യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 27/07/2018
വിഷയം: മനുഷ്യനും ബാധ്യതയും
സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടിവൈജാത്യങ്ങളും ഘടനാവൈഭവങ്ങളും ഏറെ അതിശയകരമാണ്. നഗ്ന നേത്രങ്ങളിൽ ദൃശ്യമാവാത്ത ബാക്ടീരിയ മുതൽ ശാസ്ത്രത്തിന് കൂടുതൽ വിവരണങ്ങൾ നൽകാനാവാത്ത ദിനോസറുകൾക്കപ്പുറവും അല്ലാഹുവിന്റെ സൃഷ്ടിക്രമം പരന്നുകിടക്കുന്നുണ്ട്. എല്ലാ ചരാചരങ്ങളും സസ്യവൃക്ഷാധികളും അവന്റെ സൃഷ്ടിവൈവിധ്യങ്ങളാണ്. ഉരഗ ജന്തുക്കളും പറവകളും സസ്തനികളും മത്സ്യങ്ങളുമെല്ലാം അവന്റെ സൃഷ്ടിയിനങ്ങളിൽപ്പെട്ടതാണ്. ഒന്നും സ്വമേധയോ പ്രകൃതിയാലോ ക്രമപ്പെട്ടുവന്നതല്ല. ഒന്ന് മറ്റൊന്നിൽ നിന്ന് പരിണമിച്ചുവന്നതുമല്ല. പരിണാമസിദ്ധാന്തത്തെയും, അർദ്ധയുക്തിസത്യങ്ങളാൽ നിബിഡമായ ഡാർവിനിസത്തെയും ഇസ്ലാം പൂർണമായും എതിർക്കുന്നു.
അല്ലാഹുവിന്റെ സൃഷ്ടാജാലങ്ങളിൽ ഉൽകൃഷ്ടജീവിയാണ് മനുഷ്യൻ. കുരങ്ങിൽ നിന്നോ ജിമ്പാൻസിയിൽ നിന്നോ പരിണമിച്ചുണ്ടായതല്ല ഈ മനുഷ്യൻ. മനുഷ്യനായി തന്നെ അല്ലാഹു സൃഷ്ടിരൂപം നൽകിയതാണ്. ആദം നബി (അ) ആണല്ലൊ ആദിമ മനുഷ്യൻ. സൃഷ്ടികളിൽ കൂടുതൽ അനുഗ്രഹീതനും മനുഷ്യൻ തന്നെ. ആകാര സ്വരൂപനും ആരോഗ്യ ദൃഡഗാത്രനുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യനെ അല്ലാഹു ആദരിക്കുക കൂടി ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: നിശ്ചയം, മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നു (ഖുർആൻ, സൂറത്തുത്തീൻ 4), നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്ത ഭോജ്യങ്ങളിൽ നിന്ന് അവർക്ക് ഉപനജീവനമേകുകയും നാം പടച്ച മിക്കവരെയുംകാൾ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു (സൂറത്തുൽ ഇസ്‌റാഅ് 70). ആദിമ മനുഷ്യസൃഷ്ടിയിൽ ആത്മാവ് ഊതിക്കൊടുത്ത അല്ലാഹു അതിന് സുജൂദ് ചെയ്യാൻ മാലാഖമാരോട് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതും ആ ആദരവിന്റെ ഭാഗമാണ്. പരിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു: താങ്കളുടെ നാഥൻ മലക്കുകളെ അറിയിച്ച സന്ദർഭം സ്മരണിയമത്രെ: നിശ്ചയം, കളിമണ്ണിൽ നിന്ന് ഒരു മനുഷ്യനെ ഞാൻ സൃഷ്ടിക്കാൻ പോവുകയാണ്. അങ്ങനെ അവനു ഞാൻ ശരിയായ ആകൃതി നൽകുകയും എന്റെ ആത്മാവിൽ നിന്ന് അതിൽ ഊതുകയും ചെയ്താൽ അവനു നിങ്ങൾ സാഷ്ടാംഗം ചെയ്യണം. അപ്പോൾ സർവ്വ മാലാഖമാരും സാഷ്ടാംഗം ചെയ്തു (സൂറത്തു സ്വാദ് 71).
