വെള്ളിയാഴ്ച സുകൃതപൂർണമാക്കാം


യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
---മൻസൂർ ഹുദവി കളനാട്---
തീയ്യതി: 10/11/17
വിഷയം: വെള്ളിയാഴ്ച മാഹാത്മ്യം


നബി (സ്വ) പറയുന്നു: സൂര്യദിക്കുന്ന ദിവസങ്ങളിൽ വെച്ച് ഏറ്റവും മഹത്തരമായത് വെള്ളിയാഴ്ച ദിവസമാണ് ” (ഹദീസ്).

നന്മകൾ ചെയ്തും, വിജ്ഞാനങ്ങൾ നുകർന്നും, നിസ്‌ക്കാരങ്ങൾ നിർവ്വഹിച്ചും വെള്ളിയാഴ്ച ദിവസം അല്ലാഹുവിലേക്ക് അടുക്കണം. പ്രാർത്ഥിച്ചും, ദിക്‌റുകൾ ചൊല്ലിയും, ഖുർആൻ പാരായണം ചെയ്തും ഈ ശ്രേഷ്ഠ ദിനം മുതലെടുക്കണം. അങ്ങനെ വെള്ളിയാഴ്ചയുടെ രാവും പകലും സുകൃതപൂർണമാക്കണമെന്ന വിളംബരമാണ് മേൽഹദീസ്.

വെള്ളിയാഴ്ച ദിവസമാണ് രാജാവാണ്. ദിവസങ്ങളിൽ അല്ലാഹുവിങ്കൽ ശ്രേഷ്ഠമായതും ഈ ദിനം തന്നെയെന്ന് പ്രവാചകർ (സ്വ) സവിസ്തരം വ്യക്തമാക്കിയതുമാണ്. ജീവിതത്തിൽ ഒരുപാട് വെള്ളിയാഴ്ചകൾ നൽകിയനുഗ്രഹിച്ച നാഥന് സർവ്വസ്തുതിയുമർപ്പിക്കാം. അൽഹംദുലില്ലാഹ്.....

വെള്ളിയാഴ്ച ചെയ്യുന്ന പുണ്യകർമ്മങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് പ്രവാചകർ നബി (സ്വ) തങ്ങളുടെ മേലുള്ള സ്വലാത്താണ്. നബി (സ്വ) പറയുന്നു: നിങ്ങൾ വെള്ളിയാഴ്ച രാത്രിയും പകലും എന്റെ മേലിൽ സ്വലാത്തുകൾ അധികരിപ്പിക്കുക. ഒരുത്തൻ എന്റെ മേലിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ  അല്ലാഹു അവനിക്ക് വേണ്ടി പത്ത് സ്വലാത്തുകൾ ചൊല്ലുന്നതായിരിക്കും” (ഹദീസ്).

വെള്ളിയാഴ്ചയുടെ രാപകൽ ഭേദമന്യെ സ്വലാത്തുകൾ അധികരിപ്പിക്കൽ വിശ്വാസികൾക്ക് പ്രത്യേക സുന്നത്തുള്ള കാര്യമാണ്. ബന്ധുമിത്രാദികളെ അക്കാര്യം ഉണർത്തുകയും പ്രചോദിപ്പിക്കുകയും വേണം. ഒരിക്കൽ നബി (സ്വ) പറഞ്ഞു: ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് വെള്ളിയാഴ്ച ദിവസമാണ്. ആ ദിവസം നിങ്ങൾ എന്റെ മേലിൽ സ്വലാത്തുകൾ അധികരിപ്പിക്കണം. തീർച്ചയായും നിങ്ങളുടെ സ്വലാത്തുകൾ എനിക്ക് വെളിവാകുന്നതാണ്”. അപ്പോൾ സ്വഹാബികൾ ചോദിച്ചു : 'അതെങ്ങനെയാണ് നബിയേ.. സ്വലാത്തുകൾ അങ്ങക്ക് വെളിവാകുന്നത് ?' നബി (സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു ഭൂമിക്ക് നബിമാരുടെ ശരീരം നിഷിദ്ധമാക്കിയിട്ടുണ്ട” (ഹദീസ്).

മഹാന്മാർ പറയുന്നുണ്ട്: ദിവസങ്ങളുടെ നേതാവെന്ന നിലക്ക് വെള്ളിയാഴ്ച ശ്രേഷ്ഠമാണ്. നബി (സ്വ) മനുഷ്യകുലത്തിന്റെ നേതാവാണ്. അത് കൊണ്ട് തന്നെ ആ ദിവസം ആ നബി(സ്വ)ക്ക് സ്വലാത്ത് ചൊല്ലൽ മറ്റൊരു ദിവസത്തിനുമില്ലാത്ത വിധം അതിപ്രാധാന്യമുണ്ട്

