ്ങളോട് കനിവുള്ളവനാകുകയും തന്റെ കടമകളും ഉത്തരവാദിത്വങ്ങളും യഥാവിധി നിർവ്വഹിക്കുകയും വേണം. മാത്രമല്ല, തന്റെ മക്കളുടെ കാര്യങ്ങളിൽ തുടരെ തുടരെ ഇടപെടുകയും വേണം. കാരണം അവർക്ക് വാക്കിലും പ്രവർത്തിയിലും പിന്തുടരാനുള്ളത് ഉപ്പയെയാണല്ലൊ.

ഉമ്മയാണ് വീട് പരിപാലിക്കേണ്ടതും മക്കളെ വളർത്തേണ്ടതും. ഉമ്മയാണ് വളർന്നു വരുന്ന പെൺമക്കൾക്കുള്ള മാതൃക. ഇങ്ങനെയുള്ള ഉപ്പയും ഉമ്മയും ചേരുമ്പോഴാണ് സ്‌നേഹാർദ്രവും കരുണാമയവുമായ സന്തുഷ്ട കുടുംബം സാധ്യമാവുന്നത്.

സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തീർക്കുന്ന പെരുമാറ്റങ്ങളും ഇടപാടുകളുമാണ് ദമ്പതികൾക്കിടയിൽ ഉണ്ടാവേണ്ടതെന്ന് പരിപാവന ദീനുൽ ഇസ്ലാം വിശ്വാസികളോട് ഉണർത്തുന്നു. കുടുംബത്തിന്റെ കെട്ടുറപ്പും ഭദ്രതയും നിലനിൽക്കാൻ അങ്ങനെ അനുവർത്തിക്കൽ അത്യന്താപേക്ഷിതമാണ്. ഇടപാടുകളിലും നിലപാടുകളിലും മയം കാണിച്ചാൽ പിണക്കമില്ലാത്ത, ഇണക്കം മാത്രം നിത്യമാക്കുന്ന കുടുംബത്തെ സാക്ഷാൽക്കരിക്കും. നബി (സ്വ) പറയുന്നു: അല്ലാഹു ഒരു കുടുംബത്തിൽ നന്മ ഉദ്ദേശിച്ചാൽ അവർക്ക് അലിവ് അറിയിച്ചുക്കൊടുക്കും” (ഹദീസ് അഹ്്മദ്).

മയസ്വഭാവവും മുഖപ്രസന്നതയും പരസ്പര ബഹുമാനവും പരിഗണനയും കുടുംബത്തിൽ നിത്യമാവണമെന്നാണ് മേൽഹദീസ്  ഉൽബോധിപ്പിക്കുന്നത്. ഭാര്യഭർത്താക്കന്മാർ പരസ്പര മനസ്സിലാക്കി സഹകരണത്തോടെയും ഒത്തൊരുമയോടെയും കുടുംബകടമകൾ നിറവഹിക്കേണ്ടതുണ്ട്. കുടുംബാസൂത്രണത്തിലും കുട്ടികളെ വളർത്തുന്നതിലും ഇരുവരും ഒരുപോലെ ഉത്തരവാദികളാണ്. ഒരോർത്തരും അന്യോന്യം കഴിവിന്റെ പരമാവധി സ്‌നേഹവും കാരുണ്യവും കാണിക്കണം.

ജീവിതപങ്കാളിയുടെ ചുമതലകളും ബാധ്യതകളും മനസ്സിലാക്കി അവ നിറവേറ്റാൻ സഹായിക്കുമ്പോഴാണ് ദാമ്പത്യവിജയം യാഥാർത്ഥ്യമാവുന്നത്. പരസ്പരം ശ്രമങ്ങളെ മാനിക്കുകയും നന്ദി അറിയിക്കുകയും വേണം. മാത്രമല്ല, എന്നും ഏറ്റവും നല്ലമാത്രം തെരഞ്ഞെടുക്കാൻ പ്രോൽസാഹിപ്പിക്കുകയും വേണം. അപ്പോഴാണ് കുടുംബം സന്തുഷ്ടമാവുന്നതും കുടുംബമഹിമയാൽ സമ്പുഷ്ടമാവുന്നതും.

നന്ദി അറിയിക്കൽ ഉദാത്തമായ സ്വഭാവമാണ്.  നബി (സ്വ) ആ സ്വഭാവമാഹാത്മ്യത്തെ പ്രേരിപ്പിക്കുന്നുണ്ട് : ഒരുത്തൻ പടപ്പുകളോട് നന്ദിയുള്ളവനായില്ലെങ്കിൽ അവൻ പടച്ചോനോടും നന്ദിയുള്ളവനാകില്ല” (ഹദീസ് അഹ്മദ്, അദബുൽ മുഫ്രദ്). സാമൂഹിക ജീവിതത്തിന്റെ വിജയമന്ത്രമാണ് പരസ്പര നന്ദിവാക്ക്.

കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹവും സമ്പർക്കവും ഉണ്ടാവണമെങ്കിൽ കുടുബസദസ്സുകൾ സംഘടിപ്പിക്കേണ്ടതുണ്ട്. അവ കൂടുതൽ അടുക്കാനും കുശലങ്ങൾ അറിയാനും സഹായിക്കും.

