യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 29/06/2018
വിഷയം: പരേേലാകം
അല്ലാഹു, അവന്റെ മാലാഖമാർ, വേദങ്ങൾ, ദൂതന്മാർ, അന്ത്യനാൾ, നന്മയും തിന്മയും അവന്റെ നിർണയത്തിൽപ്പട്ടതാണെന്ന പരമാർത്ഥം എന്നിവയിലുള്ള വിശ്വാസമാണ് ഇസ്ലാമിലെ ഈമാൻ (വിശ്വാസ)കാര്യങ്ങൾ. അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും മുഹമ്മദ് നബി (സ്വ) അവന്റെ തിരുദൂതരാണെന്നുമുള്ള സത്യസാക്ഷ്യം, നമസ്‌ക്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസം നോമ്പനുഷ്ഠിക്കൽ, ഹജ്ജ് ചെയ്യൽ എന്നിവയാണല്ലൊ ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളായി അറിയപ്പെടുന്ന കർമ്മകാര്യങ്ങൾ. കർമ്മരംഗത്തോടൊപ്പമുള്ള വിശ്വാസധർമ്മമാണ് സത്യവിശ്വാസിയെ അനർത്ഥമാക്കുന്നത്. താൻ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു എന്നെ കാണുന്നുവെന്ന് ബോധ്യപ്പെട്ടുകൊണ്ടുള്ള ജീവിതമാണ് സത്യവിശ്വാസിയുടേത്. പ്രസ്തുത വിശ്വാസകാര്യങ്ങളിലുള്ള വിശദവും ദൃഡവുമായ വിശ്വാസമാണ് ഇസ്ലാമിക പ്രത്യയം.
മറ്റു മതങ്ങളുടെയും ഇസങ്ങളുടെയും വിശ്വാസധാരയിൽ നിന്നും ഇസ്ലാമിനെ ഏറെ വ്യതിരിക്തമാക്കുന്നത് ഏകദൈവാരാധനയും അന്ത്യനാളിലുള്ള വിശ്വാസവുമാണ്. സത്യവിശ്വാസിയെ സംബന്ധിച്ചടുത്തോളം ഐഹികലോകം ഇടത്താവളം മാത്രമാണ്. നശ്വരമായ ഇഹലോകത്തിലൂടെയുള്ള സഞ്ചാരത്തിന് മരണത്തോടെ സമാപ്തിയാവുന്നു. പിന്നെ ശാശ്വതമായ പാരത്രിക ലോകത്താണ്് ആത്മാവുകൾ ജീവിക്കുന്നത്. 'സൂക്ഷ്മത പുലർത്തുന്നവർക്ക് പാരത്രിക ഭവനമാണ് ഉത്തമമെന്ന്' അല്ലാഹു പ്രഖ്യാപിക്കുന്നു (ഖുർആൻ, സൂറത്തുൽ അഅ്‌റാഫ് 169). ഇഹത്തിൽ പാഥേയമൊരുക്കിയ പഥികരാണ് പരലോകത്ത് വിജയികളാവുക. അന്ത്യനാൾ ആയാൽ ഇന്ദ്രിയ ഗോചരമായ ഇഹലോകത്തിൽ നിന്നും എല്ലാം നശിക്കും. ശേഷം പഞ്ചേന്ദ്രിയങ്ങൾക്കതീതമായ പരലോകത്ത് വിചാരണക്കായി അല്ലാഹു എല്ലാവരെയും ഉയർത്തെഴുന്നേൽപ്പിക്കുകയും, വാക്കുകളിലെയും പ്രവർത്തികളിലെയും നന്മതിന്മകൾക്കനുസൃതമായി പ്രതിഫലം ചെയ്യുകയും ചെയ്യും. മരണത്തിന് ശേഷം മോക്ഷം പ്രാപിക്കും വരെ പല ജന്മങ്ങൾ ഉണ്ടാവുമെന്ന പുനർജന്മസിദ്ധാന്തത്തെ ഇസ്ലാം പൂർണമായും നിരാകരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: അപ്പോൾ, ഒരു അണുമണിത്തൂക്കം നന്മ ആര് അനുവർത്തിച്ചിരുന്നുവോ അതവൻ കാണും, ഒരണുവിന്റെ തൂക്കം തിന്മ ആര് ചെയ്തിരുന്നുവോ അതവനും കാണുന്നതാകുന്നു (ഖുർആൻ, സൂറത്തുൽ സ്സൽസല 7, 8).
