യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 22/12/2017
വിഷയം: ദൈവഭയം
ദൈവഭയമുള്ളവർക്ക് വിജയം സുനിശ്ചിതമാണ്.
ദൈവഭയഭക്തിയുള്ളവരെപ്പറ്റി അല്ലാഹു ഖുർആനിൽ പ്രശംസിക്കുന്നുണ്ട് : “തങ്ങളുടെ രക്ഷിതാവിനെ നേരിട്ട് കാണാതെ തന്നെ ഭയപ്പെടുന്നവരാണവർ.
അവർ അന്ത്യനാളിനെക്കുറിച്ചു പേടിക്കുന്നവരുമാണ്”(ഖുർആൻ, സൂറത്തുൽ അമ്പിയാഅ്
:49). ദൈവഭയമുള്ളവർ ദൈവം അനുശാസിക്കുന്നത് അനുസരിക്കുകയും, വിലക്കിയത് വിലങ്ങുകയും ചെയ്യും. അല്ലാഹുവിനെ പേടിക്കുന്നവൻ
യഥാർത്ഥത്തിൽ അവന്റെ മഹത്വം അംഗീകരിക്കുകകൂടി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ദൈവഭയം
അതിശ്രേഷ്ഠ സ്വഭാവവിശേഷണം തന്നെയാണ്.
ഭയഭക്തിയും വിശ്വാസവും പരസ്പരബന്ധിതമെന്ന്
ഖുർആൻ വ്യക്തമാക്കുന്നു: “നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ,
ഭയപ്പെടുവാൻ ഏറ്റവും അവകാശപ്പെട്ടവൻ അല്ലാഹുവാകുന്നു”
(ഖുർആൻ, സൂറത്തുത്തൗബ :13). യഥാർത്ഥ വിശ്വാസിയുടെ
മനസാന്തരങ്ങൾ എന്നും ഭക്തിയാലും ദൈവവണക്കത്താലും നിർഭരമായിരിക്കും: “അല്ലാഹുവിനെ പറയപ്പെട്ടാൽ ഹൃദയം ഭയപ്പെടുന്നവരും
അവന്റെ സൂക്തങ്ങൾ ഓതിക്കേൾപ്പിച്ചാൽ അതുമുഖേന വിശ്വാസം വർധിക്കുന്നവരും തങ്ങളുടെ രക്ഷിതാവിങ്കൽ
എല്ലാം അർപ്പിക്കുന്നവരും മാത്രമാണ് പൂർണ സത്യവിശ്വാസികൾ” (ഖുർആൻ, സൂറത്തുൽ അൻഫാൽ :2).
“തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ
തൊലികൾ അതുമൂലം വിറക്കുന്നതാണ്. പിന്നീട് അവരുടെ ഹൃദയങ്ങളും ദൈവസ്മരണയിലേക്ക് മയപ്പെടുകയും
ചെയ്യും” (ഖുർആൻ, സൂറത്തുൽ സുമർ :23).
സർവ്വതിന്റെ സ്രഷ്ടാവും അധിപനും
സർവ്വശക്തനുമായ അല്ലാഹുവിനെ അവന്റെ ദൈവമാഹാത്മ്യങ്ങളുൾക്കൊണ്ടുതന്നെ സൃഷ്ടികൾ ഭയപ്പെടേണ്ടിയിരിക്കുന്നു.
