നന്മയിൽ മത്സരിക്കാം


യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 06/10/2017
വിഷയം: നന്മയിലെ മാത്സര്യം

ഉന്നതങ്ങൾ തേടിപ്പിടിക്കലും അതിനായുള്ള മത്സരപ്പയത്‌നങ്ങളും ശ്രേഷ്ഠകാര്യമാണ്. അതിന്റെ മാർഗവും ലക്ഷ്യവും ഒരുപോലെ പവിത്രവുമാണ്. പ്രവാചകർ മുഹമ്മദ് നബി (സ്വ) പറയുന്നു: “മഹത്കാര്യങ്ങളാണ് അല്ലാഹുവിനിഷ്ടം, നീചത്തങ്ങളെ അവൻ വെറുക്കുന്നു” (മുഅ്ജമുൽ ഔസത്വ്). അതായത് ഒരുത്തൻ നന്മയിൽ ഔന്നിത്യങ്ങൾ നേടാൻ മനക്കരുത്ത് കാട്ടി പുറപ്പെട്ടാൽ അവനെ അല്ലാഹു ഇഷ്ടപ്പെടുവെന്നർത്ഥം.

അചഞ്ചമായ മനക്കരുത്തും മനോധൈര്യമുള്ളവരെ പിൻപറ്റാനാണ് ഖുർആൻ പ്രേരിപ്പിക്കുന്നത്: “അവരെയാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിൻതുടർന്നു കൊള്ളുക” (ഖുർആൻ, സൂറത്തുൽ അൻആം 90)
അല്ലാഹു പറയുന്നു: “ആകയാൽ ദൃഢമനസ്‌കരായ (ഉലുംഅസ്മ്) ദൈവദൂതന്മാർ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക” (ഖുർആൻ, സൂറത്തുൽ അഹ്ഖാഫ് 35). പ്രവാചകരിൽ ഉലുൽ അസ്മ് എന്നറിയപ്പെടുന്നവർ ശക്തമായ ക്ഷമയുടെയും ദൃഢനിശ്ചയത്തിന്റെയും കാര്യക്ഷമതയുടെയും ആളുകളാണ്. അതുകൊണ്ടാണ് അനുസൂതം നന്മകളിൽ മത്സരിക്കണമെന്നും ഉന്നതങ്ങൾ കീഴടക്കണമെന്നും അല്ലാഹു വിശ്വാസികളെ ഉണർത്തുന്നത്: “നിങ്ങൾ നന്മകളിൽ മത്സരിക്കുക” (ഖുർആൻ, സൂറത്തുൽ ബഖറ 148).

ധർമ്മത്തിലധിഷ്ഠമായ മാത്സര്യബോധം ബുദ്ധിവൈഭവത്തെ ഉണർത്തുകയും ഉന്നതങ്ങൾ വെട്ടിപ്പിടിക്കാനുള്ള മനോവീര്യം വർദ്ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല,  വ്യക്തികൾക്കും സമൂഹത്തിനും നല്ലത് മാത്രം വരുത്താൻ പ്രേരകമാവുകയും ചെയ്യും. വലിയ വലിയ ശുഭപ്രതീക്ഷകളുടെയും ഉയർന്ന നിശ്ചയദാർഢ്യത്തിന്റെയും ആൾക്കാരാവണമെന്ന് പ്രവാചകർ തിരുമേനി (സ്വ) നമ്മെ പഠിപ്പിക്കുന്നു: “നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുകയാണെങ്കിൽ ഫിർദൗസ് ചോദിക്കണം. തീർച്ചയായും ഫിർദൗസാണ് സ്വർഗത്തിലെ ഏറ്റവും ഉയർന്നഭാഗം” (ഹദീസ് ബുഖാരി).

ഉമർ ബ്‌നുൽ ഖത്വാബ് (റ) പറയുന്നു: “നിങ്ങളുടെ മനോവീര്യം ചോരരുത്, മനോദുർബലത മഹത് കാര്യങ്ങളെ തൊട്ട് വിദൂരമാക്കും”.

ഇമാം മാലിക് (റ) പറയുന്നു: “നിങ്ങൾ മഹത് കാര്യങ്ങൾ സ്വായത്തമാക്കണം, സുകൃതങ്ങൾ പ്രാപിക്കണം”.

മഹത്കാര്യങ്ങളെന്നുവെച്ചാൽ, ശ്രേഷ്ഠസ്വഭാവങ്ങളും മഹിത വിശേഷങ്ങളുമാണ്. ചിന്താശക്തിയോടെ ഏറ്റവും വിശിഷ്ടമായത് മാത്രം കണ്ടെത്താൻ പ്രയത്‌നിക്കേണ്ടതുണ്ട്.  കാര്യനിർവ്വഹണത്തിൽ മികവ് പുലർത്തണം. ഏറ്റവും നല്ലതും ഉപകാരപ്രദവുമായത് മാത്രം ചെയ്യണം. അപ്പോഴാണ് മനസ്സ് എന്തിലും ഏതിലും ഔന്നിത്യങ്ങൾ കരഗതമാക്കാൻ വെമ്പൽ കൊള്ളുന്നത്.
അത് സ്വഭാവത്തിലാവട്ടെ,
ധൈഷണിക സാധ്യതകളിലാവട്ടെ,
സാമൂഹിക ബന്ധങ്ങളിലാവട്ടെ,
ഭൗതിക നേട്ടങ്ങളിലാവട്ടെ,
ബൗദ്ധിക മികവിലാവട്ടെ.. അങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിലും.

