സ്വർഗം തയ്യാർ, സ്വർഗസ്ഥരാവാൻ തയ്യാറാവുക

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 22/06/2018
വിഷയം: സ്വർഗം പലതരം

സ്വർഗം കേവല ഭാവനയോ സങ്കൽപമോ അല്ല. ഒരു കണ്ണും കാണാത്ത, ഒരു കാതും കേൾക്കാത്ത, ഒരു ഹൃദയവും നിനക്കാത്ത യാഥാർത്ഥ്യമാണത്. അവിടെ അപസ്വരങ്ങളോ അവശതകളോ ഇല്ല. സ്വർഗത്തിൽ പ്രവേശിച്ചവർക്ക് വാർധ്യകമോ നരയോ ബാധിക്കുകയില്ല. പരിശുദ്ധ ഖുർആനും തിരു ഹദീസുകളും സ്വർഗവിശേഷണങ്ങളും വർണനകളും നിരവധി നിരത്തിയിട്ടുണ്ട്. മനുഷ്യബുദ്ധിക്ക് ചിത്രീകരണം നടത്താനാവാത്ത വിധം അതിപ്രൗഡവും അതിശയകരവുമാണ് സ്വർഗം. സ്വർഗീയ പഴങ്ങൾ, അരുവികൾ, ഉദ്യാനങ്ങൾ, പാനീയങ്ങൾ, പാത്രങ്ങൾ, രമ്യഹർമങ്ങൾ, ഇരിപ്പിടങ്ങൾ, വേഷഭൂഷാധികൾ, സഖിമാർ… തുടങ്ങീ സ്വർഗീയ സൗകര്യങ്ങൾ അവസാനിക്കുന്നില്ല.

സ്വർഗം അല്ലാഹു സത്യവിശ്വാസികൾക്കായി ഒരുക്കിവെച്ച വാഗ്ദത്ത സമ്മാനമാണ്. ഖുദ്‌സിയ്യായ ഹദീസിൽ കാണാം: അല്ലാഹു സ്വർഗത്തോട് പറയുന്നു: നീ എന്റെ കാരുണ്യമാണ്, ഞാനുദ്ദേശിക്കുന്ന എന്റെ അടിമകൾക്ക് കാരുണ്യമാകുന്ന നിന്നെ ഞാൻ നൽകും (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹു പലവിധത്തിലുള്ള സ്വർഗലോകങ്ങൾ സംവിധാനിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് ഫിർദൗസ്, അദ്ൻ, മഅ്‌വാ എന്നിങ്ങനെ. സ്വർഗത്തിന് ധാരാളം കവാടങ്ങളുമുണ്ടല്ലൊ. ബാബു റയ്യാൻ, ബാബു സ്വലാത്ത്, ബാബുൽ ഐമൻ തുടങ്ങിയവ അതിലെ പ്രധാന കവാടങ്ങളാണ്. നോമ്പുകാർക്കുള്ള സ്വർഗകവാടമാണ് റയ്യാൻ. നമസ്‌ക്കാരനിഷ്ഠയുള്ളവർ ബാബു സ്വലാത്തിലൂടെയും വിചാരണ നേരിടേണ്ടിതില്ലാത്തവർ ബാബുൽ ഐമനിലൂടെയുമാണ് സ്വർഗത്തിലെത്തുക. സ്വർഗങ്ങൾ ധാരാളമുണ്ടെന്ന് പ്രവാചകർ നബി (സ്വ)യും അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി 3982). ഓരോ സ്വർഗത്തിനും അതിന്റേതായ പ്രത്യേകതകളും അതിലേക്ക് പ്രവേശനം സാധ്യമാക്കുന്ന പ്രത്യേക സൽകൃതങ്ങളുമുണ്ടെന്ന് ഖുർആനും സുന്നത്തും വിവരിച്ചിട്ടുണ്ട്. 

