യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 08/06/2018വിഷയം: ലൈലത്തുൽ ഖദ്‌റിൽ മാപ്പിരക്കാം
റമദാൻ മാസത്തിലെ അവസാന പത്തുരാവുകൾ അതിവിശിഷ്ട രാവുകളാണ്. ഈ പത്തിൽപ്പെട്ട ഒന്നാണ് ലൈലത്തുൽ ഖദ്‌റെന്ന മഹത്തര രാവ്. വിധി നിർണയത്തിന്റെ രാത്രി എന്ന് അർത്ഥമാക്കുന്ന ലൈലത്തുൽ ഖദ്ർ ഏതെന്ന് നിർണിതമല്ല. ആ മഹത്വം കരഗതമാക്കാൻ സത്യവിശ്വാസി പത്തുരാവുകളും ആരാധനാപൂർണമാകേണ്ടിയിരിക്കുന്നു. കാരണം ലൈലത്തുൽ ഖദ്‌റിലെ ഒരു സൽക്കർമ്മത്തിന് 83 വർഷവും നാലും മാസവും (ആയിരം മാസം) തുടരെ സൽക്കർമ്മങ്ങൾ ചെയ്തതിനേക്കാൾ പ്രതിഫലമുണ്ട്. മാത്രമല്ല ആ രാവിൽ പ്രഭാതം വിടരുവോളം അല്ലാഹുവിൽ നിന്നുള്ള പ്രത്യേക കരുണയും പരിരക്ഷയു ഭൂമിയിലേക്ക് ഇറങ്ങുന്നതായിരിക്കും. അല്ലാഹു തന്നെ പറയുന്നുണ്ട് : ലൈലത്തുൽ ഖദ്ർ ആയിരം മാസങ്ങളേക്കാൾ ഉത്തമമാണ്. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ കൽപനപ്രകാരം എല്ലാ കാര്യവും കൊണ്ട് അന്ന് ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമായിരിക്കുന്നതാണ് (ഖുർആൻ, സൂറത്തുൽ ഖദ് ർ 2,3,4,5). ലൈലത്തുൽ ഖദ്‌റിലാണ് അല്ലാഹു പരിശുദ്ധ ഖുർആൻ ഇറക്കിയതെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട് : നിശ്ചയമായും ഒരു അനുഗ്രഹീത രാത്രിയിൽ നാം അത് അവതരിപ്പിച്ചു (സൂറത്തു ദ്ദുഖാൻ 2). ആ രാവിൽ തന്നെയാണ് അല്ലാഹു പ്രവഞ്ചത്തിലെ സകലതിന്റെയും ആയുസ്സുകളും ഉപജീവനങ്ങളും കണക്കാക്കിക്കുറിക്കുന്നത് : യുക്തിപൂർണമായ എല്ലാ കാര്യങ്ങളും ആ രാത്രിയിൽ വേർതിരിച്ചുവിവരിക്കപ്പെടുന്നുണ്ട് (ഖുർആൻ, സൂറത്തു ദ്ദുഖാൻ 4).
ലൈലത്തുൽ ഖദ്‌റിൽ പ്രാർത്ഥിക്കുന്നവന് അല്ലാഹു ഉത്തരം നൽകിയിരിക്കും, കേണപേക്ഷിക്കുന്നവന് പ്രായശ്ചിത്തവും നൽകിയിരിക്കും. ഇത്രയേറെ പവിത്രതയുള്ള രാത്രിയെ ആരാധനകളും പുണ്യപ്രവർത്തനങ്ങളും ചെയ്ത് മുതലാക്കാനും നാഥനിലേക്ക് അടുക്കാനുമാണ് ഇസ്ലാം മതം പ്രചോദിപ്പിക്കുന്നത്. ലൈലത്തുൽ ഖദ്‌റിനെക്കുറച്ച് പ്രവാചകർ നബി (സ്വ) പറയുന്നു: ഒരുത്തന് ലൈലത്തുൽ ഖദ്ർ നഷ്ടമായാൽ സകല നന്മകളും അവനിക്ക് വിനഷ്ടമായിരിക്കുന്നു, ഹതഭാഗ്യർക്ക് മാത്രമേ ആ രാവിനെ ഉപയോഗപ്പെടുത്താനാവാതെ നഷ്ടപ്പെടുകയുള്ളൂ (ഹദീസ് ഇബ്‌നു മാജ 1644).
