യുഎഇ ജുമുഅ ഖുതുബ പരിഭാഷ
---മൻസൂർ ഹുദവി കളനാട്---
തീയ്യതി: 17/11/2017
വിഷയം: വിട്ടുവീഴ്ചാ മനോഭാവം
അല്ലാഹു പറയുന്നു: “നിങ്ങൾ വിട്ടുവീഴ്ച
ചെയ്യുന്നതാണ് ധർമ്മനിഷ്ഠയ്ക്ക് കൂടുതൽ യോജിച്ചത്. നിങ്ങൾ അന്യോന്യം ഔദാര്യം കാണിക്കാൻ മറക്കരുത്. തീർച്ചയായും നിങ്ങൾ
പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു” (ഖുർആൻ, സൂറത്തുൽ ബഖറ: 237)
വിട്ടുവീഴ്ചാ മനോഭാവം മാനുഷിക മൂല്യങ്ങളിൽവെച്ച് അത്യുൽകൃഷ്ട ഗുണവിശേഷമാണ്.
അത് പരിപാവന ഇസ്ലാമിന്റെ അടിസ്ഥാന നിർദേശങ്ങളിൽപ്പെട്ടതുമാണ്.
ജനങ്ങൾക്ക് നല്ലത് ആഗ്രഹിക്കൽ, അവരെ മാനിക്കൽ,
മയത്തോടെ പെരുമാറൽ, ഗുണം കാംക്ഷിക്കൽ, അവരുടെ സ്ഥാനങ്ങ ൾക്കും മാനങ്ങൾക്കും വിലകൽപ്പിക്കൽ, അവരുടെ തെറ്റുകൾക്കും വീഴ്ചകൾക്കും വിടുതി നൽകൽ എന്നിവയൊക്കെയാണ്
വിട്ടുവീഴ്ചാ മനോഭാവം കൊണ്ട് അർത്ഥമാക്കുന്നത്. അതിഭംഗിയായി വിട്ടുവീഴ്ച ചെയ്യണമെന്ന്
അല്ലാഹു നബി (സ്വ) യോട് പറയുന്നുണ്ട്: “ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂർവ്വകമല്ലാതെ
നാം സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും അന്ത്യനാൾ വരുക തന്നെ ചെയ്യും. അതിനാൽ താങ്കൾ ഭംഗിയായി
മാപ്പ് ചെയ്ത് കൊടുക്കുക” (ഖുർആൻ, സൂറത്തുൽ ഹിജ്‌റ: 85).
വിട്ടുവീഴ്ച ചെയ്തവന് മഹത്തായ പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു: “ഒരു തിന്മക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്മയാകുന്നു.
എന്നാൽ ആരെങ്കിലും മാപ്പുനൽകുകയും രഞ്ജിപ്പുണ്ടാക്കുകയും ചെയ്യുകയാണെങ്കിൽ അവനുള്ള
പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയാകുന്നു. തീർച്ചയായും അവൻ അക്രമം പ്രവർത്തിക്കുന്നവരെ
ഇഷ്ടപ്പെടുകയില്ല” (ഖുർആൻ, സൂറത്തുൽ ശൂറാ: 40).
വീഴ്ച ആർക്കും പറ്റാം. ഏവർക്കും വിട്ടുവീഴ്ച ചെയ്യാൻ നാം സന്നദ്ധരാകണം. വിട്ടുവീഴ്ചാ
ശീലവും കരുണാമയമായ സ്‌നേഹാർദ്രതയുമാണ് ഇണകൾക്ക് വിജയദാമ്പത്യം സാധ്യമാക്കുന്നത്. അല്ലാഹു
പറയുന്നു: “നിങ്ങൾ സമാധാനപൂർവ്വം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്ന് തന്നെ
നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും
ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്
ദൃഷ്ടാന്തങ്ങളുണ്ട്” (ഖുർആൻ, സൂറത്തുൽ റൂം: 21).