മഅ്‌വാ സ്വർഗം സിദ്‌റത്തുൽ മുൻതഹായുടെ അടുത്താണ് സ്ഥിതിചെയ്യുന്നത്. അല്ലാഹു പറയുന്നു: സിദ്‌റത്തുൽ മുൻതഹായുടെ ചാരത്താണ് നിവാസത്തിനുള്ള സ്വർഗം /ജന്നത്തുൽ മഅ്‌വാ/ ഉള്ളത് (ഖുർആൻ, സൂറത്തുന്നജ്മ് 14, 15). സൽപ്രവർത്തനങ്ങൾ അധികമായും ചെയ്യുന്ന വിശ്വാസികൾക്ക് അല്ലാഹു പരലോകത്ത് ഒരുക്കിയ സ്വർഗലോകമാണ് മഅ്‌വാ. സത്യവിശ്വാസം കൈകൊള്ളുകയും സൽകർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവർ ആരോ, അവർക്ക് തങ്ങളുടെ കർമ്മഫലമായുള്ള ആതിഥ്യമായി ആവാസത്തിനുള്ള സ്വർഗീയാരാമങ്ങൾ /ജന്നാത്തുൽ മഅ്‌വാ/ ഉണ്ട് (ഖുർആൻ, സൂറത്തുസ്സജദ 19). ദൈവഭയവും ദൈവാനുസരണയും ജീവിതസപര്യയാക്കുകയും ദേഹേഛയെ മാനിക്കാതിരിക്കുകയും ചെയ്തവരാണ് മഅ്‌വയിലെ താമസക്കാർ. അല്ലാഹു വിവരിക്കുന്നു: തന്റെ നാഥന്റെ പദവി ഭയപ്പെടുകയും മനസ്സിനെ സ്വേഛകളിൽ നിന്ന് ഉപരോധിച്ചു നിർത്തുകയും ചെയ്തതാരോ അവന്റെ അഭയകേന്ദ്രം /മഅ്‌വാ/ സ്വർഗമാണ് (ഖുർആൻ, സൂറത്തു ന്നാസിആത്ത് 40, 41).

സ്വർഗങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളതാണ് ഫിർദൗസ് സ്വർഗം. നബി (സ്വ) പറയുന്നു: ഫിർദൗസാണ് ഏറ്റവും ഉയർന്ന തട്ടിലുള്ള സ്വർഗം. അവിടെ നിന്ന് നാല് സ്വർഗീയാരുവികൾ പൊട്ടിപ്പുറപ്പെടുന്നുണ്ട് (ഹദീസ് തുർമുദി 2531). ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിക്കുന്നവർ ആരെന്ന് അല്ലാഹു ഖുർആനിലൂടെ വ്യക്തമാക്കിട്ടുണ്ട് : തങ്ങളുടെ നമസ്‌ക്കാരത്തിൽ ഭയപ്പാടുള്ളവരും വ്യർത്ഥ വിഷയങ്ങളിൽ നിന്ന് തിരിഞ്ഞുകളയുന്നവരും സകാത്ത് നിർവ്വഹിക്കുന്നവരും ഭാര്യമാർ, സ്വന്തം അടിമസ്ത്രീകൾ എന്നിവരിൽ നിന്നൊഴികെ ജനനേന്ദ്രിയങ്ങൾ കാത്തുസൂക്ഷിക്കുക വഴി അനധിക്ഷേപാർഹരും (ഇതിനപ്പുറം ആരെങ്കിലും ആഗ്രഹിച്ചാൽ അവർ അക്രമകാരികൾ തന്നെ) തങ്ങളുടെ ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവരും നമസ്‌ക്കാരത്തിൽ നിഷ്ഠ പുലർത്തുന്നവരുമായ സത്യവിശ്വാസികൾ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു. ഇവർ തന്നെയാണ് സമുന്നത സ്വർഗമായ ഫിർദൗസ് അനന്തരാവകാശമായി സ്വായത്തമാക്കുന്നവർ. അതിലവർ ശാശ്വത വാസികളായിരിക്കും (സൂറത്തുൽ മുഅ്മിനൂൻ 1 11). ഫിർദൗസ് സ്വർഗതേട്ടത്തിനായി നബി (സ്വ) നമ്മെ പ്രേരിപ്പിച്ചിട്ടുമുണ്ട്. നബി (സ്വ) പറയുന്നു: നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുകയാണെങ്കിൽ ഫിർദൗസിനെ ചോദിക്കണം (ഹദീസ് ബുഖാരി 7423). നന്മകൾ ചെയ്തും പ്രാർത്ഥിച്ചും നമ്മുക്ക് ജന്നാത്തുൽ ഫിർദൗസിനെ ആശിക്കാം. സൽവൃത്തരായ വിശ്വാസികൾക്ക് വിരുന്നായി ജന്നാത്തുൽ ഫിർദൗസുണ്ടെന്നാണ് ദൈവിക വാഗ്ദാനം (ഖുർആൻ, സൂറത്തുൽ കഹ്ഫ് 107).