അല്ലാഹു പറയുന്നു: സൂര്യൻ ആകാശമധ്യത്തിൽ നിന്ന് തെറ്റിയത് മുതൽ രാത്രി ഇരുട്ടുന്നത് വരെ നീ നിസ്‌ക്കാരം മുറപോലെ നിർവ്വഹിക്കുക, ഖുർആൻ പാരായണം ചെയ്തുക്കൊണ്ടുള്ള പ്രഭാത നിസക്കാരവും നിർവ്വഹിക്കുക. തീർച്ചയായും പ്രഭാത നിസ്‌ക്കാരത്തിലെ ഖുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു” (ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ് 78). വിശ്വാസിയുടെ ഒരു ദിവസം തുടങ്ങുന്നത് ജമാഅത്തായുള്ള സുബ്ഹ് നിസ്‌ക്കാരം കൊണ്ടായിരിക്കണം. അത് വെള്ളിയാഴ്ചയാവുമ്പോൾ മഹത്വവും പ്രതിഫലവും ഇരട്ടിയാവും. നബി (സ്വ) പറയുന്നു: അല്ലാഹുവിൻെയടുക്കൽ ഏറ്റവും ശ്രേഷ്ഠമായ നിസ്‌ക്കാരം വെള്ളിയാഴ്ച ദിവസത്തിലെ ജമാഅത്തായുള്ള സുബ്ഹ് നിസ്‌ക്കാരമാണ്” (ഹദീസ്). സുബ്ഹ് നിസ്‌ക്കാരാനന്തരം ദിക്‌റുകൾ ചൊല്ലലും ഖുർആൻ പാരായണം ചെയ്യലും സുന്നത്തുള്ളതാണ്. കഹ്ഫ് സൂറത്ത് പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ട്. ഒരുപാട് അർത്ഥഗർഭ സാരങ്ങളും ഗുണപാഠങ്ങളുമുള്ള സൂറത്താണത്. അതുകൊണ്ട് വെള്ളിയാഴ്ചയിലെ പാരായണം കൂടുതൽ പ്രതിഫലാർഹമാണ്. നബി (സ്വ) പറയുന്നു: ഒരുത്തൻ വെള്ളിയാഴ്ച സൂറത്തുൽ കഹ്ഫ് പാരായണം ചെയ്താൽ രണ്ട് വെള്ളിയാഴ്ചകൾക്കിടയിൽ അവനിക്ക് ഒരു പ്രകാശം ഉണ്ടായിരിക്കുന്നതാണ്” (ഹദീസ്).

വിശ്വാസി വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിനായി പ്രത്യേകം ഒരുങ്ങണം. നിർബന്ധാരാധനയായ ജുമുഅ വിശ്വാസികളുടെ സംഗമകർമ്മമാണ്. ജുമുഅക്കായി പ്രത്യേകം കുളിക്കുകയും സുഗന്ധം പൂശുകയും നല്ല വസ്ത്രം ധരിക്കുകയും വേണം. നബി (സ്വ) പറയുന്നു: ഒരുത്തൻ വെള്ളിയാഴ്ച നന്നായി കുളിക്കുകയും എണ്ണ തേക്കുകയോ സുഗന്ധം പൂശുകയോ ചെയ്ത് രണ്ട് പേർക്കിടയിൽ വിട്ടുപിരിക്കാതിരിക്കുകയും (രണ്ട് പേരുടെ ഇടയിൽ ഇരിക്കുകയോ, ഇടയിലൂടെ ചവിട്ടടി വെച്ച് നടക്കാതിരിക്കുകയും) ചെയ്താൽ അവന്റെ രണ്ട് വെള്ളിയാഴ്ചകൾക്കിടയിലുള്ള പാപങ്ങൾക്ക് അല്ലാഹു പ്രായശ്ചിത്തം നൽകുന്നതായിരിക്കും” (ഹദീസ്).

മസ്ജിദിലേക്ക് ഭംഗിയോടെ പോവലാണ് വിശ്വാസിക്ക് അഭികാമ്യം. അല്ലാഹു പറയുന്നു: ആദം സന്തതികളേ... എല്ലാ ആരാധനാവേളകളിലും നിങ്ങൾക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക” (ഖുർആൻ, സൂറത്തുൽ അഹ്റാഫ് 31). പ്രത്യേകിച്ച് വെള്ളിയാഴ്ച ജുമുഅക്കായി വൃത്തിയോടെയും വെടിപ്പോടെയും നല്ല വസ്ത്രം ധരിച്ച് പുറപ്പെടണം. കാരണം മനുഷ്യർക്കിടിയിൽ മലക്കുകളും ദിക്‌റുകൾ കേട്ടിരിക്കുന്നുണ്ടായിരിക്കും. നബി (സ്വ) അരുളുന്നു: വെള്ളിയാഴ്ചയായാൽ മലക്കുകൾ പള്ളിവാതിൽക്കൽ വന്ന് എഴുതും ആരാണ് ആദ്യം വരുന്നത്, പിന്നെ ആരാണ് വരുന്നത്. അങ്ങനെ ഇമാം ഇരുന്നാൽ അവർ ഏടുകൾ മടക്കിവെച്ച് ദിക്‌റുകൾ കേൾക്കാനിരിക്കും” (ഹദീസ്).

