രക്തസാക്ഷിത്വം വിജയസാക്ഷ്യമാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
---മൻസൂർ ഹുദവി കളനാട്---

തീയ്യതി: 24/11/2017
വിഷയം: വീര രക്തസാക്ഷിത്വം

സത്യവിശ്വാസികളേ... നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മികവ് കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചുജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം” (ഖുർആൻ, സൂറത്തു ആലുഇംറാൻ: 200).

രക്തസാക്ഷിത്വം അല്ലാഹുവിൽ നിന്നുള്ള ഹിതമാണ്, അവൻ തെരഞ്ഞെടുക്കുന്ന മഹാഭാഗ്യവാന്മാർക്ക് അത് ലഭിക്കും. അല്ലാഹു തന്നെ പറയുന്നു: നിങ്ങൾക്കിപ്പോൾ കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിൽ, മുമ്പ് അക്കൂട്ടർക്കും അതുപോലെ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആ യുദ്ധദിവസങ്ങളിലെ ജയാപജയങ്ങൾ ആളുകൾക്കിടയിൽ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളിൽ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീർക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല” (ഖുർആൻ, സൂറത്തു ആലു ഇംറാൻ: 140).

ദീനിയെയോ, കുടുംബത്തെയോ, സ്വത്തിനെയോ, സ്വന്തം ശരീരത്തെയോ, അഭിമാനത്തെയോ സംരക്ഷിക്കാനായി ധീരമൃതു വരിച്ചവനാണ് രക്തസാക്ഷി (കിതാബു മിർഖാതുൽ മഫാതീഅ്). ഇപ്പറഞ്ഞ കുടുംബവും ധനവും മാനവും ഉൾക്കൊള്ളുന്നതാണ് നാട്. ആ നാടിനെ സംരക്ഷിക്കലും ശത്രുക്കളെ തൊട്ട് പ്രതിരോധിക്കലും അത്യന്തം സതുതർഹ്യവും മഹനീയവുമാണെന്നത് പറയേണ്ടതില്ലല്ലൊ. നബി (സ്വ) തങ്ങൾ സ്വന്തം നാടിനെ ശത്രുക്കളെ തൊട്ട് പ്രതിരോധിക്കുകയും അതിലെ ജലസംഭരണികളെ കാക്കാൻ ജാഗ്രത കാട്ടുകയും ചെയ്യുമായിരുന്നു.

ഒരു ദിവസം രാത്രി മദീനക്കാർ എന്തോ ശബ്ദം കേട്ട് ഞെട്ടുകയുണ്ടായി. അവർ ആ ശബ്ദം കേട്ട ഭാഗത്തേക്ക് പോവുന്നതും പേടിച്ച് മടങ്ങുന്നതും നബി (സ്വ) കാണുകയുണ്ടായി. നബി (സ്വ) അവർക്ക് മുമ്പ് തന്നെ ആ ശബ്ദം കേട്ട് കുതിരപ്പുറത്ത് കയറിയെത്തിയിരുന്നു.  നബി (സ്വ) അവരോട് പറഞ്ഞു: നിങ്ങൾ പേടിക്കരുത്, നിങ്ങൾ പേടിക്കരുത് ” (ഹദീസ് ബുഖാരി, മുസ്ലിം).

നാടിനും ദീനിനും കുടുംബത്തിനും വേണ്ടി ജീവത്യാഗം ചെയ്തവരാണ് ശുഹദാക്കൾ (രക്തസാക്ഷികൾ). പ്രപിതാക്കൾ സ്ഥാപിച്ച സംസ്‌കാര സമ്പന്നമായ നാടിനും നട്ടുനനച്ചു വളം നൽകിയുണ്ടാക്കിയ സ്വത്തിനും കാവൽ നൽകൽ വർത്തമാന തലമുറയുടെ ബാധ്യത തന്നെയാണ്.

അല്ലാഹു പറയുന്നു:

അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കർമ്മങ്ങൾ പാഴാക്കുകയേ ഇല്ല. അവൻ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീർക്കുകയും ചെയ്യുന്നതാണ്. സ്വർഗത്തിൽ അവരെ അവൻ പ്രവേശിപ്പിക്കുകയും ചെയ്യും. അവർക്ക് അതിനെ അവൻ മുമ്പേ പരിചയപ്പെടുത്തികൊടുത്തിട്ടുണ്ട്” (ഖുർആൻ, സൂറത്തു മുഹമ്മദ്: 4, 5, 6).

അല്ലാഹുവിനേക്കാളധികം തന്റെ കരാർ നിറവേറ്റുന്നവനായി ആരുണ്ട്, അതിനായി നിങ്ങൾ അല്ലാഹുവുമായി നടത്തിയിട്ടുള്ള ആ ഇടപാടിൽ സന്തോഷം കൊള്ളുവിൻ. അതുതന്നെയാണ് മഹത്തായ ഭാഗ്യം” (ഖുർആൻ സൂറത്തു ത്തൗബ: 111).

