ദൈവാനുഗ്രഹത്തിനായി പ്രയത്‌നിക്കാം, പ്രാർത്ഥിക്കാം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 15/06/2018
വിഷയം: ദൈവാനുഗ്രഹം

അല്ലാഹു വലിയ ഉദാരനും കാരുണ്യവാനുമാകുന്നു. അവന്റെ ദാനത്തിനും കരുണാവായ്പിനും അതിരുകളോ പരിധികളോ ഇല്ല. പ്രവഞ്ചത്തിലെ സകലതും അവന്റെ ഔദാര്യവും കാരുണ്യവും പറ്റുന്നതാണ്. അതിൽ ജീവനുള്ളതോ ജീവനില്ലാത്തതോയെന്ന വ്യത്യാസമില്ല. ജീവനുള്ളതിൽ തന്നെ ബുദ്ധിയുള്ളതോ ബുദ്ധിയില്ലാത്തതോയെന്ന തരംതിരിക്കലുമില്ല. ബുദ്ധിയുള്ളതിൽ തന്നെ വിശ്വാസിയോ അവിശ്വാസിയോയെന്ന വിഭജനവുമില്ല. ചുരുക്കത്തിൽ, സ്രഷ്ടാവായ അല്ലാഹു അവന്റെ സൃഷ്ടികൾക്ക് നിരുപാധികം ഔദാര്യം ചെയ്യുന്നവനാണ്. അല്ലാഹു തന്നെ പറയുന്നു: നിശ്ചയമായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു (ഖുർആൻ, സൂറത്തുൽ ബഖറ 243), എന്നാൽ അല്ലാഹു ലോകരോട് വളരെ ഉദാരനത്രെ (ഖുർആൻ, സൂറത്തുൽ ബഖറ 251).

പക്ഷേ, വിശ്വാസികൾക്കാണ് അല്ലാഹു പ്രത്യേകമായ ദാനവും പാരത്രികലോക വിജയവും വാഗ്ദാനം ചെയ്യുന്നത്. തീർച്ചയായും വിശ്വാസികൾക്ക് അല്ലാഹുവിൽ നിന്ന് വമ്പിച്ച ഔദാര്യം ലഭിക്കുമെന്ന് സന്തോഷവാർത്ത അറിയിക്കാൻ അല്ലാഹു പ്രവാചകർ മുഹമ്മദ് നബി (സ്വ)യോട് കൽപ്പിച്ചിട്ടുണ്ട് (ഖുർആൻ, സൂറത്തുൽ അഹ്്‌സാബ് 47). അല്ലാഹുവിൽ നിന്നുള്ള ദാനവും ഔദാര്യവും കൈപറ്റിയ വിശ്വാസികൾ അവനെ പ്രകീർത്തിക്കുകയും അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ്. മാത്രമല്ല, അവർ അവന്റെ കൽപനകൾ യഥാവിധി അനുസരിക്കുകയും നിരോധനങ്ങൾ പാലിക്കുകയും ചെയ്യുന്നതാണ്. കാരണം അവർ അല്ലാഹുവിൽ നിന്നുള്ള സാമീപ്യവുംം തൃപ്തിയും മാത്രമാണ് കാംക്ഷിക്കുന്നത്. അത്തരം സൽഗുണരായ വിശ്വാസികളെപ്പറ്റി വിശുദ്ധ ഖുർആനിലെ ആലു ഇംറാൻ അധ്യായം 174ാം സൂക്തത്തിൽ വിശദീകരണമുണ്ട്. അവർ ദൈവദാനങ്ങളാൽ സന്തോഷഭരിതരുമായിരിക്കും: 'പറയുക അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവർ സന്തോഷിച്ചുകൊള്ളട്ടെ. അതാണ് അവർ സമ്പാദിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത്'(ഖുർആൻ, സൂറത്തു യൂനുസ് 58).