മാത്രമല്ല, അല്ലാഹു മനുഷ്യന് വ്യക്തവും ശക്തവുമായ പഞ്ചേന്ദ്രിയങ്ങളും വിവേചനബുദ്ധിയും ലോകജ്ഞാനങ്ങളും നൽകുകയുണ്ടായി. ബാഹ്യമായും ആന്തരികമായും അവയവങ്ങളും, സിരാധമനികളും ശ്വാസ ദഹന പ്രക്രിയകളും ഉൾക്കൊള്ളുന്ന ജീവഘടനയും സംവിധാനിച്ച് ശരീരത്തെ ജീവസുറ്റതാക്കി: 'അവനു നാം രണ്ടു നേത്രങ്ങളും ഒരു നാക്കും രണ്ടു അധരങ്ങളും ഉണ്ടാക്കിക്കൊടുക്കുകയും രണ്ട് പ്രസ്പഷ്ടമാർഗങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തിട്ടില്ലേ?' (ഖുർആൻ, സൂറത്തുൽ ബലദ് 8,9, 10), തനിക്കറിവില്ലാത്തത് മനുഷ്യനെ അവൻ പഠിപ്പിച്ചു (സൂറത്തുൽ അലഖ് 5). ലോകത്തുള്ളതൊക്കെയും മനുഷ്യനുള്ളതാണെന്ന് പ്രഖ്യാപിക്കുന്ന അല്ലാഹു അവന്റെ ഉപജീവനും സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. മനുഷ്യനെ സൃഷ്ടിച്ചത് തന്നെ അല്ലാഹുവിന് അനുസരണയും ആരാധനയും ചെയ്യാനാണല്ലൊ. അതിനുള്ള ഊർജവും ബലവും അല്ലാഹു തന്നെ സംവിധാനിച്ചതാണ്. അല്ലാഹു പറയുന്നു: ജിന്നുകളെയും മാനവരെയും എന്നെ ആരാധിക്കാനായി മാത്രമേ ഞാൻ സൃഷ്ടിച്ചിട്ടുള്ളൂ. അവരിൽ നിന്ന് ഒരുവിധ ഉപജീവനവും ഞാൻ കാംക്ഷിക്കുന്നില്ല. അവർ എന്നെ ആഹരിപ്പിക്കണമെന്നും എനിക്കുദ്ദേശമില്ല. അല്ലാഹു തന്നെയാണ് ഭക്ഷണം നൽകുന്നവനും ശക്തിയുള്ളവനും ദാർഡ്യനും (ഖുർആൻ, സൂറത്തുദ്ദാരിയാത്ത് 56, 57, 58).
സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കുകയും വഴങ്ങുകയും ചെയ്യുന്നതോടൊപ്പം ലോകജീവികളോട് മാനുഷിക മൂല്യങ്ങൾ കാട്ടുകയും ചെയ്യേണ്ടിയിരിക്കുന്നു. സഹവർതിത്വവും സഹാനുഭൂതിയും മാനുഷിക വിശേഷങ്ങളാണ്. അവയുണ്ടെങ്കിൽ മാത്രമേ മനുഷ്യൻ മനുഷ്യനാവുന്നുള്ളൂ. അല്ലെങ്കിൽ സ്വദേഹേഛകൾക്കൊത്ത് ജീവിക്കുന്ന ജീവിയെന്ന അർത്ഥത്തിൽ കേവലം മൃഗം മാത്രമാണ്. നബി (സ്വ) പറയുന്നു: മനുഷ്യരിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവർ മറ്റുള്ളവർക്ക് ഗുണം ചെയ്യുന്നവരാണ് (ഹദീസ് ത്വബ്‌റാനി 453/12).