അന്ത്യനാളിലും പരലോകത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസി സദാ സൽക്കർമ്മനിരതനായിരിക്കും. കാരണം സൽക്കർമ്മങ്ങളാണല്ലൊ ഇഹപരവിജയം നിശ്ചയിക്കുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹു അന്ത്യനാൾ വിശ്വാസത്തെയും സൽക്കർമ്മ സന്നദ്ധതയെയും ഒന്നിച്ച് പ്രതിപാദിച്ചിട്ടുണ്ട്: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും, സൽക്കർമ്മങ്ങളനുവർത്തിക്കുകയും ചെയ്്തവർക്ക് അർഹിക്കുന്ന പ്രതിഫലം നാഥനിങ്കലുണ്ട്. അവർക്ക് ഭയപ്പെടുകയോ ദുഖിക്കുകയോ ചെയ്യേണ്ടിവരില്ല (ഖുർആൻ, സൂറത്തുൽ ബഖറ 62). ഇഹപര നന്മയും നരകത്തിൽ നിന്നുള്ള രക്ഷയും ഏകാൻ നാഥനോട് പ്രാർത്ഥിക്കുന്നവരാണ് സത്യവിശ്വാസികളെന്ന് ഖുർആൻ (സൂറത്തുൽ ബഖറ 201). ക്ഷണികമായ ദുനിയാവിൽ ചെയ്്ത സൽപ്രവർത്തനങ്ങൾക്ക് ആഖിറത്തിൽ നിത്യമായ പ്രതിഫലമാണ് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്: പരലോകവിജയമാണ് ഒരാളുടെ ഉദ്ദേശ്യമെങ്കിൽ സത്യവിശ്വാസിയായിക്കൊണ്ടു തന്നെ അതിനുവേണ്ട ശ്രമങ്ങൾ അവനർപ്പിക്കുകയും ചെയ്താൽ അവരുടെ പ്രയത്‌നങ്ങൾ സ്വീകരിക്കപ്പെടുന്നതാണ് (ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ് 19).
ദൈവഭയഭക്തിയാണ് ഇരുലോക വിജയത്തിന് പ്രഥമമായും വേണ്ടത്. അല്ലാഹു തന്നെ പറയുന്നു: സത്യവിശ്വാസം കൈകൊള്ളുകയും അതിസൂക്ഷ്്്മ ജീവിതം നയിക്കുകയും ചെയ്തവർ, അവർക്ക് ഭൗതിക ജീവിതത്തിലും പരലോകത്തും ശുഭവാർത്തയാണുണ്ടാവുക (സൂറത്തു യൂനുസ് 63, 64). നബി (സ്വ) പറയുന്നു: ഒരാൾ അല്ലാഹുവിലും ്അന്ത്യനാളിലും വിശ്വസിക്കുകയാണെങ്കിൽ അവൻ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ (ഹദീസ് അഹ്്മദ്് 20285).
പരലോകത്തെ പ്രതീക്ഷിക്കുന്ന സത്യവിശ്വാസി പ്രവാചക ചര്യ ജീവിതസപര്യയാക്കേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു: നിശ്ചയം അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർക്ക് അല്ലാഹുവിന്റെ ദൂതരിൽ ഉദാത്ത മാതൃകയുണ്ട് (ഖുർആൻ, സൂറത്തുൽ അഹ്്സാബ് 21). അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നമസ്‌ക്കാരം യഥാവിധി നിലനിർത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയല്ലാതെ പേടിക്കാതിരിക്കുകയും ചെയ്യുന്നവർ മാത്രമേ അവന്റെ മസ്ജിദുകൾ പരിപാലിക്കാവൂയെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (ഖുർആൻ, സൂറത്തുത്തൗബ 18).
പാരത്രിക ലോകത്ത് സത്യവിശ്വാസികൾക്കായി അല്ലാഹു ഒരുക്കിയ അനുഗ്രഹങ്ങളിലും ആദരവുകളിലും വിശ്വസിക്കുന്നതോടൊപ്പം മനമുരുകിയുള്ള പ്രാർത്ഥനയും ഇരുലോകവിജയത്തിന് കാരണമാവും. അങ്ങനെ ചെയ്്്ത സച്ചരിതരായ അടിമകളുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചതായി ഖുർആൻ വിവരിക്കുന്നുണ്ട്: അവരുടെ പ്രാർത്ഥന ഇത്രമാത്രമായിരുന്നു: 'നാഥാ ഞങ്ങളുടെ പാപങ്ങളും സ്വന്തം കാര്യങ്ങളിലെ അതിർലംഘനങ്ങളും പൊറുത്തുതരണമേ, ഞങ്ങളുടെ പാദങ്ങൾ അടിയുറപ്പിച്ചു നിർത്തുകയും നിഷേധികൾക്കെതിരെ സഹായമേകുകയും ചെയ്യണമേ' തന്മൂലം ഐഹിക ലോകത്തെ പ്രതിഫലവും പരലോകത്തെ ഉദാത്തമായ കൂലിയും അല്ലാഹു അവർക്കു കനിഞ്ഞേകി. അവൻ പുണ്യവാന്മാരെ സ്്്നേഹിക്കുന്നു (സൂറത്തു ആലുഇംറാൻ 147, 148).