അല്ലാഹുവിൽ നിന്നുള്ള ഔദാര്യം നിലക്കാത്ത ദാനപ്രവാഹമാണ്. അത് അവൻ ഉദ്ദേശിക്കുന്നവർക്ക് പ്രദാനം ചെയ്യുകയും ഉദ്ദേശിക്കുന്നവരെ തൊട്ട് വിലങ്ങുകയും ചെയ്യും. ഖുർആനിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നു: അവൻ വല്ല നന്മയും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹത്തെ തടയുന്നവരില്ല. തന്റെ അടിമകളിൽ നിന്ന് താനുദ്ദേശിച്ചവർക്ക് അവൻ അനുഗ്രഹം നൽകുന്നു. ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാണ് അവൻ (സൂറത്തു യൂനുസ് 107). അല്ലാഹുവിന്റെ ഔദാര്യത്തിന്റെ ഭാഗമായി വിശ്വാസികളുടെ സൽപ്രവർത്തനങ്ങൾക്ക് ഇരട്ടിയിരട്ടി പ്രതിഫലം നൽകുന്നതുമായിരിക്കും. നബി (സ്വ) പറയുന്നു: മനുഷ്യന്റെ എല്ലാ സൽക്കർമ്മങ്ങൾക്കും പത്തു മുതൽ എഴുനൂറ് ഇരട്ടികൾ വരെ പ്രതിഫലം നൽകപ്പെടുന്നതായിരിക്കും (ഹദീസ് മുസ്ലിം 1151). മാത്രമല്ല അവർക്ക് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യും: 'എന്നാൽ സത്യവിശ്വാസവും സൽക്കർമ്മങ്ങളും അവലംബിച്ചവർക്ക് അവരുടെ പ്രതിഫലം അവൻ പൂർത്തിയാക്കിക്കൊടുക്കുകയും അവന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് കൂടുതൽ കൊടുക്കുകയും ചെയ്യും' (ഖുർആൻ, സൂറത്തു ന്നിസാഅ് 173).

ദൈവാനുസരണയാണ് ദൈവാനുഗ്രഹ ലബ്ദിക്കും സ്വർഗപ്രവേശത്തിനുമുള്ള പ്രധാന നിദാനം. പ്രവാചകാനുസരണയും ദൈവത്തെ അനുസരിക്കുന്നതിന്റെ കാതലായ ഭാഗമാണ്. അല്ലാഹു പറയുന്നു: ആര് അല്ലാഹുവിനെയും അവന്റെ ദൂതരെയും അനുസരിക്കുന്നുവോ അവർ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാർ, സിദ്ധീഖിങ്ങൾ, രക്തസാക്ഷികൾ, സച്ചരിതന്മാർ എന്നിവരോടൊപ്പമായിരിക്കും. അവർ എത്ര നല്ല കൂട്ടുകാർ! അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹമത്രെ അത്. എല്ലാം അറിയുന്നവനായി അല്ലാഹു മതി (ഖുർആൻ, സൂറത്തു ന്നിസാഅ് 60, 70).

പരിശുദ്ധ ഖുർആനിനോടുള്ള അനുധാവനമാണ് ദൈവാനുഗ്രഹം സ്വന്തമാക്കാനുള്ള മറ്റൊരു വഴി. അല്ലാഹു പറയുന്നു: മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കലിൽ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും അതിനെ (ഖുർആനിനെ) മുറുകെ പിടിക്കുകയും ചെയ്യുന്നവരെ അല്ലാഹു തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും പ്രവേശിപ്പിക്കുന്നതാണ് (ഖുർആൻ, സൂറത്തു ന്നിസാഅ് 174, 175).

പാപമോക്ഷം തേടുന്നവർക്കും പശ്ചാത്താപം ചെയ്യുന്നവർക്കും അല്ലാഹു ഔദാര്യം ചെയ്യുന്നതായിരിക്കും:  നിങ്ങളുടെ രക്ഷിതാവിനോട് നിങ്ങൾ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും എന്നിട്ട് അവങ്കലിലേക്ക് മടങ്ങുകയും ചെയ്യുക. എന്നാൽ ഒരു നിശ്ചിത അവധി വരെ നല്ലനിലയിൽ ജീവിക്കുവാനുള്ള സൗകര്യങ്ങൾ അവൻ നിങ്ങൾക്ക് ചെയ്തുതരുന്നതും ഉൽകൃഷ്ട ഗുണമുള്ള എല്ലാവർക്കും അവരുടെ ഉൽകൃഷ്ട ഗുണങ്ങൾക്ക് പ്രതിഫലം കൊടുക്കുന്നതുമാകുന്നു (ഖുർആൻ, സൂറത്തു ഹൂദ് 03).