സൃഷ്ടികളിൽ പ്രഥമമായി മനുഷ്യൻ ഗുണം ചെയ്യേണ്ടത് ജന്മകാരണക്കാരായ മാതാപിതാക്കളോടാണ്. അവർക്ക് സുകൃതങ്ങൾ ചെയ്യാൻ അല്ലാഹു കൽപ്പിക്കുന്നുണ്ട്: മാതാപിതാക്കളോട് ഉദാത്ത സമീപനം പുലർത്തണമെന്ന് മനുഷ്യനോട് നാം കൽപ്പിച്ചു. പ്രയാസങ്ങൾ സഹിച്ചുകൊണ്ടാണ് മാതാവ് അവനെ ഗർഭം ചുമന്നതും പ്രസവിച്ചതും (ഖുർആൻ, സൂറത്തുൽ അഹ്ഖാഫ് 15). മാതാപിതാക്കൾ കഴിഞ്ഞാൽ കൂടുതൽ കടപ്പെട്ടിരിക്കുന്നത് ബന്ധുജനങ്ങളോടാണ്: ഏതൊരുവന്റെ പേരിൽ നിങ്ങൾ അവകാശങ്ങൾ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക (ഖുർആൻ, സൂറത്തുന്നിസാഅ് 1). മനുഷ്യസമൂഹത്തോട് ഒന്നടങ്കം സഹിഷ്ണുതാ മനോഭാവത്തോടെ വർത്തിക്കുകയും വേണം. ആരും ആർക്കും മുകളിലല്ല. മറ്റൊരുത്തനെ ഇകഴ്ത്താനും സ്വന്തത്തെ പുകഴ്ത്താനും ആരും അർഹനല്ല. സർവ്വരോടും വിനയാന്വതനാവുമ്പോഴാണ് മനുഷ്യനെ മനുഷ്യനാക്കുന്ന മാനവിക പൂത്തുലയുന്നത്. നബി (സ്വ) പറയുന്നു: എനിക്ക് അല്ലാഹു ഇറക്കിയ ദിവ്യബോധനത്തിൽ പറയുന്നു: 'നിങ്ങൾ താഴ്മയുള്ളവരാകുക, എത്രത്തോളമെന്നാൽ മറ്റൊരാൾക്കുമേൽ അതിക്രമവും അഹങ്കാരവും കാട്ടാൻ യോഗ്യനല്ല' (ഹദീസ് മുസ്ലിം 2825).
നാം മനുഷ്യരെല്ലാവരും സമന്മാരാണ്. എല്ലാവരും സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടികൾ മാത്രം. എല്ലാവരും ഒരേ ആത്മാവിന്റെ മക്കളാണല്ലൊ. അല്ലാഹു പറയുന്നു: ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയിൽ നിന്നു നിങ്ങളെ പടക്കുകയും അതിൽ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടടിക്കുകയും അവരിരുവരിൽ നിന്നുമായി ഒട്ടേറെ സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക (ഖുർആൻ, സൂറത്തുന്നിസാഅ് 1). മനുഷ്യരുടെ നാഥൻ ഒരൊറ്റൊരുത്തനായത് പോലെ പിതാവും ഒരാളെന്നാണ് നബി (സ്വ) ഉണർത്തുന്നത് (ഹദീസ് അഹ്മദ് 23489).
മനുഷ്യരെ ഗോത്രങ്ങളും വർഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാനും ഇണങ്ങാനുമാണെന്ന് അല്ലാഹു തന്നെ ഖുർആനിലൂടെ അറിയിച്ചിട്ടുണ്ട് (സൂറത്തുൽ ഹുജറാത്ത് 13). ഇങ്ങനെയുള്ള പാരസ്പര്യബോധ്യത്തിലൂടെയും സ്‌നേഹാർദ്രമായ സഹകരണത്തിലൂടെയുമാണ് മനുഷ്യസംസ്‌ക്കാരം രൂപപ്പെടുന്നതും, സമൂഹം വികാസവും വികസനവും പ്രാപിക്കുന്നതും. മനുഷ്യനിൽ ഭാഷവേഷ, വർണനിണ വിത്യാസങ്ങളില്ലതാനും.