ഒരിക്കൽ പ്രിയപത്‌നി ആയിശാ ബീബി (റ) നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: തിരുദൂതരേ, ലൈലത്തുൽ ഖദ്ർ ഏത് രാത്രിയിലാണെന്ന് എനിക്ക് അറിയുകയാണെങ്കിൽ ആ രാത്രിയിൽ ഞാൻ എന്താണ് ചൊല്ലേണ്ടത് ? നബി (സ്വ) പറഞ്ഞു: 'അല്ലാഹുവേ, നീ മാപ്പു നൽകുന്നവനാണ്, മാപ്പു നൽകുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, നീ എനിക്ക് മാപ്പു നൽകണമേ' എന്ന് പ്രാർത്ഥിക്കണം (ഹദീസ് തുർമുദി 3515, ഇബ്‌നു മാജ 3850). റമദാനിലെ അവസാന പത്ത് ദിവസങ്ങൾ മാപ്പപേക്ഷിക്കലിന്റെയും ഖേദിച്ചുമടങ്ങുന്നതിന്റെയും നരകമോചനം തേടുന്നതിന്റെയും ദിനരാത്രങ്ങളാണല്ലൊ. ആ പത്തിലെ ലൈലത്തുൽ ഖദ്ർ രാവ് അല്ലാഹുവോട് മാപ്പിരക്കാൻ ഏതുകൊണ്ടും അനുയോജ്യവുമാണ്. സൃഷ്ടാവായ അല്ലാഹു ഏറ്റവും കൂടുതൽ പൊറുത്തുതരുന്നവനും വിടുതി നൽകുന്നവനുമാണ്. സൃഷ്ടികൾ പരസ്പരം വിടുതിയും വിട്ടുവീഴ്ചയും നൽകുന്നതിനെയും അല്ലാഹു ഇഷ്ടപ്പെടുന്നു. അല്ലാഹു തന്നെ പറയുന്നു: നിങ്ങൾ വിട്ടുവീഴ്ച ചെയ്യലാണ് ഭയഭക്തിയോട് ഏറ്റവും അടുത്തത്. പരസ്പരമുള്ള ഔദാര്യത്തെ നിങ്ങൾ മറന്നു കളയരുത്. നിങ്ങൾ എന്തു ചെയ്യുന്നുവോ അതിനെ നിശ്ചയമായും അല്ലാഹു കാണുന്നവനാകുന്നു (ഖുർആൻ, സൂറത്തുൽ ബഖറ 237).
പാപദോഷങ്ങളിൽ നിന്ന് മോക്ഷം തേടി പശ്ചാത്തപിച്ചു മടങ്ങുന്നവനിക്കുള്ള സുവർണാവസരമാണ് ലൈലത്തുൽ ഖദ്ർ. തൗബ (പശ്ചാത്താപം) സ്വീകരിക്കുന്നവനാണല്ലൊ അല്ലാഹു. ഖുർആൻ വിവരിക്കുന്നു: അല്ലാഹു തന്റെ അടിമകളിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. അവൻ ദുഷ്‌കൃത്യങ്ങൾക്ക് മാപ്പുനൽകുകയും ചെയ്യുന്നു (സൂറത്തുൽ ശൂറാ 25). ലൈലത്തുൽ ഖദ്‌റിലെ തൗബ ഏതുവിധേനയും സ്വീകാര്യയോഗ്യമായിരിക്കും. അല്ലാഹുവിൽ നിന്നുള്ള വിടുതി തേടിയുള്ള പ്രാർത്ഥനയും നമസ്‌ക്കാരവും അധികരിപ്പിച്ചുകൊണ്ടാണ് ലൈലത്തുൽ ഖദ്ർ രാവിനെ ഉപയോഗപ്പെടുത്തേണ്ടത്. ലൈലത്തുൽ ഖദ്‌റിലെ ഖിയാമുലൈലി (രാത്രി നമസ്‌ക്കാരം)നെ നബി (സ്വ) ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നബി (സ്വ) പറയുന്നു: ഒരുത്തൻ ദൃഡവിശ്വാസത്തോടെയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ഇഛിച്ചുകൊണ്ടും ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയിൽ നമസ്‌ക്കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ ദോഷങ്ങളൊക്കെയും പൊറുക്കപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം).