കുടുംബകൂട്ടായ്മകൾ പല രൂപത്തിലുണ്ട്. ഭക്ഷണത്തിനായി കഴിക്കാനായി ഒരുമിച്ചിരിക്കലാണ് അതിലൊന്ന്. അങ്ങനെ കൂട്ടായി ഭുജിക്കൽ ബർക്കത്ത് ഉണ്ടാവാൻ കാരണമാവും. ഒരിക്കൽ ഒരുകൂട്ടം സ്വഹാബികൾ  നബി (സ്വ)യോട് ചോദിച്ചു: ഞങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും വയർ നിറയുന്നില്ല”. നബി (സ്വ) പറഞ്ഞു: നിങ്ങൾ വെവ്വേറെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ടാകാം”. അവർ പറഞ്ഞു: അതെ”. നബി (സ്വ) തുടർന്നു: നിങ്ങൾ ഒരുമിച്ചിരുന്ന് അല്ലാഹുവിന്റെ നാമമുച്ചരിച്ച് ഭക്ഷണം കഴിക്കുക, അല്ലാഹു നിങ്ങളുടെ ഭക്ഷണത്തിൽ ബർക്കത്ത് ചെയ്യും” (ഹദീസ് അബൂദാവൂദ്, അഹ്മദ്, ഇബ്‌നുമാജ). കുടുംബസദസ്സുകൾ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തീർക്കുമെന്നർത്ഥം.

ദാമ്പത്യരഹസ്യങ്ങൾ എന്നും രഹസ്യമായി തന്നെയിരിക്കണം. സൗന്ദര്യപ്പിണക്കങ്ങൾ പോസിറ്റീവായ സംഭാഷണത്തിലൂടെ പറഞ്ഞുത്തീർക്കണം. ചെറിയ പാകപ്പിഴവുകൾ അന്യോന്യം കണ്ടില്ലെന്ന് നടിക്കണം. പ്രശനങ്ങളല്ല പരിഹാരമാണ് എന്നും ആവശ്യമായുള്ളത്. കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിപ്പെടാതെ സൂക്ഷിക്കുകയും വേണം. പ്രമുഖ സ്വഹാബിവര്യൻ അബുൽ ദർദാഅ് (റ) തന്റെ ഭാര്യയോട് പറയുമായിരുന്നു: ഞാൻ നിന്നോട് ദേഷ്യപ്പെട്ടാൽ നീ എന്നെ സംതൃപ്തിപ്പെടുത്തണം. നിനക്ക് എന്നോട് ദേഷ്യം തോന്നിയാൽ ഞാൻ നിന്നെ സംതൃപ്തിപ്പെടുത്തും”. ഇങ്ങനെയാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത്. അല്ലാതെ കൂടുതൽ വശളാക്കേണ്ടതല്ല ചെയ്യേണ്ടത്.

ദമ്പതികൾ ഓരോർത്തരും തന്റെ ഇണയുടെ കുടുംബത്തോടും ബന്ധം ചേർക്കണം. ഇണയുടെ മാതാപിതാക്കൾക്കും ഗുണം ചെയ്യണം ഭൗതികമായും, ആത്മീയമായും. ഓരോർത്തരും സ്ഥാനമാനങ്ങൾക്കനുസരിച്ച് മാതാപിതാക്കളോടും മക്കളോടും മറ്റു കുടുംബക്കാരോടും ചെയ്തുതീർക്കേണ്ട കടമകൾ കൃത്യമായി പൂർത്തീകരിക്കണം. പ്രവാചകർ (സ്വ) പറയുന്നു: ഓരോർത്തർക്കും അവരവർക്കുള്ള അവകാശങ്ങൾ വകവെച്ചുനൽകണം” (ഹദീസ് ബുഖാരി).

അവകാശങ്ങൾ പാലിക്കപ്പെടുമ്പോഴാണ് മനസ്സുകൾ ഇണങ്ങുന്നതും സ്‌നേഹാർദ്രമാവുന്നതും. അങ്ങനെ കുടുംബങ്ങൾക്ക് അല്ലാഹുവിന്റെ കരുണക്കടാക്ഷമുണ്ടാവും. അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കുന്നവരുള്ള വീട് എന്നും അനുഗ്രഹീതമായിരിക്കും. നാടിനം ദീനിനും ഉപകാരം ചെയ്യുന്ന തലമുറകളാണ് സമൂഹത്തിനും കുടുംബത്തിനും ഭദ്രത കൈവരുത്തുന്നത്. അവരാണ് നാടിന്റെ സംസ്‌കാരവും സംസ്‌കൃതിയും പരിപാലിക്കുന്നത്. രക്തബന്ധത്തിലൂടെയും വിവാഹബന്ധത്തിലൂടെയുമാണ് കുടുംബങ്ങൽ രൂപപ്പെടുന്നതും സമൂഹം വ്യാപിക്കുന്നതും.

അല്ലാഹു പറയുന്നു: അവൻ തന്നെയാണ് വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ നാഥൻ കഴിവുള്ളവനത്രെ” (ഖുർആൻ, സൂറത്തുൽ ഫുർഖാൻ 54).

നമ്മുക്കിടയിലെ കുടുംബബന്ധങ്ങളും ദാമ്പത്യങ്ങളും സ്‌നേഹാർദ്രതയുടെയും അലിവ് കനിവുകളുടെയും പര്യായങ്ങളാവട്ടെ.
back to top