സദ്‌വൃത്തരായ അടിമകൾ അങ്ങനെ ചെയ്യുന്നതുമാണ്. മലക്കുകളെപ്പറ്റി ഖുർആൻ വിവരിക്കുന്നു:
“അവർക്ക് മീതെയുള്ള അവരുടെ
രക്ഷിതാവിനെ അവർ ഭയപ്പെടുകയും കൽപ്പിക്കപ്പെടുന്നതെന്തും അവർ പ്രവർത്തിക്കുകയും ചെയ്യും”
(ഖുർആൻ, സൂറത്തു ന്നഹ്‌ല് :50). അല്ലാഹുവിന്റെ ശുപാർശ
അവൻ തൃപ്തിപ്പെട്ടവർക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്നും അവന്റെ തൃപ്തി കരഗതമാക്കിയവർ
സദാ അവനോടുള്ള ഭയത്തിലായിരിക്കുമെന്നും ഖുർആൻ സൂറത്തുൽ അൻബിയാഅ് 28ാം സൂക്തത്തിൽ വ്യക്തമാക്കുന്നു. അല്ലാഹു ആകാശലോകത്ത്
വെച്ച് ഒരു കാര്യം വിധിച്ചാൽ മലക്കുകൾ അത് കേട്ട് കീഴ് വണക്കത്താൽ ചിറകിട്ടടിക്കുമെന്ന്
നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി: 4800)
ദൈവഭയത്താൽ കഠിനകഠോരമായ പർവ്വതങ്ങൾ
പോലും പൊട്ടിത്തരിപ്പണമാവുന്നതാണ് : “ഈ ഖുർആനിനെ ഒരു പർവ്വതത്തിന്മേൽ നാം അവതരിപ്പിച്ചിരുന്നുവെങ്കിൽ അത് വിനയം കാണിക്കുന്നതായും
അല്ലാഹുവിനെ ഭയപ്പെട്ടതിനാൽ പൊട്ടിപ്പിളരുന്നതായും അതിനെ നീ കാണുമായിരുന്നു. ആ ഉപമകൾ
മനുഷ്യർക്കു വേണ്ടി വിവരിക്കുന്നു, അവർ ചിന്തിക്കുവാൻ
വേണ്ടി” (ഖുർആൻ, സൂറത്തുൽ ഹഷ്ർ :21).
നബിമാരാണ് അല്ലാഹുവിനെ ഏറ്റവും
കൂടുതൽ പേടിക്കുന്നവർ. അവരെപ്പറ്റി അല്ലാഹു തന്നെ വിവരിക്കുന്നു: “അല്ലാഹുവിന്റെ ദൗത്യങ്ങളെ എത്തിച്ചുകൊടുക്കുന്നവരും
അവനെ ഭയപ്പെടുന്നവരും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാത്തവരുമായവർ”
(ഖുർആൻ, സൂറത്തുൽ അഹ്‌സാബ് :39). നബി (സ്വ) പറയുന്നു:
“അല്ലാഹുവാണേ സത്യം.. നിശ്ചയം
ഞാനാണ് നിങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ അല്ലാഹുവിനെ പേടിക്കുന്നവനും അല്ലാഹുവിനോട്
കൂടുതൽ സൂക്ഷ്മതയുള്ളവനും” (ഹദീസ് ബുഖാരി,
മുസ്ലിം).
ജനങ്ങളിൽ വെച്ച് അല്ലാഹുവിനെ
കൂടുതൽ ഭയപ്പെടുന്നവർ പണ്ഡിതന്മാരാണ്. കാരണം അവർ അല്ലാഹുവിന്റെ പ്രവഞ്ചരഹസ്യങ്ങളിലും
ആകാശഭൂമികളുടെ സൃഷ്ടിവൈഭവത്തിലും ഗാഢമായി ചിന്തിക്കുകയും ഹൃദയത്തിലേക്ക് യാഥാർത്ഥ്യത്തെ
ആവാഹിച്ചവരുമാണ്. യഥാർത്ഥ പണ്ഡിതരെപ്പറ്റി ഖുർആൻ പ്രസ്താവിക്കുന്നു: “അല്ലാഹുവിന്റെ അടിമകളിൽ അറിവുള്ളവരല്ലാതെ അവനെ ഭയപ്പെടുകയില്ല.
നിശ്ചയമായും അല്ലാഹു പ്രതാപശാലിയും ഏറ്റവും പൊറുക്കുന്നവനുമാകുന്നു” (ഖുർആൻ, സൂറത്തുൽ ഫാത്വിർ: 28). താബിഈ പ്രമുഖനായ മസ്‌റൂഖ്
(റ) പറയുന്നു: 'ഒരു മനുഷ്യന് അല്ലാഹുവിനെ
പേടിക്കൽ തന്നെയാണ് ഏറ്റവും വലിയ ജ്ഞാനം' (കിതാബു സിയറു അഅ്‌ലാമിൽ നുബലാഅ് 5/27).
അല്ലാഹുവിനോട് ഭയം ഉണ്ടാവണമെങ്കിൽ
ആത്യന്തികമായി വിജ്ഞാനം നേടണം. വിജ്ഞാനത്തിന് സ്വന്തം സ്വത്വത്തെ അറിയണം. അതിലൂടെ പ്രവഞ്ചസത്യങ്ങളെയും
സൃഷ്ടിവൈജാത്യങ്ങളെയും മനസ്സിലാക്കുകയും സൃഷ്ടാവിലേക്ക് എത്തിപ്പെടുകയും പരമമായ ഭയവും
കീഴ്‌വണക്കവും ഉണ്ടാവുകയും ചെയ്യും. പരിശുദ്ധ ഖുർആൻ പാരായണത്തിലൂടെയും ദൈവഭയമുണ്ടാവും.
