യുഎഇ ജുമുഅ ഖുത്ബ
പരിഭാഷ
---മൻസൂർ ഹുദവി കളനാട്---
തീയ്യതി: 08/12/2017
വിഷയം: ഉപജീവനമാർഗങ്ങൾ
അല്ലാഹു പറയുന്നു:
“അല്ലാഹു തന്നതിൽ അനുവദനീയവും
ഉത്തവുമായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. നിങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്ന അല്ലാഹുവിനെ
സൂക്ഷിക്കുക (ഖുർആൻ, സൂറത്തുൽ മാഇദ: 88)
“നിശ്ചയമായും പ്രബലമായ ശക്തിയുള്ള
അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവൻ” (ഖുർആൻ, സൂറത്തുൽ ദാരിയാത്ത്:
58).
അറബിഭാഷയിൽ റാസിഖ് എന്നാൽ
നന്നായി ഉപജീവനമാർഗം നൽകുന്നവൻ എന്നാർത്ഥം. അല്ലാഹുവാണ് ഏറ്റവും നല്ല റാസിഖ്. അവന്റെ
വക്കൽ ആകാശഭൂമി ലോകങ്ങളുടെ ഖജനാവുകളുണ്ട്. സർവ്വദാനങ്ങളും നന്മകളും അവനിൽ നിന്നുള്ളതാണ്.
നബി (സ്വ) പറയുന്നു: “അല്ലാഹുവിന്റെ അടുത്ത് നിറയെ ഖജനാവുകളുണ്. എല്ലാ
രാപ്പകലുകളിലും ഒന്നടങ്കം ചെലവഴിച്ചാലും അവ തീരില്ല. നിങ്ങളെന്ത് പറയുന്നു,
അല്ലാഹു ആകാശഭൂമികങ്ങളെ സൃഷ്ടിച്ചത് മുതൽ ചെലവഴിച്ചുക്കൊണ്ടേയിരിക്കുന്നു,
എന്നിട്ടും ആ ഖജനാവുകളിൽ നിന്ന് ഒട്ടും കുറയുന്നില്ല” (ഹദീസ് ബുഖാരി, മുസ്ലിം).
സൃഷ്ടികളുടെ മൊത്തം ഉപജീവനവും
സൃഷ്ടാവായ അല്ലാഹു ഏറ്റെടുത്തതാണ്. കരയിലെയും കടലിലെയും ഇരുട്ടറകളിൽ വസിക്കുന്ന ജീവികൾക്ക്
പോലും നാഥൻ സമയാസമയം ഉപജീവനത്തിനുള്ള വകകൾ എത്തിച്ചുക്കൊണ്ടിരിക്കുന്നു. അതെത്ര ചെറിയതും
നിസാരവുമായ ജീവികളായിരുന്നാൽ പോലും. അതൊരിക്കലും അവൻ തെറ്റിക്കുകയില്ല. ഗർഭായങ്ങളിലുള്ള
ഗർഭസ്ഥ ശിശുക്കൾക്ക് പോലും അന്നമെത്തിക്കാൻ അവൻ മറക്കില്ല. ആകാശ ഭൂമിലോകത്തിലുള്ളവർ
ഒന്നിച്ച് തീരുമാനിച്ചാലും അല്ലാഹുവിന്റെ ഖജനാവിൽ നിന്ന് ഒരു കടുക്മണിതൂക്കം പോലും
കുറക്കാനോ കൂട്ടാനോ സാധിക്കുകയില്ല. അല്ലാഹു തന്നെ പറയുന്നു: “ഭൂമിയിലുള്ള
ഒരൊറ്റ ജീവിക്കെങ്കിലും ആഹാരം നൽകുവാനുള്ള ഉത്തരവാദിത്വം അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല.
അതിന്റെ വാസസ്ഥലമേത്, സൂക്ഷിക്കുന്ന സ്ഥലമേത്
എന്നെല്ലാം അവന്നറിയാം. എല്ലാ വ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട്” (ഖുർആൻ, സൂറത്തു ഹൂദ് :6)
റിസ്ഖ് (ഉപജീവനം) എന്നാൽ അല്ലാഹു
സൃഷ്ടികൾക്കേകിയ എല്ലാ അനുഗ്രഹങ്ങളും അതിൽപ്പെടും.
ആരോഗ്യവും വിദ്യാഭ്യാസവും
സ്വഭാവങ്ങളും റിസ്ഖാണ്.