ഇഛാശക്തി കൊണ്ടും മനോബലം കൊണ്ടും മാത്രമേ ഒരുത്തന് മുന്നേറാനും, പ്രതാഭം വീണ്ടെടുക്കാനും പറ്റുകയുള്ളൂ. അങ്ങനെയെങ്കിൽ ചേതനകളെ ഉണർത്താനും കഠിന പ്രയത്‌നങ്ങളിലൂടെ കുതിക്കാനും അനുഭവങ്ങളെ ഗുണപാഠമാക്കാനും കഴിയും.
എന്നും നിശ്ചയദാർഢ്യത്തോടെ നൂതനാശയങ്ങൾ തേടിയിറങ്ങണം.
ഇഛാശക്തിയാണ് വിയജമന്ത്രം.
മനുഷ്യന്റെ കഴിവ് അവന്റെ മനോവീര്യത്തിനും ഇഛാശക്തിക്കുമനുസരിച്ചാണ്.
ശുഭാപ്തിക്കാരന് വിജയം സുനിശ്ചിതമായിരിക്കും.
അവന് എന്നും ഉയർച്ചയേ ഉണ്ടാവുകയുള്ളൂ. തീജ്വാല പോലെയായിരിക്കും. കെടുത്തുംതോറും ആളിക്കത്താൻ വെമ്പൽകൊള്ളും.


ഇഛാശക്തിയോടൊപ്പം അല്ലാഹുവിങ്കൽ ഭരമേൽപ്പിൽ (തവക്കുൽ) വിജയം സുസാധ്യമാക്കും. അല്ലാഹു പറയുന്നു: “അങ്ങനെ നീ ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ അല്ലാഹുവിങ്കൽ ഭരമേൽപ്പിക്കുക. തന്നിൽ ഭരമേൽപ്പിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്” (ഖുർആൻ, സൂറത്തുൽ അൻആം 159). വീട്ടിലും നാട്ടിലും എന്നല്ല, സകല മേഖലകളിൽ ഈ ക്രിയാത്മകത കാട്ടണം.

ഔന്നിത്യങ്ങൾ തേടൽ പ്രവാചകചര്യയാണ്. മുഹമ്മദ് നബി (സ്വ) അപ്രകാരം ആഗ്രഹിക്കുകയും ചെയ്തിരുന്നു. തിരുമേനി (സ്വ) പറയുമായിരുന്നു: “നിങ്ങൾ എനിക്ക് വേണ്ടി അല്ലാഹുവിനോട് വസീലത്ത് ചോദിക്കുക. അത് സ്വർഗത്തിലെ ഉന്നതസ്ഥാനമാണ്. അവന്റെ അടിമകളിൽ ഒരാൾക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ. ആ ഒരാൾ ഞാനാവണമെന്നാണ് എന്റെ ആഗ്രഹം” (ഹദീസ് ബുഖാരി, മുസ്ലിം).
പിൻതലമുറക്ക് മാതൃകയാവാൻ സ്വഹാബികളിൽ ആഗ്രഹം ജനിപ്പിക്കുകയും ചെയ്തിരുന്നു നബി തങ്ങൾ (സ്വ): “നിങ്ങൾ മുന്നേറുക, നിങ്ങൾ എന്നെ പിൻപറ്റുക, നിങ്ങളെ നിങ്ങൾക്ക് ശേഷമുള്ളവർ പിൻപറ്റും” (ഹദീസ് മുസ്ലിം).


നന്മയിൽ ഉന്നതങ്ങൾ കീഴടക്കാൻ മത്സരിക്കണം. അല്ലാഹു പറയുന്നു: “മത്സരിക്കുന്നവർ അതിന് വേണ്ടി മത്സരിച്ചുകൊള്ളട്ടെ” (ഖുർആൻ, സൂറത്തുൽ മുത്വഫ്ഫിഫീൻ 26).
നന്മയിൽ എന്നും ഉത്സാഹിക്കണം. ആത്മവിശ്വാസത്തോടെ മുന്നേറണം. നബി (സ്വ) പറയുന്നു: “ബലഹീനനായ വിശ്വാസിയേക്കാൾ അല്ലാഹുവിനിഷ്ടം ചുറുചുറുക്കുള്ള വിശ്വാസിയെയാണ്. എല്ലാത്തിലും നന്മയുണ്ട്. നിനക്ക് ഉപകാരപ്പെടുന്നത് മാത്രം ആഗ്രഹിക്കുക. അല്ലാഹുവിനോട് സഹായം തേടുക. തളരരുത് ”(ഹദീസ് മുസ്ലിം).
back to top