പരലോകഭവനമാകട്ടെ കൂടുതൽ ഉത്തമമാകുന്നു. സൂക്ഷമത പാലിക്കുന്നവർക്കുള്ള ഭവനം എത്രയോ നല്ലത്. അതെ, അവർ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവയുടെ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അവർക്ക് അവർ ഉദ്ദേശിക്കുന്നതെന്തും അതിൽ ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകുന്നത്”(ഖുർആൻ, സൂറത്തു ന്നഹ്‌ല്: 30, 31).

അല്ലാഹുവിന്റെ മാർഗത്തിൽ ജീവൻ നൽകിയവർക്ക് ഈ നശ്വര ലോകത്തുള്ളതിനേക്കാൾ അതിവൃഹത്തായ സന്നാഹങ്ങൾ അല്ലാഹു ശാശ്വത സ്വർഗത്തിൽ  ഒരുക്കിട്ടുണ്ടെന്നാണ് മേൽ സൂക്തങ്ങൾ സൂചിപ്പിക്കുന്നത്.

സ്വർഗീയ ലോകത്ത് സർവ്വസൗകര്യങ്ങളോടെയും പരിലസിക്കുന്ന ശുഹദാക്കളോട് എന്തെങ്കിലും ആഗ്രഹമുണ്ടോയെന്ന് ചോദിക്കപ്പെടുമെന്നും  സകലമോഹപ്രാപ്തരായ അവർക്ക് ശരീരത്തിൽ ആത്മാവ് തിരിച്ചുകിട്ടാനും വീണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ ശഹാദത്ത് വരിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുമെന്ന് ഹദീസിലുണ്ട് (ഹദീസ് മുസ്ലിം: 1887).

അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി  നീ ഗണിക്കരുത്. എന്നാൽ അവർ അവരുടെ രക്ഷിതാവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ഉപജീവനം നൽകപ്പെട്ടിരിക്കുന്നു.  അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക്  നൽകിയതു കൊണ്ട് അവർ സന്തുഷ്ടരായിക്കും. തങ്ങളോടൊപ്പം വന്നുചേർന്നിട്ടില്ലാത്ത തങ്ങളുടെ പിന്നിൽ  ഇഹലോകത്ത് കഴിയുന്ന വിശ്വാസികളെപ്പറ്റി അവർക്ക് യാതൊന്നും ഭയപ്പെടാനോ ദുഖിക്കാനോ ഇല്ലെന്നോർത്ത് ആ രക്തസാക്ഷികൾ സന്തോഷമടയുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവർ സന്തോഷിക്കുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം  അല്ലാഹു പാഴാക്കുകയില്ല” (ഖുർആൻ, സൂറത്തു ആലു ഇംറാൻ: 169, 170, 171).

രക്തസാക്ഷിക്ക് ജീവിതകാലത്തെ സുകൃതങ്ങൾക്കുള്ള പ്രതിഫലം അവ മുറിയാത്ത തുടരും വിധം നൽകുകയും ഫിത്‌നകളിൽ നിന്ന് നിർഭയം നൽകുമെന്നും അന്ത്യനാളിൽ സർവ്വവിധ ഭയപ്പാടുകളിൽ നിന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് ഇബ്‌നു മാജ: 2767).

നബി (സ്വ) പറയുന്നു: അല്ലാഹുവിന്റെ മാർഗത്തിലുള്ള പൊടിപടലവും നരകത്തിലെ പുകയും ഒരിക്കലും ഒരു വിശ്വാസിയുടെ ഉള്ളിൽ ഒരുമിച്ചുകൂടൂകയില്ല” (ഹദീസ് തുർമുദി, നസാഇ, അഹ്മദ്, ഇബ്‌നുമാജ). രക്തസാക്ഷികളെ ഒരിക്കലും തീ സ്പർശിക്കില്ലെന്ന് സാരം.

മറ്റൊരു ഹദീസിൽ കാണാം:
രണ്ടു കണ്ണുകളെ അഗ്‌നി സ്പർശിക്കുകയില്ല:
1) അല്ലാഹുവിനെ പേടിച്ച് കരഞ്ഞ കണ്ണ്
2)അല്ലാഹുവിന്റെ മാർഗത്തിൽ കാവൽനിന്ന് ഉറക്കമൊഴിച്ച കണ്ണ് ” (ഹദീസ് തുർമുദി).

സ്വന്തം ശരീരം കൊണ്ട് ദാനം ചെയ്യുന്നവനാണ് ശഹീദ്. ആ ദാനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്തായ ദാനവും. ഉദാരമതികൾ പോലും ഈ ദാനം ചെയ്യാൻ പിശുക്കുന്നുഎന്ന് ഒരു അറബി കവി പാടിയിട്ടുണ്ട്.

നബി (സ്വ) പറയുന്നു: ഒരു ദിവസം അല്ലാഹുവിന്റെ മാർഗത്തിൽ കാവലാളായി നിൽക്കുന്നത് ദുനിയാവും അതിലുള്ള സർവതിനേക്കാളും ശ്രേഷ്ഠമാണ് (ഹദീസ് ബുഖാരി).


back to top