അബൂ ഉമാമ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരാൾ നബി (സ്വ)യുടെ അടുക്കൽ വന്ന് താൻ കുറേ ദോഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് ബോധിപ്പിക്കുകയുണ്ടായി. നബി (സ്വ) അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ വരുന്ന സമയത്ത് അംഗശുദ്ധി (വുളൂഅ്) ചെയ്തിരുന്നോ? അദ്ദേഹം: അതെ. നബി (സ്വ) വീണ്ടും ചോദിച്ചു: ഞങ്ങൾ നമസ്‌ക്കരിച്ചപ്പോൾ കൂടെ താങ്കളും നമസ്‌ക്കരിച്ചിരുന്നോ? അദ്ദേഹം: അതെ. അപ്പോൾ നബി (സ്വ) പറഞ്ഞു: താങ്കൾ പോവുക, തീർച്ചയായും അല്ലാഹു താങ്കൾക്ക് പൊറുത്തുത്തന്നിരിക്കുന്നു (ഹദീസ് അബൂദാവൂദ് 4381, അഹ്മദ് 22946).
ഈ പുണ്യരാവിൽ മനുഷ്യൻ മനസ്സും ശരീരവും ശുദ്ധീകരിച്ച് സൃഷ്ടികളോട് അസൂയയും വിദ്വേഷവുമില്ലാതെ സൃഷ്ടാവിലേക്ക് മുന്നിടേണ്ടിയിരിക്കുന്നു. രണ്ടു സത്യവിശ്വാസികൾ തമ്മിലുള്ള തർക്കം കാരണമാണല്ലൊ ലൈലത്തുൽ ഖദ്ർ ഏത് രാത്രിയെന്ന് നിർണിതമാവാതെപോയത്. അബൂ ഉബാദത്തു ബ്‌നുൽ സ്വാമിത് (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ്വ) ലൈലത്തുൽ ഖദ്ർ ഏത് ദിവസത്തിലെ രാത്രിയാണെന്ന് ജനങ്ങൾക്ക് അറിയിച്ചുക്കൊടുക്കാൻ പുറപ്പെടുകയുണ്ടായി. അപ്പോൾ രണ്ടു വിശ്വാസികൾ പരസ്പരം തർക്കിച്ച് അടികൂടുന്നത് കണ്ടു. അങ്ങനെ നബി (സ്വ) പറഞ്ഞു: ഞാൻ ലൈലത്തുൽ ഖദ്ർ എന്നാണെന്ന് പറഞ്ഞുത്തരാൻ നിങ്ങളിലേക്ക് പുറപ്പെട്ടതാണ്. രണ്ടുപേർ കലഹിച്ചതോടെ ആ അറിവ് എന്നിൽ ഉയർത്തപ്പെട്ടിരിക്കുന്നു (ഹദീസ് ബുഖാരി 49). തർക്കം ഒഴിവാക്കാനും, വിട്ടുവീഴ്ചയും സഹിഷ്ണുതയും ശീലമാക്കാനുമാണ് മേൽ തിരുവചനത്തിന്റെ താൽപര്യം. വിട്ടുവീഴ്ചാ മനോഭാവമുള്ള അടിമകളെ അല്ലാഹു ഇഷ്ടപ്പെടുന്നതായിരിക്കും. അല്ലാഹു പറയുന്നു: അവർക്ക് മാപ്പ് കൊടുക്കുകയും വിട്ടുവീഴ്ച നൽകുകയും ചെയ്യുക. നിശ്ചയമായും പുണ്യം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ് (ഖുർആൻ, സൂറത്തുൽ മാഇദ 