അദ്ൻ സ്വർഗത്തിൽ അല്ലാഹു വിശ്വാസികൾക്കായി പ്രൗഡമായ താമസസ്ഥലങ്ങൾ പണിതിട്ടുണ്ട്. അല്ലാഹു പറയുന്നു: സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും താഴെക്കൂടി ആറുകളൊഴുകുന്ന സ്വർഗീയ ഉദ്യാനങ്ങൾ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അതിലവർ ശാശ്വതവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള ആരാമങ്ങളിൽ (ജനാത്തു അദ്‌നിൽ) ഉത്തമ വസതികളും അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ അല്ലാഹുവിന്റെ സംതൃപ്തയത്രെ മഹോന്നതം മഹത്തായ വിജയം അതാകുന്നു (ഖുർആൻ, സൂറത്തുത്തൗബ 72).

അല്ലാഹു കൽപ്പിച്ചത് പ്രവർത്തിക്കുകയും വിരോധിച്ചത് വെടിയുകയും ചെയ്യുന്ന ഭയഭക്തയുള്ളവർക്കാണ് അദ്ൻ സ്വർഗം ലഭിക്കുന്നത്. 'സൂക്ഷ്മാലുക്കളുടെ ഭവനം എത്ര മെച്ചപ്പെട്ടതാണ്. അതായത് ശാശ്വത വാസത്തിനുള്ള സ്വർഗീയാരാമങ്ങളിൽ (ജന്നാത്തു അദ്‌നിൽ) അവർ പ്രവേശിക്കും. അവയുടെ താഴെക്കൂടി അരുവികൾ പ്രവഹിച്ചിക്കൊണ്ടിരിക്കുന്നതാണ്. ഉദ്ദേശിക്കുന്നതെന്തും അവർക്കവിടെ ഉണ്ടാവും. ഇങ്ങനെയാണ് സൂക്ഷ്മാലുക്കൾക്ക് അല്ലാഹു പ്രതിഫലം കൊടുക്കുന്നത്' (ഖുർആൻ, സൂറത്തു ന്നഹ് ല് 30, 31). 'നിശ്ചയം, ജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്നവർക്ക് ശ്രേഷ്ഠമായ മടക്കസ്ഥലമുണ്ട്. അവർക്കായി വാതായനങ്ങൾ തുറന്നുവെക്കപ്പെട്ട ശാശ്വത നിവാസത്തിനുള്ള സ്വർഗീയാരാമങ്ങൾ /അദ്ൻ സ്വർഗങ്ങൾ/ ഉണ്ട് (ഖുർആൻ, സൂറത്തു സ്വാദ് 49, 50).

