യുഎഇ ജുമുഅ ഖുതുബ
പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 03/11/2017
വിഷയം: വിശ്വാസം വിജയവിളിയാളം
രാത്രിയിലും പകലിലും,
പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിമിനാരങ്ങളിൽ നിന്നുയരുന്ന
ബാങ്കൊലികൾ വിജയത്തിലേക്കുള്ള വിളിയാളമാണ്. ഇഹലോകത്തും പരലോകത്തും വിജയം സുനിശ്ചിതമാക്കിക്കൊണ്ടുള്ള
സ്വാഗതമോതലാണ് അത്. വിജയം അർത്ഥമാക്കുന്നത് നശ്വരമായ ഈ ലോകത്തിലെ ധാർമിക പരിരക്ഷയും
ശാശ്വതമായ പരലോകത്തുള്ള സ്വർഗപ്രാപ്തിയുമാണ്.
ഈ വിജയത്തെപ്പറ്റി
വിശുദ്ധ ഖുർആനിൽ നാൽപതോളം സ്ഥലങ്ങളിൽ പ്രതിവാദിക്കുന്നുണ്ട്. വിശിഷ്യാ, സൂറത്തുൽ ബഖറയുടെ ആദ്യ ഭാഗത്ത് വിജയനിദാനങ്ങൾ വിശദീകരിക്കുന്നുണ്ട്:
“അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും
നിസ്‌ക്കാരം മുറപ്രകാരം നിർവ്വഹിക്കുകയും,
നാം നൽകിയ സമ്പത്തിൽ നിന്ന്
ചെലവഴിക്കുകയും, നിനക്കും നിന്റെ മുൻഗാമികൾക്കും
നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും, പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷമത പാലിക്കുന്നവർ).
അവരുടെ നാഥൻ കാണിച്ച നേർവഴിയിലാകുന്നു അവർ. അവർ തന്നെയാകുന്നു യഥാർത്ഥ വിജയികൾ”
(ഖുർആൻ, സൂറത്തുൽ ബഖറ: 3,5). അല്ലാഹുവിലും വേദങ്ങളിലും
പ്രവാചകരിലുമുള്ള വിശ്വാസം കൊണ്ടും സൽകർമ്മങ്ങൾകൊണ്ടും വിജയം പ്രാപിച്ചവരാണ് സാക്ഷൽ
വിജയികളെന്ന് സാരം.
അല്ലാഹുവിലുള്ള വിശ്വാസമാണ്
വിജയലക്ഷ്യത്തിലേക്കുള്ള പ്രഥമ മാർഗം. ആ വിശ്വാസമാണ് സ്വർഗത്തിലേക്കുള്ള ആദ്യ കവാടം.
അതുകൊണ്ടാണ് പ്രവാചകർ (സ്വ) സന്നിതരായ ജനക്കൂട്ടത്തോട് ഉറക്കെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ 'അല്ലാഹു ഇല്ലാതെ ഒരു ദൈവവുമില്ലെന്ന്' (ലാ ഇലാഹ് ഇല്ലല്ലാഹ്) പറയുക, നിങ്ങൾ വിജയിക്കുകത്തന്നെ ചെയ്യും” (ഹദീസ്). ഹൃദയത്തിൽ ഊട്ടിയുറപ്പിക്കേണ്ട ഈ വിശ്വാസത്തിന്റെ
ഭാഗം തന്നെയാണ് പ്രവാചകരിലുള്ള വിശ്വാസവും. പ്രവാചകരെ (സ്വ) സ്‌നേഹിക്കുകയും ബഹുമാനിക്കുകയും
ചെയ്യണം. പ്രവാചക ചര്യകൾ അനുധാവനം ചെയ്യുകയും വേണം.
അല്ലാഹുവിന്റെ കൽപനകൾ
നടപ്പിലാക്കിയും വിരോധങ്ങൾ വെടിയുകയും ചെയ്ത് സൽപാത സിദ്ധിക്കണം. പ്രവാചക ശൈലികൾ ജീവിതത്തിൽ
പകർത്തണം. എന്നാൽ മാത്രമേ വിജയം സുനിശ്ചിതമാവുകയുള്ളൂ. നബി (സ്വ) പറയുന്നു: “നിങ്ങൾ സൽസരണയിലാവുക, എന്നാൽ നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. കർമ്മങ്ങളിൽ വെച്ച്
ഏറ്റവും ശ്രേഷ്ഠമായത് നിസ്‌ക്കാരമത്രെ” (ഹദീസ്).
