യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 03/08/2018
വിഷയം: ഇസ്ലാമിൽ സ്ത്രീയുടെ സ്ഥാനം
അല്ലാഹുവിന്റെ സൃഷ്ടികളിൽ ശ്രേഷ്ഠരാണല്ലൊ മനുഷ്യർ. ആണും പെണും കൂടുമ്പോഴാണ് മനുഷ്യസമൂഹം രൂപപൂർണാവുന്നത്. രണ്ടുലിംഗവും രണ്ടു പാതികളാണ്. ഒന്നില്ലാതെ മറ്റൊന്നില്ല. ആൺ സമൂഹം, പെൺ സമൂഹം എന്നിങ്ങനെ സാധ്യവുമല്ല. ഓരോർത്തർക്കും അവരവരുടേതായ ഉത്തരവാദിത്വ നിർവ്വഹണങ്ങളുണ്ടെന്ന് നിഷ്‌കർഷിക്കുന്ന പരിശുദ്ധ ഇസ്ലാം മതം പൗരുഷത്തിനും സ്‌ത്രൈണതക്കും പ്രത്യേക ദൗത്യങ്ങളും അവകാശങ്ങളും നിർണയിച്ചിട്ടുണ്ട്. പുരുഷനും സ്ത്രീയും ജൈവികമായും മറ്റും ചില മാറ്റങ്ങളുണ്ടെന്നത് യാഥാർത്ഥ്യം. രണ്ടാളുടെയും ഔറത്ത് വിത്യസ്തവുമാണ്. അവയെല്ലാം ഉൾക്കൊണ്ടുതന്നെ ലിംഗനീതി ഉറപ്പുവരുത്തുന്ന മതമാണ് ഇസ്ലാം. ആൺകുട്ടികളെ പ്രസവിച്ചയുടനെ കൊന്നിരുന്ന ഫറോവാ ഘട്ടത്തെയും പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ജാഹിലിയ ഘട്ടത്തെയും അതിജയിച്ച പ്രത്യയശാസ്ത്രം കൂടിയാണ് ഇസ്ലാം. സോഛാധിപത്യ പതനം ഭയന്നുള്ള ഫിർഔനിന്റെ ആൺപേടിയും , ദാരിദ്യവും മറ്റും ഭയന്നുള്ള ജാഹിലിയ്യത്തിന്റെ പെൺപേടിയും ലിംഗവിവേചനത്തിന്റെ ചരിത്രഭാഗങ്ങളാണ്. ലിംഗനീതി പാലിക്കുകയും രണ്ടിനും അവരുടേതായ സാമൂഹിക മാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് ഇസ്ലാം. മാത്രമല്ല, മൂന്നാം ലിംഗക്കാരുടെ കർമ്മശാസ്ത്രവും ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീ അബലയെന്ന് ലോകം പറയുമ്പോഴും, അവൾ മാതൃത്വത്തിനുടമയായ പ്രബലയായ ഉമ്മയാണ്, പെങ്ങളാണ്, ഭാര്യയാണ് എന്നൊക്കെ തിരുത്തിയിട്ടുണ്ട് ഇസ്ലാം മതപ്രബോധകരായിരുന്ന പ്രവാചകന്മാർ. വിശുദ്ധ ഖുർആനിലുള്ള പുല്ലിംഗ പ്രയോഗങ്ങളിൽ സ്ത്രീലിംഗവും ഉൾപ്പെട്ടതാണ്. പല അധ്യായങ്ങളിലായി സ്ത്രീകളെ പ്രത്യേകം എടുത്തുപ്പറഞ്ഞിട്ടുമുണ്ട്. സ്ത്രീകൾ എന്നർത്ഥമാക്കുന്ന ഖുർആനിക അധ്യായമാണ് 'സൂറത്തുന്നിസാഅ്'. പ്രസ്തുത സൂറത്തിന്റെ ആദ്യഭാഗത്ത് തന്നെ അല്ലാഹു പറയുന്നുണ്ട്: ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയിൽ നിന്ന് നിങ്ങളെ പടക്കുകയും അതിൽനിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരിൽ നിന്നുമായി ഒട്ടേറെ സ്ത്രീകളെയും പുരുഷന്മാരെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക (സൂക്തം 1). ആദിമ മനുഷ്യൻ ആണാണെങ്കിലും