സന്മനസ്സുള്ളവർക്ക് സമാധാന ജീവിതം



യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
---മൻസൂർ ഹുദവി കളനാട്---
തീയ്യതി 12.01.2018
വിഷയം ഉത്തമ ജീവിതം

സൽവൃത്തികളിലേർപ്പെടുന്ന അടിമകൾക്ക് ജീവിതസൗഖ്യം പ്രദാനം ചെയ്യുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്: സത്യവിശ്വാസിയായിക്കൊണ്ട് ഒരു പുരുഷനോ സ്ത്രീയോ ഒരു സൽക്കർമ്മം ചെയ്താൽ അവർക്ക് സുഖമായ ജീവിതം നാം നൽകുന്നതും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന സൽക്കർമ്മങ്ങൾക്കുള്ള പ്രതിഫലം നിശ്ചയമായും അവർക്കു നാം കൊടുക്കുന്നതുമാകുന്നു (ഖുർആൻ, സൂറത്തു ന്നഹ് ല് :97).

സ്വസ്ത സുന്ദര ജീവിതം ഏതൊരു മനുഷ്യന്റെയും അഭിലാഷമാണ്. ആ ജീവിതസാക്ഷാൽക്കാരത്തിന് അവൻ വീട്ടിലും നാട്ടിലും ശ്രമം നടത്തുന്നതോടൊപ്പം വീട്ടുകാരോടും കൂട്ടുകാരോടും നന്നായി വർത്തിക്കുകയും ചെയ്യും. യഥാർത്ഥത്തിൽ സുഖമവും സന്തുഷ്ടവുമായ ജീവിതശീലങ്ങളാണ് ഒരുത്തന് മാനസികവും ശാരീരികവുമായ ഊർജവും ഉന്മേഷവുമേകുന്നത്. ശാന്തവും സുഖവുമായ ജീവിതത്തിന് പ്രഥമപ്രധാനമായി ആവശ്യമായുള്ളത് അചലഞ്ചമായ ദൈവവിശ്വാസ(ഈമാൻ) മാണ്. അല്ലാഹു പറയുന്നു: ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ചാൽ അവന്റെ ഹൃദയത്തിന് അവൻ മാർഗദർശനം നൽകുന്നതാണ് (ഖുർആൻ, സൂറത്തുൽ തഖാബുൻ :11). വിശ്വാസിയുടെ മനസ്സ് ശാന്തമായിരിക്കും. ഹൃദയം വിശാലവുമായിരിക്കും.

ഉറച്ചവിശ്വാസവും സൽക്കർമ്മസന്നദ്ധയുമുള്ളവന് അല്ലാഹു ഇഹപരലോക ജീവിതം സുഖകരമാക്കി അനുഗ്രഹിക്കും: സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്കു മംഗളവും മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവുമുണ്ട് (സൂറത്തു റഅ്ദ് :29). സൽക്കർമ്മികളുടെ ജീവിതം സ്വാർത്ഥകമായിരിക്കും. സമയത്തിന്റെ മൂല്യവും ആരോഗ്യത്തിന്റെ ഊർജവും പ്രയോജനപ്പെടുത്തുന്നവരാണവർ. അവരുടെ ഇഹപരം വിജയകരമായിരിക്കും. എല്ലാ അനുശാസനകൾക്കും അവർ അനുസരണയുള്ളവരായിരിക്കും. ആരാധനാ കർമ്മങ്ങൾ മുറപോലെ നിറവേറ്റുകയും ചെയ്യും. അതുകൊണ്ടുതന്നെ അവരുടെ ജീവിതവഴിയും ലക്ഷ്യവും സന്തുഷ്ഠപൂർണമായിരിക്കും.

അവർക്കുള്ള മഹനീയ മാതൃക പ്രവാചകർ മുഹമ്മദ് നബി (സ്വ)യാണ്. ഒരിക്കൽ നബി (സ്വ) ബിലാലി (റ) നോട് പറയുകയുണ്ടായി: ഹേ ബിലാൽ.. നിസ്‌ക്കാരത്തിനുള്ള ഇഖാമത്ത് ചൊല്ലി നീ നമ്മുടെ മനസ്സുകൾ സ്വസ്തമാക്കുക (ഹദീസ് അബൂദാവൂദ് : 4895). നിസ്‌ക്കാരം കൊണ്ടും ദൈവ സ്മരണകൊണ്ടും മനസ്സുകൾക്ക് ശാന്തതയും സമാധാനവും ലഭിക്കും. അല്ലാഹു പറയുന്നു: അല്ലാഹുവിനെപ്പറ്റിയുള്ള ഓർമ്മകൊണ്ടത്രെ മനസ്സുകൾക്ക് ശാന്തത ലഭിക്കുന്നത് (ഖുർആൻ, സൂറത്തു റഅ്ദ് :28).