ജോലിയും ഭാര്യയും മക്കളും
ധനവും മനസ്സമാധാനവും...അങ്ങനെ എല്ലാം അല്ലാഹുവിൽ നിന്നുള്ള റിസ്ഖാണ്. എണ്ണിയാൽ ഒടുങ്ങാത്ത
ദാനങ്ങളാണവ: “അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
നിങ്ങൾ എണ്ണുന്ന പക്ഷം അവ തിട്ടപ്പെടുത്താൻ നിങ്ങൾക്കു കഴിയുന്നതല്ല. അല്ലാഹു ഏറ്റവും
പൊറുക്കുന്നവനും പരമകാരുണികനും തന്നെയാണ്” (ഖുർആൻ, സൂറത്തു ന്നഹ്‌ല്
:18).
ഒരോർത്തർക്കും അവരവരുടേതായ
ഉപജീവനം അല്ലാഹു നിശ്ചയിച്ചുണ്ടാവും. പക്ഷേ, അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്ന് മാത്രം. അത് ദൈവികമായ
താൽപര്യത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്. അല്ലാഹു പറയുന്നു: “ചിലരേക്കാൾ ചിലരെ അല്ലാഹു മെച്ചപ്പെടുത്തിയിട്ടുണ്ട്.
എന്നിട്ട് മെച്ചം ലഭിച്ചവർ അല്ലാഹു അവർക്ക് നൽകിയതിനെ തങ്ങൾ ഉടമയാക്കിയ അടിമകൾ അതിൽ
സമന്മാരാക്കത്തവിധം അവരിലേക്കു തിരിച്ചുവിടുന്നതല്ല. അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹത്തെ അവർ നിഷേധിക്കുന്നുവോ?” (ഖുർആൻ സൂറത്തു ന്നഹ്‌ല് :71).
ഈ ഏറ്റക്കുറച്ചിൽ പ്രകാരം
ചിലർ ചിലർക്ക് സേവനം ചെയ്യും: “ഐഹിക ജീവിതത്തിൽ അവരുടെ ജീവിത വിഭവങ്ങൾ അവർക്കിടയിൽ നാം തന്നെ ഭാഗിച്ചുക്കൊടുത്തിരിക്കുകയാണ്.
അവരിൽ ചിലരെ ചിലർക്കുമേൽ പല പടികൾ നാം ഉയർത്തുകയും ചെയ്തിരിക്കുന്നു. അവരിൽ ചിലർ മറ്റു
ചിലരെ കീഴ്‌പ്പെടുത്തിവെക്കുവാൻ വേണ്ടി. താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം അവർ ശേഖരിക്കുന്നതിനേക്കാൾ
എത്രയോ ഉത്തമമാകുന്നു” (ഖുർആൻ, സൂറത്തുൽ സുഖ്‌റുഫ് :32).
ഉപജീവനമാർഗം തേടൽ മനുഷ്യന്റെ
ബാധ്യതയാണ്. അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗം കൂടിയാണത്. ഉപജീവനം അല്ലാഹു ഏറ്റെടുക്കുമെന്ന്
കരുതി അതിനുള്ള വക കണ്ടെത്താൻ ശ്രമിക്കാതിരിക്കരുത്.
അബൂ ഹുറൈറ (റ) റിപ്പോർട്ട്
ചെയ്യുന്നു:
“ഞങ്ങളെല്ലാവരും നബി (സ്വ)യുടെ
കൂടെ ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു. അന്നേരം ഒരു ചുറുചുറുക്കുള്ള യുവാവ് വരുന്നത്
ഞങ്ങൾ കണ്ടു. അപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞു ഈ യുവാവ് തന്റെ യുവത്വവും ആരോഗ്യവും ശക്തിയുമൊക്കെ
അല്ലാഹുവിന്റെ മാർഗത്തിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ.... ഈ സംസാരം കേട്ട് നബി (സ്വ) പ്രതികരിച്ചു: ഒരുത്തൻ
അവന്റെ മാതാപിതാക്കൾക്ക് വേണ്ടി അദ്വാനിച്ചാലും അത് അല്ലാഹുവിന്റെ മാർഗത്തിലാണ്. ഒരുത്തൻ
തന്റെ കുടുംബത്തിന് വേണ്ടി അദ്വാനിച്ചാലും അത് അല്ലാഹുവിന്റെ മാർഗത്തിലാണ്. അവൻ സ്വന്തത്തിന്
വേണ്ടി അദ്വാനിച്ചാലും അത് അല്ലാഹുവിന്റെ മാർഗത്തിലാണ്” (ഹദീസ് ബൈഹഖി).