വിട്ടുവീഴ്ച ചെയ്ത് മാതാപിതാക്കൾ മക്കൾക്ക് മാതൃക കാട്ടണം. അങ്ങനെ അവർ സഹിഷ്ണുതയിലും
സഹവർത്തിത്വത്തിലും വളർന്ന് മാപ്പുകൊടുക്കാനും മയമായി പെരുമാറാനും പഠിക്കണം. സമൂഹത്തിൽ
പരസ്പരം മാനസികമായി ഉൾക്കൊള്ളാനും സ്‌നേഹമുള്ളവരായി ജീവിക്കാനും ശീലിക്കണം. എന്നാൽ
മാത്രമേ ജീവിതവഴിയിലെ വെല്ലുവിളികൾ നേരിടാനും ഭിന്നതകൾ അതിജീവിക്കാനും പറ്റുകയുള്ളൂ.
സഹാനുഭൂതിയും സഹജീവി സ്‌നേഹവും സ്വർഗത്തിലേക്ക് നയിക്കുന്നതാണ്. ഒരിക്കൽ ഒരു സ്വഹാബിയോട്
നബി (സ്വ) ചോദിച്ചു: 'താങ്കൾ സ്വർഗം ഇഷ്ടപ്പെടുന്നുവോ?'
അദ്ദേഹം: 'അതെ'. നബി (സ്വ) തുടർന്നു:
“എന്നാൽ നീ നിനക്ക് ഇഷ്ടമുള്ളത്
നിന്റെ സഹോദരനും ഇഷ്ടപ്പെടുക” (ഹദീസ് മുസ്‌നദ്).
എല്ലാ ഇടപാടുകളിലും വിട്ടുവീഴ്ച ശീലമാക്കേണ്ടിയിരിക്കുന്നു. നല്ലപെരുമാറ്റവും വീഴ്ചാവിടുതിയുമുള്ളവർക്ക്
അല്ലാഹുവിന്റെ കാരുണ്യമുണ്ടാവട്ടെയെന്ന് നബി (സ്വ) പ്രാർത്ഥിക്കുന്നുണ്ട്: “വാങ്ങിയാലും വിറ്റാലും വിധിന്യായം തേടിയാലും വിട്ടുവീഴ്ച
നൽകുന്ന അടിമക്ക് അല്ലാഹു കരുണ ചെയ്യട്ടെ” (ഹദീസ് ബുഖാരി, ഇബ്‌നുമാജ, ബൈഹഖി).
നബി (സ്വ) തങ്ങളുടെ ഈ പ്രാർത്ഥനയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവൻ സഹിഷ്ണുതാ ബോധം സ്വഭാവമാക്കിക്കൊള്ളട്ടെ.
ജോലിയിലും ഭക്ഷണത്തിലും ബർക്കത്തുണ്ടാവണമെങ്കിൽ മറ്റുള്ളവരോട് സഹവർത്തിത്വത്തോടെ പെരുമാറണം.
നബി (സ്വ) പറയുന്നു: “നീ വിട്ടുവീഴ്ച നൽകിയാൽ
നിനക്ക് വിട്ടുവീഴ്ച നൽകപ്പെടും” (ഹദീസ് അഹ്്മദ്). അതായത്
പടപ്പുകളോട് ഇഹത്തിൽ സഹാനുഭൂതിയിൽ പെരുമാറിയാൽ പടച്ചോൻ ഇഹത്തിലും പരത്തിലും അവനോട്
അപ്രകാരം തന്നെ പെരുമാറും.
തത്വജ്ഞാനികൾ പറയുന്നു: “നിനക്ക് അല്ലാഹു ഗുണം
ചെയ്യണമെങ്കിൽ നീ ജനങ്ങൾക്ക് ഗുണം ചെയ്യണം” (കിതാബു ഫൈളുൽ ഖദീർ).
ജനങ്ങളെ ആദരിക്കലും മാനിക്കലും മയം കാണിക്കലുമൊക്കെ സഹിഷ്ണുതയുടെ ഭാഗമാണ്. അല്ലാഹുവിന്റെ
കരുണ കടാക്ഷിച്ചവർക്കേ ആ ശ്രേഷ്ടഗുണം ഉണ്ടാവുകയുള്ളൂ. അല്ലാഹു നബി (സ്വ) യോട് പറയുന്നു:
“അല്ലാഹുവിങ്കലിൽ നിന്നുള്ള
കാരുണ്യം കൊണ്ടാണ് താങ്കൾ സൗമ്യമായി പെരുമാറിയത്” (ഖുർആൻ, ആലു ഇംറാൻ 159).