അല്ലാഹു പറയുന്നു:
“നിസ്‌ക്കാരത്തിൽ ഭക്തിയുള്ളവരായ
സത്യവിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു” (ഖുർആൻ, സൂറത്തുൽ മുഅ്മിനൂൻ
1,2). നിസ്‌ക്കാരം വിജയസാക്ഷാൽക്കാരത്തിലേക്ക്
നയിക്കുന്ന ആരാധനാകർമ്മമാണ്. ഒരുത്തൻ നിസ്‌ക്കാരം യഥാവിധി ജമാഅത്തായി പരിപൂർണ റുകൂഹോടെയും സുജൂദോടെയും നിർവ്വഹിച്ചാൽ
അല്ലാഹു ആ നിസ്‌ക്കരിക്കുന്നവരുടെ നിരയിലേക്ക് നോക്കുകയും അവനെ വിജയികളിൽപ്പെടുത്തുകയും
ചെയ്യും. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ...
നിങ്ങൾ നിങ്ങളുടെ രക്ഷിതാവിന് സാഷ്ടാംഗം ചെയ്യുകയും റുകൂഹ് ചെയ്യുകയും ആരാധിക്കുകയും,
നന്മ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം”
(ഖുർആൻ, സൂറത്തുൽ ഹജ്ജ് 77). നബി (സ്വ) പറയുന്നു:
“അന്ത്യനാളിൽ അടിമയുടെ കർമ്മങ്ങളിൽ
വെച്ച് ആദ്യം വിചാരണ ചെയ്യപ്പെടുക നിസ്‌ക്കാരത്തെപ്പറ്റിയാണ്. ഒരുത്തന്റെ നിസ്‌ക്കാരം
സാധുവായാൽ നിശ്ചിതമായും അവൻ വിജയിച്ചിരിക്കുന്നു” (ഹദീസ്).
സക്കാത്ത് ദാനവും
വിശ്വാസിയുടെ വിജയവഴിയാണ്. സക്കാത്ത് നൽകുന്നവരെ അല്ലാഹു ഖുർആനിൽ വിജയകളായി എണ്ണിപ്പറഞ്ഞിട്ടുണ്ട്:
“ഏതൊരാൾ തന്റെ മനസ്സിന്റെ പിശുക്കിൽ
നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയം പ്രാപിച്ചവർ”
(ഖുർആൻ, സൂറത്തുൽ ഹഷ്ർ: 9).
കുടുംബക്കാർക്കും
നിർധനർക്കും നിരാലംബർക്കും ഗുണം ചെയ്യൽ വിജയകാരിണികളിൽപ്പെട്ടതാണ്. അല്ലാഹു തന്നെ പറയുന്നു:
“ആകയാൽ കുടുംബബന്ധമുള്ളവന്
നീ അവന്റെ അവകാശം കൊടുക്കുക. അഗതിക്കും പഴിപോക്കനും അവരുടെ അവകാശവും നൽകുക. അല്ലാഹുവിന്റെ
പ്രീതി ലക്ഷ്യമാക്കുന്നവർക്ക് അതാണുത്തമം. അവർ തന്നെയാണ് വിജയികളും” (ഖുർആൻ, സൂറത്തുൽ റൂം: 38). അത്തരത്തിലുള്ള സുകൃതങ്ങളാണ് അന്ത്യനാളിൽ നന്മയുടെ
ഭാഗത്ത് തൂക്കം കൂട്ടുന്നതും വിജയികളായിത്തീർക്കുന്നതും: “അന്നത്തെ ദിവസം കർമ്മങ്ങൾ തൂക്കിക്കണക്കാക്കുന്നത് സത്യമായിരിക്കും.
അപ്പോൾ ആരുടെ തുലാസുകൾ ഘനം തൂങ്ങിയോ അവരാണ് വിജയികൾ” (ഖുർആൻ, സൂറത്തുൽ അഹ്‌റാഫ്: 8).