ഒരാൾ ഉപജീവനാർത്ഥം വീട് വിട്ട്
കച്ചവടത്തിനോ ജോലിക്കോ പുറപ്പെട്ടാൽ അത് അല്ലാഹുവിനോടുള്ള ആരാധനയാണ്. അക്കാര്യത്തിൽ
നമ്മുക്ക് നബി (സ്വ) തങ്ങളിൽ നിന്ന് വ്യക്തമായ മാതൃകയുണ്ട്. നബി (സ്വ) മേച്ചിൽ പണി
ചെയ്തിട്ടുണ്ട്. പിന്നെ കച്ചവടവും ചെയ്തിട്ടുണ്ട്. പ്രവാചകാനുചരരായ സ്വഹാബാക്കളും ഉപജീവനാർത്ഥം കച്ചവടവും
മറ്റു ജോലികളും ചെയ്തിട്ടുണ്ട്. അതോടൊപ്പം നബി (സ്വ) അവരെ നന്മകൾ ചെയ്യാനും സുകൃതങ്ങളിൽ മത്സരിക്കാനും
പഠിപ്പിച്ചു. അങ്ങനെ അദ്വാനിച്ചുണ്ടാക്കിയ ധനം ദൈവമാർഗത്തിൽ അവർ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
അബൂ ഹുദൈഫ (റ) റിപ്പോർട്ട്
ചെയ്യുന്നു: “ഒരിക്കൽ നബി (സ്വ)
ജനങ്ങളെ വിളിച്ച് ഒരുമിച്ചുകൂടാൻ പറഞ്ഞു. എല്ലാവരും നബി (സ്വ)യുടെ അടുത്ത് വന്നിരുന്നു.
നബി പറഞ്ഞു: ഇത് ലോക രക്ഷിതാവായ അല്ലാഹുവിന്റെ
ദൂതൻ ജിബ്‌രീലാണ്. അദ്ദേഹം എന്റെ ആത്മാവിൽ ഊതിപ്പറഞ്ഞിട്ടുണ്ട്: ഒരാളും അയാളുടെ റിസ്ഖ്
(നിശ്ചയിച്ച ഉപജീവനം) പൂർത്തിയാക്കുന്നത് വരെ മരിക്കുകയില്ല. അതെത്ര വൈകിയാലും ശരി.
അതിനാൽ നിങ്ങൾ അല്ലാഹുവിനെ പേടിക്കുക. നല്ലനിലക്ക് ഉപജീവനം തേടുക. റിസ്ഖ് വൈകുന്നത്
നിങ്ങൾക്ക് അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാൻ പ്രേരിതമാവരുത്. അല്ലാഹുവിൻെയടുക്കലുള്ളത്
കിട്ടണമെങ്കിൽ അവനെ അനുസരിച്ചേ തീരൂ” (ഹദീസ് മുസ്നദു ബസ്സാർ: 314 .7)
ദൈവഭയഭക്തിയാണ് (തഖ് വ) ഉപജീവനം എളുപ്പമാവാനുള്ള പ്രഥമവും ശ്രേഷ്ഠവുമായ
മാർഗം. തഖ് വ ഭക്ഷണവിശാലതക്കും ബർക്കത്തിനും കാരണമാവും. അല്ലാഹു തന്നെ പറയുന്നുണ്ട്:
“അല്ലാഹുവിനെ പേടിക്കുന്നവർക്ക്
അവൻ ഒരു രക്ഷാമാർഗം ഏർപ്പെടുത്തിക്കൊടുക്കും. അവൻ വിചാരിക്കാത്ത വഴിയിലൂടെ അല്ലാഹു
അവനിക്ക് ഭക്ഷണം നൽകുകയും ചെയ്യും” (ഖുർആൻ, സൂറത്തുൽ ത്വലാബ്
:2,3).
അല്ലാഹു ചെയ്തുത്തന്ന അനുഗ്രങ്ങൾക്ക്
നന്ദി ചെയ്യലും അവനെ സ്തുതിക്കലും റിസ്ഖ് വർദ്ധിക്കാൻ കാരണമാവും: “നിങ്ങൾ നന്ദി കാണിക്കുന്ന പക്ഷം നിശ്ചയമായും ഞാൻ
അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കുന്നതും നന്ദികേട് കാണിച്ചാൽ എന്റെ ശിക്ഷ അതികഠിനം തന്നെയായിരിക്കുന്നതുമാണ്
എന്ന് നിങ്ങളുടെ രക്ഷിതാവ് പ്ര്ഖ്യാപിച്ച സന്ദർഭം…” (ഖുർആൻ, സൂറത്തു ഇബ്രാഹിം
:7).
ഹലാലായ ഭക്ഷണവും അല്ലാഹുവിനോടുള്ള
നന്ദിപ്രകാശവും പരസ്പരബന്ധിതമാണ്. അത് കൊണ്ടാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് സത്യവിശ്വാസികളേ..
നിങ്ങൾ അല്ലാഹുവിന് മാത്രമാണ് ആരാധന ചെയ്യുന്നതെങ്കിൽ നാം നിങ്ങൾക്ക് നൽകിയിരിക്കുന്ന
നല്ലവയിൽ നിന്ന് ഭക്ഷിക്കുകയും അല്ലാഹുവിനോട് നന്ദികാണിക്കുകയും ചെയ്യുക” (ഖുർആൻ, സൂറത്തുൽ ബഖറ :172).