നബി (സ്വ) പറയുന്നു: “അല്ലാഹുവിനെ ഭയപ്പെടുന്ന
രീതിയിൽ ഖുർആൻ പാരായണം ചെയ്യുന്നവനാണ് നിങ്ങളിൽ ഏറ്റവും നന്നായി ഖുർആൻ പാരായണം ചെയ്യുന്നവൻ”
(ഹദീസ് ഇബ്‌നുമാജ: 1339).
ദൈവഭയമുള്ള വിശ്വാസി അനുസൂതം
നന്മകളിലും സൽക്രിയകളിലും മുഴുകിക്കൊണ്ടിരിക്കും:
“തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള
ഭയത്താൽ നടുങ്ങുന്നവർ, തങ്ങളുടെ രക്ഷിതാവിന്റെ
ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരും തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേർക്കാത്തവരും രക്ഷിതാവിങ്കലിലേക്ക്
തങ്ങൾ മടങ്ങിച്ചെല്ലേണ്ടവരാണല്ലൊയെന്ന് മനസ്സിൽ ഭയമുള്ളതോടുകൂടി തങ്ങൾ ദാനം ചെയ്യുന്നതെല്ലാം
ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്മകളിൽ ധൃതിപ്പെട്ട് മുന്നേറുന്നവർ. അവരത്രെ അവയിൽ
മുമ്പേ ചെന്നെത്തുന്നവരും” (ഖുർആൻ, സൂറത്തുൽ മുഅ്മിനൂൻ: 56,57,58,50,60,61)
കാരണം അവരുടെ മനസ്സും ശരീരവും
പൂർണാർത്ഥത്തിൽ തന്നെ സൃഷ്ടാവിന് സമർപ്പിതമായിരിക്കും. അതോടൊപ്പം സൃഷ്ടികളോട് ഗുണം
ചെയ്യുകയും സാമൂഹിക ബാധ്യതകൾ വീട്ടുകയും ചെയ്യും. ഹസൻ ബസ്വരി (റ) പറയുന്നു: 'നന്മയും ദയാവായ്പും സമഞ്ചസമാക്കിയവനാണ് വിശ്വാസി'
(തഫ്‌സീർ ഇബ്‌നു കസീർ).
ദൈവഭയമുള്ളവർ സാമൂഹിക നന്മകളിലെന്നും
ഭാഗമായിരിക്കും. മാതാപിതാക്കളോട് ഗുണം ചെയ്യും. കുടുംബബന്ധം പുലർത്തും. മറ്റുള്ളവരോട്
സത്യസന്ധമായും കരുണാമയമായും പെരുമാറും. സമചിത്തതയോടെ സമ്പർക്കം പുലർത്തുകയും ചെയ്യും.
കാരണം അവർ അല്ലാഹുവിനെ നന്നായി പേടിക്കുകയും അല്ലാഹു അവരെ നിരീക്ഷിക്കുന്നുവെന്ന ബോധം
കൂടെകൊണ്ടുനടക്കുകയും ചെയ്യുന്നു.
നബി (സ്വ) മൂന്ന് പേരുടെ ഒരു
കഥ വിശദീകരിക്കുന്നുണ്ട്:
മൂന്നുപേർ നടന്നു പോവുകയായിരുന്നു.
പെട്ടെന്ന് ശക്തമായി മഴ വർഷിക്കുകയും അവർ ഒരു ഗുഹാമുഖത്തേക്ക് ഓടിക്കയറുകയും ചെയ്തു.