13). അല്ലാഹുവിൽ നിന്നുള്ള വിടുതി കാംക്ഷിച്ചുകൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് ഇടപാടുകളിൽ വിട്ടുവീഴ്ച ചെയ്യലും ശ്രേഷ്ഠകാര്യമാണ്. നബി (സ്വ) പറയുന്നു: ഒരു വ്യാപാരി ജനങ്ങൾക്ക് കടം നൽയിരുന്നു. ഒരിക്കൽ അയാൾ ബാധ്യത വീട്ടാനാവാത്ത ഒരു അവശനെ കടയിലേക്ക് വരുന്നത് കണ്ടപ്പോൾ യുവാക്കളായ ജീവനക്കാരോട് പറഞ്ഞു: അയാൾക്ക് നിങ്ങൾക്ക് വിടുതി നൽകുക, അല്ലാഹു നമ്മുക്ക് വിടുതി നൽകിയേക്കാം. അങ്ങനെ അല്ലാഹു ആ വ്യാപാരിക്ക് വിട്ടുവീഴ്ച നൽകുകയും ചെയ്തിട്ടുണ്ട് ( ഹദീസ് ബുഖാരി, മുസ്ലിം).
റമദാനിലെ പുണ്യദിനരാത്രങ്ങൾ അവസാനിക്കുന്നതോടെ, ശവ്വാൽപ്പിറയോടെ ഈദുൽ ഫിത്വ്ർ വരവായി. ആ വേളയിൽ റമദാനിൽ ജീവിച്ച എല്ലാ സത്യവിശ്വാസികൾക്കും നിർബന്ധമായ ദാനമാണ് ഫിത്വ്ർ സകാത്ത്. ചെറിയവരും മുതിർന്നവരും സകാത്തിന് അർഹരായവർക്കാണ് നൽകേണ്ടത്. ആശ്രിതരുടെ ഫിത്വ്ർ സകാത്ത് കുടുംബനാഥൻ നൽകണം. നിശ്ചിത അളവിൽ നാട്ടിലെ മുഖ്യ ധാന്യാഹാരമാണ് നൽകേണ്ടത്. നബി (സ്വ) ഒരു സ്വാഅ് (3.200 ലിറ്റർ, രണ്ടര കിലോ ഗ്രാം മുതൽ 3 കിലോ ഗ്രാം വരെ) കാരക്കയോ ബാർളിയോ ആയിരുന്നു ഫിത്വർ സകാത്തായി നൽകാൻ നിർബന്ധമാക്കിയിരുന്നത്. പെരുന്നാൾ നമസ്‌ക്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് അവ നൽകാൻ നബി (സ്വ) സ്വഹാബികളോട് കൽപ്പിച്ചിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).
ഫിത്വ്ർ സകാത്ത് വിലമതിച്ച് നാണയമായി നൽകാമെന്നും ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശാഫിഈ മദ്ഹബിൽ ധാന്യത്തിന് പകരം വിലകൊടുത്താൽ മതിയാവില്ലയെന്നതാണ് ഏകകണ്ഠാഭിപ്രായം). അങ്ങനെയാണെങ്കിൽ യുഎഇയിൽ ഇരുപത് ദിർഹമാണ് നൽകേണ്ടത്. പെരുന്നാൾ നമസ്‌ക്കാരത്തോടെ ഫിത്വ് ർ സകാത്തിന്റെ സമയം അവസാനിക്കും. സ്വഹാബികൾ പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഫിത്വ്ർ സകാത്ത് നൽകിയിരുന്നു (ഹദീസ് ബുഖാരി 1511).