കാരുണ്യം ചെയ്യൂ, കാരുണ്യം നേടൂ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 06/07/2018
വിഷയം അല്ലാഹുവിന്റെ കാരുണ്യം

അല്ലാഹു പരമ ദയാലുവും കരുണാമയനുമാണ്. അവന്റെ 99 ശ്രേഷ്ഠനാമങ്ങളിൽ വിശിഷ്ടമായവയാണ് റഹ്്മാൻ, റഹീം എന്നിവ. അവനെ വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഇഹലോകത്ത് കാരുണ്യം ചെയ്യുന്നവൻ, വഴിപ്പെട്ടവർക്ക് പരലോകത്ത് കാരുണ്യം ചെയ്യുന്നവൻ എന്നിങ്ങനെയാണ് അവ അർത്ഥമാക്കുന്നത്. അല്ലാഹു പറയുന്നു: സർവ്വ വസ്തുക്കളെയും വ്യാപിച്ചു നിൽക്കുന്നതാണ് എന്റെ കാരുണ്യം. എന്നെ സൂക്ഷിക്കുന്നവർക്കും സകാത്ത് നൽകുന്നവർക്കും എന്റെ ദൃഷ്ടാന്തങ്ങൾ വിശ്വസിക്കുന്നവർക്കും ഞാൻ ആ കാരുണ്യം രേഖപ്പെടുത്തുക തന്നെ ചെയ്യും (ഖുർആൻ, സൂറത്തുൽ അഅ്‌റാഫ് 156).

റഹ്്മാൻ, റഹീം എന്നീ നാമങ്ങളാണ് അതിശ്രേഷ്ഠ സൂക്തമായ ബിസ്മിയിലുള്ളത്. അല്ലാഹുവിന്റെ ഈ കാരുണ്യവിശേഷം ഖുർആനിൽ പലേടത്തും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഉദാ. 'നിങ്ങളുടെ ആരാധ്യൻ ഏകനാണ്. അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. അവൻ പരമ ദയാലുവും കരുണാമായനുമാണ്' (ഖുർആൻ, സൂറത്തുൽ ബഖറ 163). അല്ലാഹു കാരുണ്യത്തെ സ്വന്തത്തിന് തന്നെ നിർബന്ധമാക്കിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട് : അനുഗ്രഹം ചെയ്യുക എന്നത് നിങ്ങളുടെ നാഥൻ തന്റെ ബാധ്യതയായിട്ടാണ് കാണുന്നത് (ഖുർആൻ. സൂറത്തുൽ അൻആം 54). അല്ലാഹുവിന്റെ കാരുണ്യം അവന്റെ കോപത്തെ കവച്ചുവെക്കുന്നതാണ്. നബി (സ്വ) പറയുന്നു: അല്ലാഹു സൃഷ്ടികർമ്മം നിർവ്വഹിച്ചു കഴിഞ്ഞപ്പോൾ അവന്റെ സിംഹാസനത്തിന് മുകളിൽ 'എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു' എന്ന് എഴുതിവെച്ചിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹുവിന്റെ കാരുണ്യം പ്രവഞ്ചം മുഴുവനായും പൊതിഞ്ഞിട്ടുണ്ട്്. ആ കാരുണ്യം എല്ലാ സൃഷ്ടികൾക്കും ലഭ്യമായിരിക്കും. നബി (സ്വ) പറയുന്നു: അല്ലാഹു കാരുണ്യത്തെ നൂറ് ഭാഗമാക്കി. അതിൽ 99 ഭാഗങ്ങൾ തന്റെയടുത്ത് തന്നെ പിടിച്ചുവെച്ചു. ഒരു ഭാഗം മാത്രം ഭൂമിയിലേക്ക് ഇറക്കി. ആ ഒരംശം കൊണ്ടാണ് ഒരു കുതിര തന്റെ കുഞ്ഞിന് ക്ഷതമേൽക്കാതിരിക്കാൻ കാൽ ഉയർത്തിപ്പിടിക്കുന്നത് പോലും (ഹദീസ് ബുഖാരി, മുസ്ലിം). ഇഹത്തിലും പരത്തിലും കാരുണ്യം ചെയ്യുന്നവനാണ് അല്ലാഹു. ഒരിക്കൽ നബി (സ്വ) സ്വഹാബികളോട് പറയുകയുണ്ടായി കുഞ്ഞിനെ മുലയൂട്ടുന്ന മാതാവ് ആ കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിയുമോ? അവർ പറഞ്ഞു: ഇല്ല. അപ്പോൾ നബി (സ്വ) പറഞ്ഞു: നിശ്ചയം, ആ മാതാവ് കുഞ്ഞിനോട് കാട്ടുന്ന കരുണാർദ്രതയെക്കാൾ കരുണ അല്ലാഹു തന്റെ അടികളോട് കാണിക്കുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).