ഖുർആൻ പാരായണവും ദൈവസ്മരണയുടെ ഭാഗമാണ്. അർത്ഥം മനസ്സിലാക്കിക്കൊണ്ടുള്ള ഖുർആൻ ഓത്ത് സ്വസ്ത ജീവിതമാണ് സമ്മാനിക്കുന്നത്. ക്ലേശിക്കുവാൻ വേണ്ടിയല്ല താങ്കൾക്ക് നാം  ഖുർആൻ അവതരിച്ചുതന്നതെന്ന് അല്ലാഹു നബി (സ്വ)യോട് പറയുന്നുണ്ട് (ഖുർആൻ, സൂറത്തു ത്വാഹാ :2). ഖുർആൻ ഓതുമ്പോഴെല്ലാം മനസ്സിനെന്നത് പോലെ തന്നെ നാവിന് സൗഖ്യം ലഭിക്കും.

നബി (സ്വ) പറയുന്നു: ഖുർആൻ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന സത്യവിശ്വാസി വള്ളിനാരങ്ങപോലെയാണ്, അത് അതിരുചികരവും സൂഗന്ധപൂരിതവുമാണ് (ഹദീസ് ബുഖാരി, മുസ്ലിം).

ഹലാലായ സമ്പാദ്യമാണ് സ്വസ്ത ജീവിതത്തിനുള്ള മറ്റൊരു പ്രധാന ഹേതുകം. അല്ലാഹു പറയുന്നു: അല്ലാഹു തന്നതിൽ അനുവദനീയവും ഉത്തമവുമായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക, നിങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക (ഖുർആൻ, സൂറത്തുൽ മാഇദ :88). ശുദ്ധസമ്പാദ്യം തേടുന്നവർ അല്ലാഹുവിനെ പേടിക്കുകയും ഇടപാടുകളിൽ സത്യസന്ധത കാട്ടുകയും നിലപാടുകളിൽ സ്ഥിരസാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യും. അവന്റെ ജീവിതം സന്തുഷ്ടകരമായിരിക്കും. അവൻ സക്കാത്ത് നൽകിയാൽ അല്ലാഹു അത് സ്വീകരിക്കും. അവൻ ധർമ്മം ചെയ്താൽ അതിന്റെ ഇരട്ടി പ്രതിഫലം അവനിക്ക് നൽകും. നബി (സ്വ) പറയുന്നു: ഒരുത്തൻ അവന്റെ ശുദ്ധമായ സമ്പാദ്യത്തിൽ നിന്ന് ഒരു കാരക്ക പോലോത്തത് സ്വദഖ ചെയ്താൽ അല്ലാഹു അത് സ്വീകരിക്കും. ശുദ്ധമായതേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. മാത്രമല്ല അതിനെ മൃഗത്തെ വളർത്തും പോലെ ആ ധർമ്മം ചെയ്തവനിക്ക് മലയോളം വളർത്തിക്കൊടുക്കുകയും ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹു ഏകിയ കുറഞ്ഞ നല്ല സമ്പാദ്യം കൊണ്ട് അടിമ തൃപതിയടയുകയാണെങ്കിൽ തന്നെ അവന്റെ മനസ്സ് ശാന്തവും ജീവിതം അർത്ഥപൂർണവുമായിരിക്കും. നബി (സ്വ) പറയുന്നു: ഇസ്ലാമിലേക്ക് സന്മാർഗ ദർശനം ലഭിക്കുകയും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിതം മതിവരുത്തുകയും ചെയ്തവന് തന്നെ മംഗളം (ഹദീസ് തുർമുദി 2349, അഹ്മദ് 23944). കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടൽ ജീവിതവിജയ വഴിയാണ്.

ഐശ്വര്യ ജീവിതത്തിനുള്ള മറ്റൊരു ഘടകം സന്തുഷ്ട കുടുംബമാണ്. നല്ലത് നല്ലതിനോട് മാത്രമേ ചേരുകയുളളൂ. ചീത്തയായത് ചീത്തയോടും. അതുപോലെ തന്നെ നല്ലവർ നല്ലവരോട് മാത്രമേ ചേരുകയുള്ളൂ. നീചർ നീചരോട് മാത്രമേ ഒത്തുവരികയുള്ളൂ. അല്ലാഹു പറയുന്നു: ദുർനടപ്പുകാരികളായ സ്ത്രീകൾ ദുർനടപ്പുകാരായ പുരുഷന്മാർക്കും ദുർനടപ്പുകാരായ പുരുഷന്മാർ ദുർനടപ്പുകാരികളായ സ്ത്രീകൾക്കുമാണ്. നല്ല നടപ്പുകാരികളായ സ്ത്രീകൾ നല്ല നടപ്പുകാരായ പുരുഷന്മാർക്കും നല്ല നടപ്പുകാരായ പുരുഷന്മാർ നല്ല നടപ്പുകാരികളായ സ്ത്രീകൾക്കുമാകുന്നു (ഖുർആൻ, സൂറത്തുന്നൂർ: 22).