സൃഷ്ടിപ്പിന്റെ കാര്യത്തിൽ പുരുഷന്റെ കൂടെ സ്ത്രീയെയും എടുത്തുപ്പറഞ്ഞിരിക്കുകയാണ്. വിധിവിലക്കുകൾ, സൽക്കർമ്മങ്ങൾ, അവയുടെ പ്രതിഫലങ്ങൾ എന്നിവയുടെ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാർക്ക് തുല്യരാണെന്ന് പ്രവാചകർ നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് ( ഹദീസ് അബൂദാവൂദ് 236, തുർമുദി 113). സ്ത്രീ പുരുഷ പ്രതിഫലങ്ങൾ വെവ്വേറെ വ്യക്തമാക്കുന്ന ഖുർആനിക സൂക്തങ്ങളുമുണ്ട്, ഉദാ.: നിശ്ചയം അല്ലാഹുവിന് കീഴ്‌പെടുന്നവരായ ആണുങ്ങളും പെണുങ്ങളും, സത്യവിശ്വാസം കൈക്കൊള്ളുന്ന ആണുങ്ങളും പെണുങ്ങളും, ആരാധകരായ ആണുങ്ങളും പെണുങ്ങളും, സത്യസന്ധരായ ആണുങ്ങളും പെണുങ്ങളും, ക്ഷമാശീലരായ ആണുങ്ങളും പെണുങ്ങളും, വിനയാന്വതരായ ആണുങ്ങളും പെണുങ്ങളും, ധർമിഷ്ഠായ ആണുങ്ങളും പെണുങ്ങളും, വ്രതാനുഷ്ഠികളായ ആണുങ്ങളും പെണുങ്ങളും, സ്വന്തം ഗുഹ്യസ്ഥാനങ്ങൾ സൂക്ഷിക്കുന്ന ആണുങ്ങളും പെണുങ്ങളും, അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണുങ്ങളും ഇവർക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു (സൂറത്തുൽ അഹ്‌സാബ് 35), പുരുഷനോ സ്ത്രീയോ ആകട്ടെ, സത്യവിശ്വാസിയായി സൽക്കർമ്മം അനുഷ്ഠിക്കുന്ന ആർക്കും ഉത്തമമായൊരു ജീവിതം നാം അനുഭവിപ്പിക്കുക തന്നെ ചെയ്യും. തങ്ങളനുവർത്തിച്ച വിശിഷ്ട കർമ്മങ്ങൾക്കുള്ള കൂലി അവർക്കു നാം കനിഞ്ഞേകുന്നതാണ് (സൂറത്തുന്നഹ്‌ല് 97).
സ്ത്രീ അവകാശങ്ങളും മതനിയമങ്ങളും വിവരിക്കുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ അവതരിച്ചിട്ടുണ്ട്. സൂറത്തുന്നിസാഇൽ കാണാം: 'വനിതകളുടെ കാര്യത്തിൽ താങ്കളോടവർ മതവിധി ചോദിക്കുന്നു, പറയുക അവരുടെ കാര്യത്തിൽ അല്ലാഹു ഇതാ നിങ്ങൾക്ക് മതവിധി നൽകുന്നു' (സൂക്തം 127). സ്ത്രീകൾക്ക് സമ്പാദന സാമ്പത്തികാവകാശങ്ങളും ഇസ്ലാം നിജപ്പെടുത്തിയിട്ടുണ്ട്: പുരുഷന്മാർ പ്രവർത്തിച്ചതിൽ നിന്ന് അവർക്കും, സത്രീകൾ പ്രവർത്തിച്ചതിൽ അവർക്കുമുണ്ടാകും (സൂറത്തുന്നിസാഅ് 32). എത്ര കുറഞ്ഞതായാലും കൂടിയതായാലും അനന്തരാവകാശത്തിലും സ്ത്രീ ഓഹരികൾ നിർണയിച്ചിട്ടുണ്ട്: മാതാപിതാക്കളും ഏറ്റവുമടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സമ്പത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വിഹിതമുണ്ട്, കുറച്ചാകട്ടെ കൂടിയതാകട്ടെ. നിശ്ചിത ഓഹരിയാണത് (സൂറത്തുന്നിസാഅ് 07).