നശ്വരലോകത്ത് നന്മകൾ
അധികരിച്ചവന് മാത്രമേ അനശ്വരലോകത്ത് വിജയം സുനിശ്ചിതമാവുകയുള്ളൂ. തീർച്ചയായും സൽസ്വഭാവങ്ങൾ
നന്മയുടെ തൂക്കുപാത്രത്തിന് ഭാരം കൂട്ടുന്നവയാണ്. നബി തിരുമേനി (സ്വ) മൊഴിഞ്ഞിട്ടുണ്ട്:
“സൽസ്വഭാവത്തെക്കാൾ തുലാസിൽ
തൂക്കം കൂടുന്നതായി വേറെയൊന്നുമില്ല” (ഹദീസ്).
സ്വഭാവശ്രേഷ്ഠത മനസ്സിനെ
സാംശീകരിക്കും. അല്ലാഹു പറയുന്നു: “തീർച്ചയായും പരിശുദ്ധി
നേടിയവർ വിജയം പ്രാപിച്ചു” (ഖുർആൻ, സൂറത്തുൽ അഅ്‌ലാ: 14).
ദൈവസ്മരണയും ശാശ്വതവിജയ
മാർഗമാണ്. ദികറുകൾ നന്മയുടെ തുലാസിൽ ഘനം തൂങ്ങുന്നതാണ്.
അവയാണ് അല്ലാഹുവിലേക്ക്
ഇഷ്ടവും നാവിന് എളുപ്പവും. ആയതിനാൽ ദൈവസ്മരണ അധികരിപ്പിക്കാൻ ദൈവാഹ്വാനവുമുണ്ട്: “സത്യവിശ്വാസികളേ.. നിങ്ങൾ ഒരു സൈന്യത്തെ കണ്ടുമുട്ടിയാൽ
ഉറച്ചുനിൽക്കുകയും അല്ലാഹുവിനെ അധികമായി ഓർമിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം”
(ഖുർആൻ, സൂറത്തുൽ അൻഫാൽ: 45).
ദൈവസ്മരണ കൊണ്ടാണ്
മനസ്സുകൾക്ക് ശാന്തത ലഭിക്കുന്നതും ശുദ്ധീകരിക്കപ്പെടുന്നതും.
മനസ്സ് സംസ്‌ക്കരിച്ചവൻ
വിജയിച്ചിരിക്കുന്നുവെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്.
വാക്കും പ്രവൃത്തിയും
സാർത്ഥകമാക്കി, ഇടപാടുകളും നിലപാടുകളും
നിസ്വാർത്ഥമാക്കി മുന്നേറുമ്പോഴാണ് മനസ്സംസ്‌ക്കരണം പൂർത്തിയാവുക. മാത്രമല്ല,
ദൈവം ഏകിയ അനുഗ്രഹങ്ങൾക്ക് സർവ്വ സോത്രങ്ങളർപ്പിക്കുകയും
അവന്റെ മഹത്വമംഗീകരിക്കുകയും വേണം. “എന്റെ രക്ഷിതാവേ.. എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്റെ
അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽക്കർമ്മം ചെയ്യുവാനും എനിക്ക്
നീ പ്രചോദനം നൽകണമേ... നിന്റെ കാരുണ്യത്താൽ
നിന്റെ സദ് വൃത്തരായ ദാസന്മാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തണമേ” എന്നായിരുന്നു നബിമാരും പൂർവ്വകാലി സ്വാതികസൂരികകളും
പ്രാർത്ഥിച്ചിരുന്നത് (ഖുർആൻ, സൂറത്തുൽ ന്നംല്: 19).
ദൈവാനുഗ്രഹങ്ങൾക്കുള്ള
നന്ദിപ്രകാശവും വിജയിയുടെ ലക്ഷണമാണ്. അല്ലാഹു തന്നെ പറയുന്നുണ്ട്: “അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ ഓർമ്മിക്കുക.
നിങ്ങൾക്ക് വിജയം പ്രാപിക്കാം” (ഖുർആൻ, സൂറത്തുൽ അഹ്‌റാഫ്: 69)