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരായ സത്യവിശ്വാസികൾ ഉൽകൃഷ്ടമായ സ്വഭാവഗുണങ്ങളും ഉന്നതമായ പെരുമാറ്റ മര്യാദകളുള്ളവരായിരിക്കും. പരലോകവിജയം കാംക്ഷിച്ച് വിനയാന്വിതരുമായിരിക്കും അവർ. അല്ലാഹു പറയുന്നു: ആ പാരത്രിക സൗഭാഗ്യം നാം സംവിധാനിച്ചു കൊടുക്കുക ഭൂമിയിൽ ഔന്നിത്യമോ വിനാശമോ ആഗ്രഹിക്കാത്തവർക്കാണ്. ജീവിതത്തിൽ സൂക്ഷ്്മത പുലർത്തുന്നവർക്കത്രെ അന്തിമമായ ശുഭപരിണാമമുണ്ടാവുക (ഖുർആൻ, സൂറത്തുൽ ഖസ്വസ്വ് 83). കുടുംബബന്ധം ചേർക്കൽ, അയൽവാസികൾക്ക് നന്മ ചെയ്യൽ, അതിഥികളെ സൽക്കരിക്കൽ, ജനങ്ങളോട് നല്ല വാക്കുകൾ പറയൽ മുതലായവ മേൽ ഉദ്ധരിച്ച പ്രകാരമുള്ള പരലോക വിജയകാരിണികളായ സൽസ്വഭാവ ഗുണഗണങ്ങളിൽപ്പെട്ടതാണ്. നബി (സ്വ) പറയുന്നു: ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തന്റെ അയൽവാസിയോട് നല്ലത് ചെയ്യട്ടെ. ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തന്റെ അതിഥിയെ ബഹുമാനിച്ചുകൊള്ളട്ടെ. ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ അല്ലെങ്കിൽ നിശബ്ദനായിരിക്കട്ടെ (ഹദീസ് ബുഖാരി, മുസ്ലിം). മറ്റൊരു ഹദീസിൽ കാണാം: ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ കുടുംബബന്ധം ചേർത്തുകൊള്ളട്ടെ (ഹദീസ് ബുഖാരി, മുസ്ലിം).
ഇഹലോകത്ത് മനുഷ്യർക്ക് നന്മ ചെയ്യുന്നവരാണ് പരലോകത്ത് നന്മയാർന്ന പ്രതിഫലാർഹരായുള്ളതെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, അദബുൽ മുഫ്രദ് 1.86). സഹിഷ്ണുതയോടെയും സഹവർ്തിത്വത്തോടെയുമുള്ള ഇടപെടലുകളും അവശരെ സഹായിക്കലും ഇഹപര വിജയകാരണങ്ങളാണ്. നബി (സ്വ) പറയുന്നു: ഒരാൾ അവശതയനുഭവിക്കുന്നയാൾക്ക് സൗകര്യമൊരുക്കി കൊടുത്താൽ അല്ലാഹു അയാൾക്ക് ഇഹലോകത്തും പരലോകത്തും സൗകര്യങ്ങളൊരുക്കിക്കൊടുക്കും, ഒരാൾ മറ്റൊരു സത്യവിശ്വാസിയുടെ രഹസ്യങ്ങൾ മറച്ചുവെച്ചാൽ അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ രഹസ്യങ്ങൾ മറച്ചുവെക്കും (ഹദീസ് മുസ്ലിം 2699). അല്ലാഹു പറയുന്നു: പുണ്യകർമ്മങ്ങളനുവർത്തിച്ചവർക്ക് ഈ ദുനിയാവിൽ ഉത്തമ പ്രതിഫലമാണുണ്ടാവുക. പാരത്രിക ഗേഹമാകട്ടെ, ഏറെ ഉദാത്തമത്രെ. സൂക്ഷ്മാലുക്കളുടെ ഭവനം എത്ര മെച്ചപ്പെട്ടതാണ് (ഖുർആൻ, സൂറത്തുന്നഹ്്‌ല് 30).