ഐക്യം പ്രവാചകീയം ദേശീയം


യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
--- മൻസൂർ ഹുദവി കളനാട് --- 
തീയ്യതി: 01/12/2017
വിഷയം: നബിദിനവും യുഎഇ ദേശീയ ദിനവും

രണ്ടു പുണ്യമുഹൂർത്തങ്ങളാണ് നമ്മിൽ ഒത്തുവന്നിരിക്കുന്നത്
ഒന്ന് പ്രവാചകർ മുഹമ്മദ് നബി (സ്വ) തങ്ങളുടെ ജന്മദിനം.
രണ്ട് അറബ് ഐക്യനാടൂകളുടെ (യുഎഇ) സ്ഥാപക വാർഷിക ദിനം.

ഈ രണ്ടു ആഷോഷസമാഗമം ശുഭലക്ഷണമാണ്.
നന്മയും ഐക്യവും തുടരുമെന്നതിന്റെ സന്തോഷസൂചകമാണ്.
ഈ ഒത്തൊരുമിക്കലിന്റെ യുക്തി നമ്മുക്ക് കണ്ടെത്താം. ഈ വേളയിൽ നാം അനുബന്ധബാധ്യതകൾ നിറവേറ്റപ്പെട്ടിട്ടുണ്ടോയെന്ന് കൂലങ്കഷമായി ആലോചിക്കേണ്ടിയിരിക്കുന്നു.
പ്രവാചകചര്യ പിൻപറ്റണം. പ്രവാചകർ (സ്വ) കാണിച്ചുത്തന്ന ഐക്യപാതയിലൂടെ നാം ചലിക്കണം.

നബി (സ്വ)യുടെ തിരുജന്മം
സർവ്വ നന്മകളുടെയും ഉദ്ഘാടനമായിരുന്നു
സന്തോഷത്തിന്റെയും വിജയത്തിന്റെയും പുണ്യപിറവിയായിരുന്നു
ഐക്യത്തിന്റെയും മൈത്രിയുടെയും വിളംബരമായിരുന്നു
സ്‌നേഹവായ്പ്പിന്റെയും കാരുണ്യതിമിർപ്പിന്റെയും പ്രഖ്യാപനമായിരുന്നു.

അല്ലാഹു തന്നെ പറയുന്നു:
സ്വന്തത്തിൽ നിന്നുതന്നെയുള്ള ഒരു റസൂൽ നിങ്ങൾക്കിതാ വന്നിരിക്കുന്നു. നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അവിടേത്തേക്ക് അസഹിനീയമാണ്. നിങ്ങളുടെ സന്മാർഗ പ്രാപ്തിയിൽ അതീവേഛുവും സത്യവിശ്വാസികളോട് ഏറെ ആർദ്രനും ദയാലുവുമാണ്'”
(ഖുർആൻ, സൂറത്തു ത്തൗബ: 128)

നബി (സ്വ) തങ്ങൾ പ്രവാചകത്വലബ്ധിക്ക് മുമ്പ് തന്നെ ജനങ്ങളോട് കരുണാമയമായാണ് സമ്പർക്കം പുലർത്തിയിരുന്നത്.
ജനങ്ങൾക്കിടയിലെ ഭിന്നതയുടെ ചങ്ങലക്കണ്ണികൾ പൊട്ടിച്ച് അഖണ്ഡതയുടെയും സമാധാനത്തിന്റെയും പുതിയൊരും ലോകം തീർത്തവരാണ് പ്രവാചകർ (സ്വ).

കഅ്ബാലയത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഹജറുൽ അസ് വദ് ആര് എടുത്തുവെക്കുമെന്ന കാര്യത്തിൽ മക്കയിലെ ഗോത്രങ്ങൾക്കിടയിൽ അതിരൂക്ഷ ഭിന്നിപ്പ് ഉടലെടുക്കുകയുണ്ടായി. ഓരോ ഗോത്രവും തങ്ങളുടെ മഹിമയും ഗരിമയും
സംരക്ഷിക്കാൻ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത വിധം പിടിവിശിയിലമർന്ന നേരം, ഐക്യപ്പെടലിന്റൈ സാധ്യതകൾ പഠിപ്പിച്ചത് നബി (സ്വ) തങ്ങളായിരുന്നു. ഹജറുൽ അസ് വദ് ഒരു തുണിയിൽ വെച്ച് തുണിയുടെ ഓരോ ഭാഗവും ഓരോ ഗോത്രപ്രതിനിധികൾ പിടിക്കാനുള്ള പരിഹാരമാർഗം നിർദേശിക്കുകയായിരുന്നു.

സാമൂഹിക ജീവിതത്തിലെ ഒത്തൊരുമിക്കുന്നതിന്റെ പ്രസക്തിയും സമൂഹത്തിൽ വ്യക്തികൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തിന്റെ
പ്രാധാന്യവും ഭൂലോകർക്ക് പഠിപ്പിച്ചുക്കൊടുക്കുകയായിരുന്നു ലോകഗുരു (സ്വ).