അല്ലാഹു മനുഷ്യനെ ഈ ഭൂമിയിൽ പ്രതിനിധികളാക്കിയതാണല്ലൊ. മൃഗജീവികൾ പോലും ഭൂമിയെ സേവിക്കുമ്പോൾ, ഇവിടെ ജനിച്ച് നിവസിക്കുന്ന, ബുദ്ധിയും ബോധവുമുള്ള നാം ഭൂവിലെ മണ്ണും വിണ്ണും അന്തരീക്ഷവും പരിരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാഹു പറയുന്നു: നിങ്ങളെയവൻ ഭൂമിയിൽ നിന്നു സൃഷ്ടിക്കുകയും അതിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു (ഖുർആൻ, സൂറത്തു ഹൂദ് 61). ഭൂവിഭവങ്ങൾ സംരക്ഷിക്കേണ്ടതും ഭൂസംസ്‌കൃതി നിലനിർത്തേണ്ടതും മനുഷ്യബാധ്യത തന്നെയാണ്. ഭൂമിയിലെ പുഴകളും സമുദ്രങ്ങളും പർവ്വതങ്ങളും പഴങ്ങളും പച്ചക്കറികളും, രാപ്പകൽ വിത്യാസങ്ങളും കാലാവസ്ഥ മാറ്റവുമെല്ലാം അല്ലാഹു മനുഷ്യജീവിതത്തിനായി തയ്യാർ ചെയ്ത വിഭവശേഷികളാണ്. അവയിലൂടെ ഉപജീവനം കണ്ടെത്താൻ തന്നെയാണ് അല്ലാഹു കൽപ്പിക്കുന്നത് : 'ഭൂമി നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളിൽ സഞ്ചരിക്കുകയും അവന്റെ ഉപജീവനമാർഗങ്ങളിൽ ആഹരിക്കുകയും ചെയ്തുകൊളളുക. അവങ്കലിലേക്കു തന്നെയാണ് പുനരുത്ഥാനം' (ഖുർആൻ, സൂറത്തുൽ മുൽക് 15). ദൈവാരാധനയും ഉപജീവനതേട്ടവും കൂടെ വിശ്രമവുമായി മുഴുസമയ വ്യാപൃതനാവേണ്ടവനാണ് മനുഷ്യൻ. പ്രതിസന്ധികളും പ്രതിബന്ധങ്ങളും സന്ധിച്ചേക്കാം. ജീവിത പ്രതിസന്ധികൾ അഭിമുഖീകരിക്കുംവിധമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് അല്ലാഹു പറഞ്ഞതാണ് (ഖുർആൻ, സൂറത്തുൽ ബലദ് 4).
പരിസ്ഥിതി പരിപാലനത്തിനും പ്രകൃതിദത്ത ഉൽപാദനത്തിനും ഇസ്ലാം മതം ഊന്നൽ നൽകുന്നുണ്ട്. അന്ത്യനാളിന്റെ അന്ത്യനിമിഷത്തിൽ പോലും ഒരുത്തന് ഒരു മരക്കഷ്ണനടീലിന് സാധിക്കുകയാണെങ്കിൽ അവനതു ചെയ്തുകൊള്ളട്ടെയെന്ന് നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് അദബുൽ മുഫ്‌റദ് 479, അഹ്മദ് 12902). പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് സാമൂഹിക ബാധ്യതക്കപ്പുറം ഒരോ വിശ്വാസിയുടെയും വിശ്വാസത്തിന്റെ ഭാഗമായ നിർബന്ധിത ദൗത്യം കൂടിയാണ്. സാമൂഹ്യ നന്മയിലധിഷ്ഠിതമായ പാരസ്പര്യത്തിന് വഴങ്ങാത്തവൻ പരാജിതനാണെന്ന് അല്ലാഹു ഖുർആനിലെ സൂറത്തുൽ അസ്വറിലൂടെ ഉദ്‌ഘോഷിക്കുന്നുണ്ട് : 'കാലം തന്നെ ശപഥം. നിശ്ചയം, മനുഷ്യരാശി മഹാനഷ്ടത്തിൽ തന്നെയാകുന്നു. സത്യവിശ്വാസം കൈകൊള്ളുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും സത്യം മുറുകെപ്പിടിക്കാനൂം സഹനം കൈകൊള്ളാനും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ'.