ദിക്ർ, ഫിക്ർ, ശുക്ർ വിശ്വാസിയുടെ അടയാളങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
--- മൻസൂർ ഹുദവി കളനാട് ---
തീയ്യതി: 05/01/2018
വിഷയം: ദൈവാനുഗ്രഹങ്ങൾക്ക് നന്ദിചെയ്യൽ

സ്രഷ്ടാവായ അല്ലാഹു ഒരുക്കിയ പ്രാവഞ്ചിക സംവിധാനങ്ങളും സൃഷ്ടിവൈവിധ്യങ്ങളും ജീവവൈജാത്യങ്ങളും  ബോധ്യപ്പെട്ട് ചിന്തിക്കുകയും ദൈവപരമാർത്ഥത്തെ കണ്ടെത്തി സ്മരിക്കുകയും ആ അനുഗ്രഹങ്ങൾക്ക് നന്ദിചെയ്യുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിശ്വാസി. ആ ചിന്തയും (ഫിക്ർ) ദൈവസ്മരണയും (ദിക്ർ) നന്ദി(ശുക്ർ)മാണ് സത്യവിശ്വാസത്തെ അടയാളപ്പെടുത്തുന്നത്.

അല്ലാഹു സൃഷ്ടികൾക്ക് നൽകിയ അനുഗ്രഹങ്ങൾ എണ്ണമറ്റതാണ്, ക്ലിപ്തപ്പെടുത്താൻ സാധിക്കുന്നതല്ല അവ. പ്രത്യക്ഷമായും അല്ലാതെയും അവ നിരന്തരം സൃഷ്ടികൾക്ക് ലഭ്യമായിക്കൊണ്ടേയിരിക്കുന്നു: അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ എണ്ണുന്നപക്ഷം അവ തിട്ടപ്പെടുത്താൻ നിങ്ങൾക്കു കഴിയുന്നതല്ല. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയാണ് (ഖുർആൻ, സൂറത്തു ന്നഹ് ല് :18). അനുഗ്രഹ ദാതാവായ അല്ലാഹുവിനോട് നന്ദിചെയ്യൽ വിശ്വാസിയുടെ ബാധ്യതയാണ്. നന്ദിക്കുള്ള കൽപനയും തവണകളായി ഖുർആനിലൂടെ അല്ലാഹു തന്നെ നടുത്തുന്നുണ്ട്: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാണെങ്കിൽ അവൻ അനുവദിച്ചുതന്ന നല്ല ആഹാരം ഭക്ഷിക്കുകയും അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകയും ചെയ്യുക (ഖുർആൻ, സൂറത്തു ന്നഹ് ല് :114).

മാതാക്കളുടെ ഉദരങ്ങളിൽ നിന്ന് യാതൊരു ബുദ്ധിമുട്ടും അനുഭവിപ്പിക്കാതെ പുറപ്പെടുവിക്കുകയും കേൾവിയും കാഴ്ചയും ഹൃദയസ്പന്ദനവും തരുകയും ചെയ്തത് അല്ലാഹുവിനോട് നന്ദി ചെയ്യാൻ വേണ്ടിയാണെന്ന് അല്ലാഹു ഖുർആനിൽ പ്രസ്താവിക്കുന്നുണ്ട് (സൂറത്തു ന്നഹ് ല് :78).

അല്ലാഹു പറയുന്നു: നിങ്ങൾ എന്നോട് നന്ദി കാണിക്കുക, നന്ദികേട് കാണിക്കരുത് (ഖുർആൻ, സൂറത്തുൽ ബഖറ :152).
നല്ല കാര്യത്തെ മാനിക്കലും അത് അംഗീകരിക്കലും അതോടൊപ്പം അത് ചെയ്തയാളെ അയാളുടെ സദ്‌വൃത്തകൾ പറഞ്ഞ് പുകഴ്ത്തലുമാണ് നന്ദി അർത്ഥമാക്കുന്നത്.  നന്ദിയുള്ള അടിമ സദാ നാഥന് വഴിപ്പെടുകയും കൽപ്പിച്ചത് യഥാ നടപ്പിലാക്കുകയും വിലക്കിയത് തഥാ വിലങ്ങുകയും ചെയ്യും. അതോടൊപ്പം ദൈവസ്മരണ അണമുറിയാതെ തുടരുകയും അതിന്റെ ഫലമായി അല്ലാഹു കൂടുതൽ അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യും.

പകരം വെക്കാനില്ലാത്ത അനുഗ്രഹങ്ങൾക്ക് ചെറു നന്ദി മതി അല്ലാഹുവിന്റെ തൃപ്തി പ്രാപിക്കാൻ. അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങൾക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു (ഖുർആൻ, സൂറത്തുൽ തഗാബുൻ: 17). ഇത്തിരി സൽക്കർമ്മങ്ങൾക്ക് നന്ദിചെയ്താൽ ഒത്തിരി അനുഗ്രഹങ്ങൾ അല്ലാഹു വർദ്ധിപ്പിക്കുമെന്ന് നബി (സ്വ) തങ്ങളും അരുളിയിട്ടുണ്ട്. ഒരാൾ നടന്നുപോയിക്കൊണ്ടിരിക്കെ വഴിയിലെ മുൾക്കമ്പ് മാറ്റിയ കാരണത്താൽ അവനിക്ക് അല്ലാഹു സകല തിന്മകളും പൊറുത്തുകൊടുക്കുകയും വിചാരണ കൂടാതെ സ്വർഗം നൽകുകയും ചെയ്‌തെന്ന് ഹദീസിലുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).

