ആരാധനയിലല്ല, സ്വീകാര്യതയിലാണ് കാര്യം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
--- മൻസൂർ ഹുദവി കളനാട്---
 വിഷയം: ആരാധനയും സ്വീകാര്യതയും
തീയ്യതി: 15/12/2017

പ്രവഞ്ചസൃഷ്ടാവായ അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചത് അവനിക്ക് ആരാധന ചെയ്യാൻ വേണ്ടിയാണ്. അല്ലാഹു തന്നെ പറയുന്നു: മനുഷ്യരെയും ജിന്നുകളെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല” (ഖുർആൻ, സൂറത്തു ദ്ദാരിയാത്ത് : 56). മാത്രമല്ല തന്റെ അടിമകളോട് തന്റെ വിധിവിലക്കുകൾ അനുസരിക്കാനും സൽക്കർമ്മങ്ങൾ ചെയ്ത് അവനിലേക്ക് അടുക്കാനും കൽപ്പിച്ചിട്ടുണ്ട്: നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം” (ഖുർആൻ, സൂറത്തുൽ ഹജ്ജ് :77).

പടച്ചോന്റെ കൽപ്പനപ്രകാരം നന്മകൾ ചെയ്യുകയും തിന്മകൾ വെടിയുകയും ചെയ്ത സുകൃതസ്വരൂപരായ പടപ്പുകളാണ് ഏറ്റവും ഉത്തമർ: നിശ്ചയമായും സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ  അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ, അവർ തന്നെയാണ് സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ടർ” (ഖുർആൻ, സൂറത്തുൽ ബയ്യിന :07). അത്തരക്കാർക്ക് മഹത്തായ പ്രതിഫലവും പാപമോക്ഷവുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്: സത്യവിശ്വാസം കൈക്കൊള്ളുകയും പുണ്യങ്ങളിലേർപ്പെടുകയും ചെയ്തവരോട് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു” (ഖുർആൻ, സൂറത്തുൽ മാഇദ :09). മാത്രമല്ല അവരെ സ്വർഗസ്ഥരാക്കുകയും അറ്റമില്ലാ അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യും: തീർച്ചയായും വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കുള്ളതാണ് സുഖാനുഭൂതികളുടെ സ്വർഗത്തോപ്പുകൾ” (ഖുർആൻ, സൂറത്തു ലുഖ്മാൻ :08).

തിരുമേനി നബി (സ്വ) തങ്ങൾ സൃഷ്ടാവിലേക്ക് അടുക്കാനും വിധിവിലക്കുകൾ നടപ്പിലാക്കാനും അതീവ തൽപരരായിരുന്നു. തങ്ങളുടെ അനുചരന്മാരായ സ്വഹാബികളോട് കർമ്മങ്ങൾ ഉപകാരപ്രദമാംവിധം സമ്പൂർണമാക്കാൻ പ്രോത്സാഹിപ്പിക്കുമായിരുന്നു. കാരണം, അവയാണ് സൃഷ്ടാവിന്റെയടുത്ത് ഏറ്റവും സ്വീകാര്യയോഗ്യമായത്. അവ സമൂഹത്തിന് നന്മയാർന്നതായി അവശേഷിക്കുകയും ചെയ്യും: മനുഷ്യർക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയിൽ തങ്ങിനിൽക്കുന്നു” (ഖുർആൻ, സൂറത്തുൽ റഅദ് :17). അതുകൊണ്ട് തന്നെയാണ് സ്വഹാബികൾ നിരന്തരം പുണ്യകർമ്മങ്ങളിലേർപ്പെടുകയും അവ സ്വാർത്ഥകമാക്കാൻ മത്സരിക്കുകയും ചെയ്യുമായിരുന്നു. അതോടൊപ്പം സൽക്കർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമാവാൻ അവരുടെ മനസ്സുകൾ വെമ്പൽ കൊള്ളുകയും ചെയ്തിരുന്നു. അവരെപ്പറ്റിയാണ് അല്ലാഹു പറഞ്ഞത് : ദാനം ചെയ്യുന്നതെന്തും രക്ഷിതാവിങ്കലേക്ക് തങ്ങൾ മടങ്ങിച്ചെല്ലുന്നവരാണെന്നോർത്ത് ഹൃദയങ്ങൾ ഭയന്നുകൊണ്ട് കൊടുക്കുന്നവർ നല്ലകാര്യങ്ങളിൽ ധൃതികൂട്ടുന്നു, അതിലേക്കവർ മറ്റുള്ളവരേക്കാൾ മുൻകടക്കുന്നവരുമാണ്” (ഖുർആൻ, സൂറത്തുൽ മുഅ്മിനൂൻ: 60, 61).