നബി (സ്വ) തങ്ങൾ അല്ലാഹുവിനോട് തന്റെ ജനതയുടെ ദുർവാശിയെപ്പറ്റി പരാതിപ്പെടുകയുണ്ടായി:
“നാഥാ.. തീർച്ചയായും ഇക്കൂട്ടർ
വിശ്വസിക്കാത്ത ഒരു ജനതയാകുന്നു” അപ്പോൾ അല്ലാഹു നബി
(സ്വ) യോട് അവർക്ക് വിട്ടുവീഴ്ച നൽകാനും രഞ്ജിപ്പുണ്ടാക്കാനുമാണ് കൽപ്പിച്ചത്: “താങ്കൾ അവരെ വിട്ടുത്തിരിഞ്ഞുകളയുക. സലാം എന്ന്
പറയുകയും ചെയ്യുക. അവർ വഴിയെ അറിഞ്ഞുക്കൊള്ളും” (ഖുർആൻ, സൂറത്തുൽ സുഖ്‌റുഫ്:
88, 89). സഹിഷ്ണുത കാണിക്കാനുള്ള അല്ലാഹുവിന്റെ
കണിശ നിർദേശമാണ് മേൽസൂക്തത്തിൽ നിന്ന് വ്യക്തമാവുന്നത്.
മനുഷ്യനെ മാനിക്കുന്ന നിർബന്ധ മാനുഷിക മൂല്യമാണ് സഹിഷ്ണുത. മാത്രമല്ല, മതകീയ ബാധ്യത കൂടിയാണത്.
ജാതി മത വേഷ കുല കോല വിത്യാസമന്യെ മനുഷ്യർ പരസ്പരം മാനിക്കുകയും സ്‌നേഹിക്കുകയും
വേണം.
അത് മാനവിക ബാധ്യതയാണ്.
അല്ലാഹു പറയുന്നു: “തീർച്ചയായും നാം ആദം
സന്തതികളെ ആദരിച്ചിരിക്കുന്നു” (ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ്: 70).
നബി (സ്വ) പറയുന്നു: “മനുഷ്യർ ആദമിന്റെ
മക്കളാണ്, ആദം മണ്ണിൽ നിന്നുണ്ടായതാണ്”
(ഹദീസ് അബൂദാവൂദ്, തിർമിദി, അഹ്മദ്).
അമുസ്ലിങ്ങളോടും സഹിഷ്ണുതയിലും സഹകരണത്തിലും വർത്തിക്കണം. അതിന്റെ ഉത്തുംഗ മാതൃകയാണ്
നബി (സ്വ) മദീനയിലെ വിശ്വാസികൾക്കിടയിലും അവിശ്വാസികൾക്കിടയിലും ഉണ്ടാക്കിത്തീർത്തത്.
ഖുർആനിലൂടെ അല്ലാഹു പറയുന്നു: “മതത്തിൽ ബലാൽക്കാരമില്ല”
(ഖുർആൻ, സൂറത്തുൽ ബഖറ: 256).
മാത്രമല്ല, ഏവരോടും നീതിയുക്തമായി
പെരുമാറണമെന്നും അല്ലാഹു നിഷ്‌കർശിക്കുന്നു: “സത്യവിശ്വാസികളേ.. നിങ്ങൾ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും
നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ
നിങ്ങൾക്ക് പ്രേരകമാവരുത്. നിങ്ങൾ നീതി പാലിക്കുക.
അതാണ് ധർമ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും
നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു”
(ഖുർആൻ, സൂറത്തുൽ മാഇദ: 8)
പരസ്പരം അറിയലും സഹായിക്കലും പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ തേട്ടമാണ്. അല്ലാഹു പറയുന്നു:
“ഹേ.. മനുഷ്യരേ.. തീർച്ചയായും
നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ
അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു”
(ഖുർആൻ, സൂറത്തുൽ ഹുജ്‌റാത്ത്: 13)
വിട്ടുവീഴ്ചാ മനോഭാവം മനസ്സുകളിൽ
സ്‌നേഹം നടും.
അത് ദേഷ്യത്തെ സ്‌നേഹാതുരമാക്കി
പരിവർത്തിക്കും.
ശത്രുതയെ സൗഹൃദമാക്കിമാറ്റും.
അല്ലാഹു പറയുന്നു: “നല്ലതും ചീത്തയും
സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും
നീയും തമ്മിൽ ശത്രുതയുണ്ടോ അവൻ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു” (ഖുർആൻ, സൂറത്തുൽ ഫുസ്സിലത്: 34).