മുഹമ്മദ് നബി (സ്വ) പ്രവാചകരായ ശേഷം,
ജനതയെ സത്യസരണിയിലേക്ക് ക്ഷണിക്കുകയും പരസ്പരം ഐക്യപ്പെടുന്നതിന്റെയും കുടുബബന്ധം ചേർക്കുന്നതിന്റെയും മഹത്വം ഓതിക്കൊടുക്കുകയും ചെയ്തു.

നബി (സ്വ) മദീനയിലേക്ക് ഹിജ്‌റ പോയപ്പോൾ പുതിയൊരു സമൂഹത്തെയാണ് അഭിമുഖീകരിച്ചത്.
സ്‌നേഹത്തിന്റെ പൂമരങ്ങൾ നട്ട്, അലിവിന്റെ വളവും വെള്ളവും നൽകി മദീനയെന്ന തോട്ടത്തിൽ  മദീനക്കാർക്കിടയിലും മുഹാജിറുകൾക്കിടയിലും
ഏകത്വം സാധ്യമാക്കുകയായിരുന്നു ഈ നേതാവ് (സ്വ).

പരസ്പരാശ്രിതരും സഹകാരികളുമായിരുന്ന ആ സമൂഹത്തെപ്പറ്റി അല്ലാഹു പറയുന്നു:
തീർച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏക സമുദായം. ഞാൻ നിങ്ങളുടെ രക്ഷിതാവും. അതിനാൽ നിങ്ങൾ എന്നെ ആരാധിക്കുവിൻ
(ഖുർആൻ, സൂറത്തുൽ അൻബിയാഅ്: 92)

ഭിന്നതയുടെ കാരിണികൾ ദൂരീകരിക്കുകയും മനസ്സുകൾ പരസ്പരം അടുപ്പിക്കുകയും ചെയ്തു നബി തങ്ങൾ (സ്വ). വർഗീയതയുടെയും ഛിദ്രതയുടെയും വിഷവേരുകൾ പിഴ്‌തെടുക്കുകയും ചെയ്തു. അവരോട് നബി (സ്വ) പറയുമായിരുന്നു: നിങ്ങൾ ഒന്നിച്ചുനിൽക്കണം, ഇല്ലെങ്കിൽ മനസ്സുകളും ഭിന്നിക്കും” (ഹദീസ് മുസ്ലിം)

ദീനിന്റെ പേരിലുള്ള എല്ലാവിധ പക്ഷപാതങ്ങളിൽ നിന്നും നബി (സ്വ)യെ അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്: തങ്ങളുടെ മതത്തിൽ ഭിന്നതയുണ്ടാക്കുകയും കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി താങ്കൾക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിലേക്ക് തന്നെയാണ് മടക്കപ്പെടുന്നത്. അവർ ചെയ്തുക്കൊണ്ടിരിക്കുന്നതിനെപ്പറ്റി അവൻ അവരെ അറിയിച്ചുക്കൊള്ളും (ഖുർആൻ, സൂറത്തുൽ അൻആം 159).

നബി (സ്വ) യുടെ നിയോഗം ലോകർക്ക് അല്ലാഹുവിൽനിന്നുള്ള ദിവ്യാനുഗ്രഹവും വരദാനവുമാണ്.

അല്ലാഹു പറയുന്നു:
തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതികേൾപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ദൂതനാണ്. അവരാകട്ടെ, മുമ്പ് വ്യക്തമായ വഴി കേടിൽ തന്നെയായിരുന്നു
 (ഖുർആൻ, സൂറത്തു ആലുഇംറാൻ 164).

ദൈവ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്ന, മനസ്സുകൾ സംസ്‌ക്കരിക്കുന്ന, ഹൃദയങ്ങളിൽ ദയാമൂല്യങ്ങൾ നിറക്കുന്ന, വേദവും ശ്രേഷ്ഠജ്ഞാനവും പഠിപ്പിക്കുന്ന ദൂതർ അനുഗ്രഹവർഷങ്ങളുടെ പേമാരി തന്നെയത്രെ!

ഒരിക്കൽ നബി (സ്വ) സ്വഹാബികളോട് പ്രസംഗിക്കുകയാണ്. അല്ലാഹുവിനെ സ്തുതിച്ച ശേഷം നബി (സ്വ) തുടർന്നു:
നിങ്ങൾ വഴികേടിലായിരുന്നല്ലൊ, എന്നെക്കൊണ്ട് അല്ലാഹു നിങ്ങൾക്ക് സന്മാർഗം നൽകിയതാണല്ലൊ?
നിങ്ങൾ നിരാലംബരായിരുന്നല്ലൊ, എന്നെക്കൊണ്ട് അല്ലാഹു നിങ്ങൾക്ക് ഐശ്വര്യം ഏകിയതാണല്ലൊ?
നിങ്ങൾ ഭിന്നിച്ച് ചിതറിയവരായിരുന്നല്ലൊ, എന്നെക്കൊണ്ട് നിങ്ങളെ അല്ലാഹു ഒത്തൊരുപ്പിച്ചതാണല്ലൊ?”
അവർ പറഞ്ഞു: അല്ലാഹുവും അവന്റെ തിരുദൂതരും വളരെ നന്നായി അനുഗ്രഹം ചെയ്യുന്നവരാണ്
നബി (സ്വ) ചോദിച്ചു: നിങ്ങൾ എന്റെ ചോദ്യങ്ങൾക്ക്് ഉത്തരം നൽകുന്നില്ലേ?”
അവർ വീണ്ടും പറഞ്ഞു: അല്ലാഹുവും അവന്റെ തിരുദൂതരും വളരെ നന്നായി അനുഗ്രഹം ചെയ്യുന്നവരാണ്” (ഹദീസ് ബുഖാരി, മുസ്ലിം)