ജുമുഅ നിസ്‌ക്കാരത്തിന് പള്ളിയിലേക്ക് നേരത്തെ പുറപ്പെടണം. ഖുർആനിൽ വ്യക്തമാക്കുന്നുണ്ട്: സത്യവിശ്വാസികളേ.. വെള്ളിയാഴ്ച നിസ്‌ക്കാരത്തിന് വിളിക്കപ്പെട്ടാൽ ദൈവസ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങൾ കാര്യം മനസ്സിലാക്കുന്നുവെങ്കിൽ” (ഖുർആൻ, സൂറത്തുൽ ജുമുഅ 9).

വെള്ളിയാഴ്ച പള്ളിയിലേക്കുള്ള ചവിട്ടടി അധികരിപ്പിക്കൽ പ്രത്യേകം പുണ്യകരമാണ്. ഓരോ ചവിട്ടടിക്കും ഒരു വർഷം മുഴുവൻ വ്രതമനുഷ്ഠിച്ചതിന്റെയും നിസ്‌ക്കരിച്ചതിന്റെയും പ്രതിഫലമുണ്ടെന്ന് നബി (സ്വ) പഠിപ്പിക്കുന്നു. പള്ളിയിൽ ചെന്നാൽ ആദ്യ നിരയിൽ ഖതീബിനോട് അടുത്ത് സ്ഥാനമുറപ്പിക്കണം. ആദ്യ നിര കിട്ടിയിട്ടില്ലെങ്കിൽ അതിനോട് അടുത്ത നിരയിൽ ഇരിക്കണം. മുന്നിൽ ഒഴിവുണ്ടായിരിക്കെ പിന്നിലെ നിരയിൽ ഇരിക്കരുത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുനന രീതിയിൽ പിരടികൾക്കിടിയിലൂടെ ചവിട്ടടിവെച്ച് നീങ്ങരുത്. ഒരു വെള്ളിയാഴ്ച നബി (സ്വ) ഖുത്ബ ഓതുകയായിരുന്നു. അന്നേരം ഒരാൾ ആൾക്കാരുടെ പിരടികൾക്കിടയിലൂടെ കടന്നുവന്നു. ഇതുകണ്ട നബി (സ്വ) പറഞ്ഞു: 'ഇരിക്കുക, തീർച്ചയായും താങ്കൽ ആൾക്കാരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്'(ഹദീസ്).

മസ്ജിദിന്റെ മഹത്വം ഗൗനിക്കുന്നതോടൊപ്പം ഖുത്ബയും മാനിക്കണം. നിശബ്ദനായി ഖുത്ബ ശ്രദ്ധിച്ചുകേൾക്കണം. ബാഹ്യസംസാരങ്ങളിൽ നിന്നും മൊബൈൽ ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കണം. നബി (സ്വ) പറയുന്നു: ഖതീബ് ഖുത്ബ ഓതുന്ന സമയം ഒരുത്തൻ മറ്റൊരുത്തനോട് നീ നിശബ്ദനാവുക എന്ന് പറഞ്ഞാൽ നിശ്ചയം അവന്റെ ജുമുഅ പാഴാവും” (ഹദീസ്). മസ്ജിദിൽ വരുമ്പോൾ കുട്ടികളെ കൂട്ടുകയാണെങ്കിൽ അച്ചടക്കത്തിലും ഒതുക്കത്തിലും ഇരിക്കാൻ പഠിപ്പിക്കണം.

വെള്ളിയാഴ്ച വിശ്വാസിയുടെ ആഴ്ചപ്പെരുന്നാളാണ്. മേൽ വിശദീകരിക്കപ്പെട്ടപ്രകാരം സൽക്കർമ്മങ്ങൾ ചെയ്ത് അതിനെ മുതലെടുക്കണം. കുടുംബക്കാരും കൂട്ടുകാരും അയൽവാസികളുമായി ബന്ധങ്ങൾ സുദൃഢമാക്കണം. വീട്ടുകാരോടും ഭാര്യയോടും മക്കളോടും നല്ലനിലക്ക് സമ്പർക്കം പുലർത്തണം. അവരോട് നന്മ പറയുകയും പഠിപ്പിക്കുകയും ചെയ്യുക. ഉപദേശിക്കുകയും വേണം. ഉപദേശം വിശ്വാസികൾക്ക് ഉപകരിക്കും.

വെള്ളിയാഴ്ച ദിവസം പ്രാർത്ഥന അധികരിപ്പിക്കണമെന്ന് പ്രവാചകർ (സ്വ) പഠിപ്പിക്കുന്നു: വെള്ളിയാഴ്ച ഒരു സമയമുണ്ട്. ആ സമയത്ത് ഒരു വിശ്വാസി അല്ലാഹുവിനോട് നന്മ ചോദിച്ചാൽ അവനിക്ക് അല്ലാഹു അത് നൽകിയിരിക്കും” (ഹദീസ്). അസ്‌റിന് ശേഷം അവസാനസമയം ചോദിക്കണമെന്ന് നബി (സ്വ) നിർശേദിക്കുന്നുണ്ട്.

സ്വന്തത്തിനും വീട്ടുകാർക്കും, നാടിനും നാട്ടുകാർക്കും നന്മ മാത്രം ഭവിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം.

back to top