ഉമർ ബ്‌നു ഖത്വാബ് (റ) പറയുന്നു: ഇസ്ലാം വരികയും അല്ലാഹു സ്ത്രീകളെപ്പറ്റി പ്രസ്താവിക്കുകയും ചെയ്തതിന് ശേഷമാണ് ഞങ്ങൾ സ്ത്രീ അവകാശങ്ങളെക്കുറിച്ചറിഞ്ഞത് (ഹദീസ് ബുഖാരി 5843). വിജ്ഞാന സമ്പാദനത്തിലും സ്ത്രീകൾക്ക് അവകാശമുണ്ട്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു പെരുന്നാൾ ദിവസം പെരുന്നാൾ നമസ്‌ക്കാര ശേഷം നബി (സ്വ) പ്രസംഗിക്കുകയുണ്ടായി. പ്രസംഗം സ്ത്രീകൾ കേട്ടില്ലെന്ന് മനസ്സിലാക്കിയ നബി (സ്വ) തങ്ങൾ അവരുടെയടുത്ത് പോയി അവരെ ഉപദേശിക്കുകയും ദാനധർമ്മം ചെയ്യാൻ കൽപ്പിക്കുകയും ചെയ്യുകയുണ്ടായി (ഹദീസ് ബുഖാരി, മുസ്ലിം).
അബൂ സഈദിൽ ഖുദ്‌റി (റ) പറയുന്നു: ഒരിക്കൽ സ്ത്രീകൾ നബി (സ്വ)യടുത്ത് പോയി പരാതിപ്പെടുകയുണ്ടായി: “ഞങ്ങളേക്കാൾ പുരുഷന്മാർക്കാണ് ധർമ്മപാഠങ്ങൾ പഠിക്കാൻ അവസരങ്ങളുണ്ടാവുന്നത്! തങ്ങൾ ഞങ്ങൾക്കായി ഒരു ദിവസം മാറ്റിവെക്കണം”. അതിന് സമ്മതിച്ച നബി (സ്വ) ഒരു ദിവസം അവർക്ക് ഉപദേശനിർദേശങ്ങൾ നൽകുകയും ചെയ്തു (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ) സ്ത്രീകൾക്കുള്ള അവകാശസംരക്ഷണത്തിന് മുന്നിട്ടിറങ്ങുകയും അതിന് പ്രത്യേക പരിഗണന നൽകുകയും ചെയ്തിട്ടുണ്ട്. നബി (സ്വ) പറയുന്നു: സത്യവിശ്വാസിനികളേ, നിങ്ങൾ നിങ്ങളുടെ അയൽവാസിയായ സ്ത്രീയെ നിസാരപ്പെടുത്തരുത്, ആടിന്റെ മാംസം കുറഞ്ഞ എല്ലിൻ കഷ്ണം നൽകികൊണ്ടാണെങ്കിലും അവരെ പരിഗണിക്കണം (ആശിയ്യത്തുൽ ബുഖാരി 40/2). മതവിഷയങ്ങളിൽ കൂടുതലായും ചോദ്യങ്ങൾ ചോദിച്ചറിയുന്ന അൻസ്വാരി സ്ത്രീകളെ ആയിശ (റ) പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്: 'അൻസ്വാരി സ്ത്രീകൾ എത്ര നല്ല സ്ത്രീകൾ! ദീനി കാര്യങ്ങൾ ചോദിച്ചറിയാൻ അവർക്ക് ഒരു ലജ്ജയും തടസ്സമാവുന്നില്ല (ഹദീസ് ബുഖാരി, മുസ്ലിം).