സൽചെയ്തികൾ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കലാണ് അനുഗ്രഹ ലബ്ദിക്കുള്ള മറ്റൊരു കാരിണി. അല്ലാഹു പറയുന്നു: സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്്ഠിക്കുകയും ചെയ്തവരാകട്ടെ അവർ സ്വർഗത്തോപ്പുകളിലായിരിക്കും. തങ്ങളുദ്ദേശിക്കുന്നത് അവരുടെ രക്ഷിതാവിങ്കൽ അവർക്കുണ്ട്. അതു തന്നെയാണ് മഹത്തായം അനുഗ്രഹം (ഖുർആൻ, സൂറത്തു ശ്ശൂറാ 22). നമസ്‌ക്കാരം, സക്കാത്ത്, ദൈവസ്മരണ തുടങ്ങിയവ മഹത്തായ സൽപ്രവർത്തനങ്ങളാണ്. ഖുർആൻ വ്യക്തമാക്കുന്നു: അല്ലാഹുവിന്റെ നാമം പറയുന്നതിൽ നിന്നും നമസ്‌ക്കാരം മുറപ്രകാരം അനുഷ്ഠിച്ചു പോരുന്നതിൽ നിന്നും സക്കാത്ത് കൊടുക്കുന്നതിൽ നിന്നും ക്രയവിക്രയങ്ങൾ അവരെ തടയുന്നതല്ല. ഹൃദയങ്ങളും നേത്രങ്ങളും കീഴ്‌മേൽ മറിയുന്ന ഒരു ദിവസത്തെ അവർ ഭയപ്പെടുന്നു. അല്ലാഹു അവരുടെ നല്ല പ്രവർത്തികൾക്ക് പ്രതിഫലം നൽകുവാനും തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് വർദ്ധിപ്പിച്ചു കൊടുക്കുവാനും വേണ്ടിയാണ്. താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു ധാരാളം കൊടുക്കുന്നതാണ് (സൂറത്തു ന്നൂർ 37, 38).


ഖുർആൻ പാരായണവും ദൈവാനുഗ്രഹം സാധ്യമാക്കുന്ന സൽക്കർമ്മമാണ്. 'തീർച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്‌ക്കാരം മുറപ്രകാരം നിർവ്വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു. അവർക്ക് അവരുടെ പ്രതിഫലങ്ങൾ അവൻ പൂർത്തിയാക്കി കൊടുക്കുവാനും അവന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് കൂടുതലായി നൽകുവാനും വേണ്ടി. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു' (ഖുർആൻ, സൂറത്തുൽ ഫാത്വിർ 29, 30).

നന്മയുടെ മാർഗത്തിലുള്ള ധനവിനിയോഗവും ദൈവാനുഗ്രഹത്തിന് കാരണമാവും. അല്ലാഹു സത്യവിശ്വാസികളോട് തങ്ങൾ സമ്പാദിച്ച ധനത്തിൽ നിന്നും കൃഷി ചെയ്ത വിളകളിൽ നിന്നും ദാനമായി നൽകാൻ കൽപ്പിക്കുകയും അത്തരക്കാർക്ക് പാപമോചനവും അധികരിച്ച അനുഗ്രഹവുമുണ്ടെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട് (ഖുർആൻ, സൂറത്തുൽ 267, 268).

ശുദ്ധമായ സമ്പാദ്യത്തിനായുള്ള അദ്വാനവും അല്ലാഹുവിൽ നിന്നുള്ള ഔദാര്യത്തിന് വകയുണ്ടാക്കും. നമസ്‌ക്കാരം നിർവ്വഹിക്കപ്പെട്ടു കഴിഞ്ഞാൽ ഭൂമിയിൽ വ്യാപരിക്കാനും അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾ തേടാനുമാണല്ലൊ ദൈവകൽപന (ഖുർആൻ, സൂറത്തുൽ ജുമുഅ 10).

അല്ലാഹുവിൽ നിന്നുള്ള ഔദാര്യം അതിവിശാലമാണല്ലൊ. അത് കരഗതമാക്കാൻ വിശ്വാസികൾ പ്രയത്‌നിക്കുകയും പ്രാർത്ഥിക്കുകയും വേണം. 'അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന്്് അവനോട്് നിങ്ങൾ ചോദിക്കുക. നിശ്ചയമായും അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയുന്നവനാണ്' (ഖുർആൻ, സൂറത്തു ന്നിസാഅ് 32). നബി (സ്വ) പള്ളിയിൽ നിന്ന്് പുറത്തിറങ്ങുമ്പോൾ ദൈവാനുഗ്രഹം തേടി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു (ഹദീസ് മുസ്ലിം 713).

back to top