അബ്ദുല്ല ബ്‌നു മസ്ഊദ് (റ) പറയുന്നു: ഭൂലോകം നിറയെ സ്വർണം സ്വന്തമാക്കുന്നതിനേക്കാൾ എനിക്കിഷ്ടം എന്റെ ഒരു സൽക്കർമ്മമെങ്കിലും അല്ലാഹു സ്വീകരിച്ചുവെന്നറിയലാണ്” (കിതാബുൽ മഅ്‌രിഫ വൽ താരീഖ് 2/549).

ഒരു ദിവസം ഇബ്‌നു ഉമറി(റ) ന്റെ അടുക്കലിലേക്ക് ഒരു യാചകൻ വന്നു. അദ്ദേഹം മകനോട് ഒരു ദീനാർ കൊടുക്കാൻ പറഞ്ഞു മകൻ ഇബ്‌നു ഉമറി(റ) നോട് പറഞ്ഞു: 'താങ്കളുടെ ധർമ്മം അല്ലാഹു സ്വീകരിക്കട്ടെ' അപ്പോൾ ഇബ്‌നു ഉമർ (റ) പറഞ്ഞു: 'അല്ലാഹു എന്റെ ഒരു സാഷ്ടാംഗമോ ഒരു ദിർഹം ധർമമ്മോ സ്വീകരിച്ചുയെന്നറിയലാണ് എനിക്ക് ഈ ലോകത്തിലുള്ള മുഴുവതിനേക്കാളും ഇഷ്ടം. മകനേ.. നിനക്കറിയുമോ അല്ലാഹു ആരുടെ സൽക്കർമ്മങ്ങളാണ് സ്വീകരിക്കുകയെന്നുള്ളത് ? “ഭയഭക്തിയുള്ളവരിൽ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ” (ഖുർആൻ, സൂറത്തുൽ മാഇദ : 27) – (കിതാബുൽ ഹിദായ ഇലാ ബുലൂഗിൽ നിഹായ 10/6758).

അല്ലാഹുവിങ്കൽ സൽക്കർമ്മങ്ങൾ സ്വീകാര്യമാവാനുള്ള മാനദണ്ഡങ്ങൾ പലതാണ്. അതിൽ പ്രധാനം തഖ്‌വ (ഭയഭക്തി). പിന്നെ പ്രാർത്ഥന. പുണ്യങ്ങൾ ചെയ്യുമ്പോൾ അവ സ്വീകരിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണം. ഇബ്രാഹിം നബി(അ) യും മകൻ ഇസ്മാഈൽ നബി(അ) യും പുണ്യ കഅ്ബായത്തിന്റെ പുനർനിർമാണവേളയിൽ ശിലകളുയർത്തുമ്പോൾ ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ.. ഞങ്ങളിൽ നിന്ന് നീ ഇത് സ്വീകരിക്കണമേ.. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു” (ഖുർആൻ, സൂറത്തുൽ ബഖറ: 127)

അമലുകൾ സ്വീകാര്യയോഗ്യമാവാനുള്ള മറ്റൊരു മാർഗമാണ് നന്ദിപ്രകടനം. സുകൃതങ്ങൾ ചെയ്യാനുള്ള ആവതും സൗഭാഗ്യവുമേകിയ പ്രവഞ്ചനാഥന് മനുഷ്യൻ നന്ദി പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു. സ്വർഗാവകാശികളായ മഹത്തുക്കൾ അല്ലാഹുവിന്റെ മഹത്വം പൂർണാർത്ഥത്തിൽ അംഗീകരിക്കുകയും നന്ദിയുള്ളവരാകുകയും ചെയ്തിട്ടുണ്ട് : അവർ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവന് സ്തുതി. അല്ലാഹു ഞങ്ങളെ നേർവഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കിൽ ഞങ്ങളൊരിക്കലും നേർവഴി പ്രാപിക്കുമായിരുന്നില്ല” (ഖുർആൻ, സൂറത്തുൽ അഹ്‌റാഫ്: 43).

അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദികാട്ടാൻ അവസരം നൽകണമെന്ന് സുലൈമാൻ നബി(അ) പ്രാർത്ഥിച്ചിട്ടുണ്ട്: എന്റെ രക്ഷിതാവേ.. എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽക്കർമ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നൽകണമേ.. നിന്റെ കാരുണ്യത്തിൽ നിന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തുകയും ചെയ്യണമേ...” (ഖുർആൻ, സൂറത്തു ന്നംല് :19). സ്വാതികരായ മഹത്തുകളും ഇങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടെന്ന് അഹ്ഖാഫ് സൂറത്തിലെ 15ാം സൂക്തത്തിൽ വിവരിക്കുന്നുണ്ട്.

അനുഗ്രഹത്തിന് നന്ദികാട്ടുന്നവർക്ക് ദോഷമോക്ഷവും സൽക്കർമ്മസ്വീകാര്യതയും സ്വർഗപ്രവേശവും അല്ലാഹു ഉറപ്പുനൽകുന്നു: അത്തരക്കാരിൽ നിന്നാകുന്നു അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്. അവരുടെ ദുഷ്പ്രവൃത്തികൾക്ക് നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. അവർ സ്വർഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവർക്ക് നൽകപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്” (ഖുർആൻ, സൂറത്തുൽ അഹ്ഖാഫ്: 16).

ഓരോ ആരാധനാകർമ്മങ്ങൾക്ക് ശേഷവും പശ്ചാത്താപം ചെയ്യൽ അവ സ്വീകരിക്കാൻ കാരണമാവും. നിരവധി ആരാധനാമുറകളെ എണ്ണിപ്പറഞ്ഞ ശേഷം പൊറുക്കലിനെ തേടണമെന്ന് അല്ലാഹു വിവരിക്കുന്നുണ്ട് :ഖുർആനിൽ നിന്ന് സൗകര്യപ്പെട്ടത് നിങ്ങൾ പാരായണം ചെയ്തുകൊള്ളുകയും നമസ്‌ക്കാരം മുറപ്രകാരം നിർവ്വഹിക്കുകയും സക്കാത്ത് നൽകുകയും അല്ലാഹുവിന് ഉത്തമമായ കടം നൽകുകയും ചെയ്യുക. സ്വദേഹങ്ങൾക്ക് വേണ്ടി നിങ്ങൾ എന്തൊരു നന്മ മുൻകൂട്ടി ചെയ്തുവെക്കുകയാണെങ്കിലും അല്ലാഹുവിങ്കൽ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതായി നിങ്ങൾ കണ്ടെത്തുന്നതാണ്. നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു” (ഖുർആൻ, സൂറത്തുൽ മുസമ്മിൽ: 20).

നബി (സ്വ) നിസ്‌ക്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്നുപ്രാവശ്യം പാപമോചനം തേടുമായിരുന്നു (ഹദീസ് മുസ്ലിം 591). നബി (സ്വ) യുടെ സുകൃതപൂർണമായ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മുസ്ലിങ്ങൾക്ക് വിജയം സുനിശ്ചിതമായപ്പോൾ പാപമോക്ഷം തേടാൻ അല്ലാഹു നബി (സ്വ)യോട് കൽപ്പിക്കുന്നതായി സൂറത്തുൽ നസ്വ്‌റിൽ കാണാം.

കർമ്മങ്ങൾക്ക് സ്വീകാര്യതയുണ്ടായാൽ സുകൃതങ്ങൾ അനുസൂതം വർദ്ധിക്കുകയും പദവി ഉയരുകയും ചെയ്യും. ഒരു സൽക്കർമ്മം അല്ലാഹു സ്വീകരിച്ചുവെന്നതിന് തെളിവാണ് മറ്റൊരു സൽക്കർമ്മം ചെയ്യാൻ അവസരം ലഭിക്കൽ. അല്ലാഹു തന്നെ പറയുന്നു: വല്ലവനും ഒരു നന്മ പ്രവർത്തിക്കുന്ന പക്ഷം അതിലൂടെ അവന് നാം ഗുണം വർദ്ധിച്ചുക്കൊടുക്കുന്നതാണ്” (ഖുർആൻ, സൂറത്തുൽ ശൂറാ: 23).
back to top