അതെ, ലോകാനുഗ്രഹമായി നബി (സ്വ)യെ നിയോഗിച്ച അല്ലാഹു എത്ര വലിയ അനുഗ്രഹമാണ് നമ്മുക്ക് ചൊരിഞ്ഞുത്തന്നത്...!!!

അല്ലാഹു പറയുന്നു:
അവരുടെ ഹൃദയങ്ങൾ തമ്മിൽ അവൻ ഇണക്കിച്ചേർക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവൻ നീ ചെലവഴിച്ചാൽ പോലും അവരുടെ ഹൃദയങ്ങൾ തമ്മിൽ ഇണക്കിച്ചേർക്കാൻ താങ്കൾക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ അല്ലാഹു അവരെ തമ്മിൽ ഇണക്കിച്ചേർത്തിരിക്കുന്നു. തീർച്ചയായും അവൻ പ്രതാപിയും യുക്തിമാനുമാകുന്നു” (ഖുർആൻ, സൂറത്തുൽ അൻഫാൽ 63).

നബി (സ്വ) തങ്ങൾ സമുദായം ഐക്യപ്പെടണമെന്ന് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്:
നിങ്ങൾ സ്വർഗത്തിലെ ഉന്നതസ്ഥാനം ആഗ്രഹിക്കുന്നുവെങ്കിൽ കൂട്ടായ്മ നിലനിർത്തുക” (ഹദീസ് തുർമുദി)

ഐക്യം പ്രവാചക ഒസിയ്യത്താണ്
ഐക്യം പരി ശുദ്ധ ഇസ്ലാമിന്റെ ആദർശമാണ്
ഐക്യം മാനവികമായ അനിവാര്യയുമാണ്

ഐക്യമാണ് നാടിന്റെയും സമൂഹത്തിന്റെയും ഓജസ്സും തേജസ്സും
ഐക്യപ്പെടാൻ അല്ലാഹു തന്നെ ആജ്ഞാപിക്കുന്നുണ്ട്:
നിങ്ങൾ ഒന്നിച്ച് അല്ലാഹുവിന്റെ പാർശ്വം മുറുകെപ്പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്” (ഖുർആൻ, സൂറത്തു ആലുഇംറാൻ 103).

നമ്മുക്ക് മുമ്പുള്ള സമുദായങ്ങളോട് അല്ലാഹു ഐക്യാഹ്വാനം നടത്തുകയും ഭിന്നിക്കുന്നവരെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്:
വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെ പോലെ നിങ്ങളാകരുത്. അവർക്കാണ് കനത്ത ശിക്ഷയുള്ളത് (ഖുർആൻ, സൂറത്തു ആലുഇംറാൻ 105).

ഈ ഖുർആനിക സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്‌നു അബ്ബാസ് (റ) പറയുന്നു:
അല്ലാഹു വിശ്വാസികളോട് ഐക്യപ്പെടാൻ കൽപ്പിക്കുകയും ഭിന്നിക്കുന്നതിനെയും ഛിദ്രതയുണ്ടാക്കുന്നതിനെയും കർശനമായി വിലക്കുകയും ചെയ്താണ്.
മാത്രമല്ല, മുമ്പുള്ള സമുദായക്കാർ പരസ്പരം തർക്കിച്ചത് കൊണ്ടാണ് നശിച്ചതെന്ന് ഉണർത്തുകയും ചെയ്യുന്നുണ്ട്” (തഫ്‌സീർ ത്വബ് രീ 1/321).

അല്ലാഹുവിന്റെ സൗഭാഗ്യപ്രദാനത്താൽ അറബ് ഐക്യനാടുകൾ (യുഎഇ) ഐക്യപ്പെട്ടുണ്ടായതാണ്. ഈ ഐക്യപ്പെടൽ ഇതിന്റെ സ്വാതികരായ സ്ഥാപകരുടെ ചരിത്രദൗത്യമായിരുന്നു. ഈ ഐക്യവും മൈത്രിയും സഹിഷ്ണുതയും സഹാനുഭൂതിയും നിർനിർത്താൻ അല്ലാഹുവിനോട് നമ്മുക്ക് പ്രാർത്ഥിക്കാം. ഒത്തൊരുമയെന്ന പ്രവാചക ചര്യയുമായി കൈകോർക്കാം നാടിന്റെ നന്മക്കായി. കൂടെ നല്ലവരായ ഭരണാധികാരികളോടും നന്ദിയുള്ളവരുമാകം.

back to top