നബിമാരായിരുന്നു അല്ലാഹുവിനോട് കൂടുതൽ നന്ദിയുള്ളവർ. നൂഹ് നബി (അ)യെ പ്പറ്റി  അല്ലാഹു പറയുന്നു: അദ്ദേഹം വളരെ നന്ദിയുള്ള ദാസനായിരുന്നു (ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ് :3). ഇബ്രാഹിം നബി (അ)യെ പ്പറ്റിയും അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവനായിരുന്നു അദ്ദേഹം (ഖുർആൻ, സൂറത്തു ന്നഹ്‌ല് :121).

സർവ്വവിധ ദൈവാനുഗ്രഹങ്ങൾക്കും നന്ദി ചെയ്യാൻ അവസരമേകണമെന്ന് സുലൈമാൻ നബി (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുണ്ട്: രക്ഷിതാവേ.. എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തുതന്ന അനുഗ്രഹത്തിനും നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന നല്ലകാര്യം ചെയ്യുവാനും എനിക്ക് പ്രചോദനം നൽകണമേ.. (ഖുർആൻ, സൂറത്തു ന്നംല് :19).

അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ) ആരാധനാകർമ്മങ്ങളും പശ്ചാത്താപവും പാപമോക്ഷതേട്ടവും കൂടുതലായി ചെയ്യുന്നത് കണ്ട് പ്രിയ പ്രത്‌നി ചോദിക്കുകയുണ്ടായി: അല്ലയോ.. അങ്ങയുടെ കഴിഞ്ഞ കാലത്തെയും വരാനിരിക്കുന്ന കാലത്തെയും മുഴുവൻ ദോഷങ്ങളും അല്ലാഹു പൊറുത്തുത്തന്നതാണല്ലൊ, പിന്നെന്തുകൊണ്ടാണ് ഇങ്ങനെ?... നബി (സ്വ) മറുപടി പറഞ്ഞു: എനിക്ക് നന്ദിയുള്ള അടിമ ആവേണ്ടതുണ്ടല്ലെ..!!

അനുഗ്രഹം ചെയ്തവന്റെ മഹത്വമംഗീകരിക്കലാണ് നന്ദിയുടെ ആദ്യപടി. അതിവിദൂരതയിലുള്ള ബൽക്കീസ് രാജ്ഞിയുടെ കൊട്ടാരത്തിൽ നിന്ന് കൺഹിമ വെട്ടുന്ന ക്ഷണനേരം കൊണ്ട് ഇഫ്‌രീത്ത് ജിന്ന് സിംഹാസനം കൊണ്ടുവന്നപ്പോൾ സുലൈമാൻ നബി (അ) പറഞ്ഞത് ഇങ്ങനെയാണ:് ഞാൻ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോയെന്ന്  പരീക്ഷിക്കാൻ എന്റെ രക്ഷിതാവ് എനിക്ക് നൽകിയ അനുഗ്രഹമാകുന്നു ഇത് (ഖുർആൻ, സൂറത്തു ന്നംല് :40).

അല്ലാഹുവിൽ നിന്നുള്ള സർവ്വാനുഗ്രഹങ്ങളും അംഗീകരിച്ചും ഉൾക്കൊണ്ടും അവനിലേക്ക് അടുക്കണമെന്ന് നബി (സ്വ) നമ്മെ പഠിപ്പിക്കുന്നു. മനുഷ്യൻ അല്ലാഹു ഏകിയ അനുഗ്രഹങ്ങൾ ഓർക്കുകയും അവന്റെ മഹത്വങ്ങളിൽ ചിന്തിക്കുകയും വേണം: 'നിശ്ചയം മൂസാ നബിയെ നമ്മുടെ ദൃഷ്ടാന്തങ്ങളോടുകൂടെ നാം അയച്ചു പറഞ്ഞു ഇരുട്ടുകളിൽ നിന്ന് പ്രകാശത്തിലേക്ക് താങ്കളുടെ ജനതയെ നയിക്കുകയും അല്ലാഹുവിന്റെ ആ ദിവസങ്ങളെപ്പറ്റി അവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുക. തീർച്ചയായും അങ്ങേയറ്റം ക്ഷമ കൈകൊള്ളുകയും കൂടുതൽ നന്ദി കാണിക്കുകയും ചെയ്യുന്ന എല്ലാവർക്കും അതിൽ പല ദൃഷ്ടാന്തങ്ങളുണ്ട്' (ഖുർആൻ, സൂറത്തു ഇബ്രാഹിം: 05). മാത്രമല്ല, അനുഗ്രഹ സ്മരണ സർവ്വലോക വിജയ നിദാനം കൂടിയാണ്: നിങ്ങൾ വിജയം പ്രാപിക്കുവാനായി അല്ലാുഹു ചെയ്ത അനുഗ്രഹങ്ങൾ ഓർമ്മിച്ചുക്കൊള്ളുക” ( ഖുർആൻ, സൂറത്തുൽ അഅ്‌റാഫ് :69).