സ്‌നേഹാർദ്ദവും കരുണാമയവുമായ കുടുംബമെന്നും സന്തുഷ്ടമായിരിക്കും. സ്വാലിഹീങ്ങളായ സന്താനങ്ങളാണ് കുടുബത്തിന്റെ വിജയമന്ത്രം.

ഉത്തമസന്താന ലബ്ദിക്കാണ് സക്കരിയ്യ നബി (അ) അല്ലാഹുവിനോട് കൈക്കൂപ്പി പ്രാർത്ഥിച്ചത് : എന്റെ നാഥാ.... നിന്റെ പക്കലിൽ നിന്ന് ഉൽകൃഷ്ട സന്താനത്തെ എനിക്ക് നീ പ്രദാനം ചെയ്യണമേ... നിശ്ചയം നീ പ്രാർത്ഥന സ്വീകരിക്കുന്നവനാണ് (ഖുർആൻ, സൂറത്തു ആലു ഇംറാൻ : 38).

ജനങ്ങൾക്ക് ഗുണം ചെയ്യലും ജീവിതവിജയം സാധ്യമാക്കും. എത്രത്തോളമെന്നാൽ, നല്ലവാക്ക് പോലും ജീവിതം സ്വസ്തമാക്കും. നബി (സ്വ) പറയുന്നു: നല്ലവാക്ക് ധർമ്മമാണ് (ഹദീസ് ബുഖാരി 88  11). ആ ധർമ്മം അല്ലാഹു സ്വീകരിക്കുകയും അതിനായി ആകാശവാതായനങ്ങൾ തുറക്കുകയും ചെയ്യും: അല്ലാഹുവിലേക്കാണ് ഉത്തമ വചനങ്ങൾ കയറിപോവുന്നത്. നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു (ഖുർആൻ, സൂറത്തു ഫാത്വിർ 10).

നല്ലവാക്ക് മറ്റുള്ളവരുടെ ഹൃദയങ്ങളിൽ സ്‌നേഹവും സൗഹാർദവും വളർത്തും. അതിന്റെ പ്രതിഫലനം ഭൂമിയിൽ തങ്ങുകയും അതിന്റെ പ്രതിഫലം ആകാശത്തിലേക്ക് ഉയരുകയും ചെയ്യും:  അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നൽകിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? അത് ഒരു മരം പോലെയാകുന്നു അതിന്റെ മുരട് ഉറച്ചുനിൽക്കുന്നതും അതിന്റെ ശാഖകൾ ആകാശത്തേക്ക് ഉയർന്ന് നിൽക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നൽകിക്കൊണ്ടിരിക്കും. മനുഷ്യർക്ക് അവർ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകൾ വിവരിച്ചുകൊടുക്കുന്നു (ഖുർആൻ, സൂറത്തു ഇബ്രാഹിം: 24, 25).

നല്ല സംസാരം ശീലമാക്കിയവൻ എന്നും ജനങ്ങൾക്കിടയിൽ സ്വീകാര്യനായിരിക്കും. അവനെകൊണ്ട് നാടും സുകൃതപൂർണമായിരിക്കും. അല്ലാഹു പറയുന്നു: നല്ല നാട്ടിലെ സസ്യങ്ങൾ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളക്കുന്നു. ചീത്ത ഭൂമിയാകട്ടെ, അതിൽ നിന്ന് മോശമായ സാധനമല്ലാതെ മുളക്കുകയില്ല (ഖുർആൻ, സൂറത്തുൽ അഅ്‌റാഫ് 58).

സൽവൃത്തർക്ക് ഇഹലോക ജീവിത വിജയത്തോടൊപ്പം പരലോക പരമാനന്ദ സ്വർഗീയ ജീവിതമാണ് അല്ലാഹു ഉറപ്പുനൽകുന്നത്: സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും അല്ലാഹു സ്വർഗങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവയുടെ താഴ് ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കും അവരതിൽ സ്ഥിരവാസികളാണ്. എന്നെന്നും നിലനിൽക്കുന്ന സ്വർഗങ്ങളിൽ ഉൽകൃഷ്ടമായ ഭവനങ്ങളും അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു (ഖുർആൻ, സൂറത്തു ത്തൗബ: 72).
back to top