അതിശ്രീഘം ഒരു പാറക്കല്ല് ഉരുണ്ടുവന്ന് ഗുഹ മൂടുകയുണ്ടായി. അങ്ങനെ അവർ മൂന്നുപേരും
അതിനുള്ളിൽ കുടുങ്ങി. അപ്പോൾ അതിരൊരാൾ പറഞ്ഞു നമ്മുക്കോർത്തർക്കും നമ്മൾ ചെയ്ത നന്മകൾ
പറഞ്ഞ് അല്ലാഹുവിനോട് പ്രാർത്ഥിക്കാം. ഒന്നാമൻ താൻ തന്റെ കൂലിപ്പണിക്കാരനോട് കാട്ടിയ
സത്യസന്ധതയും നീതിനിർവ്വഹണവും വിവരിച്ച് അല്ലാഹുവിനോട് പ്രാർത്ഥിച്ചു: 'നാഥാ.. നിനക്കറിയാം നിന്നെ പേടിച്ചത് കൊണ്ടാണ് ഞാനങ്ങനെ
ചെയ്തത്, അതിനാൽ നീ ഞങ്ങൾക്ക് ഈ തടസ്സം
മാറ്റിത്തരണേ...' അപ്പോൾ പാറ കുറച്ച്
നീങ്ങി. രണ്ടാമൻ തന്റെ മാതാപിതാക്കൾക്ക് വേണ്ട് ഉറക്കമൊഴിച്ച് സഹായമെത്തിച്ചതും അവർക്ക്
ഗുണം ചെയ്തതും പറഞ്ഞ് അല്ലാഹുവിനോട് പ്രാർത്ഥിച്ചു: 'നാഥാ.. നിനക്കറിയാം നിന്നെ പേടിച്ചത് കൊണ്ടാണ് ഞാനങ്ങനെ ചെയ്തത്,
അതിനാൽ നീ ഞങ്ങൾക്ക് ഈ തടസ്സം അകറ്റിത്തരണേ...'
പാറ വീണ്ടും കുറച്ച് നീങ്ങി. മൂന്നാമത്തെയാൾ തന്നെ
ഒരു സ്ത്രീ വ്യഭിചാരത്തിന് ക്ഷണിച്ചപ്പോൾ അല്ലാഹുവിനെ പേടിച്ച് നിരസിച്ച കാര്യം പറഞ്ഞ്
പ്രാർത്ഥിച്ചു: 'നാഥാ.. നിനക്കറിയാം
നിന്നെ പേടിച്ചത് കൊണ്ടാണ് ഞാനങ്ങനെ ചെയ്തത്, അതിനാൽ നീ ഞങ്ങൾക്ക് ഈ തടസ്സം മാറ്റിത്തരണേ...' അങ്ങനെ പാറ പൂർണമായും നീങ്ങുകയും അവർ രക്ഷപ്പെടുകയും
ചെയ്തു (ഹദീസ് ബുഖാരി: 3465).
അവർ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും
അല്ലാഹു അവരെ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന പരമാർത്ഥം അവർ ഉൾക്കൊണ്ടുജീവിച്ചു.
തീർച്ചയായും അല്ലാഹു എല്ലാം കാണുകയും കേൾക്കുകയും ചെയ്യും, അവനിൽ നിന്ന് ഒന്നും മറയില്ല: “കണ്ണുകളുടെ കട്ടുനോട്ടവും ഹൃദയങ്ങൾ മറച്ചുവെക്കുന്നതും അല്ലാഹു
അറിയുന്നു” (ഖുർആൻ, സൂറത്തുൽ ഖാഫിർ: 19)
ദൈവഭയമുള്ളവർക്ക് മഹത്തായ
പ്രതിഫലവും പാപമോക്ഷവുമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കാൻ അല്ലാഹു നബി (സ്വ)യോട് കൽപ്പിച്ചിട്ടുണ്ട്:
“ബോധനം പിൻപറ്റുകയും അദൃശ്യാവസ്ഥയിൽ
പരമകാരുണികനായ അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുവനു മാത്രമേ അങ്ങയുടെ താക്കീത് ഫലപ്പെടുകയുള്ളൂ.
ആകയാൽ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയുംപ്പറ്റി അവന് സന്തോഷവാർത്ത അറിയിക്കുക”
(ഖുർആൻ, സൂറത്തു യാസീൻ: 11).
അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക്
അവൻ സ്വർഗം പ്രവേശം സാധ്യമാക്കുംവിധം ദോഷങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്യും: “തങ്ങളുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലം അടിഭാഗത്തുകൂടി
അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്റെ സ്വർഗങ്ങളാണ്. അവരതിൽ എന്നെന്നും
സ്ഥിരവാസികളായ നിലയിൽ. അല്ലാഹു അവരെക്കുറിച്ചും അവർ അല്ലാഹുവിനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു.
ആ പ്രതിഫലം തന്റെ രക്ഷിതാവിനെ ഭയപ്പെടുന്നവനുള്ളതാണ് ”(ഖുർആൻ, സൂറത്തുൽ ബയ്യിന:
8).