അല്ലാഹു ഏകിയ അനുഗ്രഹങ്ങൾ അവൻ നിഷ്‌കർശിച്ച മാർഗത്തിൽ ഉപയോഗിക്കലും നന്ദിയുടെ ഭാഗമാണ്. അല്ലാഹു ദാവൂദ് നബി (അ)യോടും സുലൈമാൻ നബി (അ)യോടും കൽപ്പിച്ചത് ഇങ്ങനെയാണ്: ദാവൂദ് കുടുംബമേ....നിങ്ങൾ നന്ദിപൂർവ്വം പ്രവർത്തിക്കുക. തികഞ്ഞ നന്ദിയുള്ളവർ എന്റെ ദാസന്മാരിൽ അപൂർവ്വമത്രെ” (ഖുർആൻ, സൂറത്തു സബഅ് :13).

ഓരോ അനുഗ്രഹത്തിനും അതിന്റേതായ രീതിയിൽ നന്ദി അർപ്പിക്കേണ്ടിയിരിക്കുന്നു. വിജ്ഞാനമെന്ന മഹാ അനുഗ്രഹം മറ്റുള്ളവർക്ക് പകർന്നും സ്വജീവിതത്തിൽ പകർത്തിയും ജ്ഞാനി നന്ദി കാട്ടണം. ധനമുള്ളവൻ ധനം സൽപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണം. ആരോഗ്യവും ഊർജവും അശരണരെ സഹായിക്കാനും നന്മകളുടെ സംഘാടനത്തിനും ധർമ്മ സംസ്ഥാപനത്തിനും വിനിയോഗിക്കണം. തൊഴിലാളി തൊഴിൽ ബാധ്യതകൾ ന്യൂനതകളില്ലാത്ത വിധം നിർവ്വഹിച്ച് നന്ദിയുള്ളനാവണം. എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണെന്ന ബോധ്യം ഉണ്ടാവുകയും വേണം.

നന്മ ചെയ്തവർക്ക് നന്ദിചെയ്യലും അല്ലാഹുവിനുള്ള നന്ദി ചെയ്യലിന് സമമാണ്. നബി (സ്വ) പറയുന്നു: ജനങ്ങൾക്ക് നന്ദി ചെയ്യാത്തവൻ അല്ലാഹുവിനും നന്ദി ചെയ്യുകയില്ല” (ഹദീസ് തുർമുദി: 1955, അബൂദാവൂദ:് 4811). അതായത് പടപ്പുകളോടുള്ള നന്ദി പൂർത്തീകരിക്കാതെയും നന്മ അംഗീകരിക്കാതെയും പടച്ചോനോടുള്ള നന്ദി സ്വീകാര്യമല്ല. അല്ലാഹുവാണ് ഏറ്റവും നന്ദിയുള്ളവൻ. അവന്റെ അടിമകളും നന്ദിയുള്ളവരാകാൻ അവൻ ഇഷ്ടപ്പെടുന്നുണ്ട്.

നന്ദി ചെയ്ത അടിമക്ക് അല്ലാഹു അനുഗ്രഹങ്ങൾ ഇരട്ടിയാക്കിക്കൊടുക്കും. ഒരുത്തന്റെ നന്ദി അല്ലാഹു സ്വീകരിച്ചാൽ അവനിക്ക് സുഖലോലുപതകളുടെ സ്വർഗാനുഗ്രഹം പ്രദാനം ചെയ്തുകൊണ്ട് അല്ലാഹു പറയും: തീർച്ചയായും അത് നിങ്ങൾക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂർവ്വം സ്വീകരിക്കപ്പെട്ടിരിക്കുകയാണ് (ഖുർആൻ, സൂറത്തുൽ ഇൻസാൻ: 22).

മനുഷ്യൻ പരമമായി സ്രഷ്ടാവിന് നന്ദി ചെയ്യുന്നതോടൊപ്പം സ്വന്തം മാതാവിനോടും പിതാവിനോടും വളർത്തി പരിപാലിച്ചവരോടും പഠിപ്പിച്ചവരോടും ജോലി ദാതാവിനോടും കടപ്പെട്ടിരിക്കുന്നു. അവരോടെല്ലാം നന്ദി ചെയ്യേണ്ടിയിരിക്കുന്നു.  കൂടെ നാടിന്റെ സ്ഥാപകരെ നന്ദിപൂർവ്വം ഓർക്കുകയും വേണം.
back to top