അദ്ൻ സ്വർഗത്തിൽ പ്രവേശിക്കുന്നവരുടെ പട്ടിക അല്ലാഹു ഖുർആനിലൂടെ പ്രഖ്യാപിക്കുന്നുണ്ട്: 'അല്ലാഹുവുമായുള്ള പ്രതിജ്ഞകൾ നിറവേറ്റുകയും കരാറുകൾ ലംഘിക്കാതിരിക്കുകയും അവൻ ആജ്ഞാപിച്ച ബന്ധങ്ങൾ കൂട്ടിയിണക്കുകയും തങ്ങളുടെ നാഥനെ പേടിക്കുകയും കഠിനമായ പാരത്രിക വിചാരണ ഭയപ്പെടുകയും ചെയ്യുന്നവരാണവർ. തങ്ങളുടെ നാഥന്റെ സംതൃപ്ത കാംക്ഷിച്ചുകൊണ്ട് സഹനം കൈകൊള്ളുകയും നമസ്‌ക്കാരം നിലനിർത്തുകയും നാം നൽകിയ ധനത്തിൽ നിന്ന് രഹസ്യവും പരസ്യവുമായി വ്യയം ചെയ്യുകയും തിന്മയെ നന്മകൊണ്ട് ഉപരോധിക്കുകയും ചെയ്യുന്നവരാണവർ. പരലോകത്ത് ശോഭന പര്യവസാനം ശാശ്വതവാസത്തിനുള്ള സ്വർഗങ്ങൾ (ജന്നാത്തു അദ്ൻ) ആണ് അവർക്കുള്ളത'് (സൂറത്തു റഅ്ദ് 20 24). 'സൽക്കർമ്മങ്ങളനുവർത്തിച്ച സത്യവിശ്വാസിയായിക്കൊണ്ടാണ് ഒരാൾ അല്ലാഹുവിങ്കൽ ചെല്ലുന്നതെങ്കിൽ അവർക്ക് ഉന്നത പദവികൾ, അടിയിലൂടെ ആറുകളൊഴുകുന്ന ശാശ്വത നിവാസത്തിനുള്ള സ്വർഗീയാരാമങ്ങൾ /ജന്നാത്തു അദ്ൻ/ ഉണ്ട്. അവരതിൽ സ്ഥിരവാസികളായിരിക്കും. ജീവിതവിശുദ്ധിയാർജിച്ചവരുടെ പ്രതിഫലമത്രെ അത്' (സൂറത്തു ത്വാഹാ 75, 76).

സ്വർഗം പലതട്ടുകളാണ്. നബി (സ്വ) പറയുന്നു: സ്വർഗത്തിൽ നൂറ് തട്ടുകളുണ്ട്. ഓരോ തട്ടുകൾക്കിടയിൽ ആകാശഭൂമികളുടെ ഇടയിലുള്ളത്ര ദൂരമുണ്ട് (ഹദീസ് തുർമുദി 2530). വിശ്വാസികളുടെ വിശ്വാസദൃഡതക്കും ആരാധനാ നിഷ്ഠക്കും സ്വഭാവഗുണത്തിനും അനുസരിച്ചാണ് പ്രത്യേകം പ്രത്യേകം സ്വർഗങ്ങളും സ്വർഗപദവികളും നൽകപ്പെടുക. നബി (സ്വ) പറഞ്ഞിട്ടുണ്ട്: നിങ്ങളിൽ നിന്ന് എനിക്കേറ്റവും ഇഷ്ടമുള്ളവരും അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവരും സൽസ്വഭാവികൾ തന്നെയാണ് (ഹദീസ് തുർമുദി 2018). കരാർ പൂർത്തീകരണം, കുടുംബബന്ധം ചേർക്കൽ, നമസ്‌ക്കാരം മുറപോലെ നിറവേറ്റൽ, നന്മകൾക്കായുള്ള ധനവിനിയോഗം, ക്ഷമ, നല്ല പെരുമാറ്റം മുതലായ സ്വഭാവ മഹിമകളുള്ള സത്യവിശ്വാസികൾക്ക് ഉന്നത സ്ഥാനങ്ങളാണ് സ്വർഗത്തിൽ തയ്യാർ ചെയ്തിട്ടുള്ളത്. നാഥൻ നാമേവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ.

back to top