പരിശുദ്ധ ഖുർആൻ കാരുണ്യത്തിന്റെയും മാനവികതയുടെയും ആശയാദർശങ്ങളാണ് വിഭാവനം ചെയ്യുന്നത്. അല്ലാഹു ഖുർആനിനെപ്പറ്റി വിവരിക്കുന്നു: ജനങ്ങളേ, രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശവും മനസ്സുകളിലെ രോഗത്തിന് ശമനവും നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു. സത്യവിശ്വാസികൾക്ക് സന്മാർഗവും ദയാവായ്പുമാണത് (ഖുർആൻ, സൂറത്തു യൂനുസ് 57). അല്ലാഹുവിന് ആരാധന മാത്രം ചെയ്ത് സമീപസ്ഥരായ മാലാഖമാർ പോലും അല്ലാഹുവിന്റെ കാരുണ്യം തേടുന്നവരാണ്. അവർ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും. അല്ലാഹു തന്റെ കാരുണ്യത്താൽ സകലരെയും സംരക്ഷിക്കുകയും തെറ്റുകുറ്റങ്ങൾക്ക് മാപ്പുനൽകുകയും ചെയ്യും. ഖുർആനിൽ കാരുണ്യവും പാപമോചനവും ഒന്നിച്ച് പരാമർശിക്കപ്പെട്ടിട്ടുണ്ട്്.

അല്ലാഹുവിന്റെ ഏറ്റവും വലിയ കാരുണ്യം പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ നിയോഗമാണ്. നബി (സ്വ)യെ പ്രവഞ്ചത്തിന് ഒന്നടങ്കം കാരുണ്യമായി അയച്ചുവെന്നാണ് അല്ലാഹു പറയുന്നത് (ഖുർആൻ, സൂറത്തുൽ അൻബിയാഅ്് 107). നബി (സ്വ) എല്ലാവരോടും കരുണ ചെയ്യുമായിരുന്നു: മനുഷ്യരോടും മറ്റു ജീവികളോടും ചെറിയവരോടും വലിയവരോടും, വിശ്വാസികളോടും അവിശ്വാസികളോടും. മാത്രമല്ല, തങ്ങളുടെ അനുചരന്മാർക്ക് കാരുണ്യത്തിന്റെ മൂല്യങ്ങൾ പഠിപ്പിക്കുയും ചെയ്തിട്ടുണ്ട്.

കാരുണ്യം ചെയ്യൽ സത്യവിശ്വാസിയുടെ അടയാളമാണ്. പരസ്പരം കരുണ ചെയ്യാത്ത കാലത്തോളം സ്വർഗത്തിൽ പ്രവേശിക്കില്ലെന്ന് നബി (സ്വ) മുന്നറിയിപ്പ് നൽകിയപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ കരുണ കാട്ടുന്നവരാണ്. അപ്പോൾ നബി (സ്വ) പറയുകയുണ്ടായി: വേണ്ടപ്പെട്ടവരോട് മാത്രമല്ല പൊതുജനങ്ങളോട് മൊത്തത്തിൽ കരുണ കാട്ടണം (ഹദീസ് ബൈഹഖി).

കരുണ കാണിക്കുന്നവർക്കാണ് അല്ലാഹുവിൽ നിന്നുള്ള കരുണ ലഭിക്കുക. സത്യവിശ്വാസികൾ കരുണ ചെയ്യുന്നവരായിരിക്കും. സച്ചിതരായ അടിമകളെ കാരുണ്യം ചെയ്യുന്ന അല്ലാഹുവിലേക്ക്് ചേർത്തി 'ഇബാദു റഹ്്മാൻ' എന്നാണ് അല്ലാഹു വിളിച്ചിരിക്കുന്നത്. ഭൂമിയിലുള്ളവർക്ക് കരുണ ചെയ്തവർക്ക് ആകാശത്തുള്ളവൻ കരുണ ചെയ്യും, അതിനാൽ നിങ്ങൾ കരുണ ചെയ്യൂ എന്ന് നബി (സ്വ) പഠിപ്പിക്കുന്നു. നബി (സ്വ) സ്വർഗത്തിൽ പ്രവേശിക്കുന്ന വിഭാഗത്തിൽ എണ്ണിപ്പറഞ്ഞ ഒരു വിഭാഗം കരുണാദ്രർതയുള്ള ഹൃദയമുള്ളവരാണ്.

സകലർക്കും നാം കാരുണ്യം ചെയ്യേണ്ടിയിരിക്കുന്നു. അതിൽ മനുഷ്യ മൃഗ വ്യത്യാസമില്ല. ദാഹിച്ച നായക്ക് കിണറ്റിൽ ഇറങ്ങി വെള്ളമെത്തിച്ചു കൊടുത്തയാൾക്ക് അല്ലാഹു പൊറുത്തുകൊടുത്ത സംഭവം നബി (സ്വ) സ്വഹാബികൾക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്.

back to top