ഖുർആനിൽ പവിത്രകളായ സ്ത്രീകളെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. ഈസാ നബി (അ)യുടെ മാതാവ് മറിയം ബീബിയെ പ്രതിപാദിക്കുന്ന വിശുദ്ധ ഗ്രന്ഥം “സിദ്ധീഖ” എന്നാണ് മഹതിയെ വിശേഷിപ്പിക്കുന്നത്. ആ വിശേഷണം ഖുർആനിലൂടെ നൽകപ്പെട്ട ഏക സ്ത്രീയും മറിയം ബീബി തന്നെ. അതിനിപുണയും തന്ത്രജ്ഞാനിയുമായ ബൽഖീസ് രാജ്ഞിയെപ്പറ്റിയും ഖർആൻ വിവരിക്കുന്നുണ്ട്. സുലൈമാൻ നബി (അ)യിലുടെ സത്യമതം സ്വീകരിച്ചവരാണ് മഹതി. ചരിത്രം നമിക്കുന്ന മഹിളാരത്‌നങ്ങൾ ധാരാളമുണ്ട്. സമ്പന്നയും ബുദ്ധിമതിയുമായിരുന്ന ഖദീജ ബിൻത് ഖുവൈലിദ് (റ) ആണല്ലൊ സ്ത്രീകളിൽ നിന്ന് ആദ്യമായി മുസ്ലിമായത്. നബി (സ്വ)യുടെ സഹധർമിണിയായി കടന്നുവന്ന മഹതിയാണ് പ്രബോധനത്തിന്റെ ആദ്യഘട്ടത്തിൽ തങ്ങൾക്ക് സ്വന്തനവും സഹായമേകിയത്. മഹതിയിലൂടെ നബി (സ്വ)ക്കുണ്ടായ മകൾ ഫാത്വിമ (റ) യും വിശ്വമാതൃകാ മഹിളയാണ്. പ്രവാചക പത്‌നി ആയിശ (റ) പണ്ഡിതയായിരുന്നു. പ്രമുഖ സ്വഹാബികൾ പോലും മഹതിയോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു.
ക്രിയാത്മകതയുടെയും സർഗാത്മകതയുടെയും മേഖലകളിൽ വിരാചിച്ച സ്ത്രീകളുമുണ്ടായിട്ടുണ്ട്. ഭാഷാ വ്യാകരണശാസ്ത്രം, തർക്കശാസ്ത്രം, കർമ്മശാസ്ത്രം, അനന്തരാവകാശ നിയമശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിൽ തിളങ്ങിയ മഹിളകൾ ലോകത്തുണ്ട്. പലരും പല വിഷയങ്ങളിലായി ഗ്രന്ഥ രചനയും നടത്തിയിട്ടുണ്ട്. സാഹിത്യത്തിലെയും കാവ്യത്തിലെയും സ്ത്രീസാന്നിധ്യം ശ്രദ്ധേയമാണ്. ഖുർആൻ പഠനങ്ങളിലും പാരായണത്തിലും ഖ്യാതി നേടിയ വനിതകളുമുണ്ട്. ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും സ്ത്രീകളെ കാണാം. പണ്ഡിതകളായ വനിതകൾ സ്ത്രീകൾക്കായുള്ള ഇസ്ലാമിക മതപഠനവേദികൾക്കും നേതൃത്വം നൽകിവരുന്നുമുണ്ട്.
സമൂഹനിർമിതിയിൽ സ്ത്രീകൾക്കുള്ള സ്ഥാനം ഒഴിച്ചുകൂടാനാവാത്തതാണ്. ഒരു സ്ത്രീയുടെ നിർദേശാനുസരണമാണ് നബി (സ്വ)ക്ക് വേണ്ടി മിമ്പർ നിർമ്മിച്ചത് (ഹദീസ് ബുഖാരി 449). സാമ്പത്തിക രംഗത്തും സ്ത്രീ സ്പർശമുണ്ടായിട്ടുണ്ട്. ഉമർ (റ) ചില വാണിജ്യ കാര്യങ്ങൾ ഏൽപ്പിച്ചിരുന്നത് ശിഫാ ബിൻത് അബ്ദുല്ല എന്ന സ്വഹാബിയ്യത്തിനെയായിരുന്നു. വൈദ്യശാസ്ത്രരംഗത്തും ചികിത്സാം രംഗത്തും വിശിഷ്യ നേത്രരോഗ ചികിത്സാ രംഗത്തും സ്ത്രീകൾ കഴിവ് തെളിയിച്ചുട്ടുണ്ട്.
വാക്കാലും പ്രവൃത്തിയാലും സഭ്യമായി മാത്രമാണ് സ്ത്രീകളോട് പെരുമാറേണ്ടത്. നബി (സ്വ) അത്തരത്തിൽ സ്ത്രീകളെ ബഹുമാനിക്കുകയും പരിഗണിക്കുയും ചെയ്തിരുന്നു. സ്ത്രീകളോടുള്ള സമീപനത്തിലൂടെയാണ് ഒരാൾ വിലയിരുത്തപ്പെടുന്നത്. നബി (സ്വ) പറയുന്നു: 'സ്ത്രീകളോട് നല്ലത് ചെയ്യുന്നവരാണ് നിങ്ങളിൽ ഏറ്റവും ഉത്തമർ' (ഹദീസ് തുർമുദി 3895, ഇബ്‌നുമാജ 1978).