കുടുംബബന്ധം ചേർക്കലും ഭക്ഷണവിശാലതക്കുള്ള
കാരണങ്ങളിൽപ്പെട്ടതാണ്. നബി (സ്വ) പറയുന്നു: “ഒരുത്തൻ ഭക്ഷണവിശാലതയും ആയുസ്‌ദൈർഘ്യവും ആഗ്രഹിക്കുന്നുവെങ്കിൽ
അവൻ കുടുംബബന്ധം ചേർത്തുക്കൊളളട്ടെ” (ഹദീസ് ബുഖാരി, മുസ്ലിം).
ദാനധർമ്മങ്ങളും ഭക്ഷണത്തിൽ
ബർക്കത്തുണ്ടാവാൻ കാരണമാവും. നബി (സ്വ) പറയുന്നു: “അല്ലാഹു പറഞ്ഞിരിക്കുന്നു നീ ചെലവഴിക്കുക, എന്നാൽ നിനക്ക് ഞാൻ ചെലവഴിക്കും” (ഹദീസ് ബുഖാരി, മുസ്ലിം). മാത്രമല്ല, എല്ലാ സൽക്കർമ്മങ്ങളും നന്മകളും അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവർഷത്തിന്
ഹേതുകമായി ഭവിക്കുമെന്ന് ഖുർആനിലുണ്ട്: “എന്നാൽ സത്യവിശ്വാസവും സൽക്കർമ്മങ്ങളും അവലംബിക്കുന്നവർക്ക് അവരുടെ പ്രതിഫലം അവൻ
പൂർത്തിയാക്കിക്കൊടുക്കുകയും അവന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് കൂടുതൽ കൊടുക്കുകയും
ചെയ്യും” (ഖുർആൻ, സൂറത്തു ന്നിസാഅ് :173).
അല്ലാഹു വിഹിതമായി നൽകിയ അനുഗ്രഹങ്ങളെക്കൊണ്ട്
തൃപ്തിപ്പെടൽ വിശ്വാസിയുടെ ബാധ്യതയാണ്. എന്നാൽ മാത്രമേ അന്തിമവിജയവും ഹൃദയവിശാലതയും
മനസ്സമാധാനവും സാധ്യമാവുകയുള്ളൂ.
നബി (സ്വ) പറഞ്ഞിട്ടുണ്ട്:
“നീ അല്ലാഹു നൽകിയത് കൊണ്ട്
തൃപ്തിപ്പെടുക, എന്നാൽ ഏറ്റവും വലിയ
ഐശ്വര്യവാനാവും” (ഹദീസ് തുർമുദി: 2305)
ഒരിക്കൽ നബി (സ്വ) പറഞ്ഞു:
“യേ... അബൂഹുറൈറയേ... നീ സൂക്ഷ്മതയുള്ളവനാവുക,
എന്നാൽ നീ ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല ആരാധന ചെയ്യുന്നവനാകും.
നീ മിതമായത് കൊണ്ട് തൃപ്തിയടയുന്നവനാകുക, എന്നാൽ നീ ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ നന്ദിയുള്ളവനാവും” (ഹദീസ് ഇബ്‌നുമാജ: 4217).
നമ്മോട് അല്ലാഹു ഭൂമിയിലൂടെ
സഞ്ചരിക്കാൻ കൽപ്പിക്കുന്നുണ്ട്: “നിങ്ങൾക്ക് ഭൂമിയെ
കൈകാര്യം ചെയ്യുവാൻ വിധേയമാക്കിത്തന്നവനാണവൻ. അതുകൊണ്ട് നിങ്ങൾ അതിന്റെ ഉപരിതലത്തിലൂടെ
സഞ്ചരിക്കുകയും അവന്റെ ആഹാരത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തുകൊളളുക. അവങ്കലേക്കു തന്നെയാണ്
മടക്കം” (ഖുർആൻ, സൂറത്തുൽ മുൽക്ക്: 15). അല്ലാഹുവിലേക്കുള്ള ആരാധനാകർമ്മങ്ങൾക്ക് ശേഷം ഉപജീവനമാർഗം തേടിയിറങ്ങണമെന്ന്
ഖുർആൻ പ്രസ്താവിക്കുന്നു: “എന്നിട്ട് നിസ്ക്കാരം
നിർവ്വഹിക്കപ്പെട്ടാൽ നിങ്ങൾ വ്യാപരിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് അന്വേഷിക്കുകയും
അല്ലാഹുവിനെ അധികമായി ഓർക്കുകയും ചെയ്യുക, നിങ്ങൾ വിജയിക്കുവാൻ വേണ്ടി” (ഖുർആൻ, സൂറത്തുൽ ജുമുഅ: 10).